ADVERTISEMENT

അറുപതു വർഷം പിൻനടത്തം ചെയ്‌തുവേണം സ്വയംവരത്തിലെത്താൻ. സ്വയംവരമൊരുക്കാനുള്ള യാത്രയാകട്ടെ സാമാന്യം ദീർഘവും ദുർഘടവും സാഹസികവുമായിരുന്നു. നാടകം തലയ്‌ക്കു പിടിച്ചിരുന്ന അക്കാലം എനിക്ക് സിനിമ അന്യമെന്നപോലെ അകന്നതുമായിരുന്നു. പുണെയിലെ (അന്ന് പൂന) ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 1960 ൽ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും ആ സ്ഥാപനം എന്റെ ശ്രദ്ധയിൽപെട്ടത് അതിനടുത്ത വർഷം പത്രങ്ങളിൽ വന്ന ഒരു പരസ്യത്തിലൂടെയായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ വാർത്താവിതരണവകുപ്പ് നേരിട്ട് ആരംഭിച്ചുനടത്തിയിരുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ആ പരസ്യത്തിൽ എന്റെ മനസ്സുടക്കിയത് സ്ക്രീൻപ്ലേ റൈറ്റിങ് ആൻഡ് ഡയറക്‌ഷൻ എന്ന വകുപ്പിന്റെ ആദ്യഭാഗത്തിലാണ്: സ്ക്രീൻപ്ലേ രചന.

നാടകരചനയെപ്പറ്റി ആധികാരികമായും അക്കാദമികമായും പഠിക്കുവാനുള്ള ഒരവസരമായാണ് ഞാനതിനെ കണ്ടതും കാംക്ഷിച്ചതും. അപേക്ഷയയച്ചു, പുണെയിൽ പോയി ടെസ്റ്റ് എഴുതി ജയിച്ചു, അഭിമുഖത്തിൽ ഒന്നാമനായി, മെറിറ്റ് സ്‌കോളർഷിപ്പിന് അർഹനുമായി. രണ്ടാമതൊന്നാലോചിക്കാതെ നാഷനൽ സാംപിൾ സർവേ വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർ ഉദ്യോഗം രാജിവച്ച് പുണെയ്ക്കു തീവണ്ടി കയറി. അജ്‌ഞാതത്തിലേക്കുള്ള ഒരു യാത്രയായിരുന്നു അത്. അനിശ്ചിതമായ  ഭാവിയിലേക്കുള്ള അന്ധമായ എടുത്തുചാട്ടം.

രണ്ടാം ബാച്ചിൽ (1962) പ്രവേശനം നേടി, സിനിമാഭ്യാസം ആരംഭിച്ചെങ്കിലും വായിച്ചതൊക്കെ നാടകങ്ങളും നാടകാവതരണത്തെപ്പറ്റിയുള്ള ഗ്രന്ഥങ്ങളും മാത്രം. അതിനകം ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ചു വച്ചിരുന്ന ഒന്നാന്തരം പ്രമാണഗ്രന്ഥങ്ങൾ വലിയൊരനുഗ്രഹം തന്നെയായിരുന്നു. ഉത്തമസിനിമകൾ കാണുകയും പ്രാഥമികപാഠങ്ങൾ ഗ്രഹിക്കുകയുമൊക്കെ ചെയ്തെങ്കിലും എന്റെ മനസ്സിൽ നാടകം കൂടുതൽ ആർജവത്തോടെ ഉറയ്‌ക്കുകയായിരുന്നു. 

ആദ്യവർഷം മുഴുവൻ സിനിമയുടെ സങ്കീർണവും ഒപ്പം മർമപ്രധാനവുമായ വിവിധ സാങ്കേതികവിഭാഗങ്ങളുമായി പരിചയപ്പെട്ടു, അവയെപ്പറ്റി സാമാന്യത്തിലേറെയുള്ള പരിജ്‌ഞാനം സ്വാംശീകരിച്ചു. നാടകീയത എന്ന സങ്കൽപം നാടകത്തിലേക്കു മാത്രം ചുരുക്കാവുന്ന ഒരു ഗുണമല്ലെന്നും മനസ്സിലായി. നമ്മുടെ വാക്കിലും എഴുത്തിലുമെല്ലാം നാടകീയതയുടെ നാമ്പുണ്ട്, കാമ്പുണ്ട്. അതാണ് ഒരുപക്ഷേ, അവതീർണമാവുന്ന വിഷയങ്ങളെയും വ്യക്തികളെത്തന്നെയും സ്വീകാര്യമാക്കുന്നതെന്നും. എല്ലാ അവതരണങ്ങൾക്കും ആദിയും മധ്യവും അന്തവും ഉണ്ടാവുമെന്നതുപോലെ നാടകീയതയും അനുപേക്ഷണീയമാണ്. പ്രതലം തികച്ചും ശാന്തവും സ്വച്ഛവുമാണെന്ന തോന്നൽ ഉളവാക്കുമ്പോഴും ഉള്ളിൽ തിളച്ചുമറിയുന്ന ഒരു ആന്തരിക–നാടകീയ– സംഘട്ടനതലം ഉണ്ടാവാം. അപ്പോഴാണ്, അപ്പോൾ മാത്രമാണ് അനുവാചകനിലേക്കു ഫലവത്തായ അനുഭവസംക്രമണം സാധിക്കുക. ചുരുക്കത്തിൽ കലയുടെ അടിസ്ഥാനഘടകമാണ് നാടകീയത.

സിനിമാപഠനം രണ്ടാംവർഷത്തിലെത്തിയപ്പോഴേക്കും എനിക്ക് കാര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ഏതാണ്ടൊരു ധാരണയൊക്കെ ആയിത്തുടങ്ങി. അതിനു കാരണക്കാരായ അധ്യാപകരിൽ പ്രധാനികളായിരുന്നു സംവിധാനവകുപ്പിന്റെ പ്രഫസറും വൈസ് പ്രിൻസിപ്പലുമായി എത്തിയ റിത്വിക്‌ഘട്ടക്കും  സിനിമാസ്വാദനവകുപ്പ് പ്രഫസറായി ചാർജെടുത്ത സതീശ് ബഹാദൂറും.  ഒരു ചലച്ചിത്ര വിദ്യാർഥി സിനിമ കാണേണ്ടതെങ്ങനെയെന്നും അതിനെ ഒരു കലാരൂപമായി അറിയുകയും അപഗ്രഥിക്കുകയും ചെയ്യേണ്ടതെങ്ങനെയെന്നും പ്രഫസർ ബഹാദൂറിൽനിന്നു പഠിച്ചു.

സിനിമയെ അടിമുടി ഉടച്ചുവാർത്ത് പകരമൊന്നു സ്ഥാപിച്ചെടുത്ത ഘട്ടക്കിന്റെ സിനിമകളുടെ കാഴ്‌ചയിലൂടെയും അവയുടെ നിർമാണപ്രക്രിയയുടെ വിശദാംശങ്ങൾ സ്രഷ്‌ടാവിൽനിന്നുതന്നെ നേരിട്ടു കേട്ടറിഞ്ഞുള്ള അനന്യമായ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുമാണ് ഞാൻ സിനിമയെ വേറിട്ട രീതിയിൽ കണ്ടറിയുവാൻ തുടങ്ങുന്നത്. 

തിരക്കഥാവകുപ്പ് പ്രഫസർ ആർ.എസ്.പ്രൂഥി അങ്ങേയറ്റം കണിശക്കാരനായിരുന്നു. അദ്ദേഹം സാമാന്യം വിശദമായിത്തന്നെ പഠിപ്പിച്ച ഫിലിമിക് എക്സ്‌പ്രഷൻ എന്ന വിഷയം പുതിയ മാധ്യമത്തിന്റെ സാധ്യതകളും പരിമിതികളും പരിചയപ്പെടുത്തി. നാടകവും നോവലും കഥയുമൊക്കെ സിനിമയിലേക്ക് എങ്ങനെ രൂപാന്തരപ്പെടുത്താമെന്നു പഠിതാക്കളെ ബോധവാന്മാരാക്കി. ഓരോയിനം സാഹിത്യരചനയെയും അവലംബമാക്കി തിരക്കഥകളെഴുതിപ്പിച്ചു. നിർദിഷ്‌ട കഥാസന്ദർഭങ്ങളെച്ചുറ്റി കഥയും തിരക്കഥയും രചിക്കുകയെന്ന രചനാവ്യായാമം തുടർച്ചയായി ഏർപ്പെടുത്തി. പോരായ്‌മകൾ ചൂണ്ടിക്കാട്ടിയും നേട്ടങ്ങളെ പ്രോത്സാഹിപ്പിച്ചും അദ്ദേഹം തികഞ്ഞ കാർക്കശ്യത്തോടെതന്നെ ഞങ്ങളുടെ രചനാഭിരുചികളെ ഉദ്ദീപ്‌തമാക്കി. സാഹിത്യകൃതികളെ ഉപജീവിച്ചും സ്വതന്ത്രമായവ സൃഷ്‌ടിച്ചുമുള്ള രചനകൾ ഏതാണ്ട് മാസത്തിൽ ഒന്ന് എന്ന കണക്കിൽ എഴുതിപ്പിച്ചു. കയ്യെഴുത്തായല്ല, മറിച്ച് ഭംഗിയായി ടൈപ്പ് ചെയ്‌തു ബൈൻഡ് ചെയ്‌തുവേണമായിരുന്നു അവ പരിശോധനയ്ക്കു സമർപ്പിക്കുവാൻ (ഈ നിബന്ധന കാരണം സ്വന്തമായി ഒരു ചെറിയ ടൈപ്പ്റൈറ്റർ വാങ്ങുവാനും ടൈപ്പിങ് പഠിക്കുവാനും ഇടയായി. അതു ജീവിതകാലം മുഴുവൻ സഹായകമായ ഒരനുഗ്രഹമായി മാറിയെന്നതും ഇവിടെ അനുസ്‌മരിക്കട്ടെ). 

ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ രണ്ടുവർഷം തിരക്കഥാരചനയ്‌ക്ക് ഊന്നൽ കൊടുത്തും അത്യാവശ്യം സംവിധാനപാഠങ്ങൾ വശമാക്കിച്ചുമാണു ചെലവഴിക്കുക. ഇക്കാലം ലോകസിനിമയുടെ ആരംഭം മുതലുള്ള ക്ലാസിക്‌ ചിത്രങ്ങളുടെ പ്രദർശനവും പുരോഗമനചരിത്രവും അവയുടെ സാങ്കേതികവും കലാപരവുമായ പ്രത്യേകതകളും പഠനവിഷയമാക്കും. ഏതാനും സെക്കൻഡുകൾ മാത്രം നീളുന്ന ഏകദൃശ്യചിത്രങ്ങൾ മുതൽ ഏറ്റവും ആധുനികവും സങ്കീർണവുമായ കൃതികൾവരെ എല്ലാംതന്നെ വിശദമായ ചർച്ചകൾക്കും അന്വേഷണങ്ങൾക്കും വിധേയമാക്കും. ചുരുക്കത്തിൽ, സിനിമ അതിന്റെ ശൈശവം മുതൽ ഉരുത്തിരിഞ്ഞുവന്ന വഴികളും കണ്ടെത്തലുകളുമെല്ലാം ചേർന്ന് അനിഷേധ്യമായ ഒരു കലാരൂപമായതെങ്ങനെയെന്നു പഠിതാക്കൾ കണ്ടും കേട്ടും ചിന്തിച്ചും അറിയും. അതിന്റെ തനതായ ഭാഷ അവർ ആയാസപ്പെട്ടാ ണെങ്കിലും അവകാശപ്പെടുത്തും.

ഒരു ഡസനിലധികം നാടകങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുള്ള എനിക്ക് തിരക്കഥാരചന ഒരു ബാലികേറാമല ആയിരുന്നില്ല. പഴയ പതിവുകൾ സമ്പത്തായി കരുതിക്കൊണ്ടുതന്നെ പുതിയൊരു മേഖലയിലേക്ക് അവശ്യം മാറ്റങ്ങളും ഉള്ളറിവുകളുമായി രംഗപ്രവേശം ചെയ്യുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. 

രണ്ടാം കൊല്ലത്തെ പരീക്ഷയോടുകൂടി കോഴ്‌സിന്റെ ഒന്നാം ഭാഗം തീരുകയാണ്. പരീക്ഷയുടെ പ്രധാന ഘടകം ഓരോരുത്തരും എഴുതി സമർപ്പിക്കുന്ന കഥാചിത്രത്തിന്റെ തിരക്കഥതന്നെയാണ്. വകുപ്പു മേധാവിക്കു പുറമേ തിരക്കഥ വായിച്ച് മാർക്കിടുന്നതു പുറമേയുള്ള വിദഗ്‌ധനായ ഒരു തിരക്കഥാകൃത്തായിരിക്കും.

പരീക്ഷയ്‌ക്കു ശേഷമുള്ള അവധി കഴിഞ്ഞ് പുണെയിൽ തിരിച്ചെത്തിയ ഒരു ദിവസം എന്റെ പ്രഫസറുടെ സന്ദേശമെത്തി, ഉടനെ വന്നു കാണുക.  വല്ലാത്തൊരങ്കലാപ്പോടെ പ്രഫസറുടെ മുറിയിലേക്കു കടന്നുചെല്ലുമ്പോൾ മുഖം നിറയെ സന്തോഷത്തോടെയും അഭിമാനത്തോടെയും സിഖുകാരനായ പ്രഫസർ പ്രൂഥി പറഞ്ഞുതുടങ്ങി, ഐ ആം പ്രൗഡ് ഓഫ് യൂ. തിരക്കഥ പരിശോധിച്ച എക്‌സ്റ്റേണൽ എക്സാമിനർ കെ.എ. അബ്ബാസായിരുന്നു. അദ്ദേഹം സ്‌ക്രിപ്‌റ്റ് വായിച്ചിട്ടു പറഞ്ഞു, നിങ്ങളുടെ ഒരു സ്റ്റുഡന്റിന് ഇങ്ങനെയൊരു സ്‌ക്രിപ്‌റ്റ് എഴുതാൻ കഴിഞ്ഞതിൽ നിങ്ങൾക്ക് അഭിമാനിക്കാം. ഇതോടെ നിങ്ങളുടെ പരിശീലനം സാർഥകമായി. 

താങ്ക്‌ യു സർ എന്നു പറഞ്ഞ് ഞാനാശ്വാസപൂർവം പുറത്തേക്കിറങ്ങി. എന്റെ തിരക്കഥയ്‌ക്കു ലഭിക്കുന്ന ആദ്യത്തെ അംഗീകാരം! (ഇവിടെ ഒന്നു ഞാനോർക്കുന്നു, പ്രവേശനപ്പരീക്ഷ കഴിഞ്ഞുള്ള ഇന്റർവ്യൂവിൽ ബോർഡിന്റെ അധ്യക്ഷനായിരുന്നത് പ്രശസ്തനായ എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായിരുന്ന കെ.എ. അബ്ബാസ് ആയിരുന്നു. അദ്ദേഹത്തിന്റെ ബോർഡാണ് എനിക്കു പ്രവേശനപ്പരീക്ഷയിൽ ഒന്നാം റാങ്ക് നൽകിയത്).

ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ രണ്ട് ഡിപ്ലോമാ ഫിലിമുകൾ ചെയ്‌തു. ദ്വിവത്സരകോഴ്‌സിന്റെ അവസാനവും അഡ്വാൻസ്‌ഡ് ഡയറക്‌ഷൻ കോഴ്‌സിന്റെ ഭാഗമായും. രണ്ടിനും ദൈർഘ്യം ഇരുപതു മിനിറ്റിനു താഴെയായിരുന്നു. അതിൽ ആദ്യത്തെ ‘എ ഗ്രേറ്റ് ഡേ’ ആണ് കൂടുതൽ പോപ്പുലറായത്. കാരണം, അതൊരു കോമഡി ചിത്രമായിരുന്നു. ഒരു പരിധിവരെ അത് ആത്മകഥാപരമായിരുന്നുവെന്നു പറയാം. മടിയനും മന്ദനും എല്ലാറ്റിനും പുറമേ പ്രണയബദ്ധനുമായ ഒരു ചെറുപ്പക്കാരനായിരുന്നു നായകൻ.  അയാളുടെ ഒരു ദിവസത്തെപ്പറ്റിയായിരുന്നു സിനിമ. 

തന്റെ അച്ഛൻ അയാളെ കാണാൻ വരുന്നുണ്ട്, അയാൾ വന്നുകണ്ട് ഇഷ്‌ടപ്പെട്ടാൽ പ്രണയസാഫല്യമുണ്ടാവുമെന്നു നായിക വന്നുപറഞ്ഞു പോകുന്നിടത്ത് ആരംഭിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും അവലക്ഷണം പിടിച്ചുകിടക്കുന്ന മുറി ഒന്നടിച്ചുവാരി വൃത്തിയാക്കിവയ്‌ക്കാനുള്ള വിഫലശ്രമങ്ങൾക്കായി ചെലവാകുന്നു. ഒടുവിൽ അച്ഛനെത്തുമ്പോൾ അയാൾ എങ്ങുമെത്താതെ അന്ധാളിച്ചു വാപൊളിച്ചു നിന്നു പോയി. എല്ലാം കുഴപ്പത്തിലായെന്ന ചിന്തയിൽ കട്ടിലിലേക്കു കമഴ്‌ന്ന അയാളെ കുറെ കഴിഞ്ഞ് പ്രണയിനി വന്നു വിളിച്ചെണീൽപ്പിക്കുകയായിരുന്നു. 

അവൾ കൊണ്ടുവന്നതു സന്തോഷവാർത്തയാണ്. അച്ഛന് പയ്യനെ ഇഷ്‌ടപ്പെട്ടു. അന്തംവിട്ടുനിന്ന അയാളോട് അവൾ തുടർന്നു പറഞ്ഞു: അച്ഛൻ ഒരു ഡെന്റിസ്റ്റാണ്. വായും തുറന്നുനിന്ന നിങ്ങളുടെ ഭംഗിയുള്ള ദന്തനിര അദ്ദേഹത്തിന് ഏറെ പിടിച്ചു!

ഈ ചിത്രത്തിലെ നായിക സുധാറാണി ശർമയെന്ന അഭിനയ വിദ്യാർഥിനിയെത്തന്നെ ലൈറ്റ് എന്ന പേരിലുള്ള അടുത്ത ചിത്രത്തിലും അഭിനയിപ്പിച്ചു. ടി.എൻ. ഗോപിനാഥൻ നായരുടെ ഒരു റേഡിയോ നാടകത്തെ ഉപജീവിച്ചെഴുതിയതായിരുന്നു സ്‌ക്രിപ്‌റ്റ്. ഇലക്‌ട്രിസിറ്റി വകുപ്പിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ കുഞ്ഞുമകൾക്ക് ഡിഫ്‌തീരിയയാണെന്നു ഡോക്‌ടർ കണ്ടെത്തുന്നു. ഉടൻ ഓപ്പറേഷൻ ചെയ്യണം. ഹോസ്‌പിറ്റലിലെത്തിച്ച് ഓപ്പറേഷൻ ടേബിളിൽ ശസ്‌ത്രക്രിയ നടക്കുന്ന സമയത്തുതന്നെ സമരത്തിന്റെ ഭാഗമായി തൊഴിലാളികൾ പവർസപ്ലൈ വിച്ഛേദിക്കുന്നു. ഇരുട്ടിലായ ഓപ്പറേഷൻ മുറിയിൽനിന്നു പരിഭ്രമത്തിലുള്ള വിളികളുയർന്നു, ലൈറ്റ്!! 

പിൽക്കാലം പ്രശസ്തരായി മാറിയ മണി കൗൾ, സുഭാഷ് ഗൈ, അസ്രാണി തുടങ്ങിയ പലരും ഈ പടത്തിൽ അഭിനേതാക്കളായിരുന്നു

പരിശീലനം പൂർത്തിയാക്കി മടങ്ങാൻ മാസങ്ങൾ ബാക്കിയുള്ളപ്പോൾ ഞാനൊരു തീരുമാനമെടുത്തു. സീനിയർ ബാച്ചുകാർ ചെയ്‌തതുപോലെ ഒന്നടങ്കം ബോംബെ ഫിലിം ഇൻഡസ്‌ട്രിയെ ലക്ഷ്യമാക്കി പോവുക എന്ന പരിപാടി ഉപേക്ഷിച്ച് കേരളത്തിലേക്കുതന്നെ മടങ്ങുക. 

