സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒറ്റ ചിത്രത്തിൽ; 2040 വരെ ഇതുപോലെ ഒരു ദൃശ്യം കാണാനാകില്ല!

Mail This Article
ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രപ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു അത്ഭുത ഫോട്ടോ തരംഗമാകുന്നു. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒറ്റ ചിത്രത്തിൽ പകർത്താൻ ഭാഗ്യം ലഭിച്ചത് ബ്രിട്ടിഷ് ജ്യോതിശാസ്ത്ര ഫൊട്ടോഗ്രാഫറായ ജോഷ് ഡ്യൂറിക്കാണ്.

1982ൽ സംഭവിച്ച ഒരു ദുർലഭ ഗ്രഹസന്ധിയ്ക്കുശേഷം ഈ ഫെബ്രുവരി 22നായിരുന്നു വീണ്ടും ഭൂമിയിൽ നിന്ന് എല്ലാ ഗ്രഹങ്ങളെയും ഒരേ സമയം ആകാശത്ത് കാണാനായത്. ഈ ദൃശ്യം വീണ്ടും കാണാൻ 2040 വരെ കാത്തിരിക്കേണ്ടിവരും.
യുകെയിലെ സോമർസെറ്റിലെ മെൻഡിപ് പർവതനിരകളിൽ നിന്നാണ് ഫെബ്രുവരി 22ന് സൂര്യാസ്തമയത്തിനുശേഷം ഈ ചിത്രം പകർത്തിയത്. ചിത്രത്തിൽ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ എട്ട് ഗ്രഹങ്ങളും ഒരേ ചിത്രത്തിൽ കാണാം. ഭൂമിയിൽ നിന്ന് എല്ലാ ഗ്രഹങ്ങളും ഒരേ ചിത്രത്തിൽ പകർത്തിയത് ഇതാദ്യമായിരിക്കാം എന്നാണ് ജോഷ് പറയുന്നത്.
ഈ ചിത്രം പകർത്താൻ നേരം ഗ്രഹങ്ങളുടെ മങ്ങിയ പ്രകാശം പിടികിട്ടാൻ ഹൈ ഡൈനാമിക് റേഞ്ച് ക്യാമറ സജ്ജീകരണമാണ് ജോഷ് ഉപയോഗിച്ചത്. ശനി, ബുധൻ, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾ വളരെ മങ്ങിയതിനാൽ അവയെ കണ്ടെത്താൻ ജ്യോതിശാസ്ത്ര സോഫ്റ്റ്വെയറുകളും നക്ഷത്ര മാപ്പുകളും ഉപയോഗിച്ചു.

ഗ്രഹങ്ങളുടെ ഈ ഒത്തുചേരൽ ജ്യോതിശാസ്ത്രത്തിൽ 'പ്ലാനറ്ററി പരേഡ്' എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരേ ആകാശത്ത് ഒരുമിച്ച് കാണുന്നതാണ് ഈ പ്രതിഭാസം. എന്നാൽ യഥാർഥത്തിൽ ഗ്രഹങ്ങൾ തമ്മിൽ വളരെ അകലത്തിലാണ്. രണ്ടോ മൂന്നോ ഗ്രഹങ്ങൾ ഒത്തുചേരൽ സാധാരണമാണെങ്കിലും, എല്ലാ ഗ്രഹങ്ങളും ഒരേ ആകാശത്ത് ഒത്തുചേരൽ വളരെ ദുർലഭമാണ്.