ചന്ദ്രനും 2 ഗ്രഹങ്ങളും ചേർന്ന് ആകാശത്തു സ്‌മൈലി ഒരുക്കും 25ന്

Mail This Article
അർധചന്ദ്രനും 2 ഗ്രഹങ്ങളും ചേർന്ന് ഏപ്രിൽ 25ന് ആകാശത്തൊരു സ്‌മൈലി ചിഹ്നം ഒരുക്കുമെന്നു നാസ അറിയിച്ചു. ട്രിപ്പിൾ കൺജങ്ഷൻ എന്ന ജ്യോതിശ്ശാസ്ത്ര പ്രതിഭാസം സംഭവിക്കുന്നതിനാലാണ് ഇത്. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ മനോഹരമായ പ്രതിഭാസം ഒരുക്കുന്നത്. ഏപ്രിൽ 25ന് പുലർച്ചെ ഇതു കാണാനാകുമെന്നാണു പ്രതീക്ഷയെന്ന് നാസ അറിയിച്ചു. മൂന്ന് സൗരയൂഥ വസ്തുക്കളും ചേർന്ന് പുഞ്ചിരിക്കുന്ന വായയുടെ ആകൃതിയിലുള്ള ഒരു ചിഹ്നം ആകാശത്തൊരുക്കും. രാത്രിയാകാശത്ത് ജ്യോതിശാസ്ത്ര വസ്തുക്കൾ അടുത്തെത്തുന്നതിനെയാണു കൺജങ്ഷൻ എന്നു വിളിക്കുന്നത്. ഇതു 3 വസ്തുക്കൾ ആകുമ്പോൾ അതിനെ ട്രിപ്പിൾ കൺജങ്ഷൻ എന്നു വിളിക്കും. സൗരയൂഥത്തിലെ വസ്തുക്കൾ മാത്രമല്ല കൺജങ്ഷൻ പ്രതിഭാസം ഉണ്ടാക്കുന്നത്.
ചിലപ്പോൾ ഒരു വസ്തു വളരെ അകലെയുള്ള ഒരു നക്ഷത്രമായിരിക്കാം. ലോകത്തെല്ലായിടത്തും ഈ കാഴ്ച കാണാനാകുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ദൃശ്യമാകുന്നതിന്‌റെ പ്രത്യേകത കൊണ്ട് ഉടലെടുക്കുന്ന പ്രതിഭാസമാണു കൺജങ്ഷൻ. ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു ചിഹ്നമാണ് സ്‌മൈലി അഥവാ ചിരിക്കുന്ന മുഖം. മൊബൈൽ ഫോണിലെ ഇമോജികളിൽക്കൂടിയും മറ്റും ഇത് ആശയവിനിമയത്തിനായി പോലും ഉപയോഗിക്കപ്പെടുന്നു. 1963ൽ ആർട്ടിസ്റ്റായ ഹാർവി ബാളാണ് ഈ ചിഹ്നം സൃഷ്ടിച്ചത്.