സഹപാഠികളായ ശബ്‌ദലേഖന വിദ്യാർഥി ദേവദാസ്, ഛായാഗ്രഹണവിദ്യാർഥി അബ്‌ദുൽ ലത്തിഫ്, എഡിറ്റിങ്‌ വിദ്യാർഥി മേലാറ്റൂർ രവിവർമ എന്നിവരെ ചേർത്ത് ഒരു ഫിലിം യൂണിറ്റ് രൂപീകരിച്ചു. ആയിടെ പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയെടുക്കാനായി ബോംബെ ഭാരതീയ വിദ്യാഭവനിൽ ചേർന്നിരുന്ന കുളത്തൂർ ഭാസ്‌കരൻ നായർക്ക് പൊതുസമ്പർക്കച്ചുമതലയും നൽകി (അവധി ദിവസങ്ങളിൽ ഭാസ്‌കരൻ നായർ എന്നെ കാണാനായി പുണെയിൽ പതിവായി എത്തിയിരുന്നു. മുൻപ് ഞങ്ങൾ മധുര ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരേ ബാച്ചിൽ പഠിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് ഭാരത് സേവക് സമാജത്തിനു കീഴിൽ നാടകസമിതിയുണ്ടാക്കി, എന്റെ എഴുത്തിലും സംവിധാനത്തിലും സോദ്ദേശ്യ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു). 

ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിലൂടെയുള്ള ലോ കോളജ് റോഡിലെ ഒരു കലുങ്കിന്റെ കെട്ടിലായിരുന്നു ഞങ്ങൾ സമ്മേളിക്കുക. അന്നൊക്കെ അന്യർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ പ്രവേശനം നിഷിദ്ധമായിരുന്നു. ഫിലിം യൂണിറ്റിനെ കേന്ദ്രീകരിച്ച് ഒരു മൂന്നിന പരിപാടിയാണ് ഞങ്ങൾ ആവിഷ്‌കരിച്ചത്. ഒന്ന്, കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം ആരംഭിക്കുക. രണ്ട്, സിനിമയെപ്പറ്റി ഈടുള്ള പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുക. മൂന്ന്, ഒരു കലാരൂപമായി കണ്ടുകൊണ്ട് സിനിമകൾ നിർമിക്കുക.

1965 ജൂലൈ മാസത്തിൽ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി, ചിത്രലേഖ പ്രവർത്തനമാരംഭിച്ചു. ഒപ്പം മറ്റു ടൗണുകളിൽക്കൂടി സൊസൈറ്റികൾ സ്ഥാപിക്കുവാനുള്ള ശ്രമവും ആരംഭിച്ചു. രണ്ടാം ലക്ഷ്യമായ ചലച്ചിത്രസാഹിത്യരചനയെ മുൻനിർത്തി ചിത്രലേഖ ഫിലിം സുവനീർ പ്രസിദ്ധീകരിച്ചു. ഈ രംഗത്തെ പ്രഗല്ഭരെ പങ്കെടുപ്പിച്ചുകൊണ്ടു സിനിമയുടെ നാനാവശങ്ങളെപ്പറ്റിയുള്ള സാങ്കേതികവും കലാപരവും ചരിത്രപരവുമായ ഈടുറ്റ ഒട്ടേറെ ലേഖനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

മൂന്നാം ലക്ഷ്യമായ ചലച്ചിത്രനിർമാണത്തിലേക്കു തിരിഞ്ഞപ്പോഴാണ് അതെത്രമാത്രം അസാധ്യമായ ഒരു സംഗതിയാണെന്നു തിരിച്ചറിഞ്ഞത്. പഠനം കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ സിനിമ നിർമിക്കാമെന്ന വ്യാമോഹവുമായാണു തിരുവനന്തപുരത്തെത്തിയതെങ്കിലും അധികം താമസിയാതെ ഇവിടുത്തെ അവസ്ഥയെപ്പറ്റി ഏതാണ്ടൊരു ധാരണയൊക്കെയായി. ഒന്നാമത്, സിനിമ പഠിച്ച്‌ ചെയ്യാനുള്ള ഒരു പ്രക്രിയയായി ആരും കരുതുന്നുണ്ടായിരുന്നില്ല. അൽപമൊക്കെ കാര്യവിവരമുള്ളവർപോലും കരുതിയിരുന്നത് ഒരുകൂട്ടം ചെറുപ്പക്കാർ വേണ്ടാത്ത പുസ്തകങ്ങളൊക്കെ വായിച്ച് സിനിമാ പിടിക്കാനിറങ്ങിയിരിക്കുന്നുവെന്നാണ്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ആഴത്തിലുള്ള പരിശീലനത്തെപ്പറ്റിയോ സിനിമയെന്ന കലാരൂപം അതിനകം എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്ന ഔന്നത്യത്തെപ്പറ്റിയോ ഒരു ധാരണയും അവരിലാർക്കും ഉണ്ടായിരുന്നില്ല. അജ്‌ഞത അവരിൽപലരിലും അഹന്തയായി കുടിയേറിയിരുന്നു. അവരെയൊക്കെ തീറ്റിപ്പോറ്റിക്കൊണ്ടിരുന്ന സിനിമയ്‌ക്ക് എന്നുംകുന്നും പതിനാറായിരുന്നു വയസ്സ്. അരങ്ങിൽ അറഞ്ഞാടിയ നാടകങ്ങളെ ഓർമിപ്പിക്കുന്ന കഥാപരിചരണവും കൃത്രിമഭാഷണങ്ങളും, തല്ലും തലോടലും, പ്രണയഭ്രാന്തിൽ നല്ല ലാൻഡ്‌സ്‌കേപ് നോക്കി നെട്ടോട്ടമോടുന്ന യുവമിഥുനങ്ങളും എല്ലാം ചേർന്ന് തീർത്തും ആഭാസകരമായ ഒരു പ്രകടനമാണ് സെല്ലുലോയ്‌ഡിനു ചുമക്കേണ്ടിവന്നിരുന്നത്. 

പഴയ സ്രോതസ്സുകളിൽനിന്നൊന്നും പണം ലഭിക്കയില്ലെന്ന പൂർണബോധ്യം വന്നതിനുശേഷമാണ് സിനിമ നിർമിക്കാൻ ഒരു സഹകരണസംഘം എന്ന ആശയം ഉരുത്തിരിയുന്നത്. എന്തായാലും പരീക്ഷിച്ചുനോക്കാം എന്നതായിരുന്നു ഞങ്ങളുടെ സമീപനം. അങ്ങനെ ചിത്രലേഖാ ഫിലിം കോ–ഓപ്പറേറ്റീവ് സംജാതമായി. അംഗങ്ങളിലൂടെ ശേഖരിക്കുന്ന ഓഹരിത്തുകയുടെ പത്തിരട്ടി സർക്കാരിന്റെ ഷെയർക്യാപ്പിറ്റലായി വന്നുചേരും എന്നതായിരുന്നു അതിന്റെ ഒരു മെച്ചം. പക്ഷേ, പ്രവർത്തിച്ചുനോക്കുമ്പോഴല്ലേ അറിയുന്നത്, അതിനോടൊപ്പം വരുന്ന നൂലാമാലകൾ ഒട്ടേറെയായിരുന്നു. ചെറിയ ഓഹരിത്തുക കൊണ്ടൊന്നും പടം പിടിക്കാൻ സാധിക്കുമായിരുന്നില്ല. എന്നുമാത്രമല്ല, കുറഞ്ഞ തോതിലെങ്കിലും ഉദ്യോഗസ്ഥരും പരിവാരങ്ങളുമുള്ള സംഘം നടത്തിക്കൊണ്ടുപോകണമെങ്കിൽ ദൈനംദിനാവശ്യങ്ങൾക്കുതന്നെ വലിയ പണച്ചെലവുണ്ടാവും. അതിനുള്ള വരവ് എങ്ങനെ തരമാക്കും?

അപൂർവമായി വീണുകിട്ടുന്ന ഡോക്യുമെന്ററി നിർമാണമാണ് ഒരേയൊരു മാർഗം. ടെൻഡർ തുകയിൽ ഇളപ്പംകാണിച്ചുവേണം അതു തരമാക്കാൻ. അപ്പോൾ ചെയ്യുന്ന കരാർപണിക്കു നേരാംവണ്ണമുള്ള കൂലി ഒരിക്കലും ലഭിക്കുകയില്ല. മിച്ചംവയ്‌ക്കാൻ അരിഷ്‌ടിച്ചു കിട്ടുന്ന ചെറിയ തുക വ്യവസ്ഥാപനച്ചെലവിനുപോലും തികയുകയുമില്ല.

ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ചെയ്‌ത ഡിപ്ലോമാ ഫിലിം, എ ഗ്രെയ്‌റ്റ് ഡേ ഫിലിംസ് ഡിവിഷൻ മേധാവിയായിരുന്ന ഴാങ് ഭവ്‌നാഗരി കാണുവാനിടയായി. അദ്ദേഹത്തിനു പടം വളരെ ഇഷ്‌ടമായി. ചിത്രമെടുത്ത സ്റ്റുഡന്റിനെ അവരുടെ പാനൽ ഓഫ് പ്രൊഡ്യൂസേഴ്‌സിൽ ഉൾപ്പെടുത്തുവാനുള്ള തീരുമാനം തുടർന്നുണ്ടായി. അക്കാരണത്താൽ വല്ലപ്പോഴുമൊരിക്കൽ ഫിലിംസ്‌ ഡിവിഷനുവേണ്ടി ഡോക്യുമെന്ററി നിർമിക്കുവാനുള്ള അവസരമൊത്തു. അത് ഞാൻ സഹകരണസംഘത്തിന്റെ പേരിൽ ചെയ്‌ത് സംഘത്തിനു വരുമാനമാർഗം ഉണ്ടാക്കുകയായിരുന്നു. കേരളാ ഗവൺമെന്റും അപൂർവമായി ഡോക്യുമെന്ററികൾ നിർമിച്ചിരുന്നെങ്കിലും അവയേറെയും ചെയ്‌തിരുന്നതു സിനിമയുമായി ബന്ധമേതുമില്ലാത്ത കോൺട്രാക്‌ടർമാരായിരുന്നു. അവരോടു മത്സരിച്ചു വേണമായിരുന്നു സിനിമയിൽ സാങ്കേതിക പരിജ്‌ഞാനം നേടിയ ഞങ്ങൾക്ക് ഒരു കോൺട്രാക്‌ട് തരപ്പെടാൻ. 

