കണ്ടംപ്രറി ആർട്ടിന്റെ ലോകത്ത് വ്യത്യസ്ത ദൃശ്യാവിഷ്ക്കാരം തീർത്ത് തുക്രാൽ–ടാഗ്ര കൂട്ടുകെട്ട്

Mail This Article
രണ്ട് ദശാബ്ദക്കാലമായി ഇന്ത്യൻ കലാലോകത്തു വ്യത്യസ്തങ്ങളായ മാധ്യമങ്ങൾ ഉപയോഗിച്ചു കൊണ്ട് കലാസൃഷ്ടികൾ ചെയ്യുന്ന രണ്ടു കലാകാരന്മാരാണ് ജിതൻ തുക്രാലും സുമിർ ടാഗ്രയും. ഡൽഹിയാണ് രണ്ടുപേരുടെയും കലാപ്രവർത്തനങ്ങളുടെ പ്രധാന വേദി. പെയിന്റിങ്, ശിൽപം, ഇൻസ്റ്റാലേഷനുകൾ, ഗെയിമുകൾ, വിഡിയോ, പെർഫോമൻസ്, ഡിസൈൻ തുടങ്ങി വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇവർ കലാസൃഷ്ടികൾ ചെയ്യുന്നത്. തുക്രാലും ടാഗ്രയും ചേർന്നു നമുക്കു ചുറ്റുമുള്ള അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ കലയിലൂടെ ആസ്വാദകർക്കു ദൃശ്യവൽക്കരിച്ചു നൽകുന്നു.
1976ൽ പഞ്ചാബിലാണ് ജിതൻ തുക്രാൽ ജനിച്ചത്. ചണ്ഡീഗഢ് കോളജ് ഓഫ് ആർട്ടിൽ നിന്ന് ബിഎഫ്എയും ഡൽഹി കോളജ് ഓഫ് ആർട്ടിൽ നിന്ന് എംഎഫ്എയും നേടി. സുമിർ ടാഗ്ര 1979ൽ ഡൽഹിയിലാണ് ജനനം. ഡൽഹി കോളജ് ഓഫ് ആർട്ടിൽ നിന്ന് ബിഎഫ്എ നേടിയ ശേഷം അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പഠിച്ചു. 2004 മുതലാണ് ഇരുവരും കലാലോകത്തു സഹകരിച്ച് പ്രവർത്തിക്കുവാൻ തുടങ്ങിയത്. കണ്ടംപ്രറി ആർട്ടിന്റെ ലോകത്ത് വലിയ അംഗീകാരങ്ങൾ നേടിയ കലാകാരന്മാരാണ് ഇരുവരും. ഡൽഹിയിലാണ് ഇവർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്.
സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇറ്റലി, ജർമ്മനി, യു.കെ, ഓസ്ട്രിയ തുടങ്ങിയ ലോകമെമ്പാടുമുളള സ്ഥലങ്ങളിൽ ഇരുവരും നിരവധി സോളോ എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. കലയും ഡിസൈനും ഒരുമിച്ചു ചേർത്തുകൊണ്ടുള്ള ഇവരുടെ കലാസൃഷ്ടികൾ പൊതുജന ജീവിതത്തിലേക്കു കൂടുതൽ ആഴത്തിലേക്കു ഇറങ്ങി ചെല്ലുന്നവയായതിനാൽ ആഗോള കലാസ്വാദകരെ ആകർഷിക്കുവാൻ കഴിഞ്ഞു.

ലളിതമായ ചോദ്യങ്ങൾ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത് പേരുകേട്ടവയാണ് ഇവരുടെ സൃഷ്ടികൾ. മനുഷ്യ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന നിരവധി സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവ സംസാരിക്കുന്നു. കൂടാതെ സാമൂഹിക വിമർശനങ്ങളെ ഉയർത്തികാട്ടുന്നു. ഗ്രാഫിക് ഡിസൈനിനെ ഉയർന്ന കലാസൃഷ്ടികളുമായി സംയോജിപ്പിക്കുകയും ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ സ്ഥിരം ചിന്താഗതികളെ ആഗോള സംസ്കാരവുമായി കൂട്ടിചേർക്കുകയും ചെയ്യുന്നു.
മനുഷ്യബന്ധങ്ങൾ, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, കുടിയേറ്റം, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി പോപ്പ് ആർട്ട് ശൈലിയിൽ ആധുനികതയും പരമ്പരാഗതതയും ഉൾകൊള്ളുന്ന ആകർഷകമായ കലാരൂപങ്ങളാണ് പല സൃഷ്ടികളും. യൂറോപ്പിലും അമേരിക്കയിലുമാണ് ഇരുവരും കൂടുതൽ ശ്രദ്ധ നേടിയത്.
തുക്രാൽ–ടാഗ്ര കൂട്ടായ്മയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളർന്നുവരുന്ന മികച്ച 101 അന്താരാഷ്ട്ര ഡിസൈനർമാരിൽ ഒന്നായി വാൾപേപ്പർ മാഗസിൻ ഇവരെ തിരഞ്ഞെടുത്തിട്ടുണ്ട്. വാൾപേപ്പർ മാഗസിന്റെ ഗ്ലോബൽ എഡിറ്റ് എമർജിങ് ഡിസൈനേഴ്സ് ഓഫ് ദി വേൾഡ് (2006) ഇന്ത്യ ഹലോ ഹാൾ ഓഫ് ഫെയിമ് ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ദി ഇയർ (2014) എന്നീ പുരസ്കാരങ്ങൾ ഇവർ നേടി. നിലവിൽ കാലാവസ്ഥാ വ്യതിയാനവും കൃഷിയിലുള്ള അതിന്റെ ഫലങ്ങളും എന്ന പ്രോജക്റ്റിൻറെ ഭാഗമായി ഇരുവരും പ്രവർത്തിക്കുന്നു. സസ്റ്റൈന ഇന്ത്യ, കൗണ്‍സിൽ ഓൺ എനർജി എൻവയോൺമെന്റ് ആന്റ് വാട്ടർ (സി.ഇ.ഇ.ഡബ്ല്യു) എന്നിവയുമായി സഹകരിച്ചാണ് ഈ പ്രൊജക്റ്റ് നടപ്പിലാക്കുന്നത്.