പാരിസിലെ ഈജിപ്ഷ്യൻ സ്തൂപത്തിൽ രഹസ്യ എഴുത്ത് കണ്ടെത്തി

Mail This Article
പാരിസിൽ സ്ഥിതി ചെയ്യുന്ന ഈജിപ്ഷ്യൻ ഒബലിസ്ക് സ്തൂപത്തിന്റെ മുകളിലുള്ള, അജ്ഞാത എഴുത്ത് കണ്ടെത്തി ഗവേഷകർ. 189 വർഷം മുൻപാണ് ഫ്രാൻസിന് ഈജിപ്തിലെ വൈസ്രോയ് 3300 വർഷം പഴക്കമുള്ള ഈ ഒബലിസ്‌ക് സ്തൂപം സമ്മാനമായി നൽകിയത്. ഇതിനു ശേഷം പാരിസ് നഗരത്തെ അലങ്കരിക്കുന്ന ചരിത്ര നിർമിതികളിലൊന്നായി നിലനിൽക്കുകയാണ് കോൺകോർഡ് ഒബലിക്‌സ് എന്നും പേരുള്ള ഈ സ്തൂപം.
പാരിസിലെ കാത്തലിക് സർവകലാശാലയിലെ ഗവേഷകനായ ളീൻ പെല്ലറ്റിയറിന്റെ പുതിയ ഗവേഷണത്തിലാണു ഈ ഒബെലിസ്‌കിന്റെ മുകൾഭാഗത്ത് നേരത്തെ കാണാത്ത കൊത്തിവച്ച ഒരെഴുത്ത് കണ്ടെത്തി മനസ്സിലാക്കിയത്. 2021ൽ ഈ ഒബെലിസ്‌കിന്റെ നവീകരണം നടത്തിയപ്പോഴാണു എഴുത്ത് ആദ്യമായി കണ്ടത്.

1300 ബിസിയിൽ നിർമിച്ച ഈ ഒബെലിസ്‌ക് ഈജിപ്തിലെ ലൂക്‌സർ ക്ഷേത്രത്തിനു വെളിയിൽ സ്ഥിതി ചെയ്തിരുന്ന 2 ഒബെലിസ്‌കുകളിൽ ഒന്നാണ്. റാംസെസ് രണ്ടാമൻ ഫറവോയുടെ കാലത്താണ് ഇവ നിർമിക്കപ്പെട്ടത്. രണ്ട് ഒബെലിസ്‌കുകളും ഫ്രാൻസിനു നൽകിയിരുന്നെങ്കിലും വലിയ ഗതാഗതച്ചെലവ് കാരണം ഒരെണ്ണം മാത്രമാണു കൊണ്ടുപോയത്.
റാംസെസ് രണ്ടാമനെ പ്രകീർത്തിച്ചുള്ളതായിരുന്നു സന്ദേശങ്ങളിലൊന്ന്. മറ്റൊന്ന് ദേവാലയത്തിൽ സംഭാവനകൾ നൽകാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു. 66 കൊല്ലം ഈജിപ്ത് ഭരിച്ച ഫറവോയായിരുന്നു റാംസെസ് രണ്ടാമൻ. അദ്ദേഹത്തിന്റെ ഭരണകാലം ഈജിപ്തിന്റെ സുവർണയുഗമായി കണക്കാക്കപ്പെടുന്നു.