കഷ്‌ടപ്പാടുകളുടെയും അക്ഷീണപരിശ്രമങ്ങളുടേതുമായ ഏഴു വർഷക്കാലം സിനിമയുടെ സാങ്കേതികവശങ്ങളിലെല്ലാം കുറേശ്ശെ പ്രായോഗിക പരിശീലനം നേടി. സ്വന്തമായി ഷൂട്ടു ചെയ്യുകയും ശബ്‌ദലേഖനം നടത്തുകയും എഡിറ്റു ചെയ്യുകയുമെല്ലാം ചെയ്‌തു. അങ്ങനെ ഒറ്റയാൾ സിനിമാസംരംഭം സാധ്യമാണെന്നു സ്വയം തെളിയിച്ചു. നിർമാണച്ചെലവ് അത്തരത്തിൽ കുറയ്‌ക്കുക കാരണം, സംഘത്തിനുള്ള പ്രവർത്തനധനം ഏറക്കുറെ ഒപ്പിച്ചുപോന്നു.

ആയിടെയാണ് ഫിലിംഫൈനാൻസ് കോർപറേഷൻ എന്ന സ്ഥാപനം നിലവിൽ വരുന്നത്. ജ്യേഷ്‌ഠതുല്യനും പ്രതിഭാശാലിയുമായ നാടകകൃത്ത് സി.എൻ. ശ്രീകണ്‌ഠൻ നായരുമായി സൗഹൃദം സ്ഥാപിക്കുന്നതും അക്കാലത്താണ്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെപ്പറ്റി ആദ്യമായി ഒരു എഡിറ്റോറിയൽ കേരളഭൂഷണം പത്രത്തിലെഴുതിയത് അദ്ദേഹമാണ്. 

തിയറ്ററിൽ ആൾക്കാർ ടിക്കറ്റെടുത്തു കാണുന്ന ഒരു സിനിമ നിർമിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിൽ എത്തിപ്പെടാനാകാതെ ഏഴു സംവത്സരങ്ങൾ കടന്നുപോയിരുന്നു. (അപ്പോഴേക്കും മേലാറ്റൂർ രവിവർമ മദിരാശിയിൽ എഡിറ്ററായി ഉറച്ചു. അബ്‌ദുൽ ലത്തീഫ് സിനിമയോടു യാത്രപറഞ്ഞ് അപ്രത്യക്ഷനായി. ദേവദാസ് മാത്രം വല്ലപ്പോഴും ഒത്തുവരുന്ന ശബ്‌ദലേഖനവുമായി ഞങ്ങളോടൊപ്പം നിന്നു).

ആ സമയം സി.എൻ. മലയാളത്തിലുള്ള പല സിനിമകൾക്കും കഥയും സംഭാഷണവും എഴുതിക്കൊടുത്തിരുന്നു. അങ്ങനെയാണ് ആ ചിന്ത മനസ്സിലുദിച്ചത് – ചിരപ്രതിഷ്‌ഠനായ ഒരെഴുത്തുകാരന്റെ സ്ക്രിപ്‌റ്റുമായി അപേക്ഷിച്ചാൽ പടമെടുക്കാൻ പണം കടമായി കിട്ടാനുള്ള സാധ്യത വലുതാണ്. സിഎന്നെ സമീപിച്ച് അപേക്ഷിച്ചു, നല്ലൊരു സ്‌ക്രിപ്‌റ്റ് എഴുതിത്തരണം. ഫൈനാൻസ് കോർപറേഷന് അപേക്ഷ അയയ്ക്കാനാണ്. അദ്ദേഹം സസന്തോഷം സമ്മതിച്ചു. 

കാമുകിയെന്നു പേരിട്ടിരുന്ന സ്‌ക്രിപ്‌റ്റ് വേഗം എഴുതിക്കിട്ടി. സ്‌ക്രിപ്‌റ്റ് ഇംഗ്ലിഷിലേക്കു ഭാഷാന്തരം ചെയ്ത് കടത്തിനുള്ള അപേക്ഷസഹിതം ബോംബെക്കയച്ചു. കാലാന്തരത്തിൽ കമ്യൂണിക്കേഷൻ വന്നു; അപേക്ഷ പരിഗണിക്കാൻ കഴിയാത്തതിൽ കുണ്‌ഠിതമുണ്ടെന്നു കാണിച്ച്. ആകെ നിരാശയായിപ്പോയി. 

ആയിടെയാണ് കുവൈത്തിൽ ജോലി ചെയ്‌തിരുന്ന സിനിമാകുതുകിയായ മരിയാനോ എന്ന സുഹൃത്ത്, അദ്ദേഹം ഫിലിംസൊസൈറ്റിയിൽ അംഗമായിരുന്നു, കാമുകി നിർമിക്കുന്നതിൽ താൽപര്യം കാണിച്ചെത്തിയത്. ഞങ്ങൾ ആ പിടിവള്ളിയിൽ മുറുകെ പിടിച്ചു. ഇവിടെ ഒന്നുരണ്ടു പ്രായോഗിക പ്രശ്‌നങ്ങൾ പൊന്തിവന്നു. കുവൈത്തിൽ പോയി കഷ്‌ടപ്പെട്ടുണ്ടാക്കിയ പണമാണ് പടമെടുക്കാനായി മുടക്കുന്നത്. അതു മടക്കിക്കിട്ടാനുള്ള പതിവേർപ്പാടൊക്കെ ചെയ്‌തേ മതിയാവൂ. കുറഞ്ഞതു മൂന്നുനാലു പാട്ടെങ്കിലും വേണം, അറിയപ്പെടുന്ന താരങ്ങളെ അണിനിരത്തണം. അങ്ങനെ ചെയ്‌താൽ പടം കുറച്ചു ഷൂട്ട് ചെയ്യുമ്പോഴേക്കും വിതരണക്കാരൻ വന്ന് അഡ്വാൻസ് നൽകി പൂർത്തിയാക്കിക്കൊള്ളും. 

എന്തു സൗജന്യങ്ങൾ ചെയ്തും പടമെടുക്കണമെന്ന് ആഗ്രഹവും ഒപ്പം വാശിയുമായി. അങ്ങനെ യേശുദാസും ജാനകിയും പാടിയ നാലു പാട്ടുകൾ റെക്കോർഡ് ചെയ്‌തു. ഏറ്റുമാനൂർ സോമദാസൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നതു ശിവനും ശശിയും ചേർന്നായിരുന്നു. അരവിന്ദനാണ് അവരെയെല്ലാം ഏർപ്പാടാക്കിത്തന്നത്. നടീനടന്മാരായി ഉഷാനന്ദിനി, ചെങ്ങന്നൂർ പങ്കജവല്ലി,  മധു,  പി.ജെ. ആന്റണി, അടൂർ ഭാസി തുടങ്ങിയവരെ തിരഞ്ഞെടുത്തു. ഇവർക്കൊപ്പം യാതൊരു അഭിനയപരിചയമോ ശേഷിയോ ഇല്ലാത്ത ഒരു സുമുഖനായ ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയും കൂട്ടി. ആരെക്കൊണ്ടും അഭിനയിപ്പിക്കാം എന്നൊരു തെറ്റിദ്ധാരണ എന്റെ പാകതയില്ലാത്ത മനസ്സിൽ രൂഢമൂലമായി കിടന്നിരുന്നതോർക്കുന്നു. ഇവരെക്കൂടാതെ സി.എൻ. ശുപാർശ ചെയ്‌ത ഒരു മുതിർന്ന അഡ്വക്കറ്റും ചേർന്നു. പണ്ട് അദ്ദേഹം കൊല്ലത്ത് ഏതോ നാടകത്തിൽ അഭിനയിച്ചുകണ്ടിട്ടുണ്ടെന്നും പ്രഗല്ഭ നടനാണെന്നുമായിരുന്നു കേട്ടത്. അതു ഞാൻ മുഖവിലയ്ക്കെടുത്തു. 

തിരക്കിട്ടു ഷൂട്ടിങ്ങിനുള്ള ഏർപ്പാടുകളൊക്കെ നടത്തുകയായി. മാവേലിക്കരയിലും പരിസരങ്ങളിലുമായി ലൊക്കേഷനുകൾ കണ്ടെത്തി. ആർട്ട് ഡയറക്‌ടറായി നിശ്ചയിച്ചിരുന്ന അരവിന്ദന്റെ സ്കൂട്ടറിൽ സഹയാത്രികനായിപ്പോയാണ് ഇടങ്ങൾ തേടിയത്.

പുണെയിൽ ജൂനിയറായി പഠിച്ചിരുന്ന ആറ്റ്‌ലിയായിരുന്നു ക്യാമറാമാൻ. ഷൂട്ടിങ് തുടങ്ങിയ ദിവസം ഇന്നുമോർക്കുന്നു. ക്യാമറ റെഡിയാക്കി പുറത്തേക്കെടുക്കുമ്പോഴേക്കും പെരുമഴ ആർത്തുപെയ്യാൻ തുടങ്ങി. അപ്പോഴാണോർക്കുന്നത്, ഇടവപ്പാതിയെപ്പറ്റി ആലോചിക്കാതെയാണ് ഷൂട്ടിങ് ഷെഡ്യൂൾ ചെയ്‌തത്. 

എങ്കിലും പിന്മാറിയില്ല. തോർച്ചയോടെ പ്രധാന ലൊക്കേഷനിലേക്കു തിരിച്ചു. കഥ നടക്കുന്ന വീടായി തിരഞ്ഞെടുത്തിരുന്നത് എൻ.പി. ചെല്ലപ്പൻ നായരുടെ താമസസ്ഥലമായിരുന്നു. രസികനായ എൻ.പി. ഷൂട്ടിങ് കാണാൻ പരിചയക്കാരെയും ബന്ധുക്കളെയുമൊക്കെ വിളിച്ചുകൂട്ടിയിരുന്നു.

വീടിനു പുറത്ത് തോടിനക്കരെ ഷൂട്ടിങ് നടക്കുമ്പോൾ, അങ്ങോട്ടാരെയും വിടല്ലേയെന്ന് ഞങ്ങൾ ഏർപ്പാടാക്കിയിരുന്നെങ്കിലും അദ്ദേഹം കുറെയേറെപ്പേരെ അവിടേക്കു പറഞ്ഞയച്ചു, ദേണ്ട് അങ്ങോട്ടെറങ്ങിച്ചെന്നാ തോട്ടിൽ വള്ളം കിടപ്പുണ്ട്. അതേക്കേറി അക്കരെ ചെന്നാൽ നല്ല വൃത്തിയായിട്ടു ഷൂട്ടിങ് കാണാം  എന്നു തുടങ്ങിയായിരുന്നു അദ്ദേഹം കാഴ്‌ചക്കാർക്കു നൽകിയിരുന്ന നിർദേശങ്ങൾ. 

