ADVERTISEMENT

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ നോവൽ ‘ഒരു ദേശത്തിന്റെ കഥ’യുടെ സുവർണജൂബിലിയോടനുബന്ധിച്ച് കഥയെയും കഥാവശേഷനായ കഥാകാരനെയും മലയാള മനോരമ ആദരിക്കുന്നു. മനോരമയുടെ സാഹിത്യമാസികയായ ‘ഭാഷാപോഷിണി’യും എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളജ് മലയാള വിഭാഗവും ചേർന്നൊരുക്കുന്ന ജൂബിലി അക്കാദമിക് സെമിനാർ 3നു രാവിലെ 10നു കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ നടക്കും. 

 

bhashaposhini-oru-deshathinte-kadha

ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. ഗോഡ്‌വിൻ സാംരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ‘എസ്.കെ.പൊറ്റെക്കാട്ട് – കാൽപനിക കഥാകാരൻ’ എന്ന വിഷയത്തിൽ ഡോ. കെ.വി. സജയ് (ഗവ. കോളജ്, മടപ്പള്ളി) അനുസ്മരണപ്രഭാഷണം നടത്തും. ‘മലയാള നോവൽ ഒരു ദേശത്തിന്റെ കഥയ്ക്കു മുൻപും ശേഷവും’ എന്ന വിഷയത്തിൽ ഡോ. സുമി ജോയ് ഓലിയപ്പുറം (മഹാരാജാസ് കോളജ്, എറണാകുളം) പ്രഭാഷണം നടത്തും. എസ്‌കെയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

 

മലയാള സാഹിത്യത്തിലെ എഴുത്തിന്റെയും വായനയുടെയും ഭാവുകത്വത്തെ അഴിച്ചുപണിയുന്നതിൽ വലിയ പങ്കുവഹിച്ച ‘ഒരു ദേശത്തിന്റെ കഥ’ 1969 ഒക്ടോബർ 5 മുതൽ 1971 ജൂൺ 6 വരെയാണ് പ്രസിദ്ധീകരിച്ചത്. തൊട്ടുപിന്നാലെ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. അതിരാണിപ്പാടമെന്ന സാങ്കൽപിക ഗ്രാമത്തിലൂടെ ഒരു ദേശത്തിന്റെ മാത്രമല്ല, എല്ലാ കാലങ്ങളിലെയും എല്ലാ ദേശങ്ങളുടെയും കഥ കൂടിയാണ് എസ്‌കെ പറയുന്നത്. 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1980 ൽ ജ്ഞാനപീഠവും ‘ഒരു ദേശത്തിന്റെ കഥ’യെ തേടിയെത്തി. 50 വർഷം കൊണ്ട് 41–ാം പതിപ്പിലെത്തി നിൽക്കുന്നു.

എസ്.കെ. പൊറ്റെക്കാട്ടിനു ഭാഷയുടെയും ഭാഷാപോഷിണിയുടെയും സ്മരണാഞ്ജലി കൂടിയാണ് ഈ സമാദരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ്.

 

Content Summary: Bhashaposhini to conduct seminar on ‘50 years of Oru Deshathinte Kadha’ in Malabar Christian College

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com