ഉയർന്ന ബൗദ്ധികകേന്ദ്രം! ജപ്പാനിൽ കൊച്ചി നഗരമുണ്ടായത് എങ്ങനെ?

Mail This Article
കേരളത്തിന്റെ പ്രധാനനഗരങ്ങളിലൊന്നാണ് കൊച്ചി...അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന ഈ നഗരം കാലങ്ങളോളം ചരിത്രമുള്ളതാണ്. മികവുറ്റ തുറമുഖം, ഒട്ടേറെ വ്യവസായ, നിർമാണ സ്ഥാപനങ്ങൾ, സതേൺ നേവൽ കമാൻഡ് ആസ്ഥാനം തുടങ്ങി ഒട്ടേറെ സവിശേഷതകൾ കൊച്ചിയിലുണ്ട്. എന്നാൽ കേരളത്തിൽ മാത്രമല്ല കൊച്ചി നഗരമുള്ളതെന്ന് അറിയാമോ? ജപ്പാനിലും ഉണ്ട് ഒരു കൊച്ചിനഗരം.
ജപ്പാനിലെ ഷികോകൂ ദ്വീപിലെ കൊച്ചി പ്രവിശ്യയുടെ തലസ്ഥാനനഗരമാണു കൊച്ചി. 1601ൽ യമൗചി കസുതോയ എന്ന യുദ്ധപ്രഭുവാണ് കൊച്ചി നഗരം ജപ്പാനിൽ സ്ഥാപിച്ചത്. ടോസ എന്ന മേഖലയുടെ ഭാഗമായിരുന്നു കൊച്ചി അന്ന്. ഇന്നത്തെ കൊച്ചി നഗരം സ്ഥിതി ചെയ്യുന്ന മേഖലയിൽ ഒരു വലിയ കോട്ട യമൗചി കെട്ടി. ഈ കോട്ടനഗരം ചുറ്റുമുള്ള ചെറുപട്ടണങ്ങളെ കൂട്ടിച്ചേർത്ത് ഒരു വലിയ നഗരമായി മാറി. ടോസ മേഖലയുടെ ഭരണപരവും വാണിജ്യപരവുമായ തലസ്ഥാനമായി ഈ നഗരം മാറി. ഉയർന്ന ബൗദ്ധികകേന്ദ്രം എന്നാണ് കൊച്ചിയുടെ പേരിന്റെ അർഥം. ടോസ മേഖലയിൽ ഈ നഗരം പുലർത്തിയ സ്വാധീനം ഈ ചിത്രത്തിൽനിന്നു കാണാം.
കൊച്ചി മാത്രമല്ല തിരുവിതാംകൂറും മലബാറും ഓസ്‌ട്രേലിയയിലുണ്ടെന്നറിയാമോ? ജപ്പാനിലെ കൊച്ചിക്ക് കേരളവുമായി ബന്ധമൊന്നുമില്ല എന്നാൽ ഓസ്ട്രേലിയയിലെ സ്ഥലങ്ങൾക്ക് ബന്ധമുണ്ട്. ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീപമുള്ള പ്രാന്തപ്രദേശമാണ് ട്രാവൻകൂർ. ഏകദേശം രണ്ടായിരത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ. ടുല്ലാമറൈൻ ഫ്രീവേയ്ക്കും മൗണ്ട് അലക്‌സാണ്ടർ റോഡിനും ഇടയ്ക്കായാണ് ഈ പ്രദേശം. ഈ മേഖലയ്ക്ക് ഈ പേരു വരാൻ കാരണം ട്രാവൻകൂർ മാൻഷൻ എന്നൊരു വലിയ കെട്ടിടം ഇവിടെ ഉണ്ടായിരുന്നതു കൊണ്ടാണ്. ഹെന്റി മാഡെൻ എന്നയാളാണ് ഈ കെട്ടിടവും ചുറ്റുമുള്ള സ്ഥലവും വാങ്ങിയത്. മുൻപ് ഫ്‌ലെമിങ്ടൻ ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഹ്യൂ ഗ്ലാസ് എന്നയാളുടെ പേരിലായിരുന്നു. മാഡൻ ഇന്ത്യയിലേക്കു കുതിരകളെ കയറ്റി അയച്ചിരുന്നു. അതിനാൽതന്നെ ഇന്ത്യയോട് പ്രിയവുമായിരുന്നു. ട്രാവൻകുർ മാൻഷനു ചുറ്റുമുള്ള പല പ്രദേശങ്ങൾക്കും ഇന്ത്യൻ പേരുകളാണ്. ബറോഡ സ്ട്രീറ്റ്, ലക്‌നൗ സ്ട്രീറ്റ്, ബംഗാൾ സ്ട്രീറ്റ്, കാഷ്മീർ സ്ട്രീറ്റ്, മാംഗളൂർ സ്ട്രീറ്റ് തുടങ്ങിയവയെല്ലാം ഉദാഹരണങ്ങൾ.
ഇനി മലബാറിനെക്കുറിച്ചറിയാം. ഓസ്‌ട്രേലിയയിലെ പ്രശസ്ത നഗരമായ സിഡ്‌നിക്കു സമീപത്തുള്ള പ്രാന്തപ്രദേശമാണ് മലബാർ. സിഡ്‌നിയിലെ ലോങ് ബേയ്ക്കു സമീപമാണ് ഈ പ്രാന്തപ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ 1931ൽ ഒരു കാർഗോ കപ്പൽ മുങ്ങിയിരുന്നു. എംവി മലബാർ എന്നായിരുന്നു ഈ കപ്പലിന്‌റെ പേര്. കേരളത്തിലെ മലബാർ മേഖലയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ കപ്പലിനു പേരു നൽകിയിരുന്നത്.