ADVERTISEMENT

യമുന ശങ്കരശിവത്തിന്റെ പേര് പലർക്കും പെട്ടെന്ന് മനസ്സിലാകാൻ സാധ്യതയില്ല. പക്ഷേ, മൈക്കൽ ജാക്സന്റെ ഐക്കണിക് ന‍ൃത്ത മ്യൂസിക് വിഡിയോ ‘ബ്ലാക്ക് ഓർ വൈറ്റ്’ ഓർമ്മിക്കുന്നവർക്ക്, അവരുടെ മുഖം മനസ്സിലാകും. ലൊസാഞ്ചലസ് എക്സ്പ്രസ് വേയിൽ പോപ്പ് രാജാവിനൊപ്പം ഹ്രസ്വമെങ്കിലും മറക്കാനാവാത്ത  നൃത്തചുവടുകള്‍ വെച്ച യമുന ശങ്കരശിവത്തിന്റെ പ്രശസ്തിയിലേക്കുള്ള യാത്ര അപ്രതീക്ഷിത വഴിത്തിരിവുകൾ, ശ്രദ്ധേയമായ കഴിവുകൾ എന്നിവയുടെ ഫലമാണ്.

yamuna-dancer-young
യമുന ശങ്കരശിവം, Image Credit: https://www2.naz.edu/dept/sociology-anthropology/faculty-and-staff/yamuna-sangarasivam

സിംഗപ്പൂർകാരനായ അച്ഛന്റെയും മലേഷ്യയിലെ ക്വാലാലംപുർകാരിയായ അമ്മയുടെയും മകളായി വടക്കൻ ശ്രീലങ്കയിൽ ജനിച്ച യമുന ശങ്കരശിവത്തിന്റെ ആദ്യകാല ജീവിതം വൈവിധ്യമാർന്ന സാംസ്കാരിക സ്വാധീനങ്ങളാൽ സമ്പന്നമായിരുന്നു. ബഹുസ്വരമായ ഒരു അന്തരീക്ഷത്തിൽ വളർന്ന അവർ പിയാനോ, കർണാടക സംഗീതം, ഭരതനാട്യം എന്നിവ പഠിച്ചു. ശ്രീലങ്ക, നോർത്ത് ബോർണിയോ, അമേരിക്ക എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രകൾ വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും നൃത്ത പാരമ്പര്യങ്ങളും പഠിക്കാൻ സഹായിച്ചു.

ഒൻപതാം വയസ്സില്‍ അമേരിക്കയിലേക്ക് താമസം മാറിയപ്പോൾ, മനുഷ്യ സ്വഭാവത്തെയും സമൂഹത്തെയും കുറിച്ചുള്ള സ്വതസിദ്ധമായ ജിജ്ഞാസയോടെ, നരവംശശാസ്ത്രത്തിലും അവർ ആഴത്തിലുള്ള താൽപ്പര്യം വളർത്തിയെടുത്തു. മനുഷ്യ സംസ്കാരങ്ങളെ മനസ്സിലാക്കാനുള്ള ഈ അഭിനിവേശം പിന്നീട് അവരുടെ കരിയറിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

ബ്ലാക്ക് ഓർ വൈറ്റ് ഓഡിഷൻ

1991ലാണ് നിർണയകമായ ആ സംഭവം നടന്നത്. വംശീയ ഐക്യത്തെയും സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷത്തെയും അഭിസംബോധന ചെയ്യുന്ന ‘ബ്ലാക്ക് ഓർ വൈറ്റ്’ എന്ന തന്റെ വിപ്ലവകരമായ സംഗീത വിഡിയോയ്ക്കായി ജാക്സൺ നർത്തകരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എത്തിനിക് മോഡേൺ നർത്തകർക്കായി നടത്തിയ അന്വേഷണത്തിനു 3,000-ത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. 

തുടക്കത്തിൽ, ഓഡിഷനിൽ പങ്കെടുക്കാൻ യമുന മടിച്ചുനിന്നു. മൈക്കൽ ജാക്‌സന്റെ കടുത്ത ആരാധികയായിരുന്നെങ്കിലും, അദ്ദേഹത്തെ കാണുമെന്നും അദ്ദേഹത്തിന്റെ ഇതിഹാസ സംഗീത വിഡിയോകളിലൊന്നിൽ അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുമെന്നും അവൾ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അവളുടെ അമ്മ, ഓഡിഷനെ നരവംശശാസ്ത്രം പരിശീലിക്കാനുള്ള ഒരു അവസരമായി കാണാൻ അവളെ പ്രോത്സാഹിപ്പിച്ചു. ക്ലാസിക്കൽ ഇന്ത്യൻ നൃത്തരൂപമായ ഒഡീസി പശ്ചാത്തലവും നൃത്ത നരവംശശാസ്ത്രത്തോടുള്ള അഭിനിവേശവും ഉള്ളതിനാൽ യമുന ഒരു അവസരം വിനിയോഗിക്കാൻ തീരുമാനിച്ചു. യമുനയുടെ ജീവിതം മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്. ആയിരക്കണക്കിന് ആളുകൾക്കിടയിൽ മൈക്കൽ ജാക്‌സനൊപ്പം നൃത്തം ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിവരം അറിയിച്ച് ഫോൺ കോൾ ലഭിച്ച നിമിഷം അതിശയകരമായിരുന്നുവെന്ന് യമുന ഓർക്കുന്നു. 

