ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം, അവകാശികളില്ലാ സ്ഥലം: അതിരിലെ കാര്യങ്ങൾ

Mail This Article
ഭൂമിശാസ്ത്രപരമായി രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്ന രാജ്യാന്തര അതിർത്തികൾ സൗഹൃദത്തിന്റെയോ ശത്രുതയുടെയോ നേർരേഖയാണ്. അയൽരാഷ്ട്രങ്ങൾ ശത്രുത പുലർത്തുമ്പോൾ ഈ അതിരുകൾ യുദ്ധസമാനമായ സംഘർഷഭൂമിയാകും. സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ സ്നേഹത്തിന്റെ പാതകളാണു സൃഷ്ടിക്കുക.
കൂടുതൽ ദൂരം
അയൽരാജ്യങ്ങളുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന രാഷ്ട്രം ചൈനയാണ്. ഏതാണ്ട് 22,200 കിലോമീറ്ററുള്ള രാജ്യാന്തര അതിർത്തിയാണു ചൈനയ്ക്കുള്ളത്. 14 രാജ്യങ്ങളുമായി ചൈന അതിരു പങ്കിടുന്നുണ്ട്. ദൈർഘ്യമുള്ള അതിർത്തി പങ്കിടലിൽ രണ്ടാം സ്ഥാനം റഷ്യയ്ക്കാണ് (20,017 കിലോമീറ്റർ). റഷ്യയും 14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

കൂടുതൽ കര
2 രാജ്യങ്ങൾ തമ്മിൽ ഏറ്റവും കൂടുതൽ കര അതിർത്തിയുള്ളത് യുഎസിനും കാനഡയ്ക്കുമാണ് (8,891 കി.മീ.). എന്നാൽ വിടവുകളില്ലാതെ നീണ്ടുനിവർന്ന് 2 രാജ്യങ്ങളെ വേർതിരിക്കുന്ന നീളമേറിയ രാജ്യാന്തര അതിർത്തി കസഖ്സ്ഥാനും റഷ്യയ്ക്കുമിടയിലാണ് (6,848 കി.മീ.).
ഏറ്റവും ഉയരം
ഏറ്റവും ഉയരത്തിലൂടെ രാജ്യാന്തര അതിർത്തി കടന്നുപോകുന്നത് നേപ്പാളിനും ചൈനയ്ക്കും ഇടയിലാണ്. എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരത്തിലുള്ള ബിന്ദുവിലൂടെയാണ് ഇരുരാജ്യങ്ങളുടെയും അതിർത്തി കടന്നുപോകുന്നത്.

കുറച്ച് ദൂരം
ഏറ്റവും കുറച്ച് ദൂരം അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ സാംബിയയും ബോട്‌സ്വാനയുമാണ്, ആകെ 155 മീറ്റർ മാത്രം. എന്നാൽ ഒരു പ്രദേശം മാത്രമെടുത്താൽ ഏറ്റവും കുറച്ച് ദൂരമുള്ള അതിർത്തി മൊറോക്കോയും സ്പെയിനും തമ്മിലുള്ളതാണ്, ആകെ 75 മീറ്റർ.

കൊറിയൻ അതിർത്തി
ഏറ്റവും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുള്ള രാജ്യാന്തര അതിർത്തി ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ളതാണ്. ഏതാണ്ട് 250 കി.മീ. ദൂരത്തിലാണ് അതിർത്തി. ശരാശരി 4 കി.മീ. വീതിയുള്ള ഈ അതിർത്തി പ്രദേശങ്ങളിലൊന്നും മനുഷ്യവാസമില്ല. ഈ പ്രദേശത്തെ Korean Demilitarized Zone (KDZ) എന്നു വിളിക്കുന്നു. വംശനാശം നേരിടുന്ന ഒട്ടേറെ ജീവികളുടെ ആവാസമേഖലയാണിത്.
ദ്വീപ് രാഷ്ട്രങ്ങൾ
ലോകത്തിൽ ഏതാണ്ട് 37 രാജ്യങ്ങൾ മറ്റൊരു രാജ്യവുമായിപ്പോലും അതിരുപങ്കിടാതെ ‘ഒറ്റയ്ക്കു’ സ്ഥിതി ചെയ്യുന്നുണ്ട്. അവ ദ്വീപ് രാഷ്ട്രങ്ങൾ (Island nations) ആയിരിക്കുമല്ലോ.

