റഷ്യൻ ബാലെയുടെ നൃത്താവിഷ്കാരം ‘ഹംസധ്വനി’ പ്രേക്ഷകരിലേക്ക്; മനോരമ ഓണ്‍ലൈനിൽ കാണാം
Mail This Article
നൃത്തവും സംഗീതവും നാടകീയതയും ഒത്തു ചേര്‍ന്ന ദൃശ്യവിസ്മയം ‘ഹംസധ്വനി’ മനോരമ ഓൺലൈനിൽ കാണാം. റഷ്യൻ ബാലെ സ്വാൻലേക്കിൽ നിന്നുള്ള പ്രചോദനത്തിൽ ആവിഷ്കരിച്ച നൃത്ത നാടകമാണ് ഹംസധ്വനി. തെരേസാ രാജ്യത്തെ ഒരു പ്രഭുകുടുംബത്തിലുള്ള മായയുടേയും അവളുടെ അസൂയക്കാരിയായ സഹോദരി ലീലയുടെയും കഥ പറഞ്ഞ നൃത്തശിൽപ്പം, വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ മനോരമ ഓൺലൈനിലൂടെയാണ് വെബ് കാസ്റ്റ് ചെയ്യുന്നത്.
മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, ഫ്രീസ്റ്റൈൽ തുടങ്ങി എല്ലാം ചേർന്ന ‘ഹംസധ്വനി’ എന്ന നൃത്തശിൽപ്പം, നൂറാം വാർഷികം ആഘോഷിക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ ജനുവരി 11നാണ് അരങ്ങേറിയത്. മനോഹരമായ ചുവടുകളിലൂടെ ഒരുക്കിയ നൃത്തശിൽപ്പത്തിൽ സെന്റ് തെരേസാസിൽ പഠിച്ചിറങ്ങിയ 50ഓളം കലാകാരികളാണ് വേദിയിലെത്തിയത്. ഏതാനും പുരുഷ കലാകാരന്മാരും ഇവര്‍ക്കൊപ്പം പങ്കാളികളായി. അഭിനേതാക്കളായ രമ്യ നമ്പീശൻ പ്രധാന കഥാപാത്രമായ മായയേയും നർത്തകി അര്‍ച്ചിത അനീഷ് ലീലയായും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നർത്തകി സുമ വർമയാണ് നൃത്തശിൽപ്പത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത്.

ഹംസരൂപത്തിലുള്ള മായയായി എത്തിയത് മൃദുല മുരളി. നാഗരാജ്ഞിയായി ദേവി ചന്ദന അരങ്ങിലെത്തിയത് തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിന് അപൂർവ അനുഭൂതിയാണ് നൽകിയത്. കാടും പുഴയും ഇടിയും മഴയുമൊക്കെ മിന്നിമറയുന്ന പശ്ചാത്തലരംഗങ്ങൾ, കൃഷ്ണരാജിന്റെ സംഗീതം, പട്ടണം റഷീദിന്റെ ചമയം, അനൂപ് കെ.വിയുടെ ലൈറ്റിങ്, മിനി ജേക്കബിന്റെ വസ്ത്രാലങ്കാരം, സരൻജിതിന്റെ സ്റ്റേജ് ക്രമീകരണം തുടങ്ങിയ കാര്യങ്ങളെ ഏകോപിപ്പിച്ചത് സജീന ജേക്കബ്.

1925ൽ ആരംഭിച്ച സെന്റ് തെരേസാസ് കോളജിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മ, ‘അസോസിയേഷൻ ഓഫ് സെന്റ് തെരേസാസ് അലമ്‌നൈ’ (ആസ്ത) ആണ് ഹംസധ്വനിക്ക് നേതൃത്വം നൽകിയത്. ഒന്നര വർഷത്തോളം നീണ്ട ഒരുക്കങ്ങളാണ് ഹംസധ്വനിയെ സ്റ്റേജിലെത്തിച്ചത്.