ഒറ്റ യാത്രയിൽ 99 ഹെയർപിൻ തിരിയലുകൾ: ചൈനയിലെ വളഞ്ഞുപുളഞ്ഞ വിചിത്രറോഡ്

Mail This Article
യാത്രചെയ്യാൻ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നാണു ചൈനയിലെ ടിയാൻമെൻ മൗണ്ടൻ റോഡ്. ചൈനയിലെ ഴാങ്ജിയാജിയിൽ സ്ഥിതി ചെയ്യുന്ന ഈ റോഡ് വഴി യാത്ര ചെയ്താൽ 99 ഹെയർപിൻ വളവുകളും അനേകം തുരങ്കങ്ങളും കടന്നുവേണം ലക്ഷ്യസ്ഥാനത്തെത്താൻ. മലനിരകളും കാടുമൊക്കെ കടന്നാണ് 11 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് മുന്നോട്ടുപോകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 200 മീറ്റർ പൊക്കത്തിലാണ് ഈ റോഡിന്റെ ഉദ്ഭവ സ്ഥാനം. റോഡ് അവസാനിക്കുന്നത് സമുദ്രനിരപ്പിൽ നിന്ന് 1.3 കിലോമീറ്റർ പൊക്കമുള്ള പ്രദേശത്താണ്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിലൊന്നായിട്ടാണ് ഇതു പരിഗണിക്കപ്പെടുന്നത്.
1998ൽ ആണ് ഈ റോഡിന്റെ നിർമാണം തുടങ്ങിയത്.7 വർഷമെടുത്തു ഇതു പൂർത്തീകരിക്കാൻ. ഏകദേശം 10 കോടി ചൈനീസ് യുവാൻ ചെലവുവന്ന ഈ റോഡ് 2005ൽ സഞ്ചാരത്തിനായി തുറന്നുനൽകി. ചൈനയുടെ വടക്കുപടിഞ്ഞാറൻ ഹുനാൻ പ്രവിശ്യയിലാണ് ഈ റോഡ്. പ്രത്യേകപരിശീലനം നേടിയ ഡ്രൈവർമാർ ഓടിക്കുന്ന ബസുകൾ മാത്രമാണ് ഇതുവഴി പോകുന്നത്. സ്വകാര്യവാഹനങ്ങൾ ഇവിടെ സാധാരണഗതിയിൽ നിരോധിച്ചിരിക്കുകയാണ്.

ഈ റോഡ് ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ഒരു കേബിൾ കാർ സൗകര്യവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമുള്ള കേബിൾകാർ ശൃംഖലയാണ് ഇത്. ടിയാനൻ സ്‌റ്റെയേഴ്‌സ് എന്ന സ്ഥലത്തേക്കാണ് ഈ റോഡ് എത്തുന്നത്. ഇവിടെ 999 പടികളുള്ള ഒരു പാറക്കെട്ടുണ്ട്. ഇതുകയറിയാൽ പർവതത്തിന്റെ ശൃംഗത്തിലേക്കെത്താം.