'നല്ല പല്ലിക്കുട്ടി' - അനിമേറ്റഡ് വിഡിയോ

Mail This Article
ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ?
പല്ലിക്കുട്ടിയുടെ സ്വഭാവം നന്നാക്കാൻ എന്താണൊരു വഴി എന്ന് അമ്മപ്പല്ലിയും പൂമ്പാറ്റയും തുളസിച്ചെടിയുമെല്ലാം ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി.
എത്രയൊക്കെ ശ്രമിച്ചാലും പല്ലിക്കുട്ടിയെ പിടികൂടാൻ കിട്ടില്ല. ഇടയ്ക്കിടെ കർട്ടനിൽ വലിഞ്ഞു കയറുന്നത് കാണാം, മറ്റുചിലപ്പോൾ ചുമരിനു മുകളിൽ നിന്ന് 'അയ്യോ,കയ്യെടുക്കാൻ പറ്റുന്നില്ലേ, ഇത് ഞാനാ താങ്ങി നിർത്തുന്നെ. ആരെങ്കിലും വരണേ' എന്ന് ആർത്തു കരഞ്ഞ് ചുറ്റുമുള്ളവരെ പേടിപ്പിക്കാറുമുണ്ട്.
ഇത് ഇങ്ങനെ വിട്ടാൽ ശരി ആകില്ലെന്ന് മനസിലാക്കിയ തുളസിച്ചെടിയും പൂമ്പാറ്റപ്പണ്ണും അമ്മപ്പല്ലിയും പല്ലിക്കുട്ടിയെ സമാധാനമായി ഒരിടത്ത് ഇരുത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ തീരുമാനിച്ചു. ബുദ്ധിയുള്ള കുട്ടിയല്ലേ, വെറുതെ വഴക്കു പറഞ്ഞിട്ട് കാര്യമില്ലല്ലോ. പക്ഷെ കണ്ടുകിട്ടിയാലല്ലേ കാര്യം പറയാനാകൂ. അങ്ങനെ ഒരു ദിവസം പൂവുകളിൽനിന്നും തേൻ കുടിച്ച്, കുറച്ചു തേൻ ഇലക്കുമ്പിളിലാക്കി വീട്ടിലേക്ക് തിരിച്ചെത്തിയ പൂമ്പാറ്റപെണ്ണ് ഒരു കുഞ്ഞ് പല്ലിവാൽ കണ്ടെത്തി.
'അമ്പട, വാലിനപ്പുറം നമ്മുടെ പല്ലിക്കുട്ടി തന്നെ' പൂമ്പാറ്റപെണ്ണ് മനസ്സിൽ കരുതി.
എവിടെയാ? അകത്തെ കലണ്ടറിനു പുറകിൽ.
'പല്ലിക്കുട്ടീ.. അമ്മേടെ വാവേ..' അമ്മപ്പല്ലി സ്നേഹത്തോടെ വിളിച്ചു. അപ്പോളോ? രണ്ടു കുഞ്ഞിക്കണ്ണുകൾ കലണ്ടറിനു പുറത്തേക്ക് നീട്ടി പല്ലിക്കുട്ടി.
അപ്പോൾ അതാ പൂമ്പാറ്റപ്പെണ്ണും തുളസിച്ചെടിയും അമ്മയുടെയൊപ്പം നില്കുന്നു. പല്ലിക്കുട്ടി അല്പം പേടിയോടെ ചോദിച്ചു, 'നിങ്ങളൊക്കെ എന്നെ വഴക്കു പറയാൻ വന്നതാണോ?'
'ഏയ് അല്ലല്ലോ. ഇന്ന് കുറച്ചു തേൻ അധികം കിട്ടി. പല്ലിക്കുട്ടിക്ക് തരാൻ കൊണ്ടുവന്നതാ ഞാൻ' പൂമ്പാറ്റപ്പെണ്ണ് പറഞ്ഞു.
