ADVERTISEMENT

എടപ്പാളങ്ങാടിയിൽ

പുതിയ പാലമൊന്ന് പൊങ്ങി 

നോട്ട് പുസ്തകം പോലെ

നെഞ്ചിൽ ചേർത്തു പിടിച്ചിരുന്ന

തൃശ്ശൂർ റോഡും പൊന്നാനിയും 

കുറ്റിപ്പുറവും പട്ടാമ്പിയും

വേർപെട്ടുപോയി

 

 

ചില്ലകളാൽ കൈകോർത്തു 

നിന്ന മരങ്ങൾ 

ഇരുകരകളിലുമായി 

അപ്പുറമിപ്പുറമായി 

ആതിരയും ആവണിയും

പൊന്നോണവും

പൂരാടവാണിഭവും

ഉത്രാടപ്പാച്ചിലുമിനി

ഇരുപുറമായി പകുത്തിടും കാലം

 

അങ്ങുമിങ്ങുമിരുന്ന്

കൈവീശി സൗഹൃദം

കാട്ടിയിരുന്ന

മുറുക്കാൻ കടകളുടെ 

പുഞ്ചിരി മറക്കും

മാസ്ക്കായി പാലം

 

മുല്ലപ്പൂവിനു 

വിലപേശി നിൽക്കും 

തമിഴത്തിയുടെ മനസ്സ്

പാലമേറി പായും ബസ്സിന്

പിന്നാലെ പോകും 

ആരു വാങ്ങുമിനിയിതെന്ന്

വൈകുന്നേര വെയിലിനൊപ്പം വാടിക്കരിയും

റോഡിനിരുവശവും

നിന്നുള്ള കമിതാക്കളുടെ കണ്‍കോർക്കലുകൾ 

ഉടഞ്ഞു തകരുമിനിയി

പാലത്തിന്റെ കാൽവരിയിൽ 

 

ആശുപത്രിരോദനങ്ങൾ

പാലം കയറിയിറങ്ങി

പിടിവിട്ട് താഴെ വീഴും

കൈ താങ്ങായി നിന്നിരുന്ന

അന്തിമേഘങ്ങൾ

കുതറി മാറും 

തെരുവ് രണ്ടു ലോകമായി തീരും

പലനിറത്തിലുള്ള ആവലാതികൾ 

തോളത്തിട്ട് മനുഷ്യർ

പാലത്തിനു ചുവട്ടിലൂടെ 

അങ്ങോട്ടുമിങ്ങോട്ടും പോകും

 

ചെരുപ്പുകൾ തുണികൾ 

മരുന്ന് കടകൾ

കാൽച്ചുവട്ടിലാക്കിയ വമ്പൻ പാലം

ആരുണ്ട് എന്നെ വെല്ലാനെന്ന് 

തലേക്കെട്ട് കെട്ടി

മീശ പിരിച്ചു നടുവിൽ 

നെഞ്ച് വിരിച്ചു നിൽക്കും

 

മഴ വന്നു മടിച്ചു നിൽക്കുമിനിയതിന്റെ 

അതിരുകളിൽ

പരിചിതമായ ഇടവഴികൾ തേടിയലയും കാറ്റതിൽ 

തട്ടിയും തടഞ്ഞു നിൽക്കും

പിഞ്ഞിക്കീറി പോയൊരീയാകാശത്തെ ആര്

തുന്നിചേർക്കുമെന്ന്

കിളികൾ പിറുപിറുക്കും

sindhu-korattu
സിന്ധു കോറാട്ട്

എവിടെ വിതറണമീ പൊൻകതിരുകളെന്നു 

പിണങ്ങി നിൽക്കുന്നുണ്ടാവുമൊരു സൂര്യൻ...

 

പാലത്തിൻ കഥയറിയാതെ 

പാതിരക്ക് തിരിച്ചെത്തിയൊരു

പ്രവാസി പല മുഖങ്ങളിൽ 

നിന്നൊരു പ്രിയ മുഖമെന്നപോലെ

ജനിച്ചു വളർന്ന ഗ്രാമത്തെ തിരയും...

 

അടുത്തിടെ പണികഴിപ്പിച്ച എടപ്പാൾ ചുങ്കത്തെ പാലത്തെ കുറിച്ചുള്ള കവിത. കവി പി. പി. രാമചന്ദ്രന്റെ ഫേസ് ബുക്കു പോസ്റ്റിലെ പാലത്തിന്റെ വീഡിയോ പ്രചോദനം. 

 

Content Summary: Edappalam, Malayalam poem written by Sindhu Korattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT