'ഉടലണിന്ത ആടൈ പോൽ'; കൃഷ്ണ ഭക്തിയിൽ മുഴുകി ദേവനന്ദ; വൈറലായി നൃത്തം

Mail This Article
കണ്ണനോട് ഇഷ്ടം കൂടാത്തവരായി ആരാണുള്ളത്. കണ്ണന് വേണ്ടി നൃത്തം ചെയ്യാനും ആടാനും പാടാനുമെല്ലാം കൊതിക്കാത്തവരായി ഏത് ഭക്തരാണ് ഉള്ളത്. കൃഷ്ണനോടുള്ള ഭക്തിയാൽ ആനന്ദത്തോടെ നൃത്തം ചെയ്യുകയാണ് ബാലതാരം ദേവനന്ദ. 'കണ്ണാ...' എന്ന അടിക്കുറിപ്പോടെയാണ് നൃത്തം ചെയ്തിരിക്കുന്ന വിഡിയോ ദേവനന്ദ പങ്കുവെച്ചിരിക്കുന്നത്.
'ഉടലണിന്ത ആടൈ പോൽ എനെയ് അണിന്ത് കൊൾവായോ ഇനി നീ... ഇനി നീ... കണ്ണാ' എന്ന ഗാനത്തിനാണ് ദേവനന്ദ ചുവടു വെച്ചിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള മുഴുനീളൻ പാവാടയും നീലനിറത്തിലുള്ള ബ്ലൗസുമണിഞ്ഞ് ഒരു നാടൻ പെൺകൊടി ആയിട്ടാണ് ദേവനന്ദ ഈ ഗാനത്തിനായി നൃത്തം ചെയ്തത്. ചെറിയ ഒരു മാലയും കൈയിൽ വളകളും അണിഞ്ഞിട്ടുണ്ട്. മുടി അഴിച്ചിട്ടിരിക്കുകയാണ്. വളരെ മനോഹരമായാണ് ഈ ഗാനത്തിന് ദേവനന്ദ ചുവടുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ദേവനന്ദയുടെ ഈ മനോഹരമായ നൃത്തം ഇതിനകം സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. കമന്റ് ബോക്സിൽ അഭിനന്ദനങ്ങളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി ദേവനന്ദ മാറിയത്. 2018ൽ തൊട്ടപ്പൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ദേവനന്ദ സിനിമാരംഗത്തേക്ക് എത്തുന്നത്. ഇതുവരെ 20ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ദേവനന്ദ.