തെങ്ങിൻതോട്ടത്തിൽ സുമുഖനായ നവനടൻ കാമുകവേഷത്തിൽ നായിക ഉഷാനന്ദിനിയോടു പ്രണയാഭ്യർഥന നടത്തുന്ന രംഗം ഷൂട്ട് ചെയ്യാൻ തയാറാവുകയായിരുന്നു. നടൻ പരുങ്ങലോടെ അവളോടു സംസാരിക്കാൻ തുടങ്ങുന്ന ഭാഗം ഒരു ക്ലോസപ്പിൽ എടുക്കാൻ റെഡിയായി, വേണ്ട നിർദേശങ്ങളെല്ലാം കൊടുത്ത് റിഹേഴ്‌സൽ ചെയ്യാനൊരുങ്ങുമ്പോഴാണ് അത് ശ്രദ്ധിച്ചത്, നടൻ അടിമുടി വിയർത്ത്, ഏതോ ഭീതിയിൽ നിന്നു വിറയ്‌ക്കുന്നു.

ഞാൻ അടുത്തുചെന്നു സൗമ്യമായി അന്വേഷിച്ചു, എന്താ സംഭാഷണം പറയാതെ അങ്ങനെ നിന്നുകളഞ്ഞത്?

ചുറ്റും നോക്കി വിക്കിവിക്കിയാണ് അയാൾ മറുപടി പറഞ്ഞത്, ഹ്‌ഹാളുകള്!

എന്റെ ദൈവമേ – എനിക്കു തെറ്റിയല്ലോയെന്ന് സ്വയം ശപിച്ച് ഞാൻ മറ്റൊരു രംഗം ചെയ്യാൻ തിരിഞ്ഞു. 

ഏതാണ്ട് ഇതേ അനുഭവം മുൻപരിചയമില്ലാത്ത പുതുനടിയുടെ കാര്യത്തിലുമുണ്ടായി. റിഹേഴ്‌സൽ ആരംഭിക്കുമ്പോൾത്തന്നെ അവർ ഫ്രീസായി. ഒരു കുറ്റിമരംപോലെ അങ്ങനെ നിന്നു. ഒന്നും ചെയ്യാൻ നിവൃത്തിയില്ല. മുതിർന്ന കൊല്ലംനടനാണെങ്കിൽ സംഭാഷണമെല്ലാം കാര്യമായി പഠിക്കും. പക്ഷേ ശരിക്കുള്ള ഷൂട്ടിങ്ങിൽ സംഭാഷണം പറഞ്ഞുതീരുന്നതിനു മുൻപ് എന്നെ തിരിഞ്ഞുനോക്കും; ശരിയായോയെന്ന്.

എത്ര റിഹേഴ്‌സൽ ചെയ്‌തിട്ടും ടേക്കുകളെടുത്തിട്ടും കാര്യമില്ല, പറഞ്ഞുതീരും മുൻപു നിർബന്ധമായും എന്നെ നോക്കിയിരിക്കും!

ഈ മൂന്ന് അഭിനയപ്രതിഭകളുടെയും മുൻപിൽ ഞാൻ ശരിക്കും തോറ്റു സുല്ലു പറഞ്ഞു.

മധുവും പി.ജെ. ആന്റണിയും അടൂർ ഭാസിയും പങ്കജവല്ലിയുമെല്ലാം നിന്നു മെനക്കെട്ടു. ഭാഗ്യവശാൽ അവരിലാരുംതന്നെ അക്ഷമ പ്രകടിപ്പിക്കുകയോ നീരസപ്പെടുകയോ ഉണ്ടായില്ല. ഒരു ചെറുപ്പക്കാരൻ ഡയറക്‌ടറുടെ കന്നിച്ചിത്രം എന്നു കരുതി ക്ഷമിച്ചതായിരിക്കണം.

ആറോ ഏഴോ ദിവസത്തെ ഷൂട്ടിങ് നടന്നു. അപ്പോഴേക്കും നിർമാതാവിന്റെ കയ്യിലെ കാശ് തീർന്നു. സിനിമയ്ക്കായി മാറ്റിവച്ചിരുന്ന പണം വേറെ എന്തോ കാര്യത്തിനു മറിക്കേണ്ടിവന്നുവെന്നു വിശദീകരണം.

ചെയ്‌തിടത്തോളം പടത്തിന്റെ നെഗറ്റീവ് മദിരാശിയിലേക്കയച്ച് പ്രോസസ് ചെയ്‌ത് പ്രിന്റെടുത്തു. അത് ആ പ്രാകൃതരൂപത്തിൽ പല വിതരണക്കാരെയും കാണിച്ചു. ആരും അങ്ങോട്ടടുത്തില്ല. അങ്ങനെ ആദ്യശ്രമം അലസിപ്പോയി. ഓർത്തുനോക്കുമ്പോൾ എന്റെ പരിചയക്കുറവ് ആ ചിത്രശ്രമത്തിന്റെ ഓരോ നിർമാണഘട്ടത്തിലും പ്രകടമായിരുന്നു. അതിന്റെ നിർമിതിയിലൂടെ ഒരുപാടനുഭവപാഠങ്ങൾ ഞാൻ പഠിച്ചു. ഒന്നാമത്തെ പാഠം. പടം മുഴുവൻ പൂർത്തിയാക്കാനുള്ള ധനസന്നാഹവുമായല്ലാതെ ഒരു നിർമാണശ്രമത്തിലും ചെന്നു പെടരുത്. ഒരിക്കൽ ആ റഷസ് കണ്ട രാമു കാര്യാട്ട് എന്നോടു ചോദിച്ചു: പടത്തിനു കോസ്റ്റ്യൂമറെ വച്ചിരുന്നില്ലേ? 

ഞാൻ പറഞ്ഞു: ഇല്ല. പടത്തിലങ്ങനെ സ്‌പെഷൽ വേഷങ്ങളൊന്നുമില്ലല്ലോ.

അദ്ദഹം പറഞ്ഞു: അതങ്ങനെയല്ല കാണേണ്ടത്. ഉദാഹരണത്തിന് ഈ പടത്തിൽ എല്ലാവരും പുതിയ മുണ്ടും ഉടുപ്പും മടക്കുപോലും മാറാതെ ഇട്ടിരിക്കുന്നു.

ഞാൻ സമ്മതിച്ചു: ശരിയാണ്, തുണിയെല്ലാം കടയിൽനിന്നു വാങ്ങിയ രൂപത്തിൽത്തന്നെ എടുത്തണിയുകയായിരുന്നു.

കാര്യാട്ട് തുടർന്നു: കോസ്റ്റ്യൂമർ ഉണ്ടായിരുന്നെങ്കിൽ അയാൾ വസ്‌ത്രങ്ങളെല്ലാം കഴുകി പശ കളഞ്ഞ്, മടക്കുവരാതെ തേച്ച് റെഡിയാക്കി വയ്‌ക്കുമായിരുന്നു. ധരിക്കുന്ന വസ്‌ത്രങ്ങൾ  ശരീരത്തിൽ സ്വാഭാവികതയുടെ ഇണക്കത്തോടെ കിടക്കണം. 

ഒരു പാഠപുസ്തകത്തിലും വായിക്കാൻ കിട്ടാത്ത ചെറിയ വിജ്‌ഞാനശകലങ്ങളായിരുന്നു അദ്ദേഹം സൂചിപ്പിച്ചവ.  ആയിടെ കൊൽക്കത്തയിൽ വച്ച് ഇന്ത്യൻ സിനിമാനിരൂപകരുടെ കുലപതിയായിരുന്ന ചിദാനന്ദദാസ് ഗുപ്‌തയോട് അരുതാത്ത ഒത്തുതീർപ്പുകളുടെ വക്കത്തുവരെ ഞാനെത്തിയ വിവരം ഏറ്റുപറഞ്ഞു, കൂട്ടത്തിൽ റെക്കോർഡ് ചെയ്‌തു വച്ചിരുന്ന നാലു പാട്ടുകളുടെ വിഷയവും.

ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ പല ജോലികളുമായി ഞാൻ മുൻപോട്ടു പോയി. അങ്ങനെയിരിക്കെ പടമെടുക്കുന്നതിനെപ്പറ്റി വീണ്ടും ആലോചനയായി. മറ്റുള്ളവരെഴുതിയ സ്‌ക്രിപ്‌റ്റിനു പകരം സ്വന്തമായി ഒന്നെഴുതി അയച്ചാലോ? അതാണല്ലോ പുണെയിൽ പോയി പഠിച്ചത്.

രണ്ടാമതൊന്നാലോചിക്കാതെ ദാസ്‌ഗുപ്‌ത ഉപദേശിച്ചു, പാട്ടുകൾ എടുത്തു ദൂരെയെറിയുക. പടം പൂർത്തിയാക്കുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ട. അത്രയും കേട്ടത് എനിക്കു വലിയ ആശ്വാസമായി

സംഘത്തിലെല്ലാവർക്കും പുതുവഴിക്കുള്ള ആലോചന ഇഷ്ടമായി. ഘട്ടക്കും മറ്റു ചിലരും ചെയ്യാറുള്ള രീതിയാണ് പറഞ്ഞുകൊടുത്ത് എഴുതിക്കുക. ഇതിൽ കുറച്ച് സൗകര്യങ്ങളൊക്കെയുണ്ട്. ഒന്ന്, രണ്ടാമതൊരാൾകൂടി ഈ പരിപാടിക്കായി ഇരിക്കുമ്പോൾ എഴുത്ത് ഉഴപ്പാതെ മുൻപോട്ടു പോകുമെന്നത്. രണ്ട്, പറഞ്ഞുറപ്പിക്കുകയെന്ന സൗകര്യം എഴുത്തുകാരനു ലഭിക്കും. മൂന്ന്, എഴുതുന്നതിലുള്ള ഗൗരവവും ഉത്തരവാദിത്തവും കൂടും.  കേട്ടെഴുതുന്നയാൾ ഒരു സഹൃദയനാണെങ്കിൽ നന്ന്, പക്ഷേ, ഒരു കാരണവശാലും എഴുത്തുകാരനായിരിക്കരുത്. കാരണം അതു പിൽക്കാലം അവകാശവാദങ്ങൾക്കു വഴിവയ്‌ക്കും. കേട്ടെഴുതിയതൊക്കെ സ്വന്തം പ്രതിഭയിൽ അങ്കുരിച്ചതാണെന്നു കരുതാനും പറയാനും വിശ്വസിക്കാനുമൊക്കെ തുടങ്ങിയാൽ കഷ്‌ടമാവും? അത്തരം അവകാശവാദങ്ങളുന്നയിക്കാൻ തനിക്കുള്ള യോഗ്യതയെപ്പറ്റി സൗകര്യപൂർവം മറന്നുകൊണ്ടായിരിക്കും അതു ചെയ്യുക.

