ചക്ക് ദേ കേരള ; കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ദിവസം

Mail This Article
മലയാളം ടു ഇംഗ്ലിഷ്
മറ്റു പല പഴങ്ങളിൽനിന്നു വ്യത്യസ്തമായി മലയാളത്തിൽനിന്ന് ഇംഗ്ലിഷ് കടംകൊണ്ട പേരാണു ചക്കയുടേത്. പോർച്ചുഗീസ് സസ്യശാസ്ത്രജ്ഞനായ ഗാർസ്യ ഡ ഓർട്ട 1563ൽ എഴുതിയ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയത് ജാക്ക എന്നാണ്. ചക്ക എന്ന മലയാള പദത്തിൽ നിന്നാണ് ജാക്ക എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്. തുടർന്ന് അത് പരിണമിച്ച് ഇംഗ്ലിഷിൽ ജാക്ക്ഫ്രൂട്ട് എന്നായി.
മൾബറിയുടെ
വല്യേട്ടൻ
ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് എന്നാണ് ചക്കയുടെ ശാസ്ത്രീയ നാമം. അത്തിപ്പഴം മുതൽ മൾബറി വരെ ഉൾപ്പെടുന്ന സസ്യ കുടുംബമാണു ചക്കയുടേത്. മരത്തിൽ കായ്ക്കുന്നവയിൽ ഏറ്റവും വലിയ പഴം എന്ന റെക്കോർഡ് ചക്കയ്ക്കാണ്.
ബംഗ്ലദേശിന്റെയും പഴം
2018 മാർച്ചിലാണു ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി പ്രഖ്യാപിച്ചത്. നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം ചക്കയാണ്. ലോകത്ത് ചക്ക ഉൽപാദനത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള രാജ്യങ്ങളും ഇന്ത്യയും ബംഗ്ലദേശും തന്നെ.

ചക്ക എന്ന ഓൾറൗണ്ടർ
പച്ചയായിട്ടും പഴുത്തിട്ടും കഴിക്കുന്നതിനു പുറമേ എത്രയോ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാവുന്ന പഴം കൂടിയാണു ചക്ക. ചക്ക ചിപ്സ്, ജാം തുടങ്ങി ഇറച്ചിയുടെ പകരക്കാരനായി വരെ ചക്കയെ ഉപയോഗിക്കാറുണ്ട്. ചക്കച്ചുളയ്ക്കു പുറമേ ചക്കക്കുരുവും ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്ലാവിന്റെ തടി ഫർണിച്ചറിനായി ഉപയോഗിക്കുന്നു.
ചക്കയുടെ അപരൻ
ചക്കയുടെ അപരൻ എന്നറിയപ്പെടുന്ന പഴമാണ് ചെമ്പെദാക്. ചക്കയുടെ കുടുംബത്തിൽ തന്നെയുള്ള ഇത് മലേഷ്യ ഉൾപ്പെടുന്ന തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണു വ്യാപകമായി വളരുന്നത്. ചക്കയേക്കാൾ ചെറുതും മൃദുവായ ചുളകളുമുള്ള ഇതിനു ഗന്ധം കൂടുതലാണ്.

ലോകകപ്പിന് പോയ ചക്ക
ഖത്തറിൽ 2022ൽ നടന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനായി ചക്ക കേരളത്തിൽനിന്ന് വ്യാപകമായി കയറ്റുമതി ചെയ്തിരുന്നു. തൃശൂരുകാരനായ വർഗീസ് തരകനാണ് ഇതിനായി ആയിരക്കണക്കിനു കിലോ ചക്ക നൽകിയത്. പുതുതായി വികസിപ്പിച്ചെടുത്ത ആയുർ ജാക്ക് എന്ന ഇനം ഉൾപ്പെടെ തൃശൂരിലെ കുറുമാൽകുന്നിലുള്ള ഇദ്ദേഹത്തിന്റെ ചക്ക ഫാം പ്രശസ്തമാണ്.
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്
കർണാടകയിലെ തുമക്കൂരു ജില്ലയിലെ ഒരു പ്ലാവിനു സിസിടിവി സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ചെമ്പ് പോലെ ചുവന്ന അടരുകളുള്ള ചക്ക കായ്ക്കുന്ന ‘സിദ്ദു ഹലാസു’ എന്ന അപൂർവ പ്ലാവിനാണ് ഇത്തരത്തിലുള്ള വിഐപി പരിചരണം. സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മരത്തിനു സമീപം അതിക്രമിച്ചു കയറിയാൽ മുന്നറിയിപ്പ് മുഴങ്ങും. അതീവ രുചികരമായ ഈ ചക്കയ്ക്കു പേറ്റന്റും ഉണ്ട്.
ചക്ക ചൊല്ലുകൾ
. വേണമെങ്കിൽ ചക്ക
വേരിലും കായ്ക്കും
. ചക്ക മുറിച്ച സ്ഥലത്ത്
ഈച്ച പൊതിയും പോലെ
. അഴകുള്ള ചക്കയിൽ
ചുളയില്ല
. ചക്കയല്ലല്ലോ ചൂഴ്ന്നു
നോക്കാൻ
. ചക്കര പോലെത്തെ വാക്കും ചക്ക പോലെത്തെ നെഞ്ചും
. ചക്ക തിന്നതിന്റെ ചൊരുക്കു
തീരാൻ ചക്കക്കുരു
. ചക്കക്കൂഞ്ഞും
ചന്ദനമുട്ടിയും സമമോ
. ചക്ക തിന്നുന്തോറും
പ്ലാവ് നടാൻ തോന്നും
. ചക്കയ്ക്കു
മുണ്ട് മുള്ള്, ഉമ്മത്തും
കായയ്ക്കു
മുണ്ട് മുള്ള്