ബെർമുഡ ട്രയാംഗിളിൽ അന്നു കാണാതെ പോയ 2 വിമാനങ്ങളും 27 പേരും! ഇന്നുമറിയില്ല കാരണം

Mail This Article
ആകാശത്തു കൂടി പറക്കുന്ന വിമാനങ്ങളെ വിഴുങ്ങുന്ന ബെർമുഡ ത്രികോണം.. ഭൂമിയിലെ ഈ വിചിത്രമേഖലയെപ്പറ്റി ധാരാളം കഥകളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിലെ വളരെ പ്രശസ്തമായ ഒരു സംഭവകഥയാണ് ഫ്‌ളൈറ്റ് 19ന്‌റേത്. ഫ്‌ളോറിഡയിലെ നേവൽ എയർ സ്‌റ്റേഷനിൽ നിന്നാണ് ഈ യുഎസ് നേവി ബോംബർ വിമാനം പറന്നുപൊങ്ങിയത്. അറ്റ്‌ലാന്റിക്കിനു കുറുകെയുള്ള ഈ പറക്കൽ പരിശീലനാർഥമായിരുന്നു. 13 ട്രെയിനികളും ഒരു പൈലറ്റുമാണു സംഘത്തിൽ ഉണ്ടായിരുന്നത്.
1945 ഡിസംബർ 5ന് ആയിരുന്നു ഈ സംഭവം. ഉച്ചയ്ക്കു രണ്ടുമണി കഴിഞ്ഞതോടെ വിമാനത്തിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു തുടങ്ങി. ഗ്രൗണ്ട് കൺട്രോളുമായുള്ള ആശയവിനിമയം നഷ്ടമായി. വിമാനത്തെ നിയന്ത്രിക്കാൻ പൈലറ്റ് ചാൾസ് സി ടെയ്‌ലർ നന്നേ പണിപ്പെട്ടു. വൈകുന്നേരം നാലായതോടെ വിമാനത്തിന്റെ കൃത്യമായ ലൊക്കേഷൻ നിർണയിക്കാൻ സാധിക്കാതെ വന്നു. ബഹാമസ് ദ്വീപിനു മുകളായിരുന്നു വിമാനമെന്നാണു കരുതപ്പെട്ടിരുന്നത്. 7 മണി ആയതോടെ വിമാനവുമായുള്ള എല്ലാ ആശയവിനിമയവും അവസാനിച്ചു. ഈ വിമാനത്തെ കണ്ടെത്താനായി 13 പേരടങ്ങിയ ഒരു വൈമാനിക സംഘത്തെ നേവി ഉടനടി തന്നെ വിട്ടു. ഈ സംഘം യാത്ര ചെയ്ത മാരിനർ വിമാനം ഫ്‌ളൈറ്റ് 19ന് ആയി 7.27 വരെ തിരച്ചിൽ നടത്തി. പിന്നീട് അതും അപ്രത്യക്ഷമായി.
ഒരു സ്‌ഫോടനശബ്ദം കേട്ടതായി അടുത്തുണ്ടായിരുന്ന ഒരു കപ്പലിലെ ജീവനക്കാർ റിപ്പോർട്ട് ചെയ്തു. എന്നാൽ ആദ്യം പറന്ന ഫ്‌ളൈറ്റ് 19, പിന്നീട് അവരെ തിരഞ്ഞെത്തിയ മാരിനർ എന്നീ വിമാനങ്ങളായി ഉണ്ടായിരുന്ന 27 പേരുടെ യാതൊരു തുടർവിഭവങ്ങളും ലഭിച്ചില്ല. വിമാനങ്ങളും കപ്പലുകളും മറഞ്ഞുപോകുന്ന സംഭവങ്ങളാൽ ലോകമെങ്ങും കുപ്രസിദ്ധി ആർജിച്ചിട്ടുള്ളതായിരുന്നു ബെർമുഡ ട്രയാംഗിൾ മേഖല. അന്‌റാർട്ടിക്കിൽ 5 ലക്ഷം മുതൽ 15 ലക്ഷം ചതുരശ്ര മൈൽ വ്യാപിച്ചിരിക്കുന്ന ത്രികോണാകൃതിയിലുള്ള മേഖലയാണ് ഇത്. ബെർമുഡ ട്രയാംഗിളിനെക്കുറിച്ച് നേരത്തെ തന്നെയുണ്ടായിരുന്ന അഭ്യൂഹങ്ങൾ കൂട്ടിയ ഒരു സംഭവമായി ഫ്‌ളൈറ്റ് 19 തിരോധാനം മാറി. ഇന്നും ഈ സംഭവം ഒരു ചുരുളഴിയാ രഹസ്യമായി തുടരുന്നു.