ഒരു ചെടിയെങ്കിലും വളർത്താത്ത വീടുകൾ കേരളത്തിലുണ്ടാവില്ല. പൂച്ചെടികളായിട്ടും പച്ചക്കറികളായിട്ടും പഴച്ചെടികളായിട്ടുമൊക്കെ നാം കൃഷി ചെയ്യുന്നുണ്ട്. ഏതാണ്ട് 1000 രൂപ മുതൽ മുകളിലേക്ക് പല തരം വളങ്ങൾക്കായി നാം പണം മുടക്കുന്നുണ്ട്. എന്നാൽ ഇതിനേക്കാളേറെ ഗുണമേന്മയുള്ള വളം നമുക്കു തന്നെ വീട്ടിലോ, കൃഷിയിടത്തിലോ ഉൽപാദിപ്പിക്കാൻ സാധിക്കും. മാത്രമല്ല അങ്ങനെ ചെയ്യാൻകഴിഞ്ഞാൽ അത് പ്രകൃതിക്കും ഗുണമാകും.
നമ്മുടെ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ, പഴം–പച്ചക്കറി അവശിഷ്ടങ്ങൾ, മറ്റു ജൈവ മാലിന്യങ്ങൾ എന്നിവയെല്ലാം ഇന്നോക്കുലം ഉപയോഗിച്ച് കമ്പോസ്‌റ്റാക്കിയാൽ അത് ഒരു സമ്പൂർണ വളമായി മാറും.
എന്തുകൊണ്ട് സമ്പൂർണ വളം?
ഒരു ചെടിയുടെ വളർച്ചയ്ക്കാവശ്യമായ നല്ല പങ്ക് മൂലകങ്ങളും ഇതിൽ ലഭ്യമാകുന്നു എന്നതു തന്നെ പ്രധാന കാരണം. പച്ചക്കറികളിലും പഴങ്ങളിലുമുള്ള എല്ലാ മൂലകങ്ങളും കൂടാതെ മത്സ്യം , മാംസം, മുട്ടത്തോട് എന്നിവയിലടങ്ങിയിരിക്കുന്ന മൂലകങ്ങളും ചെടിക്കു ലഭ്യമാകുന്നു. മാത്രമല്ല ഉണങ്ങിയ ഇലകളും മരപ്പൊടികളും ഉൾപ്പെടുത്തിയാൽ ഓർഗാനിക് കാർബണിനെ മണ്ണിലേക്കെത്തിക്കാൻ ഇതിലും മികച്ച മറ്റൊരു വഴിയില്ല.
ഇന്നോക്കുലം എന്തിന്?
ഇന്നോക്കുലം എന്നത് പ്രകൃതിയിൽ തന്നെയുള്ള മിത്ര ബാക്ടീരിയകളുടെയും ഫങ്കസുകളുടെയും ഒരു കൂട്ടമാണ്. സ്വാഭാവികമായി നടക്കുന്ന കമ്പോസ്റ്റിങ്ങിനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ കമ്പോസ്റ്റിങ് നടത്താൻ ഇതിലൂടെ കഴിയുന്നു. കൂടാതെ യാതൊരുവിധ ദുർഗന്ധവും ഉണ്ടാവുന്നില്ല. കൂടാതെ കമ്പോസ്റ്റിൽനിന്ന് മൂലകങ്ങളെ ചെടിക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി വയ്ക്കുന്നതിനാൽ രാസവളത്തേക്കാൾ വേഗത്തിലും, ദീർഘനാളത്തേക്കും ചെടികൾക്ക് വളം ലഭ്യമാകുന്നു. മണ്ണിലെ ശത്രു ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയെ തടയുന്നു. ഇതു മൂലം മണ്ണിൽനിന്നുണ്ടാവുന്ന രോഗങ്ങൾ തടഞ്ഞു നിർത്താൻ സാധിക്കുന്നു. ഈ കമ്പോസ്റ്റ് ഉണ്ടെങ്കിൽ വാണിജ്യ കർഷകർക്ക് രാസവള ഉപയോഗം കുറയ്ക്കാൻ കഴിയും. ഒപ്പം മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനും കഴിയും.
പ്രകൃതിക്കു നല്ലത്
കമ്പോസ്റ്റിങ്ങിനായി നൈട്രജൻ ഫിക്സിങ് ഇനോക്കുലങ്ങൾ ഉപയോഗിക്കുമ്പോൾ നൈട്രജനെ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള നൈട്രജൻ സംയുക്തങ്ങളായി കമ്പോസ്റ്റിൽത്തന്നെ സൂക്ഷിക്കുന്നു. അതിലൂടെ ചെടിക്ക് നൈട്രജൻ ലഭ്യമാകുന്നു.
ഇന്നു മുതൽ ജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നതു നമുക്കു നിർത്താം. ജൈവ മാലിന്യത്തിൽ നിന്ന് കൃഷിക്കാവശ്യമായ പോഷകസമ്പുഷ്ടമായ വളങ്ങളുണ്ടാക്കുക, ഉപയോഗിക്കുക. നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ നമുക്കു തന്നെ കൃഷി ചെയ്യാം.
ഫോൺ: 9074463513