ADVERTISEMENT

രണ്ടാംലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ പതനത്തിന് ആരംഭമായി. പക്ഷേ വാമൊഴിയായ ഇംഗ്ലിഷിലൂടെ അവരുടെ സ്വാധീനം തുടർന്നു. ലോക ഭാഷ, രാജ്യാന്തര ഭാഷ, ആഗോള ഭാഷ എന്നിങ്ങനെ മൂന്ന് തരമുണ്ട് ആംഗലേയം. മൂന്നും ഒന്നല്ലേ എന്ന് തോന്നാം, എന്നാൽ അല്ല. ലോകഭാഷ (World language) നയതന്ത്ര ഭാഷയും അക്കാദമിക ഭാഷയും പത്രഭാഷയുമാണ്. രാജ്യാന്തര ഭാഷ (International language) പാരിലെങ്ങും പ്രചാരമുള്ള സ്റ്റാൻഡേർഡ് ഇംഗ്ലിഷ് അഥവാ ബിസിനസ് ഇംഗ്ലിഷ്. ആഗോള ഭാഷ (Global language) അമേരിക്കൻ മുദ്രയുള്ള ഉത്തരാധുനികനാണ്. സാമ്പത്തിക പ്രക്രിയകളുടെ, ഉദാരീകരണത്തിന്റെ, നവ കൊളോണിയലിസത്തിന്റെ മാധ്യമം.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകത്തിന്റെ നാട്ടുഭാഷയാണ് ആംഗലേയം. പല ഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹത്തിൽ അവയിലൊന്നും ഉൾപ്പെടാത്തതും, എന്നാൽ എല്ലാവർക്കും സ്വീകാര്യമായതുമായ ഭാഷ. ആധുനിക സമൂഹങ്ങളുടെ ‘ലിംഗ്വാ ഫ്രാൻക.’ വ്യാപാരത്തിനും അധിനിവേശത്തിനുമുള്ള നാവിക യാത്രകളാണ് ബ്രിട്ടിഷ് ദ്വീപുവാസികളുടെ മാതൃഭാഷയെ ലോകഭാഷയാക്കിയത്. പണവും അധികാരവും ചൂഷണവും മാത്രമല്ല ആ ഭാഷയെ വളർത്തിയത്. അപാരമായ മെയ് വഴക്കവും തുണയായി. ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ നിന്ന് സമൃദ്ധമായി വാക്കുകൾ സ്വീകരിച്ചു വളർന്ന ഇംഗ്ലിഷ് ചെന്നെത്തിയ പ്രദേശങ്ങളിലെ വ്യവഹാര ഭാഷയെ ഉൾക്കൊണ്ടു. ആദ്യകാല കൊളോണിയൽ ശക്തികളായ സ്പെയിനിനും ഫ്രാൻസിനും അസൂയ ഉണ്ടാക്കിയ വളർച്ച. ഇംഗ്ലിഷ് നാട്ടുഭാഷകളുമായി കലർന്നതിൽ ആകുലപ്പെടുന്ന പണ്ഡിതന്മാർ ഇപ്പോഴും ഇംഗ്ലണ്ടിലുണ്ട്. പക്ഷേ അവരുടെ തടസ്സ വാദങ്ങൾ ഫലം ചെയ്യാത്ത വിധം സ്വാധീനമുണ്ട് ഇന്നീ ഭാഷയ്ക്ക്. ചെന്നുപറ്റിയ ഇടത്തെ പ്രധാന വാമൊഴിയോട് കലർന്ന് തികച്ചും പ്രാദേശിക രുചിയിൽ ആംഗലേയം പാകപ്പെട്ടു.

