പ്രളയത്തിൽ പരിതപിച്ച് ഒരു മഹാരാജാവ് വിടവാങ്ങിയിട്ട് നൂറുവർഷം
Mail This Article
കേരളം ഒരു ദുരന്തമുഖത്തിൽകൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ, തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം എന്ന് മലയാളികൾ ഓർക്കുന്ന 1924ലെ പ്രളയത്തിനിടയിൽ നിര്യാതനായ ഒരു മഹാരാജാവിനെ സ്മരിക്കേണ്ടിയിരിക്കുന്നു. 1885 മുതൽ 1924 വരെ ഏതാണ്ട് നാലുപതിറ്റാണ്ടുകാലം തിരുവിതംകൂറിന്റെ ഭാഗധേയം നിർണയിച്ച ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാപ്രളയത്തിൽ അകപ്പെട്ടു പോയ തന്റെ നാടിന്റെ അവസ്ഥയിൽ ഏറെ ദുഃഖിക്കുകയും, നിര്യാണത്തിനു തൊട്ടുമുമ്പ് പ്രളയനിവാരണത്തിലേക്കായി അയ്യായിരം രൂപ സ്വകാര്യ സഹായമായി നൽകുകയും ചെയ്തു. ആധുനിക കേരളചരിത്രത്തിൽ അദ്ദേഹത്തോളം നീണ്ട ഭരണകാലം വേറെ ഭരണാധികാരികൾക്ക് ഉണ്ടായിരുന്നില്ല.
ആയില്യം തിരുനാൾ, വിശാഖം തിരുനാൾ എന്നീ മഹാരാജാക്കൻമാരുടെ സഹോദരി റാണി ലക്ഷ്മിബായിയുടെയും, രാജരാജ വർമ്മ കോയിത്തമ്പുരാന്റെയും മകനായി ശ്രീമൂലം തിരുനാൾ 1857 ൽ ജനിച്ചു. പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ നിപുണനായിരുന്ന അദ്ദേഹം, 1885 ൽ തന്റെ അമ്മാവൻ വിശാഖം തിരുനാളിന്റെ നിര്യാണത്തെ തുടർന്നു മഹാരാജാവായി. സാമൂഹിക-മത വിഷയങ്ങളിൽ യാഥാസ്ഥിതികൻ എന്ന് വിശേഷിപ്പിക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ ഭരണകാലം നാടിനു നൽകിയ പുരോഗതി വലുതായിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പൊതുമരാമത്തു പദ്ധതികൾ തുടങ്ങിയവയിലായിരുന്നു ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്തെ പ്രധാന മുൻഗണനകൾ. അദ്ദേഹം അധികാരമേൽക്കുമ്പോൾ ഒരു ലക്ഷം രൂപ വാർഷിക നീക്കിവയ്പ്പിന്റെ സ്ഥാനത്ത്, വിദ്യാഭ്യാസ വകുപ്പിന് മുപ്പത്തഞ്ചു ലക്ഷമായി ഭരണകാലത്തിന്റെ അവസാനകാലങ്ങളിൽ വർധിപ്പിച്ചു. ഒമ്പത് ലക്ഷം നീക്കിവയ്പ്പു ലഭിച്ച പൊതുമരാമത്തു വകുപ്പിനാകട്ടെ മുപ്പത് ലക്ഷമായി ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത് തിരുവിതംകൂറിൽ ഒരു വിദ്യാഭ്യാസവിപ്ലവം നടന്നു എന്ന് പറയാം. 896 വിദ്യാലയങ്ങളിൽ അമ്പതിനായിരത്തിൽ താഴെ വിദ്യാർഥികൾ ഉണ്ടായിരുന്ന സ്ഥാനത്ത്, അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ അവസാനമാകുമ്പോൾ 3426 വിദ്യാലയങ്ങളിലായി നാലരലക്ഷത്തിനുമുകളിൽ വിദ്യാർഥികളുണ്ടായി. സർക്കാരിന്റെ വരവിൽ അഭൂതപൂർവമായ വർദ്ധനവ് ഉണ്ടായപ്പോളും രാജകുടുംബത്തിന്റെ ചിലവുകൾ ഏഴരലക്ഷത്തിൽ നിന്ന് എട്ടുലക്ഷത്തിപതിനായിരം ആയി മാത്രമാണ് വർധിച്ചത് എന്നത്, ഇന്ത്യയിലെ മറ്റുനാട്ടുരാജ്യങ്ങളെ പരിഗണിക്കുമ്പോൾ അത്ഭുതകരമായി തോന്നിയേക്കാം.