ഫിലിം സൊസൈറ്റിയിൽ പടം കാണാൻ വന്നുകൊണ്ടിരുന്ന കുറച്ചു വായനയും സഹൃദയത്വവുമൊക്കെയുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എൽഐസിയിൽ അസിസ്റ്റന്റായ കെ.പി. കുമാരൻ. എഴുത്തുപണിയിൽ സഹകരിക്കാൻ കുമാരന് ഉത്സാഹമായിരുന്നു. അയാളപ്പോൾ ശാസ്തമംഗലത്ത് എന്റെ താമസസ്ഥലത്തിനടുത്ത് വീടു വാടകയ്‌ക്കെടുത്തു കുടുംബമായി താമസിക്കുകയാണ്. ആയിടെയാണ് അവർക്കു രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. അതുകാരണം രാത്രികാലങ്ങളിൽ എന്റെ താമസസ്ഥലത്തേക്ക് എഴുത്തിനു വരാൻ ബുദ്ധിമുട്ടായിരുന്നു. രണ്ടു പൊടിക്കുഞ്ഞുങ്ങളെ ഒന്നിച്ചുനോക്കാൻ ഭാര്യയെക്കൊണ്ടുമാത്രം കഴിയുമായിരുന്നില്ല.

അങ്ങനെ, അത്താഴം കഴിഞ്ഞ് ഞാൻ കുമാരന്റെ വീട്ടിലേക്കു ചെല്ലും. വീട്ടുവരാന്തയിലിരുന്ന് പറഞ്ഞുകൊടുത്ത് എഴുതിക്കും. പലപ്പോഴും എഴുത്ത് രാവേറെച്ചെല്ലുംവരെ നീളും. ആദ്യനക്കൽ പൂർത്തിയാക്കാൻ ഒരു മാസക്കാലമെങ്കിലും എടുത്തുകാണണം. അസാമാന്യമായ മടിമാത്രമാണ് ഇങ്ങനെയൊരു ഇടപാടിലേക്ക് എന്നെ തള്ളിവിട്ടതെന്ന് ഇപ്പോൾ കുറ്റബോധത്തോടെ ഓർക്കുന്നു. രാത്രിയിലുള്ള എഴുത്ത് തടസ്സംകൂടാതെ  പോകാൻ അന്നന്ന് എഴുതേണ്ടതിനെപ്പറ്റിയുള്ള ഒരേകദേശരൂപം പകൽ സമയങ്ങളിൽ മനസ്സിൽ ഉണ്ടാക്കിവയ്‌ക്കും. എഴുതാനിരിക്കുമ്പോൾ അനായാസം അത് യഥാസ്ഥാനങ്ങളിലേക്കു ശരിയായ സമയങ്ങളിൽ വന്നുചേരും. (ഈ രീതിയാണ് ഞാൻ സ്വയംവരം മുതൽ നിഴൽക്കുത്ത് വരെ അനുവർത്തിച്ചിരുന്നത്. സഹായികളായി ഗോപിയും (കൊടിയേറ്റം) ഒട്ടുമുക്കാൽ സമയവും മീരാ സാഹേബും, പിന്നെ കെ.പി.എസ്. ഉണ്ണിത്താനു (കഥാപുരുഷൻ)മാണ് ഉണ്ടായിരുന്നത്. രണ്ടായിരാമാണ്ടിൽ കംപ്യൂട്ടറിലേക്കു പ്രവേശിച്ചതോടെ എഴുത്തിലെ അസിസ്റ്റന്റ്‌ പണി അതേറ്റെടുക്കുകയായിരുന്നു). 

ഒരേകദേശരൂപം കടലാസിലായിക്കഴിഞ്ഞാൽ പിന്നെ അതിനുമേൽ അഴിച്ചുപണിയും മിനുക്കലുമൊക്കെ നടക്കും. അതിനൊന്നും ആരെയും കൂട്ടുചേർക്കില്ല. ഒക്കെ വീണ്ടു വിചാരങ്ങളാണ്. അവസാന തിരുത്തലുകൾകൂടി കഴിഞ്ഞാൽ ഭാസ്‌കരൻ നായർ അത് നല്ല വടിവുള്ള അക്ഷരത്തിൽ പകർത്തി ബൈൻഡ് ചെയ്യിച്ച് ബുക്കാക്കും. അതു സ്‌ക്രിപ്‌റ്റിന്റെ അവസാന രൂപമാണ്. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

പിന്നീട് സ്‌ക്രിപ്‌റ്റ് ഇംഗ്ലിഷിലേക്കു പരാവർത്തനം ചെയ്യുകയായി. മുന്നനുഭവം ആവർത്തിക്കുകയില്ലെന്ന വിശ്വാസത്തിൽ വീണ്ടും ഫിലിം ഫൈനാൻസ് കോർപറേഷന് അപേക്ഷ അയച്ചു. രണ്ടര ലക്ഷം രൂപയായിരുന്നു പടത്തിന്റെ ബജറ്റ്. ഒന്നരലക്ഷം രൂപയാണു കടം ചോദിച്ചത്. ഒരു ലക്ഷം രൂപ ഞങ്ങൾ സ്വന്തം നിലയിൽ ചെലവാക്കണമായിരുന്നു. അതെല്ലാം കടം കൊടുക്കലിന്റെ പൊതു വ്യവസ്ഥകളാണ്, ഇളവില്ല.

താമസിയാതെ കടം അനുവദിച്ചുവന്നു. പതിനെട്ടു ശതമാനമാണ് പലിശ. അത്ര കുറഞ്ഞ പലിശയ്‌ക്കൊന്നും സിനിമയ്ക്ക് മാർവാറികൾ പണം കടം കൊടുക്കാറില്ലത്രെ. 

കടം അനുവദിച്ചതോടെ പുതിയൊരു പ്രതിസന്ധി രൂപപ്പെട്ടു. ഒരു ലക്ഷം രൂപ എവിടെനിന്നു സ്വരൂപിക്കും?

ആയിടയ്‌ക്കാണ് ഫാമിലിപ്ലാനിങ് വകുപ്പ് ഒരു മണിക്കൂർ നീളമുള്ള ഒരു കഥാചിത്രം നിർമിക്കുവാൻ തീരുമാനിക്കുന്നതും ടെൻഡർ വിളിക്കുന്നതും. ഒട്ടേറെ ബിസിനസ്സുകാർ  പടംപിടിക്കാൻ തയാറായി. കേശവദേവും പത്മരാജനുമൊക്കെ അവർക്കുവേണ്ടി സ്‌ക്രിപ്‌റ്റുകൾ തയാറാക്കി. ഞങ്ങളും അവസരാനുസരണം ഉണർന്നു. അറിയപ്പെടുന്ന എഴുത്തുകാരനായ ശ്രീവരാഹം ബാലകൃഷ്‌ണനും ഞാനുംകൂടി കൂട്ടെഴുത്തിലൂടെ ഒരു തിരക്കഥയെഴുതുവാൻ തീരുമാനിച്ചു. ഇരുവരും ചേർന്നു രസകരമായ ഒരു സ്‌ക്രിപ്‌റ്റാണു തയാറാക്കിയത്. ഒരു തമാശപ്പടം. അടൂർ ഭാസി, എസ്.പി. പിള്ള തുടങ്ങിയ ഹാസ്യനടന്മാരും കെ.പി.എ.സി. ലളിത, അടൂർ ഭവാനി തുടങ്ങിയ പരിചിതരും കരമന ജനാർദനൻ നായർ, ജനാർദനൻ,ബി.കെ.നായർ, സുജാത തുടങ്ങിയ പുതുമുഖങ്ങളുമൊക്കെയായി വലിയൊരു സംഘം നടീനടന്മാർ അതിൽ പങ്കെടുത്തു. ടെൻഡറിൽ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ കൊടുത്ത ഞങ്ങൾക്ക് അനുകൂലമായിരുന്നു നിർമാണാവകാശം.

നിബന്ധനപ്രകാരം വയലാർ–ദേവരാജൻ ടീമിന്റെ രണ്ടു പാട്ടുകൾ ഉൾപ്പെടുത്തി. അങ്ങനെ ഒരു കമേഴ്ഷ്യൽ ഫിലിമിന്റെ കെട്ടിലും മട്ടിലും പ്രതിസന്ധി പൂർത്തിയാക്കി. തിയറ്റർ റിലീസ് ലക്ഷ്യമിടാത്ത ചിത്രം 16 മി.മി. പ്രിന്റിൽ നാടാകെ പ്രദർശനം നടത്തി. ഒരു കമേഴ്ഷ്യൽ ഫിലിമിനു കിട്ടാത്ത ജനക്കൂട്ടങ്ങളാണു ചിത്രം കണ്ടത്. പ്രതിസന്ധിയുടെ നിർമാണം, 16 മി.മി പ്രിന്റുകളുടെ തയാറാക്കൽ ഈ വകയിലൊക്കെയായി സ്വയംവരം ചെയ്യാനുള്ള ഒരു ലക്ഷത്തോളം രൂപ മിച്ചപ്പെടുത്തിയെടുക്കാനായി. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

അങ്ങനെ പരാശ്രയമില്ലാതെ സ്വയംവരത്തിന്റെ നിർമാണത്തിനുള്ള സന്നാഹങ്ങൾ ആരംഭിച്ചു. ക്യാമറ കൈകാര്യം ചെയ്യാൻ മങ്കട രവിവർമയെയാണു സമീപിച്ചത്. അതിനൊരു പൂർവകഥയുണ്ട്. പുണെയിൽ എനിക്ക് രണ്ടു വർഷം ജൂനിയറായി രവിവർമയുടെ അനുജൻ രാമവർമ പഠിച്ചിരുന്നു. അദ്ദേഹം എന്നോടു ജ്യേഷ്‌ഠനെക്കുറിച്ചു സംസാരിച്ചിരുന്നു. അദ്ദേഹം മദിരാശിയിൽ ഒരു സഹോദരിയോടൊപ്പമാണു താമസം. ബിബിസിക്ക് ന്യൂസ് കവറേജ് ചെയ്യുകയായിരുന്നു പ്രധാന ജോലി. കൂടാതെ അപൂർവമായി സ്വകാര്യ വ്യവസായികൾക്കുവേണ്ടി ഡോക്യൂമെന്ററികളും നിർമിക്കും. കമേഴ്‌സ്യൽ സിനിമയിൽ പ്രവർത്തിക്കുവാൻ തീരെ താൽപര്യമില്ല. മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയിൽ ഒപ്പം പഠിച്ച പലരും കമേഴ്‌സ്യൽ സിനിമയുടെ ഭാഗമായി മാറിയെങ്കിലും അദ്ദേഹം നിർബന്ധപൂർവം മാറിനിൽക്കുകയായിരുന്നു. മലയാളത്തിൽ ആരെങ്കിലും നല്ല സിനിമാ ശ്രമവുമായി വരികയാണെങ്കിൽ അവർക്കൊപ്പം പ്രവർത്തിക്കുവാൻ താൽപര്യമുണ്ട്. എനിക്കറിയാവുന്നിടത്തോളം രവിയേട്ടൻ ഗോപാലകൃഷ്‌ണനു നല്ലൊരു കൂട്ടായിരിക്കും. 

