ADVERTISEMENT

എവിടെപ്പോയി?

പലയിടത്തും പലരോടും തിരക്കി

വെയിലേറ്റും മഴ നനഞ്ഞും

ചിലപ്പോഴൊക്കെ മഞ്ഞുമൂടിയും

മുറ്റത്തും വളപ്പിലും ഞങ്ങൾ

കലപില കൂട്ടിയും

കുത്തിമറിഞ്ഞും

അതിവിടെ ഉണ്ടായിരുന്നു

 

പിന്നെവിടെപ്പോയി

അപ്പോഴാണ് അവരും തിരക്കിയിറങ്ങുന്നത്

മുറ്റത്ത് നിഴൽ പരത്തി നിന്ന ആഞ്ഞിലി

അരികുതോറും മാവും പ്ലാവും

കാക്കയും മൈനയും പ്രാവും കൂട്ടുറുവനും

വടക്കു കിഴക്കേ മൂലയിൽ കുറ്റിക്കാട്

തൊട്ടടുത്ത് കല്ലുവെട്ടാംകുഴി

പുറകിൽ ഒരു മൈതാനം

അത് കഴിഞ്ഞാൽ ഒരു നീർച്ചാൽ

കുറെ തെങ്ങുകൾ, പാടം, ചിറ

ചിറയ്ക്കരുകിൽ നിര നിരയായ്

പുലയക്കുടിലുകൾ

തെക്കു വശത്ത് മരച്ചീനിത്തോട്ടം

നടുമുറ്റത്തൊരു കിണർ

വടക്കു പുറത്ത് ഒരിടവഴിയോ മറ്റോ

കബഡി കളിച്ച ഇളക്കമണ്ണ് 

ആരോ വാരിയെടുത്തിരിക്കുന്നു

കണ്ണുപൊത്തിക്കളിച്ച പുൽത്തകിടി

ബാഡ്മിന്റൻ കോർട്ട്

ഭാസ്കരൻ നായർ സാറിനടുത്ത്

സ്പെഷൽ ഇംഗ്ലിഷ് പഠിക്കാൻ

സുധയ്ക്കും രാജശ്രീക്കും ശോഭനയ്ക്കുമൊപ്പം

നടന്നു പോയ വഴി.

 

‘‘സ്കൂൾ എവിടെപ്പോകാൻ’’

‘‘അവിടെത്തന്നെയുണ്ടാകും’’

പക്ഷേ, സ്കൂൾ മാത്രം കാണുന്നില്ല

തലങ്ങും വിലങ്ങും ഓടിട്ട കെട്ടിടങ്ങൾ

നീണ്ട വരാന്ത

ആകാശം അതു പോലെ തന്നെയുണ്ട്

സ്കൂളിന്റെ നിഴൽച്ചിത്രം പതിഞ്ഞ മണ്ണും

പൊടുന്നനെ, സ്കൂൾ മാത്രം ഇല്ലാതായോ

വിറ്റുപോയതായി ആർക്കും ഓർമയില്ല

ഒരു ബുൾഡോസർ 

ഇടിച്ചു നിരത്തുന്നതോ

ടിപ്പർ കടത്തിക്കൊണ്ടുപോകുന്നതോ

ആരും കണ്ടതായി പറയുന്നില്ല

എന്നാൽ എല്ലാവരും ഭയപ്പെടുന്ന പോലെ

സ്കൂളിനെക്കുറിച്ച് തിരക്കുന്നതു തന്നെ

ഭീതിദമായ ഒരുൾക്കാളലാകുന്നു

സ്കൂളിനെക്കുറിച്ച് ഓർമകളുണ്ടെന്ന് പറയുകപോലും അരുത്

സ്കൂൾ എവിടെയായിരുന്നുവെന്ന് പോലും

ഒരാൾക്കും നിശ്ചയമില്ല

സ്കൂളിനെക്കുറിച്ച് തിരക്കിയവരെയൊന്നും

പിന്നെയാരും കണ്ടിട്ടുമില്ല

തമോഗർത്തത്തിൽ ഒടുങ്ങുന്ന

നക്ഷത്രങ്ങൾ പോലെ

വെളിച്ചം മിന്നുന്ന സ്വപ്നങ്ങൾ കൂടി

സ്കൂളിനെക്കുറിച്ച് ഇല്ലാതായി

 

സ്കൂൾ എന്നാണുണ്ടായിരുന്നത്

raju-vallikkunnam
രാജു വള്ളിക്കുന്നം

ഇനി സ്കൂൾ തന്നെ ഉണ്ടായിരുന്നോ

അവിടെ ഞാൻ തന്നെ പഠിച്ചിരുന്നോ

ഞാൻ തന്നെ ഉണ്ടായിരുന്നോ

 

Content Summary: Njan Padicha School Ippolilla, Malayalam poem written by Raju Vallikkunnam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT