135–ാം വയസ്സിൽ അച്ഛനായി ഗോലിയാത്ത് !

Mail This Article
മിയാമിയിലെ മൃഗശാലയിൽ കഴിഞ്ഞ ദിവസം ഗോലിയാത്തിന് ഇരട്ടി മധുരമുള്ള ദിവസമായിരുന്നു. അച്ഛനായതിന് ശേഷമുള്ള ആദ്യ ഫാദേഴ്സ് ഡേ, പോരാത്തതിന് 135–ാം പിറന്നാളും! ഗോലിയാത്ത് ആരാണെന്നല്ലേ? ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ആമ. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ആമകൾ എണ്ണത്തിൽ വളരെക്കുറച്ചേയുള്ളൂ. ഗാലപ്പഗോസ് എന്ന വാക്കിന്റെ അർഥം തന്നെ ഭീമൻ കരയാമ എന്നാണ്. ഗോലിയാത്തിനുമുണ്ട് 234 കിലോഗ്രാം ഭാരം.
1885നും 1890നും ഇടയിൽ സാന്താക്രൂസ് ദ്വീപിലാണ് ഗോലിയാത്തിന്റെ ജനനം. 1981ൽ മിയാമി മൃഗശാലയിലെത്തി. അന്നു മുതൽ അച്ഛനാവാനുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവിൽ അതിനു തുണയായത് അതേ മൃഗശാലയിലെ തന്നെ ‘സ്വീറ്റ് പീ’ എന്ന ആമ. 85നും 100നും ഇടയിലാണ് സ്വീറ്റ് പീയുടെ പ്രായം. ജനുവരി 27ന് ഇട്ട എട്ടു മുട്ടകളിൽ ഒന്നാണ് ജൂൺ 4ന് വിരിഞ്ഞത്. വംശനാശഭീഷണി നേരിടുന്ന ഉരഗങ്ങളിൽ ഒന്നിന്റെ മുട്ട വിരിയുന്നതും മിയാമി മൃഗശാലയിൽ ഇതാദ്യം. അച്ഛനും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.