ADVERTISEMENT

ലോകത്തെ ഏറ്റവും പ്രശസ്തമായ കപ്പൽ അപകടം ടൈറ്റാനിക് തന്നെ. ഇതുൾപ്പെടെ 3 വമ്പൻ കപ്പൽ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ട ഒരു വനിതയുണ്ട്. അവരാണു വയലറ്റ് ജെസോപ്പ്.1887ൽ ഐറിഷ് കുടിയേറ്റക്കാരായ വില്യം ജെസോപ്പിന്റെയും കാതറീന്റെയും എട്ടുമക്കളിൽ ഒരാളായി അർജന്റീനയിലാണു വയലറ്റിന്റെ ജനനം. സഹോദരങ്ങളിൽ ആറുപേരും ബാല്യകാലത്തു തന്നെ വിവിധ രോഗങ്ങളിൽ മരിച്ചെങ്കിലും വയലറ്റ് ജീവിച്ചു. ബാല്യകാലത്ത് ക്ഷയരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായെങ്കിലും അവർ അതിജീവിച്ചു.

വയലറ്റിന്റെ അച്ഛൻ ഇതിനിടെ മരിച്ചു. തുടർന്ന് അമ്മ, വയലറ്റിനും സഹോദരിക്കുമൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറ്റി. വയലറ്റിന് 21 വയസ്സ് ആയതോടെ രോഗം ബാധിച്ച് അമ്മ കിടപ്പിലായി. കുടുംബത്തെ സംരക്ഷിക്കാനായി അമ്മയ്ക്കു പകരം വയലറ്റ്, കപ്പലിലെ പരിചാരികജോലി ഏറ്റെടുത്തു. 1908ലാണ് വയലറ്റ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. അന്ന് കപ്പലിലെ പരിചാരികയാകുകയെന്നത് ശ്രമകരമായ ഒരു ജോലിയാണ്. ദിവസം 17 മണിക്കൂറോളം കഠിനാധ്വാനം, കിട്ടുന്നത് തുച്ഛമായ വേതനവും.

1911ൽ വൈറ്റ് സ്റ്റാർ ലൈൻ എന്ന കമ്പനിയുടെ ജീവനക്കാരിയായ വയലറ്റിനെ കമ്പനിയുടെ പ്രശസ്തമായ ‘ആർഎംഎസ് ഒളിംപിക്’ എന്ന കപ്പലിൽ പരിചാരികയായി നിയോഗിച്ചു. അക്കാലത്തെ ഏറ്റവും വലിയ കപ്പലായ ഒളിംപിക് വൈറ്റ് സ്റ്റാറിന്റെ തിളങ്ങുന്ന താരമായിരുന്നു. 1911 സെപ്റ്റംബറിൽ ഇംഗ്ലണ്ടിന്റെ തെക്കൻ ഭാഗത്ത് ഐൽ ഓഫ് വൈറ്റിനു സമീപം ഇടുങ്ങിയ കടലിടുക്കിൽ കൂടി യാത്ര ചെയ്ത കപ്പൽ എച്ച്എംഎസ് ഹോക്ക് എന്ന ബ്രിട്ടിഷ് പടക്കപ്പലുമായി കൂട്ടിയിടിച്ചു. ഇരു കപ്പലുകൾക്കും തകർച്ച സംഭവിച്ചു. വയലറ്റ് രക്ഷപ്പെട്ടു.

പിന്നീടാണു ടൈറ്റാനിക്. 1912ൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കുള്ള ടൈറ്റാനിക്കിന്റെ ആദ്യ യാത്രയിൽ തന്നെ വയലറ്റ് അതിൽ നിയോഗിക്കപ്പെട്ടു. ഒരു കൂറ്റൻ മഞ്ഞുപാളിയിലിടിച്ച് കന്നിയാത്രയിൽ തന്നെ എന്നെന്നേക്കുമായി ടൈറ്റാനിക് മുങ്ങി. 1500 ആളുകൾ കൊല്ലപ്പെട്ടു. വയലറ്റിനെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.പോകുന്ന വഴി ഒരു കുട്ടിയെ രക്ഷിക്കുകയും ചെയ്തു വയലറ്റ്. ഇതിനെ തുടർന്ന് കാർപാത്യ എന്ന കപ്പലിലേറി വയലറ്റ് സുരക്ഷിതമായി തീരമണഞ്ഞു. അവർ രക്ഷിച്ച കുട്ടിയെ അതിന്റെ അമ്മ ഇതിനിടെ ഏറ്റുവാങ്ങി.

1916 നവംബർ 21ന് വൈറ്റ് സ്റ്റാർലൈൻ കമ്പനിയുടെ കപ്പലായ ബ്രിട്ടാനിക്കിൽ വയലറ്റ് മറ്റൊരു കടൽയാത്ര ചെയ്തു. ലോകയുദ്ധത്തിൽ പരുക്കേറ്റവരെ ചികിൽസിക്കാനുള്ള ആശുപത്രിക്കപ്പലായിട്ടായിരുന്നു ബ്രിട്ടാനിക്കിന്റെ യാത്ര. കപ്പൽ ഈഗൻ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന ഒരു ജർമൻ മൈൻബോംബിൽ ഇടിച്ച കപ്പലിൽ പൊട്ടിത്തെറി നടക്കുകയും കപ്പൽ മുങ്ങാൻ തുടങ്ങുകയും ചെയ്തു. ആഴത്തിലേക്കു പോയ വയലറ്റിന്റെ തല കപ്പലിന്റെ അടിഭാഗത്ത് ഉടക്കിക്കിടന്നു. തുടർന്ന് അതു വഴി വന്ന രക്ഷാപ്രവർത്തകർ ഇവരെ രക്ഷിച്ച് തങ്ങളുടെ ബോട്ടിലിട്ടു. അങ്ങനെ അഞ്ച് വർഷത്തിനിടെ മൂന്നു തവണ വയലറ്റ് കപ്പലപകടങ്ങളിൽ നിന്നു വിസ്മയകരമായ രീതിയിൽ രക്ഷപ്പെട്ടു.

എന്നാൽ ഇതു കൊണ്ടൊന്നും തന്റെ തൊഴിൽ വിടാൻ വയലറ്റ് തയാറായിരുന്നില്ല. 63 ാം വയസ്സിൽ വിരമിക്കുന്നതു വരെ കപ്പൽപരിചാരികയായി അവർ ജോലി ചെയ്തു. 1971 ൽ ബ്രിട്ടനിലെ ആഷ്ഫീൽഡിൽ തന്റെ 83ാം  വയസ്സിൽ വയലറ്റ് അന്തരിച്ചു. മിസ് അൺസിങ്കബിൾ എന്നായിരുന്നു പിൽക്കാലത്ത് അവർക്ക് ലഭിച്ച വിളിപ്പേര്.

English Summary:

Titanic survivor's incredible story: Meet the woman who defied death three times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com