അകലെയകലെ 2 ഗ്രഹങ്ങൾ, പൊതിഞ്ഞ് മണൽമേഘങ്ങൾ! ഒന്നിൽ ഇരുമ്പുമഴയും

Mail This Article
ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. 300 പ്രകാശവർഷം അകലെ ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന 2 ഗ്രഹങ്ങളെയാണു ജയിംസ് വെബ് കണ്ടെത്തിയത്. വൈഎസ്ഇഎസ്–1ബി, വൈഎസ്ഇഎസ്–1സി എന്നാണ് ഈ ഗ്രഹങ്ങൾക്കു പേര് നൽകിയിരിക്കുന്നത്. യുഎസിലെ ബാൾട്ടിമോർ മേരിലാൻഡിലുള്ള സ്പേസ് ടെലിസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടാണു കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
സിലിക്കയുടെ അംശം ധാരാളമുള്ള മണൽ നിറഞ്ഞ മേഘങ്ങൾ ഈ ഗ്രഹങ്ങളെച്ചുറ്റിയുണ്ട്. സൗരയൂഥത്തിലെ വ്യാഴഗ്രഹത്തെക്കാൾ ഏറെ വലുപ്പമുള്ളതാണ് ഈ ഗ്രഹങ്ങൾ. വ്യാഴത്തെപ്പോലെ തന്നെ ഒരു ഉൾക്കാമ്പിനു ചുറ്റും കനത്ത വാതകങ്ങൾ പൊതിഞ്ഞുനിൽക്കുന്ന വാതകഭീമൻമാരാണ് ഈ ഗ്രഹങ്ങളും. വെബ്ബിന്റെ നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫാണു ദൃശ്യങ്ങൾ പകർത്തിയത്. ഇതാദ്യമായാണ് മണൽമേഘങ്ങൾ ഗ്രഹങ്ങൾക്കു ചുറ്റും കണ്ടെത്തിയത്.
വൈഎസ്ഇഎസ്–1 ഗ്രഹം വ്യാഴത്തിന്റെ 6 മടങ്ങ് വലുപ്പമുള്ളതാണ്. ഈ ഗ്രഹത്തെ ചുറ്റി മണൽനിർമിതമായ, ഡിസ്ക് രൂപത്തിലുള്ള ഒരു ഘടനയുണ്ട്. ഇതിൽ ധാരാളം സിലിക്കേറ്റും അടങ്ങിയിട്ടുണ്ട്. വൈഎസ്ഇഎസ്–1സി ഗ്രഹം വ്യാഴത്തിന്റെ 14 മടങ്ങ് വലുപ്പമുള്ളതാണ്. ഇതിൽ സിലിക്കേറ്റ് കണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതിനാൽ ചുവന്ന അന്തരീക്ഷമാണ്. ഈ കണങ്ങൾ ചിലപ്പോഴൊക്കെ മണൽമഴയായി ഗ്രഹത്തിന്റെ ഉൾക്കാമ്പിലേക്കു പെയ്യാറുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇരുമ്പുതരികളുടെ മഴയും ചിലപ്പോൾ സംഭവിക്കാറുണ്ട്.
കേവലമൊരു കൗതുകം എന്നതിനപ്പുറം പ്രാധാന്യമുള്ളതാണ് ഈ കണ്ടെത്തലുകളെന്ന് ഗവേഷകർ പറയുന്നു. വ്യാഴം, ശനി തുടങ്ങി പ്രപഞ്ചത്തിലെ വാതകഭീമൻമാർ എങ്ങനെയാണു രൂപീകരിക്കപ്പെട്ടതെന്ന് ഇതിലൂടെ മനസ്സിലാക്കാം.