ആടുകളുടെ ചോരകുടിക്കുന്ന ചുപ്പകാബ്ര! ചുവന്ന കണ്ണും പല്ലിയുടെ ശരീരവുമുള്ള അജ്ഞാതജീവി

Mail This Article
ചുപ്പകാബ്രയെന്ന വാക്കിനു സ്പാനിഷ് ഭാഷയിൽ അർഥം ആടുകളുടെ ചോരകുടിക്കുന്ന ജീവിയെന്നാണ്. യുഎസിന്‌റെ ഭാഗമായ പോർട്ടറീക്കയിൽ 1995ൽ ആണ് ഈ ജീവിയെ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആടുകൾ, ചെമ്മരിയാടുകൾ, കോഴികൾ തുടങ്ങിയവയെ ആക്രമിച്ച് ഇവയുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ചോരവലിച്ചു കുടിക്കുന്ന ജീവിയായാണു ചുപ്പാകാബ്ര അവതരിപ്പിക്കപ്പെട്ടത്. ചുപ്പകാബ്രയുടെ ആക്രമണത്തിനിരയാകുന്ന മൃഗങ്ങളുടെ ശരീരങ്ങൾക്കു ക്ഷതമോ മറ്റു മുറിവുകളോ സംഭവിക്കുകയില്ലെന്നും കഥകളിറങ്ങി.
പോർട്ടറീക്കയിലെ ഒറോകോവിസിൽ 1995ൽ 8 ചെമ്മരിയാടുകൾ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ടു ചെയ്തതോടെയാണു ചുപ്പകാബ്ര പ്രശസ്തി നേടിത്തുടങ്ങിയത്. 4 അടി പൊക്കവും , വലിയ ചുവന്ന കണ്ണുകളും മുതുകിൽ നിറയെ മുള്ളുകളും പല്ലിയെപ്പോലെ ശരീരഘടനയുമുള്ള ജീവിയാണ് ഇവയെന്നായിരുന്നു ചില സ്വയംപ്രഖ്യാപിത ദൃക്‌സാക്ഷികൾ ചുപ്പകാബ്രയെപ്പറ്റി വിവരിച്ചത്. ഏകദേശം 200 ചുപ്പകാബ്ര ആക്രമണങ്ങൾ ആ വർഷം പോർട്ടറീക്കയിൽ റിപ്പോർട്ടു ചെയ്തു. രക്തം കുടിക്കാനുള്ള മുറിവൊഴികെ വേറെ ക്ഷതങ്ങളോ മുറിവുകളോ ചുപ്പകാബ്രയുടെ ആക്രമണത്തിനിരയായ ജീവികൾക്ക് ഇല്ലായിരുന്നു.
തൊണ്ണൂറുകളുടെ അവസാനം ചുപ്പകാബ്രയുടെ കുപ്രസിദ്ധി പോർട്ടറീക്കയ്ക്ക് അപ്പുറം യുഎസിലും മെക്‌സിക്കോയിലുമൊക്കെ എത്തി. എന്നാൽ രോമങ്ങളില്ലാത്ത നായപോലുള്ള ജീവികളായിട്ടായിരുന്നു യുഎസിൽ ഇവയുടെ രൂപം വിശദീകരിക്കപ്പെട്ടത്. തെക്കേ അമേരിക്കയിലും ചുപ്പകാബ്ര നടത്തിയെന്നു പറഞ്ഞ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇവയൊന്നും ചുപ്പകാബ്രയല്ല ചെയ്തതെന്നും മറിച്ച് നായ്ക്കളോ കൊയോട്ടി, പ്യൂമകൾ തുടങ്ങിയ ജീവികളാകാം ചെയ്തതെന്നുമെന്നുമുള്ള സാധ്യത ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏതായാലും ഇതുവരെ ചുപ്പകാബ്ര എന്ന തരത്തിലുള്ള ഒരു ജീവിയെയും പിടികൂടിയിട്ടില്ല. ഇതൊരു കെട്ടുകഥയാണെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.