ADVERTISEMENT

അവനി വാഴ്‌വ് കിനാവ് എന്നു മഹാകവി കുമാരനാശാൻ. അല്ല, മനുഷ്യന് ആകെയുള്ള ഈ വാഴ്‌വു മാത്രമേ സത്യമായി ഉള്ളൂ എന്നു യാഥാർഥ്യവാദികൾ. രണ്ടു കാര്യങ്ങളും മാറിമാറി ശരിയാകാറുണ്ടെന്നു നമുക്കു ബോധ്യവുമാണ്. കാരണം, സ്വപ്നം കാണുമ്പോൾ ആ കാണുന്ന സ്വപ്നം തികച്ചും യാഥാർഥ്യം. പക്ഷേ, ഉണരുമ്പോൾ അതു യാഥാർഥ്യം അല്ലായിരുന്നു എന്ന തോന്നലും അത്രതന്നെ യാഥാർഥ്യം!

ചിന്തിക്കാൻ തുടങ്ങിയ കാലംതൊട്ടേ സ്വപ്നം മനുഷ്യനു വെല്ലുവിളിയാണ്. മനുഷ്യന്റെ അസ്തിത്വത്തിൽ സ്വപ്നത്തിന്റെ സ്ഥാനം അടയാളപ്പെടുത്താനാണു പൗരാണിക ദാർശനികർ ശ്രമിച്ചത്. ആധുനിക മനഃശാസ്ത്രമാകട്ടെ, സ്വപ്നങ്ങളെ അപഗ്രഥിക്കുന്നതിലാണു കൂടുതൽ വ്യാപരിച്ചത്. അവയുടെ ജീവശാസ്ത്രപരമായ ഉറവിടവും താത്വികാടിത്തറയും തേടി മസ്‌തിഷ്കകോശപഠനം ഊർജിതമായത് അടുത്ത കാലത്തു മാത്രം.

 

സ്വപ്നത്തിലെ മഴ നമ്മെ നനയ്ക്കുമോ എന്ന് എന്നോടു ചോദിച്ചാൽ ചിലപ്പോൾ നനയ്ക്കും എന്നാണ് എനിക്കു പറയാനുള്ള മറുപടി! വിദ്യാർഥിയായിരിക്കെ ഞാനും ഒരു സുഹൃത്തും കൂടി കോളജിനരികിൽ ഒരു വീട് വാടകയ്ക്കു വാങ്ങി താമസിക്കുകയായിരുന്നു. ഇരുവരും സാമാന്യം നല്ല ഉറക്കപ്രാന്തന്മാരാണ്. നാലുമണിക്ക് അലാം വച്ച് നേരത്തേ ചുരുണ്ടു കിടക്കും. അലാം കേട്ട് ആദ്യം ഉണരുന്ന ആൾ മറ്റെയാളെ വിളിച്ചുണർത്തിക്കൊള്ളണം എന്നാണു ധാരണ.

പക്ഷേ, ആരും എഴുന്നേൽക്കില്ല, 

ഒരാൾ ഉണർന്നെണീറ്റു വിളിച്ചാലും മറ്റേയാൾ എഴുന്നേൽക്കില്ല. വെള്ളം കൊണ്ടുവന്നു തളിച്ച് എഴുന്നേൽപ്പിക്കണം! മഴ പെയ്യുകയാണ് എന്ന സുഖസ്വപ്നം കണ്ടു കിടക്കാൻ കഴിയാതാകുന്നത് ഉടുപ്പു നനയുമ്പോഴാണ്.

 

ഉണർന്നിരിക്കുന്നേരവും നാം പലപ്പോഴും സ്വപ്നം കാണാറുണ്ട്‌. പകൽക്കിനാവ് എന്നാണു നാം ഇതിനു പേരിട്ടിരിക്കുന്നത്. ചരിത്രാധ്യാപകൻ ക്ലാസിൽ പാനിപ്പത്ത് യുദ്ധം വിശദമായി പഠിപ്പിക്കെ ഞാൻ നാട്ടിൻപുറത്തെ അമ്പലമുറ്റത്ത് ആട്ടക്കളം കളിക്കുന്നതായി സ്വപ്നം കണ്ടുകൊണ്ടിരുന്നത് എനിക്ക് ഓർമയുണ്ട്. താൻ എവിടെയാ എന്ന്‌ അധ്യാപകൻ ചുമലിൽ ചൂരൽതുമ്പുകൊണ്ടു തട്ടിയതും നല്ല ഓർമയുണ്ട്. കിട്ടിയ ‘പൂശ’യും മറന്നിട്ടില്ല!

ശരീരം ശരിയായി ഉറങ്ങിക്കഴിഞ്ഞിട്ടും താൻ ഉണർന്നാണിരിക്കുന്നത് എന്ന ധാരണയോടെ വണ്ടിയോടിച്ച് ആളുകൾ രാത്രിയുടെ അന്ത്യയാമങ്ങളിൽ അപകടത്തിൽപ്പെടുന്നതു സാധാരണമാണല്ലോ.

 

ഹൈസ്പീഡ് വാഹനങ്ങൾ ഇല്ലാത്തതിനാൽ പക്ഷേ, പഴമക്കാർക്ക് ഈ അപകടസാധ്യത പേടിക്കേണ്ടതില്ലായിരുന്നു. അവർ മനുഷ്യന്റെ അന്തഃസത്തയെക്കുറിച്ച് അറിയാൻ എളുപ്പവഴി എന്ന നിലയിലാണ് സ്വപ്നങ്ങളെ ചിന്താവിഷയമാക്കിയത്.

സ്വപ്നം കാണുന്ന അവസ്ഥ, സ്വപ്നം കാണാത്ത അവസ്ഥ എന്നു മനുഷ്യജീവിതത്തെ അവർ രണ്ടാക്കിത്തിരിച്ചു. ഉണർന്നിരിക്കുമ്പോഴും നാം സ്വപ്നം കാണുകതന്നെയാണ് എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തരംതിരിവ്. കാരണം, ഉണർന്നിരിക്കുമ്പോൾ കാണുന്നതും അടിക്കടി മാറിക്കൊണ്ടിരിക്കുന്നുവല്ലോ. 

 

ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ ആ കാണുന്ന സ്വപ്നവും സ്വപ്നം കാണുന്ന ആളും വേറെയാണ് എന്ന തോന്നൽ ഉണ്ടാകുന്നപോലെ തന്നെയാണ് ഉണർന്നിരിക്കുമ്പോഴുള്ള കാഴ്ചകളും അതു കാണുന്ന ആളും വേറെയാണ് എന്നതുമെന്നാണു മറ്റൊരു ന്യായീകരണം. ഗൗഡപാദകാരിക എന്ന പേരിൽ മാണ്ഡൂക്യോപനിഷത്തിനുള്ള സവിസ്തര വ്യാഖ്യാനത്തിൽ ഇങ്ങനെ പറയുന്നു:

‘യഥാ സ്വപ്ന ദ്വയാഭാസം 

സ്പന്ദതേ മായയാ മനഃ

തഥാ ജാഗ്രത് ദ്വായാഭ്യാസം 

സ്പന്ദതേ മായയാ മനഃ’

 

ഉറങ്ങിയാലും ഇല്ലെങ്കിലും നാം കാണുന്നതു സ്വപ്നമാണ് എന്നതിനു തെളിവായി മറ്റൊരു നിരീക്ഷണംകൂടി നമുക്കു മറ്റൊരു മഹർഷി നിർദേശിച്ചു തരുന്നുണ്ട്. അതു കേനോപനിഷത്തിലാണ്. ഇന്ദ്രിയങ്ങളല്ല ഇന്ദ്രിയങ്ങളുടെ പിന്നിലെ ഊർജമാണ് ഇന്ദ്രിയാനുഭൂതിക്കു നിദാനം. ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും അനുഭൂതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ഈ ഊർജമാണ്.

