'തമിഴ് മുഖം' ഫോട്ടോപ്രദർശനം ജനശ്രദ്ധ നേടുന്നു

Mail This Article
കേരള-തമിഴ്നാട് അതിർത്തിയിൽ ജനിച്ച് വളർന്ന മലയാളി ഫൊട്ടോഗ്രഫർ നിയാ സെറയുടെ പുതിയ ഫൊട്ടോഗ്രഫി പ്രദർശനം "ദ് തമിഴ് മുഖം, വോള്യം വൺ" ജനശ്രദ്ധ നേടുന്നു. 2025 ജനുവരി 17-ന് സൂപ്പർസ്റ്റാർ നടൻ ശിവകുമാർ, നടൻ കെ. മണികണ്ഠൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നടന്നത്. 2025 ജനുവരി 17 മുതൽ 23 വരെ ചെന്നൈ ലളിത കലാ അക്കാദമിയിലാണ് പ്രദർശനം. തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകവും സൗന്ദര്യവും പ്രതിഫലിക്കുന്ന സെറയുടെ ചിത്രങ്ങൾ വിൽപ്പനക്ക് ലഭ്യമാണ്.

മൂന്നാറിലെ കേരള-തമിഴ്നാട് അതിർത്തിയിൽ ജനിച്ചു വളർന്ന മലയാളി എന്ന നിലയ്ക്ക് ഏറെ ആകർഷിച്ച ഒന്നാണ് സമ്പന്നമായ തമിഴ് സംസ്കാരമെന്ന് സെറ പറഞ്ഞു. "തമിഴ് സംഗീതം, സിനിമകൾ, നിത്യജീവിതത്തിൽ പതിഞ്ഞിരിക്കുന്ന പൈതൃക പാരമ്പര്യങ്ങൾ എന്നിവ ഇപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ്. അതിലുപരി, തമിഴ് നാടിന്റെ മനോഹരമായ കൈത്തറി സാരികൾ ശേഖരിക്കുക എന്നത് എന്റെ പ്രിയപ്പെട്ട ശീലമായി മാറി."


"തമിഴ് മുഖം എന്ന ഈ പ്രദർശനം, എന്റെ കലാജീവിതത്തിലെ യാത്രയുടെ അനുഭവങ്ങൾ ഉൾക്കൊള്ളുകയും തമിഴ് സംസ്കാരത്തിന്റെ ആത്മാവിനെ സ്നേഹത്തോടും ആദരത്തോടുംകൂടി അനാവരണം ചെയ്യുകയും ചെയ്യുന്നു. എന്റെ കാഴ്ചപ്പാടിലൂടെ പുനരാവിഷ്കരിക്കപ്പെട്ട തമിഴ് മണ്ണിന്റെ ഭൂപ്രകൃതിയും വികാരങ്ങളും പാരമ്പര്യങ്ങളുമാണ് ഓരോ ചിത്രത്തിന്റെയും ഉള്ളടക്കം. പ്രിയപ്പെട്ട തമിഴ് സംസ്കാരത്തിന്റെ തീക്ഷണ സൗന്ദര്യവും അതിന്റെ അനശ്വര ആത്മാവും ഡോക്യുമെന്റ് ചെയ്യാനും അത് നിങ്ങളുമായി പങ്കിടാൻ സാധിച്ചതിലും ഞാൻ അങ്ങേയറ്റം സന്തുഷ്ടയാണ്." സെറ കൂട്ടിച്ചേർത്തു.

