പുതിയൊരു നിറം കണ്ടെത്തി ഗവേഷകർ! ലോകത്ത് 5 പേർ മാത്രം കണ്ട ഓലോ നിറം

Mail This Article
മനുഷ്യർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിറം കണ്ടെത്തിയെന്ന് ഗവേഷകർ അറിയിച്ചു. ഓലോ എന്നു പേരിട്ടിരിക്കുന്ന ഈ നിറത്തിന് മയിൽനീല അല്ലെങ്കിൽ ടീൽ നിറവുമായാണു സാമ്യമെന്നു ഗവേഷകർ പറഞ്ഞു. ഈ ഗവേഷണത്തിന്റെ ഭാഗമായി 5 ഗവേഷകരാണ് ഈ നിറം കണ്ടത്. ലോകത്ത് ഈ നിറം കണ്ടത് ഇവർ മാത്രമാണ്. കണ്ണിന്റെ റെറ്റിനയിൽ ലേസർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തി മാത്രമേ ഈ നിറം അനുഭവിക്കാനാകൂ. ഗവേഷണത്തിന്റെ ഭാഗമായി ഗവേഷകർ തങ്ങളുടെ കണ്ണുകളിലേക്കു ലേസർ അടിച്ചശേഷമാണ് ഈ നിറം കണ്ടത്. കണ്ണുകളുടെ റെറ്റിനയിലുള്ള കോണുകൾ എന്ന ഘടനകളാണ് നിറം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത്.
3 തരം കോണുകളുണ്ട്. നീളമുള്ളതും മധ്യത്തിലുള്ളതും കുറിയതുമായ തരംഗദൈർഘ്യം കണ്ടെത്താൻ സാധിക്കുന്നവയാണ് ഇവ. നീളമുള്ള തരംഗദൈർഘ്യം കണ്ടെത്തുന്ന കോണുകളെ ചുവന്ന പ്രകാശം ഉപയോഗിച്ചും കുറിയ തരംഗദൈർഘ്യം കണ്ടെത്തുന്ന കോണുകളെ നീല പ്രകാശം ഉപയോഗിച്ചും ഉണർത്താം. എന്നാൽ മധ്യതരത്തിലുള്ള തരംഗദൈർഘ്യമുള്ള നിറങ്ങൾ കണ്ടെത്തുന്ന കോണുകളെ ഉണർത്താൻ ഇതുവരെ ഒരു പ്രകാശത്തിനും സാധിച്ചിരുന്നില്ല. ഈ കോണുകളെ ലക്ഷ്യം വച്ചായിരുന്നു ലേസറുകൾ അടിപ്പിച്ചത്. മനുഷ്യന്റെ കണ്ണുകൾക്ക് ഏകദേശം 10 ലക്ഷം നിറങ്ങൾ തിരിച്ചറിയാനാകുമെന്നാണു ഗവേഷകർ പറയുന്നത്. എന്നാൽ ഓലോ നിറം ഇക്കൂട്ടത്തിൽ പെടുന്നതല്ല. അതിനാൽ തന്നെ ഇതുടനെയൊന്നും നമ്മുടെ മൊബൈലുകളിലും ടിവി സ്‌ക്രീനുകളിലും സിനിമകളിലുമൊന്നും വരികയുമില്ല.