ചാൾസ് രാജാവ് നിർമ്മിച്ച അപൂർവ സെറാമിക് പ്രതിമ ലേലത്തിന്; ലഭിച്ചത് 9 ലക്ഷം രൂപ
Mail This Article
55 വർഷം മുമ്പ് ചാൾസ് രാജാവ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു സെറാമിക് ആടിന്റെ പ്രതിമയ്ക്ക് ലേലത്തിൽ ലഭിച്ചത് 9 ലക്ഷം രൂപ. ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷെയർ കൗണ്ടിയിൽ ജൂൺ 4ന് നടന്ന ലേലത്തിലാണ് 8,500 പൗണ്ടിന് പ്രതിമ വിറ്റുപോയത്.
ചാൾസ് രാജാവ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ആയിരുന്ന കാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന മൺപാത്ര ആട് പ്രതിമ ഈ വർഷം മേയ് മാസത്തിലാണ് വിൽപ്പനയ്‌ക്കെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, മഞ്ഞയും പിങ്ക് നിറത്തിലുള്ള വരകളും കൊണ്ട് വരച്ച ആടിന്റെ പ്രതിമ സ്വന്തമാക്കാൻ മൊത്തം ചെലവ് 11,407 പൗണ്ടാണ് (ഏകദേശം 12 ലക്ഷം രൂപ).
കേംബ്രിഡ്ജ് സർവകലാശാലയിലെ പാചകക്കാരിയായ ഹെലൻ പാറ്റന് ചാൾസ് രാജാവ് സെറാമിക് ആടിന്റെ പ്രതിമ സമ്മാനമായി നൽകിയിരുന്നു. പിന്നീട് ഹെലൻ, തന്റെ അനന്തരവൻ റെയ്മണ്ട് പാറ്റന്റെ 21-ാം ജന്മദിനത്തിൽ ഇത് സമ്മാനമായി നൽകി. 1993-ൽ 87-ാം വയസ്സിൽ ചെഷയറിൽ അന്തരിച്ച ഹെലൻ, കേംബ്രിഡ്ജിലെ 37 നോർഫോക്ക് ടെറസിലാണ് താമസിച്ചിരുന്നത്.
ഇപ്പോൾ 76 വയസ്സുള്ള റെയ്മണ്ട് പാറ്റൻ, അതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കി സ്റ്റാഫോർഡ്ഷയറിലെ ഹാൻസൺസ് ലേലസ്ഥാപനത്തിൽ ആടിനെ ലേലത്തിന് വച്ചു. ചാൾസ് രാജാവ് നിര്‍മിച്ച ഒരേയൊരു ശിൽപമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. തന്റെ ജീവിതകാലം മുഴുവൻ താൻ ആ പ്രതിമ നിധി പോലെ സൂക്ഷിച്ചിരുന്നുവെന്നും എന്നാൽ ഈ അപൂർവ കലാസൃഷ്ടിക്ക് ഒരു പുതിയ വീട് കണ്ടെത്താൻ സമയമായിയെന്നും പാറ്റൻ പറഞ്ഞു.