എൻഡവർ: ജയിംസ് കുക്കിന്‌റെ മുങ്ങിയ കപ്പൽ 250 വർഷത്തിനുശേഷം കണ്ടെത്തി

Mail This Article
ക്യാപ്റ്റൻ ജയിംസ് കുക്ക് സഞ്ചരിക്കുകയും പിന്നീട് തകരുകയും ചെയ്ത എച്ച്എംഎസ് എൻഡവർ കപ്പലിന്റെ ശേഷിപ്പുകൾ കിടക്കുന്ന സ്ഥലം സ്ഥിരീകരിച്ചു. യുഎസിലെ റോഡ് ഐലൻഡിൽ ന്യൂപോർട്ട് ഹാർബറിനു സമീപമാണ് ഈ കപ്പൽചേതത്തിന്റെ അവശിഷ്ടം കിടക്കുന്നതെന്നാണു ഗവേഷകർ പറയുന്നത്. 1768ൽ ആണ് എച്ച്എംഎസ് എൻഡവർ ഇംഗ്ലണ്ടിൽ നിന്ന് ക്യാപ്റ്റൻ ജയിംസ് കുക്കിന്‌റെ നേതൃത്വത്തിൽ യാത്ര തിരിച്ചത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തെത്തിയ ആദ്യ യൂറോപ്യൻ കപ്പലായി ഇതു മാറി.
ബ്രിട്ടനിൽ തിരിച്ചെത്തിയ ശേഷം ഈ കപ്പൽ സ്വകാര്യ വ്യക്തിക്കു വിറ്റു. ലോർഡ് സാൻവിച്ച് എന്നു. പിന്നീട് അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിലും ഇതൊരു പങ്കുവഹിച്ചു. പിന്നീട് ഇതൊരു കപ്പൽജയിലാക്കി മാറ്റി. ബ്രിട്ടനെതിരെ പോരാടിയ വിപ്ലവകാരികളെ പാർപ്പിക്കുകയായിരുന്നു ഇതിന്റെ ദൗത്യം.1778ൽ ഫ്രഞ്ച് പടയാണ് ഈ കപ്പൽ മുക്കിയത്. പിന്നീട് ഏകദേശം 250 വർഷങ്ങൾക്കു ശേഷമാണ് ഇതു മുങ്ങിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
1728ൽ ബ്രിട്ടനിലെ യോർക്‌ഷറിലാണു ക്യാപ്റ്റൻ കുക്ക് ജനിച്ചത്. നാവികൻ എന്നതിനപ്പുറം ജ്യോതിശ്ശാസ്ത്രത്തിലും ഗണിതത്തിലും അദ്ദേഹത്തിനു വലിയ താൽപര്യമുണ്ടായിരുന്നു. 27 വയസ്സുള്ളപ്പോൾ ഫ്രണ്ട്ഷിപ് എന്ന കപ്പലിലാണ് അദ്ദേഹം ആദ്യം യാത്ര തുടങ്ങിയത്. പിന്നീട് ബ്രിട്ടിഷ് നേവിയിൽ അദ്ദേഹം അംഗമായി. നാവികസേനയുടെ ഭാഗമായി അദ്ദേഹം പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു. 1758ൽ എച്ച്എംഎസ് പെംബ്രോക്ക് എന്ന കപ്പലിലാണ് അദ്ദേഹം ആദ്യമായി ക്യാപ്റ്റനായത്.
പസിഫിക് സമുദ്രത്തിൽ നടത്തിയ 3 പര്യവേക്ഷണങ്ങളാണു കുക്കിനെ പ്രശസ്തനാക്കിയത്. ആദ്യ പര്യവേക്ഷണത്തിൽ ഓസ്ട്രേലിയയും ന്യൂസീലൻഡും അദ്ദേഹം കണ്ടെത്തി ബ്രിട്ടന്റെ ഭാഗമാക്കി.രണ്ടാമത്തെ പര്യവേക്ഷണത്തിൽ അദ്ദേഹം അന്റാർട്ടിക് വൃത്തം കടന്നു, എന്നാൽ അന്റാർട്ടിക്കയിൽ എത്തിയില്ല. മൂന്നാമത്തെ യാത്രയിൽ അദ്ദേഹം ഹവായിയിലെത്തി. ബെറിങ് ഉൾക്കടൽ സന്ദർശിച്ച ശേഷം വീണ്ടും ഹവായിയിൽ എത്തിയ അദ്ദേഹം ഒരു സംഘട്ടനത്തിനിടെ കുത്തേറ്റു മരിച്ചു.