ഈ മലകൾക്കുള്ളിൽ മറഞ്ഞിരിപ്പുണ്ടോ പിരമിഡുകളും ഞെട്ടിക്കുന്ന രഹസ്യങ്ങളും

Mail This Article
ലോകത്തനേകം മലകളും പർവതങ്ങളുമുണ്ട്. എന്നാൽ ചില മലകളെക്കുറിച്ച് ആളുകളുടെ ഇടയിൽ കെട്ടുകഥകളുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് ഇന്തൊനീഷ്യയിലെ സദാഹുരിപ് എന്ന പർവതം. ഗരുഡ് പർവതം എന്നും ഇതറിയപ്പെടുന്നു. പടിഞ്ഞാറൻ ജാവയിലെ ഗരുടിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളിൽ കൃത്രിമ നിർമിതമായ ഒരു പിരമിഡ് ഘടനയുണ്ടെന്ന വിശ്വാസം ചിലർക്കിടയിൽ ശക്തമാണ്. ഇതു നിർമിച്ചത് അന്യഗ്രഹജീവികളാണെന്നും ചിലർ വാദിക്കുന്നു. സദാഹുരിപ് പർവതം ഇന്തൊനീഷ്യയിലെ അത്ര പ്രശസ്തമായ പർവതമൊന്നുമല്ല. മെരാപി തുടങ്ങിയ പർവതങ്ങളുടെ പ്രശസ്തി ഇതിനില്ല. സമീപകാലത്താണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു തുടങ്ങിയത്. നാട്ടുകാർ ഈ പർവതത്തിന്റെ പ്രതലങ്ങളിൽ കൃഷി നടത്താറുണ്ട്. പർവതത്തിനുള്ളിൽ നിധി ഒളിച്ചിരിപ്പുണ്ടെന്നും ചിലർ വിശ്വസിക്കുന്നു.
ഇന്തൊനീഷ്യൻ ടൂറിസം വകുപ്പാണ് ഈ പർവതത്തിന്റെ വിവരങ്ങൾ പുറത്തെത്തിക്കാൻ ഉത്സാഹിച്ചത്. പ്രത്യേകതകളുള്ള ഘടന ഉള്ളതിനാൽ ധാരാളം സഞ്ചാരികൾ ഈ പർവതം കാണാനും എത്തിയിരുന്നു. തുടർന്ന് ഉയർന്ന അഭ്യൂഹങ്ങൾ കാരണം 2012ൽ ഒരു പഠനസംഘത്തെ സർക്കാർ നിയോഗിച്ചു. കുറച്ചുകാലം അവർ പഠനം നടത്തി. എന്നാൽ പ്രദേശവാസികൾ തങ്ങളുടെ കൃഷി നശിക്കുന്നെന്ന് എതിർപ്പ് ഉന്നയിച്ചതിനാൽ പിന്നീട് പഠനം നടന്നില്ല. ചില ഗൂഢവാദവിശ്വാസികൾ, സദാഹുരിപ് ലോകത്തെ ആദ്യ പിരമിഡാണെന്നൊക്കെ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും തെളിവില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. അന്റാർട്ടിക്കയിലെ എൽസ്വർത്ത് മലനിരയിലുള്ള പിരമിഡ് രൂപത്തിലുള്ള മല പ്രകൃതിദത്തമല്ല മറിച്ച് കൃത്രിമമായി നിർമിച്ചതാണെന്നും പറയുന്നവരുണ്ട്. ഭൂമിയിൽ ആദ്യമായി നിർമിച്ച പിരമിഡ് ഇതാണെന്നു ചിലർ പറയുന്നു. ഇതിനും ശാസ്ത്രീയമായി യാതൊരു തെളിവുമില്ല.
ചൈനയിലെ ആദ്യ ചക്രവർത്തിയെന്നറിയപ്പെടുന്ന ക്വിൻ ഷിഹുവാങ്ങിന്റെ കല്ലറ കണ്ടെത്തിയത് പിരമിഡിനെ അനുസ്മരിപ്പിക്കുന്ന ഒരു മനുഷ്യനിർമിത കുന്നിനു താഴെ നിന്നായിരുന്നു. കണ്ടെത്തപ്പെട്ട് ഒരുപാടു കാലമായെങ്കിലും ഈ കല്ലറയ്ക്കുള്ളിൽ കടക്കാനോ പര്യവേഷണം നടത്താനോ ആർക്കും സാധിച്ചിട്ടില്ല. 1974ൽ ചൈനയിലെ ഷിയാനിൽ കിണർ കുഴിച്ചുകൊണ്ടിരുന്ന ചില തൊഴിലാളികളാണ് മഹാദ്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന ക്വിൻ ഷിഹുവാങ്ങിന്റെ കല്ലറ കണ്ടെത്തിയത്. ഇതിനുള്ളിലേക്ക് പര്യവേക്ഷകരും വിദഗ്ധരും തിരച്ചിലിനായി കയറാത്തതിന്റെ പ്രധാന കാര്യം മെർക്കുറിയുടെ സാന്നിധ്യമാണ്. അപകടകരമായ കെണികളും ആയുധങ്ങളുമൊക്കെ ഇതിനുള്ളിൽ മറഞ്ഞിരിപ്പുണ്ട്. ക്വിൻഷുവാങ്ങിന്റെ കല്ലറ കണ്ടെത്തിയതും മലകൾക്കുള്ളിലെ പിരമിഡുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂട്ടിയ സംഭവമാണ്.