നാടിന്റെ കാർഷിക സമൃദ്ധിക്ക് നിരവധി ജലസേചന പദ്ധതികൾ നടപ്പാക്കിയ ശ്രീമൂലം തിരുനാൾ ആണ് ആദ്യമായി കൃഷിവകുപ്പ് 1908 ൽ ആരംഭിക്കുന്നത്. ശാസ്ത്രീയ കാർഷിക വികസനം ലക്ഷ്യമിട്ട് കാർഷിക ലബോറട്ടറിയും, കണ്ടുകൃഷിത്തോട്ടങ്ങളും, എന്റോമോളജി, മൈക്കോളജി തുടങ്ങിയ നൂതന ശാസ്ത്ര ശാഖകളുടെ സഹായവും, വെറ്റിനറി വിഭാഗം വഴി അത്യുൽപാദനക്ഷമതയുള്ള കന്നുകാലികളെ വിതരണം ചെയ്യലുമൊക്കെയായി വിജയകരമായിരുന്നു കൃഷിവകുപ്പ്. മലയാളത്തിൽ ഒരു കാർഷിക ജേർണലും, കാർഷിക-ആരോഗ്യ-ശാസ്ത്രീയ മേഖലകളിലെ അറിവ് പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ പബ്ലിക് ലെക്ചർ കമ്മിറ്റി രൂപവത്കരിച്ചതും സാമ്പത്തിക-വൈജ്ഞാനിക പ്രബുദ്ധത കൈവരിക്കാൻ സഹായകമായ ഘടകങ്ങൾ ആണ്.
വിദ്യാഭ്യാസരംഗത്തെ ഏകോപിപ്പിക്കുവാൻ വേണ്ടി ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ (ഡി. പി. ഐ) നിയമിക്കുകയും, ഇംഗ്ലിഷിനോടൊപ്പം, മലയാളം, തമിഴ് തുടങ്ങിയ മാതൃഭാഷ പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടി ആണ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് സ്വീകരിച്ചത്. ഭൂരിപക്ഷം പിന്നാക്ക ദളിത്-മുസ്ലിം വിഭാഗങ്ങളോ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടന്നുവരാത്ത നമ്പൂതിരിമാരോ പഠിക്കുന്ന സ്കൂളുകളുടെ ചിലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന വ്യവസ്ഥചെയ്തു. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ, ജാതിവേർതിരിവ് ഇല്ലാതെ എല്ലാ കുട്ടികൾക്കും സൗജന്യ പ്രാഥമികവിദ്യാഭ്യാസം എന്ന തീരുമാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യാവസായിക - സാങ്കേതിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകി ടെക്നിക്കൽ ഇൻസ്റ്റിട്യൂട്ടികളും, സംസ്‌കൃത കോളജ്, ആയുർവേദ കോളജ് തുടങ്ങിയവയും സ്ഥാപിതമായി. ആയുർവേദത്തിനെ പുനർജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു നിസ്തുലമാണ്. മിഷനറി ആരോഗ്യസേവനങ്ങളോടൊപ്പം തോളോടുതോൾചേർന്നു തിരുവിതംകൂർ സർക്കാർ ആരോഗ്യമേഖല അക്കാലത്തു വളർന്നു. നിരവധി ഡിസ്പെൻസറികൾ രാജ്യത്തുടനീളം സ്ഥാപിതമായി. പ്രൈവറ്റ് ആരോഗ്യസ്ഥാപനങ്ങൾക്കു സർക്കാർ ഗ്രാന്റുകളും അനുവദിക്കപ്പെട്ടു.