'ഓ' പല്ലിക്കുട്ടിക്ക് ഇത്തിരി സന്തോഷം തോന്നി. പുറത്തുവന്ന പല്ലിക്കുട്ടിയോട് തുളസിച്ചെടി ചോദിച്ചു, 'പല്ലിക്കുട്ടി, എന്തിനാ എപ്പോളും വികൃതി കാണിക്കുന്നത്? എന്റെ ഇലകൾ കടിച്ചു മുറിക്കുമ്പോൾ' എനിക്ക് വേദനിക്കാറുണ്ട്'
'അത്, അതുപിന്നെ, ഞാൻ... ഒളിച്ചു കളിക്കുന്നതാ തുളസിച്ചെടീ' പല്ലിക്കുട്ടി പതുക്കെ പറഞ്ഞു.
'അപ്പോൾ എന്നെ അടിക്കുന്നതെന്തിനാ? ഈ ചിറകു വച്ചല്ലേ ഞാൻ പറക്കേണ്ടത്? ചിറകൊടിഞ്ഞുപോയാൽ ഞാൻ എങ്ങനെ പറക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? നിന്റെ വാലുകൾക്ക് നല്ല ശക്തിയുണ്ടല്ലോ.' പൂമ്പാറ്റപ്പെണ്ണ് ചോദിച്ചു
'അത് ഞാൻ കളിക്കുന്നതാ പൂമ്പാറ്റപ്പെണ്ണേ..' പല്ലിക്കുട്ടി മറുപടി പറഞ്ഞു
അപ്പോൾ പല്ലിയമ്മ പറഞ്ഞുകൊടുത്തു, 'കൂട്ടുകൂടുന്നതും കളിക്കുന്നതുമൊന്നും പ്രശ്നമില്ല. പക്ഷെ, ആരെയും ഉപദ്രവിക്കരുത്. സ്നേഹവും കരുണയുമുള്ള കുട്ടികളെയാണ് എല്ലാവർക്കും ഇഷ്ടം.'
'ആണോ?' പല്ലിക്കുട്ടി മനസിലാക്കി.
അന്ന് മുതൽ പല്ലിക്കുട്ടി നല്ല കുട്ടിയായി. എന്നുവച്ചാൽ ചുറ്റുമുള്ളവരോട് കരുതലുള്ള, സ്നേഹമുള്ള, ധൈര്യമുള്ള കുട്ടി. തുളസിച്ചെടിയോടൊപ്പം 'ഒളിച്ചേ കണ്ടേ..' കളിക്കുമ്പോൾ ഇലകൾ കടിച്ചുമുറിക്കാതെ സൂക്ഷിച്ചു. പൂമ്പാറ്റപ്പെണ്ണിനെ പിന്നെ ഒരിക്കലും വാലുകൊണ്ട് അടിച്ച് പേടിപ്പിക്കാൻ പല്ലിക്കുട്ടിക്ക് തോന്നിയതേയില്ല. ഇടയ്ക്കൊക്കെ അവരുടെ അടുത്തിരുന്നു കഥകൾ കേൾക്കുന്നതും പല്ലിക്കുട്ടിക്ക് ഇഷ്ടമായി തുടങ്ങി. ആകാശത്തെക്കുറിച്ച്, കാറ്റിനെക്കുറിച്ച്, ചില മരങ്ങളെക്കുറിച്ച്, ഉയരെ പറക്കുന്ന പരുന്തിനെക്കുറിച്ച്...
നല്ല കഥകൾ കേട്ടും പറഞ്ഞും പല്ലിക്കുട്ടി കൂടുതൽ കൂടുതൽ നല്ലകുട്ടി ആയിക്കൊണ്ടേയിരുന്നു. തെറ്റുകൾ മനസിലാക്കി തിരുത്തുന്നതാണ് നല്ല കുട്ടികളുടെ ലക്ഷണം. കഥ ഇഷ്ടായോ?