ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും ഭാരമുള്ള ജീവി ഏതെന്നോ? ഭാരം 3.4 ലക്ഷം കിലോഗ്രാം

Mail This Article
ഇന്ന് ഭൂമിയിൽ ഏറ്റവും ഭാരമുള്ള ജീവികൾ ഏതൊക്കെയാണ്? കടലിലാണെങ്കിൽ നീലത്തിമിംഗലം, കരയിലാണെങ്കിൽ ആന...അല്ലേ. ഇന്ന് ഭൂമിയിലെ ഏറ്റവും ഭാരമുള്ള ജീവി നീലത്തിമിംഗലം തന്നെ. എന്നാൽ എല്ലാക്കാലവും ഇങ്ങനെയായിരുന്നില്ല കഥ. ഭൂമിയിലെ ഒരു അതിപ്രാചീന കാലത്ത്, 3.9 കോടി വർഷം മുൻപ് നീലത്തിമിംഗലത്തേക്കാൾ 3 മടങ്ങ് ഭാരമുള്ള ഒരു തിമിംഗലവിഭാഗം ഭൂമിയിൽ ജീവിച്ചിരുന്നു. പിൽക്കാലത്ത് ഇവയുടെ വംശം ഭൂമിയിൽ നിന്ന് നശിച്ചുപോയി.
തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിലെ തെക്കൻ തീരത്തിനടുത്തുള്ള ഇക മരുഭൂമിയിൽ നിന്ന് ശേഖരിച്ച ഫോസിൽ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഈ ഫോസിൽ പൂർണമായ ഫോസിലല്ല. 17 അസ്ഥികൾ അടങ്ങിയ അപൂർണമായ ഒരു അസ്ഥികൂടമാണ് ഇത്. 15 വർഷം മുൻപാണ് പെറുവിൽ നിന്ന് ഈ അസ്ഥികൾ കണ്ടെത്തിയത്. 85000 മുതൽ 3.4 ലക്ഷം കിലോ വരെ ശരീരഭാരം ഇവയ്ക്കുണ്ടായിരുന്നു.
നീലത്തിമിംഗലമാണ് ഭൂമിയിൽ ഇതുവരെ ജീവിച്ചവയിൽവച്ച് ഏറ്റവും ഭാരമുള്ള ജീവിയെന്ന ശാസ്ത്രധാരണയെ തിരുത്തിക്കുറിച്ചതാണ് ഈ ജീവിയുടെ കണ്ടെത്തൽ. മൺമറഞ്ഞുപോയ ഈ തിമിംഗല വംശത്തിന് പെറുകെറ്റസ് കൊളോസസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കണ്ടെത്തിയ രാജ്യം, ഈ തിമിംഗലവിഭാഗത്തിന്റെ ഉയർന്ന ശരീരഭാരം എന്നിവ കണക്കിലെടുത്താണ് ഈ പേരിട്ടത്.
മറ്റൊരു രസകരമായ വസ്തുതയുമുണ്ട്. ശരീരഭാരത്തിൽ നീലത്തിമിംഗലത്തെ കടത്തിവെട്ടുമെങ്കിലും ശരീരവലുപ്പത്തിൽ നീലത്തിമിംഗലത്തിനടുത്തെത്തിയിരുന്നില്ല ഈ ആദിമജീവികൾ. നീലത്തിമിംഗലങ്ങൾക്ക് 30 മീറ്റർ വരെ നീളം വയ്ക്കും. എന്നാൽ ഈ പ്രാചീന തിമിംഗല സ്പീഷീസിന് 17 മീറ്റർ മുതൽ 20 മീറ്റർ വരെയേ നീളം വച്ചിരുന്നുള്ളൂ.