ADVERTISEMENT

കോഴിക്കും മത്സ്യത്തിനും പോഷകസമൃദ്ധമായ തീറ്റ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കാനും അടുക്കളമാലിന്യം സംസ്‌കരിച്ചു വളമാക്കാനും കറുത്ത പട്ടാള ഈച്ച(ബ്ലാക്ക് സോള്‍ജിയര്‍ ഫ്‌ളൈ)കളുടെ ലാര്‍വകളെ വളര്‍ത്താം. 

പട്ടാളപ്പുഴു

ബ്ലാക്ക് സോൾജിയർ ഫ്ലൈ(ബി‌എസ്‌എഫ്)യുടെ ശാസ്ത്രനാമം ഹെർമെറ്റിയ ല്യൂസെൻസ്.  സൈനികനെപ്പോലെ  ജാഗ്രതയോടുള്ള നിൽപ്പും ചലനവുമാണ്  ബ്ലാക്ക് സോൾജിയർ ഫ്ലൈ അല്ലെങ്കിൽ കറുത്ത പട്ടാളം എന്ന പേരു ലഭിക്കാൻ കാരണം. 5-7  ദിവസം മാത്രമേ ആയുസ്സുള്ളൂ ബ്ലാക്ക് സോൾജിയർ ഈച്ചയ്ക്ക്. ഭക്ഷ്യാവശിഷ്ടങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു പുറത്തേക്കു വരുന്ന ലാർവകൾ മാലിന്യം തിന്നു വളരും. 20 ദിവസം വളർച്ചയെത്തിയ അവ സമാധിപൂര്‍വ ദശയിലേക്കും പിന്നീട് സമാധി ദശയിലേക്കും നീങ്ങും. ദിവസങ്ങൾക്കുള്ളിൽ ഈച്ചകൾ പുറത്തു വരും. ഇണ ചേരുന്നതോടെ ആണീച്ചകൾ ചത്തു വീഴുന്നു.  മുട്ടയിടുന്നതോടെ പെണ്ണീച്ചകളും. 

കറുത്ത പട്ടാള ഈച്ചയുടെ ലാർവകളിൽ 40 ശതമാനത്തിലേറെ പ്രോട്ടീനും 20 ശതമാനത്തിലേറെ കൊഴുപ്പും അടങ്ങിയിരിക്കുന്നു. നന്നായി തീറ്റയെടുത്തു സമാധിപൂര്‍വ ഘട്ടത്തിലെത്തിയ ലാർവകളെ ജീവനോടെയോ ഉണക്കിപ്പൊടിച്ചോ കോഴിക്കും മത്സ്യത്തിനും നൽകാം.  തീറ്റച്ചെലവ് 25 ശതമാനംവരെ കുറയും. പരിസ്ഥിതി സൗഹൃദ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ഈ ലാര്‍വകള്‍. കോഴിത്തീറ്റച്ചേരുവയില്‍ സോയാബീനിനു പകരം (സ്റ്റാർട്ടർ തീറ്റയുടെ 42 ശതമാനവും ഫിനിഷർ തീറ്റയുടെ 55 ശതമാനവും) ഇവയെ  ഉള്‍പ്പെടുത്താം. കോഴികൾക്കു ബ്ലാക്ക് സോൾജിയർ ഫ്ലൈയുടെ ലാർവകൾ നൽകി പത്തനംതിട്ട ജില്ലാകൃഷിവിജ്ഞാനകേന്ദ്രത്തിൽ നടത്തിയ പരീക്ഷണം വൻ വിജയമാണ്. 

bsf-larva-1
കറുത്ത പട്ടാള ഈച്ച(ബ്ലാക്ക് സോള്‍ജിയര്‍ ഫ്‌ളൈ)

മാലിന്യ സംസ്കരണം

ബ്ലാക്ക് സോൾജിയർ ഫ്ലൈയുടെ ലാർവകൾ ഭക്ഷണമാക്കിയതിനു ശേഷമുള്ള അവശിഷ്ടങ്ങളും അതിൽനിന്നു വരുന്ന ദ്രാവകവും  മികച്ച വളമാണ്.

