അധിനിവേശത്തിന് എതിരെ ദേശീയ പ്രസ്ഥാനത്തിന്റെ ആവിർഭാവം

Mail This Article
കൂട്ടുകാരേ, മറ്റു പുതിയ പുസ്തകങ്ങളോടൊപ്പം സാമൂഹ്യശാസ്ത്രത്തിന്റെ ആദ്യഭാഗം നിങ്ങളുടെ കൈകളിൽ എത്തുകയാണ്. ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട അധിനിവേശവും ചെറുത്തുനിൽപും, ദേശീയ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും യൂണിറ്റുകൾ. മൂന്നാമത്തെ യൂണിറ്റായ ഭൂമിയുടെ ചലനങ്ങൾ: ഭ്രമണവും പരിക്രമണവും, ആറാമത്തെ യൂണിറ്റായ വിഭവ വിനിയോഗവും സുസ്ഥിരതയും എന്നിവ ഭൂമിശാസ്ത്ര സംബന്ധിയാണ്. അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും സമ്പദ് വ്യവസ്ഥയും എന്ന നാലാം യൂണിറ്റ് സാമ്പത്തികശാസ്ത്ര പഠനത്തിനു മുഖവുര തീർക്കുന്നു. ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും എന്ന അഞ്ചാം യൂണിറ്റ് രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ടതാണ്. സാമൂഹ്യശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം ഏഴാം യൂണിറ്റായ മാധ്യമങ്ങളും സാമൂഹിക പ്രതിഫലനങ്ങളും നിങ്ങൾക്കു വ്യക്തമാക്കിത്തരും. അധികവായനയ്ക്കും പഠന പ്രവർത്തനങ്ങൾക്കും തുടർപ്രവർത്തനങ്ങൾക്കും എല്ലാമുള്ള ഭാഗങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കിത്തരുന്ന വിവിധ ചിഹ്നങ്ങൾ പുസ്തകത്തിൽ കാണാം.
അവ അറിഞ്ഞുകൊണ്ടു വേണം പാഠപുസ്തകം ഉപയോഗിക്കുവാൻ. ഇന്ത്യൻ മണ്ണിൽ കച്ചവടത്തിനായി വന്നു നമ്മെ അടിമകളാക്കിയ വിദേശ ശക്തികളെയും അവരുടെ പ്രവർത്തനങ്ങളെയും ഇന്ത്യക്കാർ എപ്രകാരം നേരിട്ടു എന്നതിന്റെയും നേർചിത്രമാണ് അധിനിവേശവും ചെറുത്തുനിൽപ്പും എന്ന ഒന്നാം യൂണിറ്റിൽ പ്രതിപാദിക്കുന്നത്. തുടക്കത്തിൽ നൽകിയിരിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ ജെയിംസ് ഫുൾച്ചറിന്റെ ഗ്രന്ഥത്തിലെ ആ ഭാഗം തന്നെ ഇംഗ്ലിഷ് കമ്പനി ഇന്ത്യയിൽ സ്ഥാനം ഉറപ്പിക്കുവാനുള്ള കാരണങ്ങളിലേക്കാണു വെളിച്ചം വീശുന്നത്. യൂറോപ്പിൽ നിന്നും ഇന്ത്യ ഉൾപ്പെട്ട കിഴക്കൻ ഭാഗത്തേക്കു പുതിയ കപ്പൽ മാർഗം കണ്ടുപിടിക്കാൻ പ്രേരിതമായ ഘടകങ്ങൾ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കപ്പൽ നിർമാണത്തിലും, സമുദ്രയാത്രയിലും അവർ കൈവരിച്ച പുരോഗതിയും, ഭൂമിശാസ്ത്ര പരിജ്ഞാനവും വളർച്ചയും, കോമ്പസ് തുടങ്ങിയവയുടെ കണ്ടുപിടിത്തവും, മുൻ സഞ്ചാരികളുടെ വർണനകളും, ഇന്ത്യൻ ഉൽപന്നങ്ങളുടെ കച്ചവട സാധ്യതയും, തുർക്കികളുടെ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കലുമെല്ലാം ഉൾപ്പെടുന്നു ഈ കാരണങ്ങളിൽ. പോർച്ചുഗീസുകാർക്ക് ശേഷം ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലിഷുകാരും ആണ് ഇന്ത്യയിൽ എത്തിയ പ്രധാന യൂറോപ്യൻ അധിനിവേശ ശക്തികൾ.