 

ഉറക്കത്തിലായാലും ഉണർച്ചയിലായാലും സ്വപ്നം കാണുന്ന ഈ അവസ്ഥ കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ സ്വപ്നം കാണാത്ത ഒരു അവസ്ഥയേ ആകെ ഉള്ളൂ. അത് അഗാധമായ സുഷുപ്തിയാണ്. ഒന്നുമറിഞ്ഞില്ല, സുഖമായി ഉറങ്ങി എന്നു നാം പറയുന്നത് ഈ അവസ്ഥയെക്കുറിച്ചാണ്. അതായത് യഥാർഥ സുഖം. ഇന്ദ്രിയസംവേദനം തികച്ചും അവസാനിച്ച നിലയാണ്. അപ്പോഴും പക്ഷേ, ‘ഞാൻ’ ശേഷിക്കുന്നുണ്ട്. സാക്ഷിയായ ബോധമാണത്. അതാണു ശരിയായ ഞാനെന്നും അതുതന്നെയാണു ജീവൻ എന്നും മഹർഷി തുടർന്നു പറയുന്നു. ആ ജീവനിൽ അന്തർഗതമായിരിക്കുന്ന ഊർജമാണ് ബ്രഹ്മം അഥവാ പരാശക്തി. അതിന്റെ സ്വഭാവം അതിരുകളോ നാശമോ ഇല്ലാത്ത ആനന്ദമാണ്.

എന്നാൽ, സുഷുപ്തി അവസ്ഥയിൽ ഇത് അനുഭവിക്കാൻ ഒരു വഴിയും ഇല്ല എന്നാണോ മഹർഷി പറയുന്നത്? അല്ല, ഉണ്ട്. ഉണർന്നിരിക്കുക, സ്വപ്നം കണ്ടോ കാണാതെയോ ഉറങ്ങുക എന്ന അവസ്ഥകൾക്കുമപ്പുറത്ത് തുരീയം എന്ന നാലാമത്തെ ഒരവസ്ഥയുണ്ട്. ഈ അവസ്ഥയിൽ നാം ഉണർന്നിരിക്കുന്നുണ്ട്. പക്ഷേ, ഇന്ദ്രിയാനുഭൂതികൾ ഇല്ല, എങ്കിലും എല്ലാം അറിയുന്നുണ്ട്. അതേസമയം ഉറങ്ങുകയാണ്, സ്വപ്നം കാണുന്നുമുണ്ട്, അതൊന്നും പക്ഷേ, അലോസരം ആകുന്നില്ല, ഗാഢനിദ്രയുടെ സ്വഭാവവും അനുഭവിക്കുന്നു, സ്ഥലകാലപരിമിതികൾ അസ്തമിച്ചിരിക്കുന്നു. ഇതാണു സമാധി സ്ഥിതി.

 

മനുഷ്യർക്കു മാത്രമേ ഈ സ്ഥിതി സാധ്യമാവുകയുള്ളൂ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിലേക്കെത്താനായിരുന്നു സുദീർഘകാല ജീവപരിണാമഗതി. എല്ലാ മനുഷ്യർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ആനന്ദം ലഭിക്കുന്നുണ്ട്. പലപ്പോഴും നൈമിഷികം ആണെന്നു മാത്രം. സൃഷ്ടിയുടെ ലയത്തിൽ കലാകാരന്മാർ അനുഭവിക്കുന്നത് ഈ ആനന്ദമാണ്. ഇതു സാധാരണക്കാർക്ക് അപൂർവമായി കിട്ടുന്ന ‘മിന്നൽത്തുരീയ’ത്തെക്കാൾ കുറച്ചുകൂടി നീണ്ടുനിൽക്കുന്നു. അപ്പോഴും പക്ഷേ, സമാധിയുടെ സ്ഥിതിയിൽ എത്തുന്നില്ല.

ഈ കാര്യം വിശദമാക്കുന്ന മാണ്ഡൂക്യോപനിഷത്ത് അഥർവവേദത്തിലാണ്. (ഈ ഉപനിഷത്തിലാണ് ‘അയം ആത്മാ ബ്രഹ്മ’ എന്ന മഹാവാക്യം ഉള്ളത്). പന്ത്രണ്ടു മന്ത്രങ്ങളേ ഈ ഉപനിഷത്തിലുള്ളൂ.