ഞാൻ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു, അങ്ങനെയൊരാളെയാണ് ഞാനും തേടുന്നത്. അവസരം വരട്ടെ.

സ്വയംവരത്തിന്റെ തിരക്കഥ ബൈൻഡ് ചെയ്‌തു കിട്ടിയപ്പോൾ ആദ്യം ചെയ്‌തത് അതു റജിസ്റ്റേർഡ് പോസ്റ്റായി മദിരാശിയിലേക്ക് അയച്ചുകൊടുക്കുകയാണ്. ഒട്ടും താമസിയാതെ രവിയേട്ടന്റെ മറുപടി വന്നു. തിരക്കഥ വായിച്ചു. മലയാളത്തിൽ നല്ലൊരു സിനിമ ഉണ്ടാവാൻ പോകുന്നു. എനിക്കിതിന്റെ ഭാഗമാകുന്നതിൽ അതിയായ താൽപര്യവും സന്തോഷവുമുണ്ട്.

കത്തു വായിച്ച് ഞാൻ അതിയായി സന്തോഷിച്ചു, ഒപ്പം ആത്മവിശ്വാസവും വളർന്നു. 

ശബ്‌ദലേഖകർക്ക് അന്നൊന്നും സ്വതന്ത്രമായ ഒരു പണിയോ പദവിയോ ഉണ്ടായിരുന്നില്ല. മിക്കവാറും ഷൂട്ടിങ്ങെല്ലാം സ്റ്റുഡിയോവിനുള്ളിലായിരിക്കും.  മിച്ചൽ തുടങ്ങിയ സ്റ്റുഡിയോ ക്യാമറകൾ ശബ്‌ദലേശമില്ലാതെയാണു പ്രവർത്തിക്കുന്നത്. അക്കാരണത്താൽ സംഭാഷണത്തിന്റെ തൽസമയലേഖനം സാധിക്കുമായിരുന്നു. സ്റ്റുഡിയോവിലെ സ്ഥിരംജീവനക്കാരനായ സൗണ്ട്‌ എൻജിനീയർ ആയിരിക്കും റെക്കോർഡിങ് നടത്തുക. ഭാരമുള്ള സ്റ്റുഡിയോ ക്യാമറകൾ ലൊക്കേഷനുകളിലേക്കു കൊണ്ടുപോവുക പ്രായോഗികമായിരുന്നില്ല. ഔട്ട്ഡോർ ഷൂട്ടിങ്ങിനു സിനിമാക്കാർ അധികവും ഉപയോഗിച്ചിരുന്നത് കയ്യിലെടുക്കാവുന്ന ആരിഫ്ലെക്സ് തുടങ്ങിയ മൂവിക്യാമറകളാണ്. അവയാകട്ടെ ചിത്രണസമയം നല്ല ഒച്ച പുറപ്പെടുവിക്കും. അതുകാരണം ഔട്ട്ഡോർ രംഗങ്ങളിൽ സംഭാഷണമുണ്ടെങ്കിൽ  റെക്കോർഡിങ് തിയറ്ററിൽ പ്രിന്റ് ഓടിച്ച് ഒപ്പം ഡബ് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ.  

സ്വയംവരം തൽസമയ ശബ്‌ദലേഖനരീതി ഉപയോഗിച്ചുതന്നെ ഷൂട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു (ശാരദയുടെ ശബ്‌ദമൊഴിച്ച്). ശബ്‌ദം പുറത്തു കേൾക്കാതിരിക്കാൻ ബ്ലിംപ് എന്ന പേരിലുള്ള ഒരു ലോഹ ആവരണം ക്യാമറയെ മൂടിപ്പുതപ്പിക്കണം. ഇതോടെ ക്യാമറാചലനങ്ങൾ അൽപമൊക്കെ നിയന്ത്രിതമാവുമെന്ന ദോഷമുണ്ടെങ്കിലും മറ്റു മാർഗമുണ്ടായിരുന്നില്ല.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

ഡയറക്ട്‌ സൗണ്ട് എന്ന പേരിൽ ഇന്നു സാർവത്രികമായിരിക്കുന്ന ടെക്‌നോളജിയുടെ മുന്നോടിയായിരുന്നു ബ്ലിംപിട്ട ക്യാമറയും കയ്യിലെടുത്തുനടക്കാവുന്ന നാഗ്രാ ടേപ്പ്റെക്കാർഡറുമുപയോഗിച്ച് ഞങ്ങൾ പരീക്ഷിച്ചു വിജയിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫ്രീലാൻസ് സൗണ്ട്‌ റെക്കോർഡിസ്റ്റ് എന്ന പദവി അങ്ങനെ ദേവദാസിനു വന്നുചേർന്നു. 

തിരക്കഥ പൂർത്തിയായതു മുതൽ ആരംഭിച്ച അന്വേഷണമായിരുന്നു നായികാനായകന്മാരുടെ റോളുകളിൽ അഭിനയിക്കുവാൻ ഒരു പയ്യനെയും പെൺകുട്ടിയെയും. പെൺകുട്ടിയെ ആദ്യം കണ്ടെത്തണം, അതിനുശേഷം അനുയോജ്യനായ പയ്യനെ. പരക്കെ തിരച്ചിൽ നടത്തി. അധ്യാപക സുഹൃത്തുക്കൾ ജോലിചെയ്യുന്ന കോളജുകളിലും ട്യൂട്ടോറിയലുകളിൽ പോലും അന്വേഷിച്ചു. ഫലമുണ്ടായില്ല. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

വേദിയിൽ ഡാൻസ്‌ ചെയ്യാം, പക്ഷേ,  സിനിമാഭിനയം അന്തസ്സിനു ചേരില്ലെന്നായിരുന്നു പരക്കെയുള്ള ധാരണ. മറ്റെന്തു തൊഴിലിനെക്കാളും മാന്യതയും പ്രതിഫലവും ലഭിക്കുന്ന ഒരു തൊഴിലാണ് അഭിനയമെന്നു തിരിച്ചറിയാൻ പെൺകുട്ടികളും രക്ഷാകർത്താക്കളും അരനൂറ്റാണ്ടോളം വൈകി. ഒടുവിൽ അന്വേഷണം ശാരദയിലെത്തി നിന്നു. സ്വാഭാവികമായും മധുവിനെത്തന്നെ നായകനായും കണ്ടു. ഒരു പിൻനോട്ടത്തിൽ ഈ താരനിർണയമായിരുന്നു സ്വയംവരത്തിനു ശരിക്കും യോജിച്ചതെന്നു തോന്നുന്നു. ചില പരാജയങ്ങൾ നമ്മെ അപ്രതീക്ഷിതവിജയത്തിലേക്കു നയിക്കും. തിക്കുറിശ്ശി, കരമന, ഗോപി (കന്നി), ലളിത, അടൂർ ഭവാനി, വേണുക്കുട്ടൻ നായർ (കന്നി), പി.സി. സോമൻ (കന്നി), സോമശേഖരൻനായർ, വെമ്പായം തമ്പി, ബി.കെ.നായർ (കന്നി) – അഭിനേതാക്കളുടെ നല്ലൊരു നിരതന്നെ സ്വയംവരത്തിൽ നിരന്നു. 

തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് നടത്താനായിരുന്നു പ്ലാൻ. പക്ഷേ, വളരെ തിരക്കിൽപ്പെട്ടിരുന്ന ശാരദ ഇടയിൽ കുറെ ദിവസത്തേക്കു മറ്റൊരു പടത്തിനു നേരത്തേ ഡേറ്റ് കൊടുത്തിട്ടുണ്ടായിരുന്നു. അതുകാരണം മനസ്സില്ലാമനസ്സോടെ ഷൂട്ടിങ്ങിനിടയിൽ ഒരൊഴിവു കൊടുക്കേണ്ടിവന്നു. തന്മൂലം നിർമാണച്ചെലവിലുണ്ടായ വർധന നിസ്സാരമായിരുന്നില്ല.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

ശാസ്തമംഗലത്ത് ചിത്രലേഖയുടെ ഓഫിസിട്ടിരുന്ന കെട്ടിടത്തിനു പിന്നിൽ കുറച്ചു സ്ഥലം വെളിമ്പറമ്പായി കിടന്നിരുന്നു. അതിനു പിന്നിൽ ഒരിടവഴിയും അപ്പുറം അൽപം ദൂരെയായി ഏതാനും ചെറിയ ഓലപ്പുരകളും. ഈ സ്ഥലം മൊത്തത്തിൽ നഗരപ്രാന്തത്തിലുള്ള ഒരിടമാക്കി മാറ്റാൻ തീരുമാനിച്ചു. സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശിവശക്തൻ നായരും ചിത്രകാരൻ ബി.ഡി. ദത്തനും ചേർന്നാണ് പ്രൊഡക്‌ഷൻ ഡിസൈൻ ചെയ്‌തത്. വിശ്വത്തിന്റെയും സീതയുടെയും താമസസ്ഥലമാവുന്ന വാടകവീട് വഴിയുടെ ഒരു വശത്തും, കല്യാണി, ജാനകിയമ്മ തുടങ്ങിയവരുടെ കൊച്ചുവീടുകൾ മറുവശത്തുമായി കെട്ടിയുണ്ടാക്കുകയായിരുന്നു. അവയ്‌ക്കു പിറകിൽ കുടിലുകൾ മാതിരിയുള്ള രണ്ടുമൂന്നു ചെറ്റപ്പുരകൾ കെട്ടി. ചിത്രലേഖയുടെ ഓഫിസ്‌മുറി പത്രമാപ്പീസാക്കി മാറ്റി. ഇരുവരും തുടക്കത്തിൽ താമസിക്കുന്ന ഹോട്ടൽമുറികളും ലോഡ്‌ജ്‌മുറിയും യഥാർഥ ഇടങ്ങളിൽത്തന്നെ മാറ്റങ്ങളില്ലാതെ ഉപയോഗിക്കുകയായിരുന്നു. തുടക്കത്തിലെ നീണ്ട ബസ്‌ യാത്രയ്‌ക്ക് സ്റ്റേറ്റ് ട്രാൻസ്‌പോർട്ടിന്റെ ഒരു ബസ് വാടകയ്ക്കെടുത്തു. അതിലെ യാത്രക്കാരെല്ലാം ചിത്രലേഖയുടെ അംഗങ്ങളും സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളുമായിരുന്നു. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

തുടക്കത്തിലുള്ള രണ്ടുമൂന്നു നീണ്ട രംഗങ്ങൾ മ്യൂസിയത്തിനുള്ളിലും കോവളത്തും അരുവിക്കരയിലുമായി ചിത്രീകരിച്ചു.