Manop-Boonpeng-shutter
Manop-Boonpeng

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റിന്റെയും ഏറ്റവും വലിയ വിനിമയ മാധ്യമമായ ഇംഗ്ലിഷ് നവലോകത്ത് പണവും അധികാരവും നേടിത്തരുന്നു. ഇംഗ്ലിഷ് പഠിച്ച് നാടുകടക്കുന്നവരും സ്വദേശത്ത് ജീവിച്ച് പരസ്പരബന്ധിത ലോകത്തിന്റെ സാധ്യതകൾ തേടുന്നവരും അനേകമുള്ള കാലം. എന്നാൽ നമ്മുടെ ഇംഗ്ലിഷ് പഠനത്തിന് കുറവുകൾ ഉണ്ടായിരുന്നു. ബലഹീനതകൾ അഖിലേന്ത്യാ മൽസര പരീക്ഷയിലും ഐഇഎൽടിഎസിലും വിദേശ ജീവിതത്തിലെ ഉച്ചാരണ വൈകല്യങ്ങളിലും പുറത്തു ചാടും. പ്രഫ. വി. സുകുമാരൻ എഴുതുന്നു: ‘‘ഇന്ത്യക്കാരൻ ഇംഗ്ലിഷ് പഠിച്ചത് പുസ്തകങ്ങളിൽ നിന്നും പത്രങ്ങളിൽ നിന്നുമാണ്. സജീവമായ സംസാരഭാഷ കേട്ടു പഠിക്കാൻ അധികമാർക്കും അവസരം ഉണ്ടായില്ല. തന്മൂലം ഒരു അച്ചടി ഇംഗ്ലിഷാണ് ഇവിടെ പരന്നത്. വാമൊഴിയുടെ ഹൃദ്യമായ അനൗപചാരികത നമുക്ക് അന്യമായി. പബ്ലിക് സ്കൂളുകളുടെ സന്തതികൾക്കു മാത്രമേ സ്പോക്കൺ ഇംഗ്ലിഷിന്റെ സ്വാഭാവികത പകർന്നു കിട്ടിയുള്ളൂ. തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന പോലെ വ്യാകരണ അധ്യാപകന്റെ ചൂരലിൻ തുമ്പത്തു കൂടിയാണ് ഭാഷ കൈവെള്ള വഴി അകത്തേക്ക് കടന്നത്. ഏറ്റവും കൊണ്ടാടിയത് ഗ്രാമറായിരുന്നു, ഏറ്റവും അവഗണിച്ചത് ഉച്ചാരണവും. ലഘു പദങ്ങൾക്കു പകരം ഘന പദങ്ങൾ ഉപയോഗിക്കുന്നതാണ് അസ്സൽ ഇംഗ്ലിഷ് എന്ന ധാരണയും നമുക്കുണ്ടായി.’’ (ഇംഗ്ലിഷ് എന്ന ഇതിഹാസം, 2008)

രണ്ട് പതിറ്റാണ്ട് മുമ്പ്, ഒരു പുസ്തകം കയ്യിൽ വന്നു പെട്ടു (Word power made easy, 2004). വെറും രണ്ടാഴ്ച കൊണ്ട് നൂറുകണക്കിന് വാക്കുകൾ പെട്ടെന്ന് മറന്നു പോകാത്ത വിധം പഠിച്ചെടുക്കാൻ സഹായകം. ലാറ്റിൻ, ഗ്രീക്ക് റൂട്ടുകളും പ്രിഫിക്സുകളും സഫിക്സുകളും (Root, Prefix, Suffix) അടിസ്ഥാനമാക്കി വാക്കുകൾ നിർമിക്കുന്ന രീതിയിൽ വാക്കുകളുടെ ഉത്ഭവവും രൂപപ്പെടലും (Etymology) വിവരിക്കുന്നു. ഓരോ വാക്കിനു പിന്നിലും കഥയും വിജ്ഞാനവുമുണ്ട്. വാക്ക് ചരിത്രത്തിലേക്ക് തുറക്കുന്ന വാതിലാകുന്നു. നരവംശം എന്നർഥമുള്ള ഗ്രീക്ക്‌ വാക്ക് Anthropos മനസ്സിലാക്കിയാൽ അതിൽ നിന്ന് Anthropology, Misanthropy, Anthropoid, Anthrocentric, Anthropomorphic, Philanthropy, Anthropologist, Anthrophobia എന്നീ വാക്കുകൾ ഉണ്ടാക്കിയെടുക്കാം.