 

ഉണർന്നിരിക്കുന്ന അവസ്ഥയിൽ നമ്മുടെ ജീവനെ വൈശ്വാനരൻ എന്നു പറയുന്നു. പ്രപഞ്ചശരീരത്തിലെ മുഴുവൻ വൈശ്വാനരനെ വിരാട് പുരുഷൻ എന്നും. സ്വപ്നം കാണുന്ന ജീവനു തൈജസൻ എന്നാണു പേര്. മൊത്തം പ്രപഞ്ചശരീരത്തിലെ തൈജസനു പേര് ഹിരണ്യഗർഭൻ. സ്വപ്നം കാണാതെ ഉറങ്ങുന്ന ജീവൻ പ്രാജ്ഞൻ. ജാഗ്രതവസ്ഥയിൽ മനസ്സ് പുറത്തേക്കു നോക്കുന്നു. സ്വപ്നാവസ്ഥയിൽ അകത്തേക്കും. ഗാഢനിദ്രയിൽ മനസ്സ് ബോധത്തിന്റെ പാത്രത്തിൽ നിശ്ചലമാണ്. ആ, ഊ, മ് എന്ന മൂന്നു ശബ്ദങ്ങളെക്കൊണ്ട് ഈ മൂന്നവസ്ഥകളെ ക്രമത്തിൽ പ്രതിനിധീകരിക്കാം. ഈ ക്രമത്തിൽ ഉച്ചരിച്ചാൽ ആ ശബ്ദ സംഘാതം ‘ഓം’ എന്ന ഏകാക്ഷരമാകും. ഓം ഉച്ചരിച്ചു തീരുമ്പോൾ എത്തിച്ചേരുന്നത് നിശ്ശബ്ദാവസ്ഥയിലാണ്. അതു തുരീയത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ പ്രാപഞ്ചികതയിൽനിന്നു സച്ചിദാനന്ദത്തിലേക്കുള്ള വാഹനമാണ് ഓം എന്ന അക്ഷരം. പ്രാപഞ്ചികത തുടങ്ങുന്നതോ സ്വപ്നത്തിൽ നിന്നുമാണ്.

 

ഉണർന്നിരിക്കുമ്പോഴുള്ള സ്വപ്നത്തിന്റെ വികാരഭരിതമായ ജാഗ്രതവസ്ഥയിൽനിന്നു മനസ്സ് നിദ്രയിലെ സ്വപ്നങ്ങളിലൂടെ ആശാപൂരണവും ഭയവിരേചനവും നടത്തി ശാന്തമായി അടങ്ങി ബോധത്തിലാണ്ടുപോകുന്നു. ഒരു പടി കൂടി കടന്ന് മനസ്സ് ബോധത്തിൽ പൂർണമായി വിലയം പ്രാപിച്ചാൽ തുരീയമായി.

 

ഉണർന്നിരിക്കുമ്പോൾ ഞാൻ ഉണ്ട്, സ്വപ്നം കാണുമ്പോഴും ഞാൻ ഉണ്ട്, ഒന്നും അറിയാതെ ഉറങ്ങിപ്പോയി എന്നു പറയുന്ന അവസ്ഥയിലും ഞാൻ ഉണ്ട്. ഈ ‘ഞാൻ’ ആണ് അടിസ്ഥാനബോധം. അതേയുള്ളൂ യാഥാർഥ്യമെന്നു മഹർഷി.

സ്വപ്നങ്ങളിലൂടെ പോയേ മോക്ഷം ഉള്ളൂ എന്നു സാരം. ഉണർന്നിരിക്കുമ്പോഴുള്ള സ്വപ്നങ്ങൾ കടന്ന്‌, ഉറങ്ങുമ്പോഴുള്ള സ്വപ്നങ്ങളും കടന്ന്, സ്വപ്നം ഇല്ലായ്മയും കടന്നു വേണം മോക്ഷത്തിലെത്താൻ. സ്വപ്നം കാണാതെ സൃഷ്ടിയില്ല, സൃഷ്ടിയിൽ നിന്നു നിവൃത്തിയും ഇല്ല.

(സത്വം, രജസ്സ്, തമസ്സ്‌ എന്ന മൂന്നു ‘ഗുണങ്ങൾ’ ഇന്ദ്രിയഗോചര പ്രപഞ്ചത്തെ നിർമിക്കുന്നു എന്നും ഈ മൂന്നിനെയും അതിക്രമിച്ചേ മോക്ഷപ്രാപ്തിയുള്ളൂ എന്നതിനാൽ ഓം എന്ന അക്ഷരം അയഥാർഥ്യങ്ങളെ മൊത്തമായി അതിജീവിക്കാനുള്ള ഉപാധിയായും അറിയപ്പെടുന്നു).

