ADVERTISEMENT

1996-ൽ പാക്കിസ്ഥാനിലെ ലാഹോറിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാൻസർ രോഗിയായ ഒരു കുഞ്ഞുമായിരിക്കുന്നതാണ് സ്വന്തം ഫൊട്ടോകളിൽ ഡയാന രാജകുമാരിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് പ്രശസ്ത റോയൽ ഫൊട്ടൊഗ്രഫർ അൻവർ ഹുസൈൻ. "ഇക്കാര്യം ഡയാന നേരിട്ട് എന്നോട് പറയുകയായിരുന്നു. തലയിലും ശരീരത്തിലുമുള്ള സർജറിയിലെ മുറിവുകളും വ്രണങ്ങളും കാരണം ആ കുഞ്ഞിന് വേദനയുണ്ടായിരുന്നുവെങ്കിലും, അവൻ ഡയാനയെ സ്നേഹത്തോടെ നോക്കുന്നത് നിങ്ങൾക്ക് ആ ചിത്രത്തിൽ കാണാം. അവർ അവനെ സ്വന്തം കുഞ്ഞിനെപ്പോലെ വളരെനേരം ചേർത്തുപിടിച്ചു. തന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെ ആ കുട്ടി മരിച്ചുവെന്ന് അറിഞ്ഞപ്പോൾ ഡയാന വളരെ വികാരാധീനയായി" അൻവർ പറഞ്ഞു.

diana-lit-baby
സ്വന്തം ഫൊട്ടോകളിൽ ഡയാന രാജകുമാരിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് പ്രശസ്ത റോയൽ ഫൊട്ടൊഗ്രഫർ അൻവർ ഹുസൈൻ പറഞ്ഞ ചിത്രം. Image Credit: Reuters

ടാൻഗനികയിൽ ജനിച്ച ഒരു ബ്രിട്ടീഷ് ഫോട്ടോ ജേണലിസ്റ്റും എഴുത്തുകാരനുമായ അൻവർ ഹുസൈൻ, ബ്രിട്ടീഷ് രാജകുടുംബത്തെയും എലിസബത്ത് രാജ്ഞിയെയും ഏറ്റവും കൂടുതൽ കാലം പകര്‍ത്തിയ ഫൊട്ടോഗ്രാഫറാണ്. ഔപചാരിക പോർട്രെയ്റ്റ് ഫൊട്ടോഗ്രാഫിക്ക് പകരം കാഷ്വൽ ഫൊട്ടോഗ്രാഫുകൾ ഉപയോഗിച്ച് രാജകുടുംബത്തെക്കുറിച്ചുള്ള ധാരണകൾ മാറ്റുന്നതിൽ ഹുസൈൻ ശ്രദ്ധേയനാണ്. അൻവറിന്റെ രണ്ട് മക്കളായ സമീർ, സാക്ക് എന്നിവർ തങ്ങളുടെ പിതാവിന്റെ പാത പിന്തുടർന്ന് രാജകുടുംബത്തിലെ യുവതലമുറയുടെ നൂറുകണക്കിന് വൈറൽ ഫോട്ടോകൾ പകർത്തി.

ഡയാനയ്ക്ക് 19 വയസ്സുള്ളപ്പോൾ മുതൽ അവരുടെ ഫൊട്ടോ എടുക്കാൻ തുടങ്ങിയ ഫൊട്ടോഗ്രാഫറാണ് അദ്ദേഹം. തന്റെ 60 വർഷത്തെ കരിയറിൽ ആദ്യമായിട്ട് ഡയാന രാജകുമാരിയുടെയും രാജകീയ ജീവിതത്തിന്റെയും ഇതുവരെ കാണാത്ത ചിത്രങ്ങൾ ലണ്ടനിലെ എക്സിബിഷനിൽ പങ്കിടുകയാണ് അൻവർ. ഡയാന രാജകുമാരിയുടെ ഏറ്റവും അവിസ്മരണീയമായ ഫൊട്ടോകൾ ലണ്ടനിൽ മേയ് 25 മുതൽ സെപ്തംബർ 2 വരെയാണ് പ്രദർശിപ്പിക്കുന്നത്. 

diana-lit
ഡയാന രാജകുമാരി, Image Credit: Reuters

ഡയാന രാജകുമാരിയുടെ ഐതിഹാസിക നിമിഷങ്ങളിലൂടെ ഒരു വിഷ്വൽ യാത്ര ഒരുക്കുകയാണ് ഈ എക്സിബിഷന്‍. ഒരു മനുഷ്യസ്‌നേഹിയായും അമ്മയായും ഫാഷൻ ഐക്കണായുമുള്ള ഡയാനയുടെ ജീവിതത്തെ അടുത്തറിയുക എന്നതാണ് എക്‌സിബിഷൻ ലക്ഷ്യമിടുന്നത്. ഡയാന രാജകുമാരിയുടെ താജ്മഹൽ ഫൊട്ടോ, ഹൃദയസ്പർശിയായ പാകിസ്ഥാൻ ആശുപത്രി സന്ദർശനം, 1981ൽ ചാൾസ് മൂന്നാമനുമായുള്ള വിവാഹം, രാജകീയ പ്രോട്ടോക്കോൾ ലംഘിച്ച പ്രതികാര വസ്ത്രം ഉൾപ്പെടെയുള്ള ഫോട്ടോകളാണ് ലണ്ടനിലെ ഒരു പുതിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

diana-m-lit
ഡയാന രാജകുമാരി, Image Credit: AP

ലണ്ടനിലെ ടവർ ബ്രിഡ്ജിന് വടക്കുള്ള ഡോക്സൈഡ് വോൾട്ട്സിലാണ് പ്രദർശനം നടക്കുന്നത്. ആർട്ട് ഇൻസ്റ്റാളേഷനുകൾ, ഫൊട്ടോകൾക്കു പിന്നിലെ കഥകളുടെ വിവരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൈം സ്ലോട്ട് ടിക്കറ്റുകൾ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ ലഭ്യമാണ്. എക്‌സിബിഷന്റെ ടിക്കറ്റുകളുടെ വില 17 പൗണ്ട് (ഏകദേശം 22 ഡോളർ) മുതൽ ആരംഭിക്കുന്നു. ഓരോ ഫൊട്ടോയ്ക്കും പിന്നിലെ കഥകൾ വിശദമാക്കുന്ന 60 മിനിറ്റ് ഓഡിയോ ടൂർ ഉൾപ്പെടെയാണിത്. ഡയാന രാജകുമാരിയുടെ ഏറ്റവും പ്രശസ്തമായ ഫൊട്ടോകൾക്കരികിൽ നിൽക്കുന്ന കാഴ്ചക്കാരുടെ മൂന്ന് ഫോട്ടോകൾ ഉൾപ്പെടെയുള്ള സുവനീർ ഫൊട്ടോബുക്കും അവിടെ ലഭിക്കും.

English Summary:

Explore Princess Diana's Memorable Moments at New London Exhibition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com