ADVERTISEMENT

ബൈബിളിലെ ഇതിഹാസ കഥാപാത്രം മോശയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘മോസസ്’ എന്ന നാടകം അരങ്ങിലെത്തുന്നു. രംഗാവതരണത്തിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച്, അരങ്ങിൽ വിസ്മയമൊരുക്കുന്നത് ചലച്ചിത്ര സംവിധായകൻ ഫാ. വർഗീസ് ലാലാണ്. ചലച്ചിത്ര താരങ്ങളായ ശിവജി ഗുരുവായൂർ, ടോഷ് ക്രിസ്റ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓർത്തഡോക്സ് സഭാ കുന്നംകുളം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഒന്നര മണിക്കൂർ നീളുന്ന നാടകം വ്യാഴം വൈകിട്ട് 6.30ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. എംജി സർവകലാശാലയിൽനിന്ന് എംഎ സിനിമ ആൻഡ് ടെലിവിഷൻ മൂന്നാം റാങ്കോടെ പാസായ ഫാ.വർഗീസ് ലാലിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് നാടകം. മോസസ് എന്ന നാടകത്തെപ്പറ്റി ഫാ.വർഗീസ് ലാൽ സംസാരിക്കുന്നു.

‘‘മനുഷ്യസംസ്കാരമുണ്ടായ കാലം മുതൽ രൂപപ്പെട്ടതാണ് കലകൾ. ആദിമ മനുഷ്യൻ വേട്ട നടത്തിയ ശേഷം കൂട്ടത്തിലുള്ള മറ്റുള്ളവരെ അഭിനയിച്ചു കാണിക്കുമായിരുന്നു എങ്ങനെയാണു വേട്ടയാടിയതെന്ന്. അങ്ങനെയാണ് അഭിനയകലയുടെ തുടക്കം. കലകളും ചേരുമ്പോഴാണ് മനുഷ്യൻ പൂർണനാകുന്നത്. മതവിശ്വാസത്തിൽ കലകൾക്കു പ്രാധാന്യമുണ്ട്. അതു കുറയുമ്പോഴാണ് തീവ്രചിന്താഗതികളിലേക്ക് വഴിമാറുന്നത്. ക്രൈസ്തവ വിശ്വാസധാരയിൽ കലകളുടെ പങ്കാളിത്തം പണ്ടുമുതലേയുണ്ട്. അടുത്ത കാലത്തായി അതിനു കുറവുണ്ടാകുകയും മറ്റു പല കാര്യങ്ങൾക്കും പ്രാധാന്യം കൂടുകയും ചെയ്തു. ക്രൈസ്തവിശ്വാസത്തിലെ നാടകപാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോസസ് എന്ന നാടകം.

 ഫാ. വർഗീസ് ലാൽ.
ഫാ. വർഗീസ് ലാൽ.

അവതരണത്തിലെ പരീക്ഷണം

മോശ ബൈബിളിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. റിയലിസ്റ്റിക് സ്വഭാവമുള്ള കഥാപാത്രം കൂടിയാണത്. മോശ ദൈവവുമായി കലഹിക്കുന്നുണ്ട്, വ്യാകുലപ്പെടുന്നുണ്ട്, പ്രണയിക്കുന്നുണ്ട്. ഒരു സാധാരണ മനുഷ്യൻ നേരിടുന്ന പല വൈകാരിക പ്രതിസന്ധികളിലൂടെയും സംഘർഷങ്ങളിലൂടെയും അദ്ദേഹം കടന്നുപോകുന്നുണ്ട്. തന്റെ ജനതയെ മോശ വാഗ്ദത്ത ഭൂമിയിലേക്കു നയിക്കുമ്പോഴും, ആ യാത്രയുടെ അവസാനത്തിൽ അദ്ദേഹത്തിന് അവിടേക്കു പ്രവേശനം നിഷേധിക്കപ്പെടുന്നു. പല അടരുകളുള്ള കഥാപാത്രമാണ് മോശ. ദൈവത്താൽ നിയോഗിക്കപ്പെട്ട വിശുദ്ധന്റെയും സാധാരണ മനുഷ്യന്റെയും സങ്കലനമാണ് മോശ. ഒരു നാടകത്തിന്റെ ക്രാഫ്റ്റ് കാണിക്കാനുള്ള എല്ലാ സാധ്യതകളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. അതെല്ലാം ഉപയോഗപ്പെടുത്തി, ഒരു ദൃശ്യവിരുന്ന് എന്ന മട്ടിൽത്തന്നെയാണ് മോസസ് എന്ന നാടകം ഒരുക്കിയിരിക്കുന്നത്. മോശയുടെ അദ്ഭുതപ്രവൃത്തികളെല്ലാം– കല്ലുമഴ പെയ്യുന്നതും മന്ന പൊഴിക്കുന്നതും വടി പാമ്പാകുന്നതും അടക്കം– അരങ്ങിലെത്തുന്നുണ്ട്. മോശയുടെ ജനനം മുതൽ മരണം വരെ.

സിനിമാ, സീരിയൽ താരം ടോഷ് ക്രിസ്റ്റിയാണ് മോശയെ അവതരിപ്പിക്കുന്നത്. പ്രതിനായകൻ എന്നു വിളിക്കാവുന്ന ഫറവോ ആയെത്തുന്നത് നാടക, ചലച്ചിത്ര താരം ശിവജി ഗുരുവായൂരാണ്. അവർ പ്രതിഫലം നോക്കിയല്ല ഇതിലേക്കെത്തിയത്. ശിവജി ഗുരുവായൂർ വലിയ നാടകപാരമ്പര്യമുള്ള, 24 മണിക്കൂറും നാടകത്തിൽ ജീവിക്കുന്ന അഭിനേതാവാണ്. അദ്ദേഹത്തെപ്പോലെയോരാൾ പ്രതിഫലം കണക്കാക്കാതെ ഇതിന്റെ ഭാഗമാകുന്നുവെന്നത് വലിയ കാര്യമല്ലേ. ടോഷ് ക്രിസ്റ്റിയുടെ ആദ്യ നാടകമാണ്. ഇതിലെ മറ്റ് അഭിനേതാക്കളെല്ലാം ഡോക്ടർമാർ അടക്കമുള്ള പ്രഫഷനലുകളും സാധാരണക്കാരുമൊക്കെയാണ്. നാടകത്തോടുള്ള ഇഷ്ടം കൊണ്ട് എത്തിയവർ. ഒന്നര മാസത്തെ ക്യാംപിനു ശേഷമാണ് നാടകം അരങ്ങിലെത്തുന്നത്.’’

നാടകത്തിന്റെ പോസ്റ്റർ.
നാടകത്തിന്റെ പോസ്റ്റർ.

ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിൽ വൈദികനായ ഫാ. വർഗീസ് ലാൽ കൊല്ലം പുത്തൂർ സ്വദേശിയാണ്. ഗീവർഗീസ് മാർ യൂലിയോസ്, ഫാ.ജോസഫ് ചെറുവത്തൂർ, ഫാ.ബെഞ്ചമിൻ എന്നിവരുടെ പിന്തുണയാണ് ഇൗ നാടകം ഒരുക്കാൻ വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആർത്താറ്റ് സ്വദേശിനിയായ അധ്യാപിക ജ്യോതി പുലിക്കോട്ടിലാണ് നാടക ക്യാംപിന്റെ കോ ഓർഡിനേറ്റർ.

English Summary:

fr varghese lal about moses drama

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com