തിരിയുക എന്ന് അർഥമുള്ള ലാറ്റിൻ ക്രിയയാണ് Verto. Vertigo എന്നാൽ തലചുറ്റൽ. Intro എന്നാൽ ഉള്ളിലേക്ക്, Extra എന്നാൽ പുറത്തേക്ക്. നിങ്ങളുടെ ചിന്തകൾ ഉള്ളിലേക്ക് തിരിഞ്ഞതാണെങ്കിൽ നിങ്ങൾ ഒരു Introvert അഥവാ അന്തർമുഖൻ. ചിന്തകൾ പുറത്തേക്ക് തിരിഞ്ഞതാണെങ്കിൽ നിങ്ങൾ ഒരു Extrovert അഥവാ ബഹിർമുഖൻ. രണ്ടു ദിശയിലേക്കും തിരിഞ്ഞതാണെങ്കിൽ നിങ്ങൾ Ambivert. Intro, Extra, Ambi - ഇവ ലാറ്റിൻ പ്രിഫിക്സ്. Ambi എന്നാൽ 'രണ്ടും' എന്നർഥം. രണ്ടു കയ്യും ഒരു പോലെ ഉപയോഗിക്കാൻ മികവുള്ളവയാൾ Ambidexterous. Dexterous എന്നാൽ Skillful. നാമരൂപം Dexterity (Skill). ലാറ്റിൻ ഭാഷയിൽ Dexter എന്നാൽ വലതുകൈ. Ambidextrous - രണ്ടു കൈയും വലതുകൈ പോലെ ഉപയോഗിക്കാൻ കഴിവുള്ളയാൾ എന്ന് വാച്യാർഥം.

എന്തുകൊണ്ട് വലതു കൈ? സമൂഹത്തിന്റെ മുൻവിധി. വലതു കൈയ്യർ കൂടുതലുള്ള സമൂഹം വ്യത്യസ്തരെ ഒറ്റപ്പെടുത്തി. ഇടതുകൈയിൽ മിടുക്കുള്ള അപൂർവം പേരെ മോശക്കാരായി ചിത്രീകരിച്ച് വലതന്മാരാകാൻ നിർബന്ധിച്ചു. വാക്കുകളുടെ ഉറവിടം പരിശോധിച്ചാൽ ചരിത്രത്തിന്റെ ക്രൂരതകൾ തെളിഞ്ഞു വരും. Left handed എന്ന വാക്ക് Awkward എന്ന അർഥത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നു (വിലക്ഷണം, വിരൂപം, വിചിത്രം). ഇടതുകൈയുടെ ലാറ്റിൻ വാക്കാണ് Sinistro. ഇംഗ്ലിഷിൽ Sinister പൈശാചികം, അപകടകരം. ഇടതു കൈയ്യൻമാരെ അപരവൽക്കരിച്ച ആ കാലം! ഇടതു കൈയുടെ ഫ്രഞ്ച് വാക്കാണ് Gauche. ഇംഗ്ലിഷിൽ Gauche എന്നാൽ മികവ് കുറഞ്ഞയാൾ, വികൃതമായ സാമൂഹിക ശീലങ്ങളുടെ ഉടമ. വലതു കൈയുടെ ഫ്രഞ്ച് വാക്ക് Droit. ഇംഗ്ലിഷിലെത്തിയപ്പോൾ Adroit, അർഥം അസാമാന്യ കഴിവുള്ളയാൾ. ഈ രീതിയിലാണ് നോർമൻ ല്യൂയിസിന്റെ പദഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. വിവിധ ഭാഷകളിൽ നിന്നും ചരിത്രത്തിൽ നിന്നും മനുഷ്യ സ്വഭാവത്തിൽ നിന്നും ജീവൻ സ്വീകരിച്ചു വളർന്ന നൂറുകണക്കിന് വാക്കുകൾ. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാത്തവ.

govind-Jangir-shutter
Representative image. Photo Credit: govind-Jangir/Shutterstock.com