അഥർവവേദത്തിലെ പ്രശ്നോപനിഷത്തിലും സ്വപ്നം ചർച്ചാവിഷയമാണ്. സുകേശൻ, സത്യകാമൻ, സൗര്യയാനി എന്നു തുടങ്ങി ആറു വിദ്യാർഥികൾ സംശയനിവൃത്തിക്കായി പിപ്പലാദൻ എന്ന മഹർഷിയെ സമീപിക്കുന്നു. ഇവരിൽ സൗര്യയാനിയാണ് സ്വപ്നത്തെക്കുറിച്ചു ചോദിക്കുന്നത്: ‘സ്വപ്നം കാണുന്ന ദേവത ഏത്‌? ആ ആനന്ദം അനുഭവിക്കുന്നത് ആര്? ഇ തെല്ലാം (സ്വപ്നവും ഉറക്കവും ഉണർച്ചയും) ആരിൽ സ്വരൂപിക്കപ്പെടുന്നു?’

മനസ്സാണ് സ്വപ്നത്തിന് അധിദേവത എന്നും എല്ലാം ചേർന്നിരിക്കുന്നത് ആത്യന്തികമായ ബോധത്തിലാണ് എന്നും ഗുരു മറുപടി പറയുന്നു.

മനസ്സിനു സ്വന്തമായ അസ്തിത്വമില്ല. ഇന്ദ്രിയങ്ങളിലൂടെ ഒഴുകിവരുന്ന നദികൾ ചേർന്നുണ്ടാകുന്ന സമുദ്രമാണ് അത്. അതിൽനിന്നു മേഘങ്ങളായി കർമചോദനകൾ ഉയരുന്നു. അവ വികാരക്കാറ്റുകളിൽ പറന്ന് മലകളിൽ മഴയായി വീണ് നദികൾ പുനർജനിക്കുന്നു. ചിലപ്പോൾ പുതിയ നദികൾ ഉദ്ഭവിക്കുകയും ചെയ്യുന്നു. എല്ലാറ്റിനും പ്രഭുവും സാക്ഷിയും സ്രോതസ്സും പ്രേക്ഷകനുമായി സൂര്യൻ നിൽക്കുന്നു.

കാലം എന്ന ആശയത്തിനു സ്വപ്നത്തിൽ സംഭവിക്കുന്ന പരിണതികളും ദാർശനിക ഗ്രന്ഥങ്ങളിൽ ചർച്ചാവിഷയമാകുന്നുണ്ട്. സ്വപ്നത്തിലെ കാലത്തിന് ഉണർന്നിരിക്കുമ്പോഴുള്ള അനുഭവലോകത്തിലെ കാലവുമായി ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. നീണ്ട കാലത്തെ അനുഭവം സ്വപ്നത്തിൽ ചിലപ്പോൾ ഒരു നിമിഷത്തിനകം സംഭവിക്കുന്നു. ഒരു നിമിഷത്തിലെ ലോകാനുഭവം സ്വപ്നത്തിൽ യഥേഷ്ടം നീളുകയും ചെയ്യുന്നു. സ്വപ്നം ഭാവികാലത്തിലേക്കു ബഹുദൂരം ചെല്ലുന്നതും പതിവാണ്. 

 

സ്വപ്നങ്ങൾ പ്രവചനാത്മകങ്ങളാണ് എന്നൊരു വിശ്വാസം പണ്ടേ നിലവിലുണ്ട്. ‘സ്വപ്നം ചിലർക്ക് ചില കാ ലം ഒത്തിടും’ എന്നു മാത്രമല്ല ‘പുലർകാ ലക്കിനാവ് പാഴാവില്ല’ എന്നുവരെയുണ്ട് വിശ്വാസം. ഉണർന്നിരിക്കുമ്പോൾ നടത്തുന്ന ഭാവിനിഗമനങ്ങളെക്കാൾ സ്വപ്നത്തിലെ ഭാവി ദർശനങ്ങൾ വിശ്വസനീയങ്ങളാണ് എന്നാണു ധാരണ. രാവണന്റെ പരാജയം സീതയ്ക്കു കാവലിരിക്കുന്ന രാക്ഷസസ്ത്രീകൾ മുൻകൂട്ടി സ്വപ്നം കണ്ടു എന്നു രാമായണത്തിൽ പറയുന്നുവല്ലോ. ഇത്തരം മുൻകാഴ്ചയ്ക്കു പക്ഷേ, ശാസ്ത്രീയമായ അടിത്തറ പഴയ അറിവുകളിൽ കാണുന്നില്ല.

