ADVERTISEMENT

മനുഷ്യരുടെ ഏറ്റവും അടുത്ത ചങ്ങാതിമാർ എന്നാണു നായ്ക്കൾ വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യരോട് ഇത്രയും ഇണങ്ങിയ മറ്റു മൃഗങ്ങളില്ലെന്നു നിസ്സംശയം പറയാം. അരുമ മൃഗങ്ങളായും കാവൽക്കാരായും വേട്ടയിലെ കൂട്ടുകാരായും രക്ഷാപ്രവർത്തനത്തിലെ നിർണായക പങ്കുകാരുമൊക്കെയായി നായകൾ ദീർഘകാലമായി നമ്മോടൊപ്പമുണ്ട്. പല അപകടങ്ങളിലും മനുഷ്യരെ രക്ഷിച്ച ഹീറോ നായകൾ ധാരാളമുണ്ട്. ഇവയിൽ ചിലതിന്റെ കഥയറിയാം.

ലോകജനതയുടെ ശ്രദ്ധ ആകർഷിച്ച കപ്പൽ അപകടമായിരുന്നു ടൈറ്റാനിക് ദുരന്തം. ഒരിക്കലും മുങ്ങില്ലെന്നു കരുതിയ ടൈറ്റാനിക് 1912ൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കി മുങ്ങി. മഞ്ഞുമലയിലിടിച്ചതായിരുന്നു അപകടകാരണം. ടൈറ്റാനിക്ക് ദുരന്തത്തെപ്പറ്റിയും അതിലെ രക്ഷാദൗത്യങ്ങളെപ്പറ്റിയുമൊക്കെ പല കഥകളും കെട്ടുകഥകളും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിലൊന്നായിരുന്നു ന്യൂഫൗണ്ട്ലാൻഡ് ഇനത്തിൽപെടുന്ന റിഗൽ എന്ന നായയുടെ കഥ. അപകടം നടന്ന വർഷം ഏപ്രിലിൽ പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ഹെറൾഡ് ദിനപത്രത്തിലെ ലേഖനത്തിലും പണ്ഡിതനായ ലോഗൻ മാർഷൽ ടൈറ്റാനിക്കിനെക്കുറിച്ച് എഴുതിയ പുസ്തകത്തിലുമാണ് റിഗലിന്റെ കഥയുള്ളത്.

ടൈറ്റാനിക് കപ്പലിലെ ഫസ്റ്റ് ഓഫിസറായ വില്യം മർഡോക്കിന്റെ വളർത്തുനായയായാണ് റിഗൽ ലേഖനങ്ങളിൽ അവതരിപ്പിക്കപ്പെട്ടത്. ടൈറ്റാനിക് അപകടത്തിൽ മർഡോക്ക് മരിച്ചു. തണുത്ത വെള്ളത്തിൽ മർഡോക്കിനായി 3 മണിക്കൂർ തുഴഞ്ഞ ശേഷം റിഗൽ  ഒരു ലൈഫ്ബോട്ടിനടുത്തേക്കു നീങ്ങി. ഈ സമയത്താണ് രക്ഷാദൗത്യവുമായി ആർഎംഎസ് കാർപാത്യ എന്ന കപ്പൽ അവിടെയെത്തിയത്. ലൈഫ്ബോട്ടുകളിൽ കിടന്നിരുന്നവർക്ക് ശബ്ദമുയർത്തി കപ്പലിന്റെ കപ്പിത്താന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള ശേഷി അപ്പോഴുണ്ടായിരുന്നില്ല. ഈ സമയം റിഗൽ കുരയ്ക്കാൻ തുടങ്ങി.

ഇതോടെ കാർപാത്യ തന്റെ എൻജിനുകൾ ഓഫ് ചെയ്യുകയും ലൈഫ്ബോട്ടിലുള്ളവരിലേക്ക് കപ്പിത്താൻ തിരച്ചിലിനു നിർദേശം കൊടുക്കുകയും ചെയ്തു. അങ്ങനെ ലൈഫ്ബോട്ടിലുള്ള എല്ലാവരും തന്നെ രക്ഷിക്കപ്പെട്ടുവെന്നാണു കഥ. കാർപാത്യ കപ്പലിലെ ജോനാസ് ബ്രിഗ്സ് എന്ന ജോലിക്കാരൻ ഒടുവിൽ റിഗലിനെ രക്ഷിക്കകയും അവനെ ദത്തെടുക്കുകയും ചെയ്തു.

ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണമായിരുന്നു 2001 സെപ്റ്റംബർ 11ന് യുഎസിൽ നടന്ന വേൾഡ് ട്രേഡ് സെന്‌റർ ആക്രമണം. 2977 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ ഭീകരാക്രമണത്തിൽ അതിജീവനത്തിന്റെയും സാഹസികതയുടെയുമൊക്കെ ധാരാളം കഥകളുണ്ടായിരുന്നു. സാൾട്ടി, റോസല്ലെ എന്നിങ്ങനെ 2 നായ്ക്കളും ഇതിലൂടെ ഇക്കാലത്തു പ്രശസ്തരായി. കത്തിയെരിയുന്ന കെട്ടിടങ്ങൾക്കിടയിലൂടെ തങ്ങളുടെ ഉടമകളെ സുരക്ഷിതരാക്കി താഴെയെത്തിച്ചതായിരുന്നു ഇവർ ചെയ്ത ധീരകൃത്യം. പിൽക്കാലത്ത് ധാരാളം പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ നായകൾ നേടി.

English Summary:

Man's Best Friend, Man's Greatest Savior: Amazing Tales of Canine Heroism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com