‘ദ് മമ്മി’ വില്ലൻ യഥാർഥത്തിൽ ജീവിച്ചിരുന്നു! ഈജിപ്തിന്റെ ബുദ്ധിരാക്ഷസൻ ഏലിയനോ?

Mail This Article
ലോകമെങ്ങും തരംഗം തീർത്താണ് 1997ൽ ദി മമ്മി എന്ന ബ്ലോക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങിയത്. പൗരാണിക ഈജിപ്തിന്റെ കഥയും കൊളോണിയൽ കാലത്തെ പുരാവസ്തു പര്യവേക്ഷണങ്ങളുമായി ബന്ധപ്പെട്ടുള്ള സാഹസികതയും പ്രമേയമാക്കിയ ചിത്രത്തിലെ നായിക, നായക കഥാപാത്രങ്ങൾ ശ്രദ്ധേയരായിരുന്നെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പ്രധാനവില്ലൻ കഥാപാത്രമായ ഇംഹോടെപ്പാണ്. ഇംഹോടെപ്പ് യഥാർഥത്തിൽ ഈജിപ്ഷ്യൻ ചരിത്രത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ്. സേറ്റി ഒന്നാമൻ എന്ന ഫറവോയുടെ കാലത്തെ പുരോഹിതനായാണു ഇംഹോടെപ്പിനെ ‘ദ് മമ്മി’ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അദ്ദേഹം അതിനൊക്കെ മുൻപാണ് യഥാർഥത്തിൽ ജീവിച്ചിരുന്നത്. ഈജിപ്തിന്റെ പ്രാചീന രാജവംശമായ മൂന്നാം സാമ്രാജ്യത്തിലെ ഫറവോയായിരുന്ന ഡ്ജോസറിന്റെ കാലമായിരുന്നു ഇംഹോടെപ്പിന്റെയും കാലം.
ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇംഹോടെപ്. ഡ്ജോസർ ഏറ്റെടുത്തു നടത്തിയ ഒട്ടേറെ നിർമാണ പദ്ധതികളുടെ ചുക്കാൻ പിടിച്ചത് ഇംഹോടെപ്പാണ്. അന്നത്തെ കാലത്തുനിന്നുള്ള പാപ്പിറസ് രേഖകളിലും ശിലാഫലകങ്ങളിലുമൊക്കെ ഇംഹോടെപ്പിന്റെ പേര് എഴുതിയിട്ടുള്ളത് ഇതിനു തെളിവാണെന്ന് ചരിത്രകാരൻമാർ പറയുന്നു.ലോകത്തെ ആദ്യ എൻജിനീയറും ആർക്കിടെക്റ്റും ഡോക്ടറും ഇദ്ദേഹമാണെന്നു പോലും അഭിപ്രായപ്പെടുന്നവരുണ്ട്. സമാധാനം കൊണ്ടുവരുന്നയാൾ എന്നാണ് ഇംഹോടെപ്പ് എന്ന പേരിന്റെ അർഥം. ഈജിപ്തിലെ ആദ്യ ബൃഹദ് പിരമിഡ് പദ്ധതിയും കല്ലുപയോഗിച്ചുള്ള പിരമിഡുമായ സഖാറയിലെ സ്റ്റെപ് പിരമിഡ് നിർമിച്ചതിനു പിന്നിലുള്ള ബുദ്ധിശക്തിയും ഇംഹോടെപ്പിന്റേതാണെന്നു കരുതപ്പെടുന്നുണ്ട്. 62.5 മീറ്റർ പൊക്കമുള്ള ഈ പിരമിഡ് ഈജിപ്ഷ്യൻ നിർമാണശാസ്ത്രത്തിലെ നിർണായകമായ ഒരേടായിരുന്നു. ഇതിനെല്ലാമപ്പുറം ഈജിപ്തിലെ ഉന്നതനായ പുരോഹിതനുമായിരുന്നു ഇംഹോടെപ്.
ഈജിപ്ഷ്യൻ രാഷ്ട്രീയത്തിലും ഭരണത്തിലും അക്കാലത്തെ മതസംവിധാനത്തിലുമൊക്കെ ഇംഹോടെപ് വ്യക്തമായ സ്വാധീനം ചെലുത്തി. ഇതോടൊപ്പം തന്നെ വൈദ്യശാസ്ത്രത്തിലും അദ്ദേഹത്തിന് അപാരമായ അറിവുണ്ടായിരുന്നു. അസ്ഥികൾ ഒടിയുന്നതിനും മറ്റും അദ്ദേഹം ഫലപ്രദമായ ചികിത്സാരീതികൾ വികസിപ്പിച്ചിരുന്നെന്നും വിദഗ്ധർ പറയുന്നു. ഇതോടൊപ്പം തന്നെ ഭരണതന്ത്രജ്ഞതയിലും ജ്യോതിശാസ്ത്രത്തിലുമൊക്കെ അദ്ദേഹത്തിനു പാടവമുണ്ടായിരുന്നു. 7 വർഷം നീണ്ടുനിന്ന ഒരു ക്ഷാമം അദ്ദേഹമൊരുക്കിയ പദ്ധതിയാൽ പരിഹരിക്കപ്പെട്ടതിനെക്കുറിച്ചും ചരിത്രരേഖയുണ്ട്. പിൽക്കാലത്ത് ഇംഹോടെപ്പിന് ദൈവിക പരിവേഷം വന്നു ചേർന്നു. ഇംഹോടെപ് ആകാശത്തു നിന്നു ഭൂമിയിലേക്കു വന്നയാളാണെന്നും ഈജിപ്തിന്റെ ശത്രുക്കളെ തന്റെ അതിമാനുഷ സിദ്ധികളാൽ തോൽപിച്ചയാളാണെന്നും മറ്റുമുള്ള രീതിയിൽ കഥകളുണ്ടായി. ആധുനിക കാലത്ത് ഇത്തരം വിശേഷണങ്ങൾ ഇംഹോടെപ് ഒരു ഏലിയനാണെന്ന മട്ടിലുള്ള ചിന്താഗതികൾക്ക് തുടക്കംകുറിച്ചു. സഖാറയിലെവിടെയോ ആണ് ഇംഹോടെപ്പിന്റെ മൃതിയറ സ്ഥിതി ചെയ്യുന്നതെന്ന് അഭ്യൂഹമുണ്ട്. എന്നാൽ ഇന്നും അതു കണ്ടെത്തിയിട്ടില്ല.