ഈച്ചകളിൽ ഏറ്റവും ഉയർന്ന തീറ്റപരിവർത്തനശേഷിയുള്ളവയാണ് ബ്ലാക്ക് സോൾജിയർ ഫ്ലൈ.  ഇതിനു വായയോ കുടൽമാലകളോ ഇല്ല.  ജൈവമാലിന്യങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിഘടിപ്പിക്കാൻ  ബിഎസ്എഫ് ലാർവകള്‍ക്കു കഴിയും. ജൈവമാലിന്യത്തിന്റെ ബയോ മാസ്  (നിർദിഷ്ട പ്രദേശത്തോ വ്യാപ്തത്തിലോ ഉള്ള മൊത്തം ജീവികളുടെ എണ്ണം) 50-95% വരെ കുറയ്ക്കാൻ ഇവയ്ക്ക് ആകും. വേഗത്തിൽ പരിവർത്തനം ചെയ്യുമ്പോള്‍ മാലിന്യങ്ങളിൽനിന്നുള്ള ദുർഗന്ധം കുറയുന്നു. കൂടാതെ, രോഗകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണവും  കുറയുന്നു. രോഗഹേതുക്കളായ സാൽമൊണെല്ല ഇക്കോളി ബാക്റ്റീരിയകളെവരെ ദഹിപ്പിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. 

biopod

ലാര്‍വ ഉല്‍പാദനം

ആദ്യം വേണ്ടത്‌ അടപ്പോടു കൂടിയ ബക്കറ്റ് അല്ലെങ്കിൽ വീപ്പയാണ്. അടുക്കളമാലിന്യങ്ങൾ ബക്കറ്റിലോ വീപ്പയിലോ നിക്ഷേപിക്കാം. മാലിന്യങ്ങളില്‍നിന്നു വരുന്ന ഗന്ധത്തിൽ ആകൃഷ്ടരാകുന്ന ഈച്ചകൾ  ബക്കറ്റിന്റെ അടപ്പിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന , T ആകൃതിയിലുള്ള പൈപ്പിലൂടെ വീപ്പയിലേക്കു കടന്ന് പൈപ്പിന്റെ അറ്റത്തു ഘടിപ്പിച്ചിരിക്കുന്ന തെർമോകോളിലെ ചെറിയ ദ്വാരങ്ങളിൽ മുട്ടയിടുന്നു. മുട്ട വിരിഞ്ഞു പുറത്തേക്ക്  വരുന്ന ലാർവകൾ മാലിന്യം ഭക്ഷണമാക്കുന്നു. മാലിന്യം ഭക്ഷിച്ചു പൂർണ വളർച്ച എത്തിയ ലാർവകൾ ബക്കറ്റിന്റെ ഒരു ഭാഗത്തു ഘടിപ്പിച്ചി രിക്കുന്ന പൈപ്പിലൂടെ  പുറത്തു കടക്കുന്നു. ഇവയെ പൈപ്പിന്റെ അറ്റത്തു ഘടിപ്പിച്ചിരിക്കുന്ന മറ്റൊരു ബക്കറ്റിൽനിന്നു ശേഖരിക്കാം. ബക്കറ്റിനു താഴെ തുളകൾ ഇടുന്നതിലൂടെ മാലിന്യങ്ങളിൽനിന്നു വരുന്ന ദ്രാവകം ശേഖരിച്ചു ചെടികൾക്കു വളമായി ഉപയോഗിക്കാം.  വീപ്പയ്ക്ക് അടപ്പുള്ളതിനാല്‍ ദുർഗന്ധം വമിക്കില്ല. 

വിലാസം: സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ്, സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, കൃഷിവിജ്ഞാന കേന്ദ്രം, പത്തനംതിട്ട. 

ഫോണ്‍: 0469 2662094 (എക്സ്റ്റന്‍ഷന്‍ 205)

English summary: Friendly Neighbourhood Insect, the Black Soldier Fly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com