ഒരു ദിവസം 45 കിലോ ഇല അകത്താക്കും! ജന്തുലോകത്തെ തലപ്പൊക്കക്കാർ

Mail This Article
ആഫ്രിക്കയെ അടയാളപ്പെടുത്തുന്ന തനതായ കുറേ മൃഗങ്ങളുണ്ട്. ലോകമെമ്പാടും പ്രശസ്തമായവ. ഒകാപ്പി, സീബ്ര, ഗൊറില്ല, ചിമ്പാൻസി തുടങ്ങിയവ. ഇക്കൂട്ടത്തിൽപെടുന്ന വളരെ പ്രശസ്തനായ ഒരു ജീവിയാണ് ജിറാഫ്. നീണ്ട കഴുത്തും പുള്ളിക്കുപ്പായവുമിട്ടു നടക്കുന്ന ജന്തുലോകത്തെ ഉയരക്കാരാണ് ജിറാഫുകൾ. ആഫ്രിക്കയിലെ സബ്സഹാറൻ മേഖലയിലെ പുൽമേടുകളിൽ കാണപ്പെടുന്ന ഈ ജീവികളെ ലോകത്തെ ഏറ്റവും ഉയരമുള്ള ജീവികളായി കണക്കാക്കുന്നു.
ഓസികോണുകൾ എന്ന ഒരു ജോടി കൊമ്പുകൾ പോലുള്ള അവയവുമുണ്ട് ജിറാഫുകൾക്ക്. ലോകത്ത് ഇന്നേവരെ കണ്ടതിൽ ഏറ്റവും ഉയരമുള്ള ജിറാഫിന് 5.87 മീറ്ററുണ്ടായിരുന്നു പൊക്കം. മരത്തിലെ ഇലകൾ പ്രധാനമായും ഭക്ഷിക്കുന്ന ഈ ജീവികൾക്ക് കഴുത്തിന്റെ പൊക്കം സഹായകമായ ഘടകമാണ്. സിംഹങ്ങൾ, കഴുതപ്പുലികൾ തുടങ്ങി തങ്ങളെ വേട്ടയാടാൻ വരുന്ന ജീവികളെ കണ്ടെത്താനും രക്ഷപ്പെടാനും ഇവയ്ക്ക് ഈ പൊക്കം മൂലം സാധിക്കും.
അക്കേഷ്യ മരത്തിന്റെ ഇലകളാണ് ജിറാഫുകളുടെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം. 45 കിലോയോളം ഇലകൾ ഇവ ദിനംപ്രതി അകത്താക്കും. എന്നാൽ ഭക്ഷണക്കാര്യത്തിലെ ഈ ശുഷ്കാന്തി വെള്ളം കുടിക്കുന്നതിലില്ല. രണ്ടുദിവസം കൂടുമ്പോഴൊക്കെയാണ് ഇവ വെള്ളം കുടിക്കുക. ഇലകളിൽ നിന്ന് ആവശ്യത്തിന് ജലാംശം ഇവയ്ക്കു ലഭിക്കും. സംഘമായിട്ടാണ് ജിറാഫുകൾ നടക്കുന്നത്. ടവർ എന്ന പേരിലാണ് ഈ സംഘം അറിയപ്പെടുന്നത്.
ജിറാഫുകളുടെ വാസസ്ഥലങ്ങൾ മനുഷ്യർ വെട്ടിത്തെളിക്കുന്നത് ഇവയെ വംശനാശ നിഴലിലാക്കിയിട്ടുണ്ട്. ജിറാഫുകളെ വേട്ടയാടി എല്ലും തോലുമെല്ലാം സ്വന്തമാക്കാൻ വരുന്നവരും ഏറെയാണ്. ജിറാഫുകളുടെ പുള്ളിത്തോലിനും എല്ലുപയോഗിച്ച് നിർമിച്ച കൗതുകവസ്തുക്കൾക്കും സ്റ്റഫ് ചെയ്ത തലയ്ക്കും ആവശ്യമേറെയാണ്. ആഫ്രിക്കയിൽ നിന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കള്ളക്കടത്തും വ്യാപകമാണ്.
എല്ലാ വർഷവും ജൂൺ 21ന് വേൾഡ് ജിറാഫ് ഡേ ആയി ആചരിക്കാറുണ്ട്. പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയായ ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷനാണ് ഇതിനു നേതൃത്വം നൽകുന്നത്. ജിറാഫുകളുടെ വാസസ്ഥാനം സംരക്ഷിക്കുന്നതിനും വേട്ടക്കാരിൽ നിന്നു രക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ നടത്തുന്നത്. ഇന്ന് ഒരുലക്ഷത്തിൽ താഴെ ജിറാഫുകളാണ് ഭൂമിയിലുള്ളത്. തെക്കൻ കെനിയയിലും ടാൻസാനിയയിലും മാത്രം കാണപ്പെടുന്ന മസായ് ജിറാഫുകൾ എന്നറിയപ്പെടുന്ന വിഭാഗത്തിനാണ് ഏറ്റവുമധികം ഭീഷണി.