മൈക്കൽ ജാക്‌സണുമായുള്ള നൃത്തം

ആ മ്യൂസിക് വിഡിയോ 27 രാജ്യങ്ങളിൽ 500 ദശലക്ഷത്തിലധികം ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. വംശീയ ഐക്യത്തിന്റെയും സാംസ്കാരിക ഉൾപ്പെടുത്തലിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ച വിഡിയോയുടെ ചിത്രീകരണം ലൊസാഞ്ചലസിലാണ് നടന്നത്. യമുനയും ജാക്സണും ഒരു എക്സ്പ്രസ് ഹൈവേയിൽ നൃത്തം ചെയ്യുന്നഭാഗം 14 മണിക്കൂർ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഷൂട്ടിംഗിന് വഴിയൊരുക്കാൻ ഹൈവേയുടെ ഒരു ഭാഗം അടച്ചിട്ടു. ഇരുവരും നൃത്തം ചെയ്യുമ്പോൾ സ്റ്റണ്ട് ഡ്രൈവർമാർ മുൻവശത്തും പശ്ചാത്തലത്തിലും സൂം ചെയ്തു. യമുനയെ സംബന്ധിച്ചിടത്തോളം ആ നിമിഷം നൃത്തം എന്ന പ്രവൃത്തി മാത്രമായിരുന്നില്ല, ഒരു കലാപരവും ചരിത്രപരവുമായ സംഭവം കൂടിയായിരുന്നു.

yamuna-dancer-old
യമുന ശങ്കരശിവം, Image Credit: https://event.newschool.edu/poeticsofspeculative

വിഡിയോയിലെ വെറും 20 സെക്കൻഡ് ദൈർഘ്യമുള്ള ആ അനുഭവം പോലും അസാധാരണമായിരുന്നു. മൈക്കൽ ജാക്സൺ വളരെ ദയയുള്ളവനുമായിരുന്നു എന്നാണ് യമുനയുടെ ഓർമ. അദ്ദേഹത്തിന്റെ പരിഗണന, അവളെയും അമ്മയെയും കൂട്ടിക്കൊണ്ടുപോകാൻ ഒരു മെഴ്‌സിഡസ് കാർ അയച്ചത്, പുറത്തെ രംഗങ്ങളിൽ അമ്മയ്ക്ക് ഒരു പുതപ്പ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞു തന്നുവെന്ന് യമുന. 

നരവംശശാസ്ത്രത്തിൽ കരിയർ

വിഡിയോ യമുനയെ ശ്രദ്ധാകേന്ദ്രമാക്കിയെങ്കിലും സംസ്കാരം, സ്വത്വം, നൃത്തത്തിന്റെ നരവംശശാസ്ത്രം എന്നിവ ആഴത്തിൽ പഠിക്കാൻ അവർ തീരുമാനിച്ചു. കലിഫോർണിയ സർവകലാശാലയിൽ നിന്ന് നൃത്ത വംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം 2000ൽ സിറാക്കൂസ് സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. നിലവിൽ, ന്യൂയോർക്കിലെ റോച്ചസ്റ്ററിലുള്ള നസറെത്ത് കോളജിൽ നരവംശശാസ്ത്ര പ്രൊഫസറാണ് യമുന. ഇതിനിടെ രചിച്ച നാഷനലിസം, ടെററിസം, പെട്രിയോടിസം എന്ന  പുസ്തകത്തിലൂടെ ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധം എങ്ങനെ സാധാരണവൽക്കരിക്കപ്പെട്ടുവെന്ന് വിമർശനാത്മകമായി വിശകലനം ചെയ്യുന്നു. കലകളെ അക്കാദമിക് പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കാനുള്ള കഴിവിന്റെ തെളിവാണ് യമുനയുടെ ജീവിതം.

English Summary:

Yamuna Shankarashivam: The Dancer Who Shared the Stage with Michael Jackson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com