ADVERTISEMENT

മനുഷ്യരാശിയുടെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ഒരു മേഖല ദക്ഷിണാഫ്രിക്കയിലുണ്ട്. ചരിത്രാതീത കാലത്തുള്ള ആദിമനരവംശത്തിൽപെട്ടവരുടെ ഫോസിലുകൾ കണ്ടെത്തിയ സ്ഥലമായതിനാലാണ് ഈ പേര് കിട്ടിയത്. ഈ മേഖലയുടെ ഭാഗമായിട്ടുള്ള ഒരു ഗുഹയാണു റൈസിങ് സ്റ്റാർ. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജൊഹാനസ്ബർഗിൽ നിന്ന് 50 കിലോമീറ്റർ അകലെയായി ദക്ഷിണാഫ്രിക്കയിലെ ബാത്തുങ് പ്രവിശ്യയിൽ റൈസിങ് സ്റ്റാർ ഗുഹ സ്ഥിതി ചെയ്യുന്നു. എംപയർ, വെസ്റ്റ്മിനിസ്റ്റർ എന്നീ പേരുകളും ഈ ഗുഹയ്ക്കുണ്ട്.

അകത്തേക്കു കയറാൻ വളരെ പാടുള്ള ഗുഹാദ്വാരമാണ് റൈസിങ് സ്റ്റാർ ഗുഹയ്ക്കുള്ളത്. സൂപ്പർമാൻ ചില സ്റ്റണ്ടുകളിൽ കാണിക്കുന്നതുപോലെ ഒരു കൈ ശരീരത്തോടു ചേർത്തും ഒരു കൈ തലയിൽ വച്ചും ശരീരം ഒതുക്കിയേ ഗുഹയിലേക്കു കടക്കാനാകൂ. അതിനാൽ ഗുഹയിലെ ഒരു ഭാഗം അറിയപ്പെടുന്നതു സൂപ്പർമാൻസ് ക്രോൾ എന്ന പേരിലാണ്.ഇതിനുള്ളിൽ ഡിനാലെഡി ചേംബർ എന്ന അറയുമുണ്ട്.

ഈ ഗുഹയിൽ നിന്ന് വിചിത്രമായ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഹോമോ നാലെടി എന്ന ആദിമ മനുഷ്യവംശത്തിന്റേതാണ് ഇത്. ഇതിനുള്ളിൽ ഹോമോ നാലെടി വംശജരുടെ മൃതദേഹങ്ങൾ എങ്ങനെയെത്തിയെന്ന ചോദ്യം ശാസ്ത്രജ്ഞരെ അലട്ടുന്നുണ്ട്. ഒരുപക്ഷേ ഈ വിഭാഗത്തിൽ പെടുന്നവർ മരിക്കുമ്പോൾ അടക്കിയിരുന്ന ഗുഹയാകാം ഇതെന്ന വാദം ഇവർ മുന്നോട്ടുവയ്ക്കുന്നു. ആധുനിക മനുഷ്യവർഗമായ ഹോമോ സാപ്പിയൻസിന്റെ പൂർവിക പരമ്പരയിലെ ബുദ്ധിമാൻമാരായ അംഗങ്ങളാണു ഹോമോ നാലെടിയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 

ഇവർക്ക് 4 അടി 9 ഇഞ്ച് ഉയരവും 40 മുതൽ 56 കിലോ വരെ ഭാരവുമുണ്ടായിരുന്നു. ഒരു ഓറഞ്ചിന്റെ അത്രമാത്രം വലുപ്പമുള്ളതായിരുന്നു ഇവരുടെ തലച്ചോറെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ നരവംശം തങ്ങളുടെ അവസാന കാലങ്ങളിൽ പുരോഗമന മനുഷ്യർക്കൊപ്പം ജീവിച്ചിരിക്കാമെന്ന സംശയവും ശാസ്ത്രജ്ഞർക്കുണ്ട്. കായ്കളും വേരുകളും ഭക്ഷിച്ചിരുന്ന ഇവർ, പാചകം ചെയ്യാനുള്ള അറിവ് അക്കാലത്ത് സ്വായത്തമാക്കിയിരുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. 2.36 മുതൽ 3.35 ലക്ഷം വരെ പഴക്കമുള്ളതാണ് ഈ ഫോസിലുകളെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com