ഇടതുകൈ ലക്ഷണം കെട്ടതാണെന്ന ചിന്ത കഴിഞ്ഞ തലമുറയിൽ വ്യാപകമായിരുന്നു. ഗ്രാമത്തിലെ ക്രിക്കറ്റ് കളിയിൽ ഇടതന്മാർ പേട്ടക്കയ്യൻമാരാണ്. ഇടതു കൈകൊണ്ട് പാത്രം കഴുകുന്ന, മുറ്റമടിക്കുന്ന വീട്ടമ്മമാർ പരിഹസിക്കപ്പെട്ടു. കായികമൽസര നിയമങ്ങൾ വലതന്മാരെ സഹായിക്കുന്ന രീതിയിലാണ് എഴുതിയത്. ധാരാളം ഇടതർ അതിജീവനത്തിനായി വലതരായപ്പോൾ അവരുടെ സ്വാഭാവിക പ്രതിഭ പരിമിതപ്പെട്ടു. ഇടതർ വലതരേക്കാൾ പിന്നിലല്ല, അതൊരു ജനിതക സവിശേഷതയാണ് എന്ന ബോധ്യത്തിലേക്ക് നാം എത്തിയിട്ട് അധികം കാലമായില്ല. ക്രിക്കറ്റ് ടീമുകളിൽ വലംകൈ ബാറ്റര്‍മാരും ബോളർമാരും മേധാവിത്വം നേടിയ കാലം പിന്നിട്ട് ഇടതരുടെ കാലം വന്നു. ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗവറിന്റെ വരവോടെ ഇടതുകൈ ബാറ്റിങ്ങിന് പ്രത്യേക ചാരുതയുണ്ട് എന്നുവരെ പറയാൻ തുടങ്ങി. പാക്കിസ്ഥാന്റെ വസിം അക്രം ഇടതുകൈ ഫാസ്റ്റ് ബോളിങ്ങിന്റെ മാസ്മരികത വെളിവാക്കി. ഇന്ന് ഇടതുകൈ ബാറ്ററും പേസറും സ്പിന്നറും ടീമുകൾക്ക് അപാരമായ വൈവിധ്യം നൽകുന്നു. ഇടതനോ വലതനോ ആയതു കൊണ്ട് മാത്രം ആരും നല്ലതോ മോശമോ ആകുന്നില്ല. പ്രതിഭയും വ്യക്തിത്വവും അധ്വാനവും അവസരവുമാണ് ഒരാളുടെ വിധി നിർണയിക്കുക.

രാഷ്ട്രീയത്തിൽ ഇടതുപക്ഷം, വലതുപക്ഷം എന്ന നിർവചനത്തിൽ ചരിത്രത്തിന്റെ ഇടപെടലുണ്ട്. 1789-ൽ ഫ്രഞ്ച് വിപ്ലവകാലത്ത്, നാഷനൽ അസംബ്ലിയിലെ അംഗങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു. മതത്തെയും രാജാവിനേയും അനുകൂലിക്കുന്നവർ അസംബ്ലിയുടെ നേതാവിന്റെ ഇരിപ്പിടത്തിന് വലതു വശത്ത്, എതിർക്കുന്നവർ ഇടതു വശത്ത്. ഉദ്ദേശ്യം വ്യക്തം - വലതുപക്ഷം യാഥാസ്ഥിതികർ, ഇടതു പക്ഷം ഉദാരമതികൾ, പുരോഗമന വാദികൾ. വലതു പക്ഷം തൽസ്ഥിതി നിലനിർത്താൻ ആഗ്രഹിച്ചു, ഇടതു പക്ഷം അതിനെ ചോദ്യം ചെയ്തു. ഇടതന്മാർ കുഴപ്പക്കാരാണെന്ന മുൻവിധി ഈ രാഷ്ട്രീയ ധ്രുവീകരണത്തിലും കാണാൻ കഴിയുന്നു.

fzkes-shutter-english
Representative image. Photo Credit: fzkes/Shutterstock.com

അപരരും വ്യത്യസ്തരും പ്രശ്നക്കാരാണ്!

