പിക്കാസോയുടെ ബ്ലൂ പീരിയഡ് പെയിന്റിങ്ങിനു താഴെ നിഗൂഢ രൂപങ്ങൾ; പുതിയ കണ്ടെത്തൽ

Mail This Article
പിക്കാസോയുടെ പെയിന്റിങ്ങിൽ പുതിയ കണ്ടെത്തലുമായി ലണ്ടനിലെ കോർട്ടൗൾഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസർവേറ്റർമാർ. പിക്കാസോയുടെ ഏറ്റവും പ്രശസ്തമായ ബ്ലൂ പീരിയഡ് പെയിന്റിങ്ങുകളിൽ ഒന്നായ ദ് കോർട്ടൗൾഡ് പോർട്രെയ്റ്റ് ഓഫ് മേറ്റ്യൂ ഫെർണാണ്ടസ് ഡി സോട്ടോയിൽ (1901) നിന്നാണ് ഒരു നിഗൂഢ സ്ത്രീയുടെ മറഞ്ഞിരിക്കുന്ന ചിത്രം കണ്ടെത്തിയത്.
പിക്കാസോയുടെ സുഹൃത്തിനെ ചിത്രീകരിക്കുന്ന പെയിന്റിങ്, വിശകലനം ചെയ്യുന്നതിനിടെ എക്സ്-റേ, ഇൻഫ്രാറെഡ് ചിത്രങ്ങൾ എടുത്തപ്പോഴാണ് അജ്ഞാത ചിത്രം വെളിപ്പെടുത്തിയത്. നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാരിസിൽ ഫാഷനായിരുന്ന ഒരു വ്യതിരിക്തമായ ചിഗ്നൺ ഹെയർസ്റ്റൈലുള്ള ഒരു അജ്ഞാത സ്ത്രീയുടെ രൂപരേഖയാണ് ഛായാചിത്രത്തിനു താഴെ കണ്ടെത്തിയത്. പിക്കാസോയ്‌ക്കു പ്രധാനപ്പെട്ട ഒരാളായിരുന്നിരിക്കാം ആ സ്ത്രീയെന്നാണ് കരുതുന്നത്.

എന്നാൽ പെയിന്റിങ്ങിൽ അതിലും താഴെ മറ്റൊരു തലയും വരച്ചിരുന്നതിന്റെ തെളിവുകളും ഗവേഷണത്തിൽ മനസ്സിലായി. ക്യാൻവാസ് പലതവണ പുനരുപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവാണത്. പണം ലാഭിക്കാനായി അക്കാലത്തെ കലാകാരന്മാർക്കിടയിൽ ഇത് ഒരു സാധാരണ രീതിയായിരുന്നു.
“ദ് കോർട്ടൗൾഡിലെ കൺസർവേറ്റർമാർ ഉപയോഗിക്കുന്നതുപോലുള്ള സ്പെഷ്യലിസ്റ്റ് ഇമേജിംഗ് സാങ്കേതികവിദ്യ, ഒരു കലാകാരന്റെ സൃഷ്ടിപരമായ പ്രക്രിയയ്ക്ക് ഒരു പുതിയ ദർശനം നൽകാൻ ഞങ്ങളെ അനുവദിക്കുന്നു.” ദ് കോർട്ടൗൾഡിലെ സംരക്ഷണ പ്രൊഫസറായ അവീവ ബേൺസ്റ്റോക്ക് ഈ കണ്ടെത്തലുകളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. "മുമ്പ് മറഞ്ഞിരിക്കുന്ന ഈ രൂപം വെളിപ്പെടുത്തുന്നതിലൂടെ, പിക്കാസോയുടെ കരിയറിലെ ഒരു നിർണായക നിമിഷത്തിലേക്ക് നമുക്ക് വെളിച്ചം വീശാൻ കഴിയും." അവീവ കൂട്ടിച്ചേർത്തു.