ബോധിവൃക്ഷത്തിന്റെ പരമ്പരയിൽപെട്ട മരം; ഇന്നു നിൽക്കുന്നത് മധ്യപ്രദേശിൽ, അതീവശ്രദ്ധയിൽ

Mail This Article
ജനകോടികളെ സ്വാധീനിച്ച ആത്മീയപ്രഭാവമാണ് ശ്രീബുദ്ധൻ. അദ്ദേഹത്തിന്റെ ജീവിതകഥയിൽ ഒരു ബോധിവൃക്ഷത്തിനു വലിയ സ്ഥാനമുണ്ട്.ശ്രീബുദ്ധനു സംഭവിച്ച ബോധോദയത്തിനു തണലൊരുക്കിയ മഹാബോധി വൃക്ഷത്തിന്. ശ്രീബുദ്ധന്റെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലിനു സാക്ഷിയാകുകയായിരുന്നു ആ മരം. ബുദ്ധമത വിശ്വാസികൾക്കിടയിൽ വലിയ സ്ഥാനമുള്ള ഈ മരത്തിന്റെ കഥ പിന്നെയും തുടർന്നു. ഇന്ത്യയിലെ മഹാബോധി വൃക്ഷത്തിന്റെ തൈകളിലൊന്ന് ശ്രീലങ്കയിലെ അനുരാധപുരയിലേക്ക് അശോകചക്രവർത്തിയുടെ മകളായ സംഗമിത്ര കൊണ്ടുവന്നുനട്ടെന്നായിരുന്നു ഐതിഹ്യം.
2012ൽ, ശ്രീലങ്കയിലെ പ്രസിഡന്റായ മഹിന്ദ രാജപക്സെ ഇന്ത്യയിലേക്ക് ഒരു ബോധിവൃക്ഷത്തെ കൊണ്ടുവന്നു. അനുരാധപുരയിലെ മരത്തിന്റെ തൈകളിലൊന്നാണ് ഇത്. ഐതിഹ്യമനുസരിച്ച് മഹാബോധിവൃക്ഷത്തിന്റെ തൈ. മധ്യപ്രദേശിലെ സൽമത്പുരിലാണ് ആ ആൽമരം നിൽക്കുന്നത്. വെറുമൊരു മരമല്ല ഇത്. ഒരു വർഷം 12 ലക്ഷം രൂപയാണ് ഇതിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാരിനു ചെലവാകുന്നത്. ഇന്ത്യയുടെ ആദ്യ വിവിഐപി മരമെന്ന് തദ്ദേശീയർ വിളിക്കുന്ന ഈ മരം ലോകപ്രശസ്തമായ സാഞ്ചി ബുദ്ധമതകേന്ദ്രത്തിൽ നിന്നു 5 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ് സാഞ്ചി.

4 സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മരത്തിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഈ മരം ഉണങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനായി തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ വലിയ ശ്രദ്ധ ചെലുത്തുന്നു.സാഞ്ചി ബുദ്ധിസ്റ്റ് സർവകലാശാലയാണ് ഈ മരം നിൽക്കുന്ന കുന്നിന്റെ പരിപാലനം. ഈ മേഖല ഒരു ബുദ്ധിസ്റ്റ് കോംപ്ലക്സ് എന്ന നിലയിൽ സർക്കാർ വികസിപ്പിച്ചിട്ടുമുണ്ട്. 15 അടി പൊക്കമുള്ള, കമ്പിവേലി കൊണ്ടുള്ള ഒരു കൂടിന്റെ സംരക്ഷണത്തിലാണ് ഈ മരം നിൽക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും ഈ മരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മരം നനയ്ക്കാനായി പ്രത്യേകമൊരു വാട്ടർ ടാങ്കർ തന്നെ സാഞ്ചി നഗരസഭ ഏർപെടുത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി മരത്തിനു രോഗങ്ങളില്ലെന്ന് ഉറപ്പാക്കും. ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടവും മരത്തിനു മേലുണ്ട്.