വംശീയ അധിക്ഷേപം പിന്നീട് പൊതുവെ സ്വീകരിക്കപ്പെടുന്ന ഭാഷാപ്രയോഗമാകും. (ഉദാഹരണം: Barbarian, Vandal). റോമാക്കാരെ ക്ലേശിപ്പിച്ച പുരാതന ജർമൻ ഗോത്രങ്ങളാണ് അവ. കാലാന്തരത്തിൽ ബാർബേറിയൻ അപരിഷ്കൃതനായി, വാൻഡലുകൾ സാമൂഹികദ്രോഹികളായി. അവരുടെ തോന്ന്യാസങ്ങൾ വാൻഡലിസമായി. രണ്ടായിരം വർഷം മുമ്പ്, റോമാക്കാർക്ക് തലവേദനയുണ്ടാക്കിയ മറ്റൊരു ജർമാനിക് ഗോത്രമാണ് Goth. അവർ രണ്ടു തരമുണ്ട് (Visigoth, Ostrogoth). പിന്നീട് റോമൻ ചക്രവർത്തിയെ താഴെയിറക്കി ഗോത്തുകൾ പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ അധിപതികളായി. അവരുടെ വാസ്തു ശിൽപകല റോമാക്കാരുടെ നിർമിതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. വാനിലേക്കുയരുന്ന കൂർത്ത ഗോപുരങ്ങൾ, സൂക്ഷ്മമായ അലങ്കാര വിദ്യകൾ, ദേവാലയത്തിനുള്ളിൽ പ്രകാശം വീഴുന്ന വിശാലമായ ഇടം. പിന്നീട് യൂറോപ്പിലെ കത്തീഡ്രലുകളിൽ ഈ മുദ്ര പതിഞ്ഞ് റോമൻ തനിമ നഷ്ടമായത് പതിനഞ്ചാം നൂറ്റാണ്ടിലെ കലാവിമർശകൻ ജോർജിയോ വസാരിയെ പ്രകോപിപ്പിച്ചു. നവ ശിൽപകലയെ അധിക്ഷേപിക്കാൻ ഉപയോഗിച്ച പേരാണ് 'ഗോഥിക്'. പിന്നീട് ഗോഥിക് ശൈലി ക്രിസ്തുമതം ഉൾക്കൊണ്ടു. ആ നിർമാണ രീതിയിൽ ഇങ്ങ് കേരളത്തിൽ പോലും ദേവാലയങ്ങളുണ്ടായി. ഭാഷ പോലെ സാംസ്കാരിക സ്വാധീനവും കടൽ കടന്നു വരും.

പത്തൊമ്പതാം നൂറ്റാണ്ടിൽ, ശാസ്ത്രയുക്തി സാഹിത്യഭാവനയെ വിരസമാക്കിയപ്പോൾ അതിനോട് കലഹിച്ചവർ കാൽപനികതയുടെ പുതിയ ഭാഷ്യം ചമച്ചു. ഇരുണ്ട, അതീന്ദ്രീയമായ, മരണാതീതമായ ഒരു ലോകം. ഗോഥിക് റൊമാൻസ്! ഇരുളിന്റെ ഭയപ്പെടുത്തുന്ന സൗന്ദര്യം. ബ്രാം സ്റ്റോക്കറും എഡ്ഗാർ അലൻ പോയും നിഴൽ വീണ വഴിയിൽ നടന്നു. ഡ്യൂപിനും ഡ്രാക്കുലയും ജനിച്ചു. ആൽഡസ് ഹക്സിലിയും മേരി ഷെല്ലിയും വഴിപിഴച്ച ശാസ്ത്രത്തിന്റെ അന്ധകാരം ബോധ്യപ്പെടുത്തി, യുക്തിയുടെ വെളിച്ചം വിതറാൻ ആർതർ കോനൻ ഡോയൽ ഷെർലക് ഹോംസിനെ ഇറക്കി. 1970-കളിൽ പോസ്റ്റ്-പങ്ക് യുഗത്തിൽ വിചിത്ര വേഷധാരികളായി കാതടിപ്പിക്കുന്ന സംഗീതവുമായി ചിലർ വന്നു. കണ്ടാൽ രക്തരക്ഷസ്സുകളെ പോലെ. ഗോത്രീയമായ ഭൂതകാലം ഓർമിപ്പിച്ച വേദികളിൽ ലഹരി പിടിപ്പിക്കുന്ന സംഗീതം. അവർക്ക് വീണ പേര് 'ഗോഥിക് റോക്ക് ബാൻഡ്.' മുഖ്യധാരയിൽ നിന്ന് വേറിട്ട എന്തും ഗോഥിക്, പക്ഷേ വിമതർക്ക് അനന്യതയുടെ സൗന്ദര്യമുണ്ട്. ഇന്നത്തെ ഗോഥിക് ബാൻഡുകളുടെ വേഷം റോമൻ ബാർബേറിയന്മാരെ ഓർമിപ്പിക്കുന്നു. നൂറ്റാണ്ടുകൾ പിന്നിട്ട് എതിർ സംസ്കാരത്തിന്റെ നടുമുറ്റത്ത് അവർ വന്യനൃത്തമാടുന്നു; ഇഷ്ടമായാലും ഇല്ലെങ്കിലും.

English Summary:

Linguistic Alchemy: How English Transformed from a Colonial Tool to the Voice of Technology and Trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com