പോർച്ചുഗീസ് ബന്ധത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങൾ
∙ പറങ്കിമാവ്, പപ്പായ, പേരയ്ക്ക, പൈനാപ്പിൾ തുടങ്ങിയവ പരിചയപ്പെടുത്തിയതു പോർച്ചുഗീസുകാരാണ്
∙ ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ മാനുവൽ കോട്ട കൊച്ചിയിൽ പണികഴിപ്പിച്ചു
∙ അച്ചടിവിദ്യ പ്രചരിപ്പിച്ചു
∙ കലാരൂപങ്ങളായ ചവിട്ടുനാടകം, മാർഗംകളി എന്നിവ പോർച്ചുഗീസ് സമ്പർക്കത്തിന്റെ ഫലമായി ഉണ്ടായവയാണ്
∙ യൂറോപ്യൻ കെട്ടിട നിർമാണ ശൈലി
∙ യൂറോപ്യൻ യുദ്ധ തന്ത്രങ്ങളും പടക്കോപ്പുകളും
∙ ക്രൈസ്തവ മതപഠന കേന്ദ്രങ്ങളുടെ സ്ഥാപനം
കുളച്ചൽ യുദ്ധത്തിന്റെ പ്രാധാന്യം
∙ 1741ൽ നടന്നു
∙ തിരുവിതാംകൂർ ഭരണാധികാരി ആയ മാർത്താണ്ഡവർമയും ഡച്ചുകാരും തമ്മിലായിരുന്നു ഈ യുദ്ധം
∙ ഡച്ചുകാർ പരാജയപ്പെട്ടു
∙ യൂറോപ്യൻ ശക്തികളുടെ തന്നെ ഇന്ത്യൻ മണ്ണിലെ ആദ്യത്തെ പരാജയം
കർണാട്ടിക് യുദ്ധങ്ങൾ
∙ ദക്ഷിണേന്ത്യയിൽ ആധിപത്യം ലഭിക്കുവാനായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധപരമ്പര
∙ ആകെ 3 യുദ്ധങ്ങൾ
∙ അന്തിമവിജയം ബ്രിട്ടിഷുകാർക്ക്
∙ ഇതേ തുടർന്ന് പോണ്ടിച്ചേരി യാനം, കാരയ്ക്കൽ, മാഹി എന്നീ പ്രദേശങ്ങളിൽ മാത്രം ഫ്രഞ്ച് ശക്തി നിലനിന്നു.
ബ്രിട്ടിഷ് നികുതി നയത്തിന്റെ ദോഷങ്ങൾ
∙ ഉയർന്ന നികുതി നിരക്ക്
∙ കൃഷിനാശമുണ്ടായാലും നികുതി നൽകണം
∙ സ്വകാര്യ പണമിടപാടുകാർ കർഷകരെ ചൂഷണം ചെയ്തു
∙ കടക്കെണിയിലായവർ ഭൂരഹിതരായി
ബ്രിട്ടിഷുകാരുടെ നയം കൈത്തൊഴിലുകാരെ പ്രതികൂലമായി ബാധിച്ചതെങ്ങനെ
. യന്ത്ര നിർമിത ഉൽപന്നങ്ങളുടെ ഇറക്കുമതി
. വിപണിയിൽ കടുത്ത മത്സരം ഉണ്ടാക്കി
. കൈത്തൊഴിലുകാരുടെ ഉൽപന്നങ്ങളായ പരുത്തി, പട്ട് ,കമ്പിളി വസ്ത്രങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയവയുടെ വിപണി നഷ്ടപ്പെട്ടു
. പരമ്പരാഗത തൊഴിലുകൾ ഉപേക്ഷിക്കുവാൻ തൊഴിലാളികൾ നിർബന്ധിതരായി