റോഡുകളും, പാലങ്ങളും, കനാലുകളും നിർമിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്തുണ്ടായിരുന്നു. മൂവാറ്റുപ്പുഴ പാലം, മണിമല പാലം, ചെങ്ങന്നൂരിലെ എരപ്പുഴപാലം, തിരുവനന്തപുരത്തെ കുണ്ടമൺകടവ് പാലം എന്നിവ ആ കാലഘട്ടത്തിൽ പണിതതാണ്. കൊല്ലം - ചെങ്കോട്ട റെയിൽവേ ലൈനും, ട്രാൻസ്‌പോർട്, ഫെറി സർവിസുകളും ആഭ്യന്തരവ്യാപാര മേഖലക്കും ഗുണം ചെയ്തു.
അക്കാലത്തു കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് വളരെയധികം അന്നത്തെ സർക്കാരിന്റെ പ്രവർത്തികളെ ജനോപകാരപ്രദമായി വഴിതിരിച്ചുവിടാൻ സാധിച്ചിരുന്നു. കേരളചരിത്രത്തിലെ നിയമനിർമ്മാണചരിത്രത്തിലെ ആദ്യ സ്ഥാപനങ്ങളും ഈ മഹാരാജാവിന്റെ കാലത്താണ് ഉണ്ടായത്. തിരുവിതംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ, ശ്രീ മൂലം പ്രജാസഭ തുടങ്ങിയവയിൽ നിന്നാണ് ജനായത്ത നിയമനിർമാണം ആരംഭിക്കുന്നത്. രാമ റാവു, ശങ്കരസുബ്ബയ്യർ, കൃഷ്ണസ്വാമിറാവു, വി. പി. മാധവറാവു, പി. രാജഗോപാലാചാരിയർ, എം. കൃഷ്ണൻ നായർ, രാഘവയ്യ തുടങ്ങിയ പ്രഗത്ഭമതികളായ ഭരണകർത്താക്കൾ അദ്ദേഹത്തിന്റെ ദിവാന്മാരായി ഭരണസാരഥ്യം വഹിച്ചു. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ ശ്രീമൂലം തിരുനാളിനെ പലപ്പോഴും സ്തുതിപാഠകരുടെ നിയന്ത്രണത്തിൽ എത്തിച്ചു. രാജ്യഭരണത്തിൽ കൊട്ടാര 'സംഘത്തിന്റെ' ഇടപെടൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. രൂക്ഷവിമർശനം ഉന്നയിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ അടക്കം ഈ ഭരണകാലത്തിലെ കറുത്ത അധ്യായങ്ങളാണ്.
പ്രകൃതിസമ്പത്ത് പരമാവധി ചൂഷണം ചെയ്തു വിഭവശേഖരണം നടത്തണമെന്ന് വിശ്വസിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ കീഴിലായിരുന്നു തിരുവിതാംകൂറും. തരിശുകിടക്കുന്നതിലും, നിബിഡ വനങ്ങളിലും, കായലുകളിലും ആ 'വികസന'നോട്ടം പതിക്കാതിരുന്നില്ല. പശ്ചിമഘട്ടത്തിലെ തോട്ടങ്ങളും, കുട്ടനാട്ടിലെ കായൽകുത്തലും സർക്കാർ പ്രോത്സാഹനത്തോടെ വളർന്നുകൊണ്ടേയിരുന്നു. ശ്രീമൂലം തിരുനാളിന്റെ കാലത്തിനു മുൻപേ ആരംഭിച്ചെങ്കിലും, അദ്ദേഹത്തിന് കീഴിൽ അത് ഒരു ബൃഹത്പദ്ധതി ആയി വളർന്നു. ഇന്നത്തെ പാരിസ്ഥിതിക പ്രഹേളികകൾക്ക് ഉത്തരം തേടി തുടങ്ങേണ്ടത് ആ കാലഘട്ടത്തിൽ നിന്നുമാണ്. അതിനാൽ തന്നെ ശ്രീമൂലം തിരുനാളിന്റെ കാലത്തെ വിസ്മരിച്ചു കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-പാരിസ്ഥിതിക ചരിത്രങ്ങൾ എഴുതാൻ ആകില്ല.
(മദ്രാസ് ഐ ഐ ടിയിൽ സീനിയർ റിസർച്ച് ഫെല്ലോ ആയ ലേഖകൻ തിരുവിതംകൂറിന്റെ പാരിസ്ഥിതിക ചരിത്രത്തിൽ ഗവേഷണം നടത്തുന്നു)