‘സർവസ്യചാഹം ഹൃദി സന്നിവിഷ്ട’ (പ്രപഞ്ചത്തിൽ എല്ലാറ്റിന്റെയും ഹൃദയത്തിൽ പരാശക്തി കുടികൊള്ളുന്നു) എന്നു ഗീതാപാഠമുണ്ട്. അതാണു കാരണപുരുഷൻ. അതിന്റെ ആദ്യ ത്തെ ആത്മാവിഷ്കാരം പ്രകൃതി എ ന്ന അക്ഷരപശ്ചാത്തലം. ഇതിന്റെ ആ വിഷ്കാരം ക്ഷരലോകം എന്ന ഭൗതികപ്രപഞ്ചം. മൂന്നും എല്ലാ ചരാചരങ്ങളിലും ഒപ്പം കുടികൊള്ളുന്നു. അതിനാൽ പ്രപഞ്ചത്തിലെങ്ങും പരാശക്തി എപ്പോഴും ഉണ്ട്. പരാശക്തി മാത്രമേ ആത്യന്തിക ഉണ്മയായി ഉള്ളൂ എന്നാണു വേദാന്തനിഗമനം. അതായത് അതിന്റെ തലത്തിൽ നിന്നു നോക്കുമ്പോൾ രണ്ടാ മത്തെയും മൂന്നാമത്തെയും തലങ്ങൾ സ്വപ്നതുല്യമാണ്. മരുഭൂമിയിലെ മരീചികപോലെ എന്നു ശുദ്ധ മായാവാദികൾ പറയും.

വേദങ്ങളിൽ സ്വപ്നത്തെ ചന്ദ്രപ്രകാശവുമായി ബന്ധപ്പെടുത്തിക്കാണുന്നു. മനസ്സ് ചന്ദ്രനും ബുദ്ധി സൂര്യനും. ‘തലയ്ക്കകത്തു നിലാവാണെ’ന്നു സ്വപ്നാടന സ്വഭാവക്കാരെപ്പറ്റി പറയാറുണ്ടല്ലോ. സ്വപ്നപ്രേരകമായതിനാലാവാം നിലാവിനെ ഭ്രാന്തുണ്ടാക്കുന്നതെന്നു പഴിക്കാറുണ്ട്. ലൂനാറ്റിക്കും ലൂനസിയും ലൂനാർ കാര്യങ്ങളെന്നു പടിഞ്ഞാറുനിന്നുകൂടിയും കേട്ടുകേൾവിയുമുണ്ട്. ഒരു കാര്യം തീർച്ചയാണ്: സ്വപ്നങ്ങളേ ഇല്ലെങ്കിൽ കല എന്നൊന്നുണ്ടാവില്ല. സ്വപ്ന ദൃശ്യങ്ങളാണ് കലകളിൽ ആവിഷ്കൃതമാകുന്നത്. സ്വപ്നാനുഭൂതിയാണ് അനുവാചകപുണ്യം. പ്രതിഭാനിദർശനങ്ങൾ പലപ്പോഴും നാളേക്കു വഴികാട്ടി ആകാറുമുണ്ട്. എന്നുവച്ച് സ്വപ്നത്തെ അതിരുകവിഞ്ഞ് ആശ്ര യിക്കാനും വയ്യ. മലർപ്പൊടിക്കാരന്റെ കഥയിലെ സ്വപ്നം ഉദാഹരണം.

 

എന്തായാലും വിരസവും ദുഃഖപൂർണവുമായ ഒരു പ്രാപഞ്ചിക ജീവിതരീതിയിൽനിന്നു പുറത്തു കടന്നു നമുക്കു മനോഹരങ്ങളായ സ്വപ്നങ്ങൾ കാണുക. അവയിലേതെങ്കിലും ചിലപ്പോൾ നാളെ സത്യമായി വന്നുകൂടായ്കയില്ലല്ലോ. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലും തൽക്കാലത്തേക്ക് നമുക്കു പ്രതീക്ഷയ്ക്കു വക കിട്ടുന്നു. സ്വപ്നങ്ങൾ സ്വർഗകുമാരികൾ തന്നെ! അവ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം!

 

(2021 ഭാഷാപോഷിണി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

 

Content Summary: C Radhakrishnan writes on dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT