ഡോണൾഡ് ട്രംപിന്റെ ഏറ്റവും വലിയ പേടി! ഇതിനാൽ ഷേക്ക്ഹാൻഡ് കൊടുക്കാൻ മടി

Mail This Article
ലോകമെമ്പാടും ആരാധകരുള്ളതാണ് സൂപ്പർഹീറോ സിനിമകളും കോമിക്സുകളും മറ്റും. വളരെ ശക്തരായ കഥാപാത്രങ്ങൾക്കും ചില പേടികൾ ഉണ്ട്. മാർവൽ സൂപ്പർഹീറോമാരിലെ ഏറ്റവും ധീരനാണ് ഡെഡ്പൂൾ. ഈ സൂപ്പർഹീറോയ്ക്ക് പക്ഷേ ഒരു കാര്യം പേടിയാണ്. പശുക്കളെ. ഒറ്റയ്ക്കിരിക്കാനും ജീവിക്കാനും ഇഷ്ടമുള്ളയാളാണു വോൾവെറിൻ. നീന്താൻ പേടിയാണ് ഈ സൂപ്പർഹീറോയ്ക്ക്.
സൂപ്പർഹീറോമാർക്ക് വരെ ഇത്രയും പേടിയാണെങ്കിൽ മനുഷ്യരുടെ കാര്യം പറയണോ? സാക്ഷാൽ അമേരിക്കൻ പ്രസിഡന്റിനു വരെയുണ്ട് പേടി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഏറ്റവും പേടി രോഗാണുക്കളെയാണ്. ഇതിനാൽ ഷേക്ക് ഹാൻഡ് കൊടുക്കാൻ പോലും ട്രംപിന് മടിയാണ്. മറ്റുള്ളവർക്ക് ഷേക്ക് ഹാൻഡ് കൊടുത്തശേഷം കൈ ഡിസിൻഫക്റ്റെന്റ് ഉപയോഗിച്ച് കഴുകുന്ന ശീലവും ട്രംപിനുണ്ട്. ജേമോഫോബിയ എന്നാണ് അണുക്കളോടുള്ള ഈ പേടിക്കു പറയുന്ന പേര്, പലർക്കുമുണ്ട് ഇത്.
ലോകത്തിൽ പല തരം പേടികളുള്ള മനുഷ്യരുണ്ട്. പ്രേത, ഭൂതങ്ങൾ തുടങ്ങി സാങ്കൽപിക കാര്യങ്ങൾ മുതൽ മിന്നൽ, മഴ എന്നുവേണ്ട പ്രകൃതിപരമായ കാര്യങ്ങളെപ്പോലും പേടിക്കുന്നവരുണ്ട്. ഫോബിയകൾ ഏറിയും കുറഞ്ഞുമുള്ള രൂപത്തിൽ മിക്ക ആളുകളിലും ഉണ്ടാകാനുമിടയുണ്ട്. എന്തു കൊണ്ടാണ് ഫോബിയകളുണ്ടാകുന്നത്. പലകാരണങ്ങളും പറയപ്പെടുന്നുണ്ട്. ഭൂതകാലത്തെ അനുഭവങ്ങൾ, ജനിതക പ്രത്യേകതകൾ, ബ്രെയിൻ കെമിസ്ട്രി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ വരും. ചെറിയ രീതിയിലുള്ള പേടികൾ ഉണ്ടെന്നു കരുതി ‘പേടിക്കേണ്ട’. ഇത് പലരിലും സാധാരണയായി കാണപ്പെടുന്നതാണ്.
നമ്മുടെ രാജ്യത്തെ സെലിബ്രിറ്റികളിലും വിചിത്രമായ പേടികളുള്ളവരുണ്ട്. നടൻ അർജുൻ കപൂറിനു പേടി സീലിങ് ഫാനുകളോടാണ്, ഈ പേടി അൽപം സീരിയസായതിനാൽ അർജുന്റെ വീട്ടിലെങ്ങും ഒരു ഫാൻ ഇല്ലത്രേ. ബോളിവുഡ് നടി കത്രീന കൈഫിനു പേടി തക്കാളിയോടാണ്. അഭിഷേക് ബച്ചന്റെ പേടി എന്താണന്നല്ലേ? പഴങ്ങൾ. ഓറഞ്ച്, ആപ്പിൾ, മുന്തിരി എന്തുമാകട്ടെ... പഴങ്ങളോടു മൊത്തത്തിൽ പേടിയാണ് അഭിഷേകിന്.
വളരെ അപൂർവമായ പേടിയാണ് കബൂറോഫോബിയ. ഒരു പ്രശസ്തമായ പോപ് താരം ഇടക്കാലത്ത് തനിക്ക് ഞണ്ടുകളെ പേടിയാണെന്ന് വെളിപ്പെടുത്തൽ നടത്തിയപ്പോഴാണ് ഇങ്ങനെയൊരു പേടിയുണ്ടെന്നു തന്നെ പലരുമറിഞ്ഞത്. ഈ ഫോബിയ ഉള്ളവർക്ക് ഞണ്ടുകൾ, ലോബ്സ്റ്ററുകൾ എന്നീ ജീവികളോട് ഭയങ്കര പേടിയാകും. ഞണ്ടിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ കവൂറിസിൽ നിന്നാണ് കബൂറോഫോബിയ എന്ന പേര് ഈ ഫോബിയയ്ക്ക് കിട്ടിയത്.
ചിലർക്ക് ഞണ്ടുകളെയും ലോബ്സ്റ്ററുകളെയും മാത്രമേ പേടിയുണ്ടാകൂ. എന്നാൽ മറ്റു ചിലർക്ക് ഇതിനു പുറമേ ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപെടുന്ന കൊഞ്ചുകൾ, കക്ക, ചിപ്പികൾ എന്നിങ്ങനെ പലജീവികളെയും പേടിയുണ്ടാകാം. അൽപം ബൃഹത്തായ ഈ പേടിക്ക് ഒസ്ട്രകോനോഫോബിയ എന്നാണു പേര്.കബൂറോഫോബിയ അപൂർവമാണെങ്കിലും ചിലന്തികളോടുള്ള പേടിയായ അരാക്നോഫോബിയ പലർക്കുമുണ്ട്.