അതിർത്തിയിലെ ആഘോഷം
പോളണ്ടും യുക്രെയ്നും തമ്മിലുള്ള അതിർത്തി പ്രദേശത്ത് എല്ലാ വർഷവും ഇരുരാജ്യങ്ങളും ചേർന്നു നടത്തുന്ന ആഘോഷമാണ് The Land Art Festival. പഞ്ചാബിലെ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയായ വാഗാ ചെക് പോസ്റ്റിൽ ഇരുരാജ്യങ്ങളും ചേർന്ന് ദേശീയപതാകകൾ താഴ്ത്തുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ചടങ്ങും പരേഡും ദിവസേന ആയിരങ്ങളെ ആകർഷിക്കുന്ന പരിപാടിയാണ്. ഇന്ത്യയുടെ അതിർത്തി രക്ഷാസേനയും (ബിഎസ്എഫ്) പാക്കിസ്ഥാന്റെ പാക്കിസ്ഥാൻ റേഞ്ചേഴ്സും വാശിയോടെ വൈകിട്ട് അതിർത്തിയിലെ ഗേറ്റ് അടയ്ക്കുന്നതും പതാക താഴ്ത്തുന്നതും ആവേശമുണർത്തുന്ന കാഴ്ചയാണ്. അമൃത്‌സറിൽനിന്നു 32 കിലോമീറ്റർ അകലെയാണു വാഗാ–അട്ടാരി ചെക് പോസ്റ്റ്.
അവകാശികളില്ലാ സ്ഥലം
ഈജിപ്തിന്റെയും സുഡാന്റെയും അതിർത്തിയിൽ ഒരു രാജ്യവും ഉടമസ്ഥത അവകാശപ്പെടാത്ത താമസയോഗ്യമായ ഒരു സ്ഥലമുണ്ട്: ബിർ തവിൽ (Bir Tawil). ആരും അവകാശം ഉന്നയിക്കാത്ത ഇത്തരം സ്ഥലങ്ങളെ ടെറാ നള്ളിയസ് (Terra nullius) അഥവാ Nobodys land എന്നാണ് വിശേഷിപ്പിക്കുന്നത്. 2060 ച. കി.മീ. വിസ്തീർണമുണ്ട് ഈ മരുഭൂമിക്ക്. 1899ലും 1902ലും സുഡാനും ഈജിപ്തും തമ്മിൽ അതിർത്തികൾ നിർണയിച്ചപ്പോൾ ഉണ്ടായ ചെറിയൊരു തെറ്റാണ് അതിനെ ടെറാ നള്ളിയസ് ആക്കിയത്. ആരാലും അവകാശം ഉന്നയിക്കപ്പെടാതെ കിടക്കുന്ന ലോകത്തിലെ ഏക സ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്നു.
മറ്റ് രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ട രാജ്യങ്ങൾ
സമുദ്രാതിർത്തി ഇല്ലാത്ത, മറ്റു രാജ്യങ്ങളാൽ പൂർണമായി വലയം ചെയ്യപ്പെട്ട രാഷ്ട്രങ്ങളെയാണ് landlocked countries അഥവാ കരയാൽ വലയം ചെയ്യപ്പെട്ട രാജ്യങ്ങൾ എന്നു വിളിക്കുന്നത്. ഇത്തരം 44 രാജ്യങ്ങൾ ലോകത്തുണ്ട്.
ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം!
ദക്ഷിണാഫ്രിക്കയാൽ വലയം ചെയ്യപ്പെട്ട ലെസോതോ, ഇറ്റലിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന സാൻ മരീനോ, വത്തിക്കാൻ സിറ്റി എന്നീ 3 രാജ്യങ്ങൾ മറ്റൊരു രാജ്യത്തിന്റെയുള്ളിൽ സ്ഥിതി ചെയ്യുന്നവയാണ്.