450 അഗ്നിപർവതങ്ങൾ സ്ഥിതിചെയ്യുന്ന ‘കുതിരലാടം’: എന്നും പ്രക്ഷുബ്ധമായ അഗ്നിവൃത്തം

Mail This Article
ലോകത്ത് സംഭവിക്കുന്ന കാര്യമായ ഭൂചലനങ്ങളിൽ 80 ശതമാനവും പസിഫിക് സമുദ്രവുമായി ബന്ധപ്പെട്ട അഗ്നിവൃത്തം അഥവാ റിങ് ഓഫ് ഫയർ മേഖലയിൽ നിന്നാണു സംഭവിക്കുന്നത്. വൃത്തം എന്നൊക്കെ കേൾക്കുമ്പോൾ ഇതു ചെറിയ ഏതോ പ്രദേശമാണെന്ന് തോന്നുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യം. പസിഫിക് സമുദ്രവുമായി തീരം പങ്കിടുന്ന 40000 കിലോമീറ്ററോളം ദൂരം നീണ്ടുകിടക്കുന്ന മേഖലയാണിത്. പസിഫിക്, ഹുവാൻ ഡി ഫ്യുക, കൊകോസ്, ഇന്ത്യൻ-ഓസ്‌ട്രേലിയൻ, നാസ്‌ക, നോർത്ത് അമേരിക്കൻ, ഫിലിപ്പീൻ ടെക്ടോണിക് പ്ലേറ്റുകളെല്ലാം ഉൾപ്പെടുന്നതാണ് റിങ് ഓഫ് ഫയർ. ഒരു കുതിരലാടത്തിന്റെ ആകൃതിയിലുള്ള മേഖലയാണ് ഇത്.
ലോകത്ത് ലക്ഷക്കണക്കിന് ഭൂചലനങ്ങൾ പ്രതിവർഷം നടക്കാറുണ്ട്. എന്നാൽ ഇവയിൽ നൂറോളം എണ്ണമേ ആഘാതമുള്ള രീതിയിൽ സംഭവിക്കാറുള്ളൂ. ഇതിൽ തന്നെ വളരെച്ചുരുക്കമേ ഉയർന്ന തീവ്രതയുള്ള നിലയിലും മറ്റുമെത്തും. ഒരു ഭൂചലനം നടക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഭൂചലനത്തിന്റെ തീവ്രത പോലെ തന്നെ മേഖലയിലെ നിർമാണങ്ങൾ തുടങ്ങിയവയൊക്കെ ഘടകങ്ങളാണ്.
ലോകത്തെ എല്ലാ അഗ്നിപർവതങ്ങളുടെയും എണ്ണമെടുത്താൽ അതിൽ മുക്കാൽഭാഗവും റിങ് ഓഫ് ഫയറിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കാണാം. ഏകദേശം 450 അഗ്നിപർവതങ്ങളാണ് ഇവിടെയുള്ളത്. സജീവമായ ടെക്ടോണിക് പ്ലേറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ അഗ്നിപർവത വിസ്‌ഫോടനങ്ങളും ഭൂചലനങ്ങളും റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിരമായി ഉണ്ടാകാറുള്ളതായി കാണാം.
ജപ്പാൻ, ഇന്തൊനീഷ്യ, ന്യൂസീലൻഡ് തുടങ്ങി പത്തിലധികം രാജ്യങ്ങൾ ഈ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ അന്റാറാർട്ടിക്കയിലാണ് റിങ് ഓഫ് ഫയർ അവസാനിക്കുന്നത്. ഭൗമശാസ്ത്രപരമായി പ്രത്യേകതകളുള്ള മറ്റുമേഖലകളും റിങ് ഓഫ് ഫയറിലുണ്ട്. ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രെഞ്ച് ഇതിനൊരു ഉദാഹരണം. ഇതിലെ ചലഞ്ചർ ഡീപ് മേഖലയ്ക്ക് ഏകദേശം 11 കിലോമീറ്ററോളം ആഴം സമുദ്രനിരപ്പിൽ നിന്നുണ്ട്.