നൂറാം വാർഷികാഘോഷത്തിന് സെന്റ് തെരേസാസ്; ‘ഹംസധ്വനി’ ഒരുങ്ങുന്നു, ടിക്കറ്റ് സ്വന്തമാക്കാം

Mail This Article
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കൊച്ചി സെന്റ് തെരേസാസ് കോളജിന് പൂർവവിദ്യാർഥികളുടെ സമ്മാനം. ശതാബ്ദി ആഘോഷിക്കുന്ന കോളജിന് ‘ഹംസധ്വനി’ എന്ന പേരിൽ അതുല്യമായ നൃത്ത-സംഗീത സൃഷ്ടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമ, ടിവി താരങ്ങളായ രമ്യ നമ്പീശന്‍, ദേവി ചന്ദന, മൃദുല മുരളി, നര്‍ത്തകി അര്‍ച്ചിത അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് 'ഹംസധ്വനി' അരങ്ങേറുന്നത്. ജനുവരി 11ന് സെന്റ് തെരേസാസ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് പൂര്‍വ വിദ്യാര്‍ഥികളും നിലവിലെ വിദ്യാർഥികളും സമ്മേളിക്കുന്ന വേദിയിലാകും 'ഹംസധ്വനി' അവതരിപ്പിക്കുക. വലിയ ക്യാൻവാസിലുള്ള പരിപാടിയുടെ അവസാനഘട്ട മിനുക്കു പണികളിലാണ് കലാകാരന്മാർ. ഈ കലാസൃഷ്ടി നേരിൽ കണ്ടാസ്വദിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. പരിപാടിയുടെ ടിക്കറ്റുകൾ ക്വിക്ക്‌കേരള ഡോട്ട് കോം (quickerala.com) വഴിയോ 8129905333, 9946922206 ഈ നമ്പറുകളുമായി ബന്ധപ്പെട്ടോ സ്വന്തമാക്കാം.

ഹംസധ്വനി ക്ലാസിക്കൽ ദൃശ്യ വിസ്മയമാകും
150 വര്‍ഷം പഴക്കമുള്ള റഷ്യന്‍ ബാലെ സ്വാന്‍ ലേക്കിനെ അടിസ്ഥാനപ്പെടുത്തി ഭാരതീയ നൃത്തരൂപങ്ങളും കഥപറച്ചില്‍ രീതികളും ഉള്‍പ്പെടുത്തി ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കലാ സൃഷ്ടിയാണ് ഹംസധ്വനി. നര്‍ത്തകി സുമ വര്‍മ ചുവടുകള്‍ ചിട്ടപ്പെടുത്തിയ ഈ നൃത്ത–സംഗീത നാടകം ഏഴ് രംഗങ്ങളായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സജീന ജേക്കബാണ് ഹംസധ്വനിയുടെ സംവിധാനം. മനോരമ ഓൺലൈനാണ് മീഡിയ പാട്നർ.

അമ്പതു കലാകാരികൾ ഒരുങ്ങി ഒരുമിച്ച് ഒരു വേദിയിൽ വരിക. ഏകദേശം ഒരു വർഷത്തെ പ്രയത്നം. ഹംസധ്വനി അരങ്ങിലെത്തുന്നത് ആലോചിക്കുമ്പോൾ തന്നെ വളരെ ആവേശത്തിലും സന്തോഷത്തിലുമാണെന്ന് നടി രമ്യ നമ്പീശൻ പറഞ്ഞു. കോളജിന് ഞങ്ങളുടെ ഒരു സ്നേഹം എന്ന രീതിയിലാണ് ഹംസധ്വനി കൊണ്ടുവരുന്നത്. ആർട്ടിസ്റ്റിന്റെ കലാപരമായ കഴിവുകളെ പൂർണമായും ആവേശിക്കാൻ ഹംസധ്വനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസമെന്ന് രമ്യ വ്യക്തമാക്കി. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, ഫ്രീസ്റ്റൈൽ അങ്ങനെ എല്ലാത്തിന്റെയും ഒരു സമ്മിശ്രമായ ഒരു നൃത്ത ശിൽപമാണിതെന്ന് ഹംസധ്വനിയ്ക്ക് ചുവടുകള്‍ ചിട്ടപ്പെടുത്തിയ നര്‍ത്തകി സുമ വര്‍മ പറയുന്നു. നമ്മുടെ എല്ലാ വികാരങ്ങളും നൃത്തത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ദൃശ്യവിസ്മയമാകുമിതെന്നും സുമ പറഞ്ഞു.
തെരേസാസ് കോളജിന്റെ പൂർവവിദ്യാർഥിയും ഒരു നർത്തകിയുമായ തനിക്ക് ഹംസധ്വനിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി ദേവി ചന്ദന പറഞ്ഞു. സ്നേഹം എല്ലാത്തിനെയും കീഴടക്കുന്നു എന്ന മഹത്തായ ആശയത്തിലൂന്നിയാണ് ഹംസധ്വനിയും ഒരുങ്ങുന്നത്, അത്തരമൊരു റഷ്യൻ ക്ലാസിക്കിന്റെ മനോഹരമായ ആവിഷ്കരണമാകുമിതെന്ന് നടി മൃദുല മുരളിയും വ്യക്തമാക്കി.
ഹംസധ്വനിയുടെ മുഴുവൻ നറേഷനും സംഗീതത്തിലൂടെയാണ് പോകുന്നത്. നൃത്തവും സംഗീതവും നാടകീയതയും ഒത്തു ചേരുന്ന ദൃശ്യവിസ്മയത്തിന് സംഗീതമൊരുക്കുന്നത് കൃഷ്ണരാജ് ആണ്. ചമയത്തിന്റെ ചുമതല പട്ടണം റഷീദിനാണ്. അനൂപ് ലൈറ്റിങ്, മൾട്ടിമീഡിയ എന്നിവയും സരൻജിത് സ്റ്റേജ് ക്രമീകരണങ്ങളും നിർവഹിക്കുന്നു. കൊച്ചിയിലെ കലാ പ്രേമികള്‍ക്ക് അപൂര്‍വ ദൃശ്യ സംഗീത വിരുന്നൊരുക്കുന്ന ഹംസധ്വനിയിലൂടെ ലഭിക്കുന്ന വരുമാനം വല്ലാര്‍പാടത്തെ അഗതിമന്ദിരമായ കാരുണ്യ നികേതനാണ് കൈമാറുക.

1925ല്‍ ആരംഭിച്ച സെന്റ് തെരേസാസ് കോളജിന്റെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ, അസോസിയേഷന്‍ ഓഫ് സെന്റ് തെരേസാസ് അലംമ്‌നി(AstA) ആണ് ഹംസധ്വനിക്ക് നേതൃത്വം നൽകുന്നത്. സര്‍ഗാത്മകതയേയും പ്രതിഭകളേയും എക്കാലത്തും പ്രോത്സാഹിപ്പിച്ച സെന്റ് തെരേസാസ് കോളജിനുള്ള സ്‌നേഹപ്രകടനമാക്കി ഹംസധ്വനിയെ മാറ്റാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
പ്രവേശന ടിക്കറ്റുകള്‍ക്ക്: ക്വിക്ക്‌കേരള ഡോട്ട് കോം (quickerala.com). ഫോൺ: 8129905333, 9946922206.