സ്വയംവരത്തിന്റെ കഥ വളരെ ലളിതമാണ്. പ്രണയബദ്ധരായ ഒരു പുരുഷനും സ്‌ത്രീയും ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിച്ചു പുറപ്പെടുകയാണ്. നാട്ടിൻപുറത്തിന്റെ രൂപഭാവവിശേഷങ്ങൾ ഇനിയും അസ്തമിച്ചിട്ടില്ലാത്ത തലസ്ഥാനനഗരമാണ് അവരുടെ ലക്ഷ്യം. അഭ്യസ്തവിദ്യരായ അവർക്ക് അവിടെ എന്തെങ്കിലും ജോലി തരമാവും. വീട്ടുകാരുടെയും ബന്ധുക്കളുടെയും പിന്തുണയില്ലാതെ സ്വതന്ത്രരായി ജീവിക്കാനാണ് അവരുടെ പുറപ്പാട്. അവർ പതിവിൻപടിയുള്ള സാമ്പ്രദായികവഴിയിൽ ഭാര്യാഭർത്താക്കന്മാരായി ഭവിച്ചവരല്ല. ഉറ്റവർ ഒരുപക്ഷേ, അവരുടെ ബന്ധത്തെ എതിർത്തിരിക്കാം. അതൊന്നും ഇവിടെ പ്രസക്തമല്ല. ഇരുവരും ഒരുമിച്ചുള്ള ഒരു ജീവിതം, അതാണ് പ്രധാനം. 

നീണ്ട ഒരു ബസ്‌യാത്ര കഴിഞ്ഞ് നഗരത്തിലെത്തുന്ന അവർ ഭേദപ്പെട്ട ഒരു ഹോട്ടലിലാണ് ആദ്യം തങ്ങുന്നത്. പിന്നെ മധുവിധുവിന്റെ ഉന്മാദദിനങ്ങൾ. താമസിയാതെ യാഥാർഥ്യബോധം അവരിലേക്ക് അരിച്ചിറങ്ങുന്നു. തുടർ ജീവിതം എങ്ങനെ ജീവിക്കും?

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

താമസം ഹോട്ടലിൽനിന്നു താഴെക്കിടയിലുള്ള ഒരു ലോഡ്‌ജ് മുറിയിലേക്കായി. താമസിയാതെ അവിടെ തുടരുന്നത് അപകടമാവുമെന്നു തിരിച്ചറിഞ്ഞ കമിതാക്കൾ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു വാടകവീടു കണ്ടെത്തി. 

വിശ്വം താനെഴുതിവച്ചിരുന്ന നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ വൈക്കത്തിന്റെ പത്രാധിപത്യത്തിലുള്ള വാരികയുടെ ഓഫിസിലെത്തി, കയ്യെഴുത്തുപ്രതി നേരിട്ടു കൊണ്ടേൽപ്പിച്ചു. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

പക്ഷേ, ഒരാഴ്‌ച കഴിഞ്ഞ് അന്വേഷിച്ചു ചെല്ലുമ്പോൾ കിട്ടുന്ന മറുപടി, തീരെ സെന്റിമെന്റലായിപ്പോയി എന്ന കമന്റാണ്. അതായത് എഴുത്തുകാരനു വേണ്ടത്ര ജീവിതാനുഭവങ്ങൾ ഇല്ലെന്ന്.

ഇടവിടാതുള്ള അന്വേഷണങ്ങൾക്കിടയിൽ വിശ്വത്തിന് ഒരു ജോലി വീണുകിട്ടി. ലക്‌ചറർ! ട്യൂട്ടോറിയൽ കോളജിൽ. അതു തൽക്കാലാശ്വാസമായി. പ്രതീക്ഷകളും സ്വപ്‌നങ്ങളും വീണ്ടും ഉയിർക്കൊണ്ടു. പക്ഷേ, ആശ്വാസത്തിന്റെ ആ ഇടക്കാലം അധികനാൾ നീണ്ടുനിന്നില്ല. കുട്ടികളുടെ അഡ്‌മിഷൻ കുറഞ്ഞതു കാരണം ട്യൂട്ടോറിയലിൽ രണ്ടു ഡിവിഷൻ നിർത്തേണ്ടിവന്നു.

വിശ്വം പുറത്തായി. വീണ്ടും ജോലി തേടിയുള്ള അലച്ചിൽ. കഷ്‌ടപ്പാടിന്റെ ദിനങ്ങൾ നീണ്ടുപോകെ വേറൊരു ചെറിയ ജോലി തടഞ്ഞു. ഒരു തടിക്കടയിൽ കണക്കെഴുത്തുകാരന്റെ സഹായിയുടേത്. എന്തു ജോലിയും അത്തരുണത്തിൽ സ്വീകാര്യമായിരുന്നു. ആശ്വാസപ്പെടാനൊരുങ്ങും മുൻപേ ആ തിക്തസത്യത്തെ വിശ്വത്തിനു നേരിടേണ്ടിവന്നു, താൻ നേടിയ ജോലി മറ്റൊരാളിനെ പുറത്താക്കിയ വകയിൽ ഉണ്ടായിവന്നതാണ്. തിരിച്ചുകയറാൻ പഴുതു നോക്കി നടന്നിരുന്നയാൾ താഴ്‌മയോടെ തന്റെ അവസ്ഥ വിശ്വത്തിനോട് അവതരിപ്പിച്ചുനോക്കി. സഹതാപം തോന്നിയെങ്കിലും ഗതികെട്ട തന്റെ അവസ്ഥയിൽ, വിശ്വം പ്രതികരിക്കാ നൊരുങ്ങുന്നില്ല. പെട്ടെന്ന് തിരസ്കൃതന്റെ ഭാവം മാറി, ഭാഷ മാറി. അയാൾ വിശ്വത്തിനെ നിരന്തരമായി പിന്തുടർന്ന് അലട്ടാൻ തുടങ്ങി.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

ഒടുവിൽ ഏതാണ്ട് തന്റെ മനസ്സാക്ഷിയായി മാറിയ അപരന്റെ പ്രത്യക്ഷപ്പെടലുകൾ വിശ്വത്തിനെ ആകുലനാക്കി, അസ്വസ്ഥനാക്കി. ധർമസങ്കടത്തിൽപെട്ട വിശ്വം സ്വയമറിയാതെ നിലനിൽപ്പിനുവേണ്ടിയുള്ള പങ്കപ്പാടിൽ താനെന്തോ തെറ്റു ചെയ്യുന്നുവെന്ന അധോബോധത്തെ അമർത്തിവിഴുങ്ങി നാളുകൾ പോക്കി.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

ജീവിതരഥം എല്ലാ ഊടുവഴികളിലൂടെയും നിരങ്ങിനീങ്ങി. സീത അമ്മയായി, വിശ്വം അച്ഛനായി. 

ഇടയിലൊരുദിവസം വൃദ്ധനായ കണക്കപ്പിള്ള രോഗഗ്രസ്തനായി തടിയറപ്പുമില്ലിലെ തറയിൽ ബോധംകെട്ടു വീണു. തുടർന്ന് അയാൾ ശയ്യാവലംബിയായി. ജോലികഴിഞ്ഞുള്ള സമയം വിശ്വം വൃദ്ധനു ശുശ്രൂഷകൾ നൽകി ഒപ്പം കഴിച്ചു. നല്ല പരിചരണം കാരണം കണക്കപ്പിള്ള കുറേശ്ശെ സുഖം പ്രാപിച്ചു. 

എന്നാൽ തുടരെയുള്ള അധികജോലിയും ഉറക്കമിളപ്പും വിശ്വത്തിന്റെ ആരോഗ്യത്തെ ശരിക്കും ബാധിച്ചു. അയാളുടെ അസുഖം പെട്ടെന്നാണു മൂർച്ഛിച്ചത്. കേവലം രണ്ടു ദിനരാത്രങ്ങൾ. സീതയെയും കുഞ്ഞിനെയും അനാധരാക്കി വിശ്വം അന്ത്യശ്വാസം വലിച്ചു.  

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

അശേഷം അനുകമ്പയില്ലാത്ത ഒരു ലോകമാണ് അവൾക്കു മുൻപിൽ. ഭാവി ഭയരൂപിയായി  അവളെ തുറിച്ചുനോക്കുന്നു. എങ്കിലും സീത പിന്നോട്ടില്ല. അവൾക്കെന്തായിരിക്കും സംഭവിക്കുക? ചോദ്യങ്ങൾ ബാക്കിവച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു.

മദ്രാസിൽ ജെം മൂവിസ് എന്ന എഡിറ്റ്‌സ്യൂട്ടിലാണ് എഡിറ്റിങ് നടത്തിയത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ബാച്ചിൽ പഠിച്ചിരുന്ന രമേശ് എഡിറ്റ് ചെയ്‌തു. പിന്നീട് എന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും എഡിറ്ററായി ജോലിചെയ്‌ത മണി സഹായിയായിരുന്നു. പടം ഏകദേശം അവസാനരൂപത്തിലെത്തുന്ന ഘട്ടത്തിൽ എം. ഗോവിന്ദനെ റഫ്‌കട്ട് എന്നു വിളിക്കുന്ന അവസ്ഥയിലുള്ള ചിത്രം കാണിച്ചു. അദ്ദേഹത്തിനു വളരെ ഇഷ്‌ടമായി. എന്നോടദ്ദേഹം കഴിയുന്നത്ര മയത്തിൽ ചോദിച്ചു, ചിത്രത്തിന്റെ അവസാനം തുറന്ന രീതിയിലായാൽ കൂടുതൽ  നന്നാവില്ലേ? സൂചന എനിക്കു മനസ്സിലായി. ഞാനതു സന്തോഷപൂർവം സ്വീകരിച്ചു. ഇതിനുവേണ്ടി ചിത്രാന്ത്യം രണ്ടാമതു മാറ്റി ചിത്രീകരിക്കുകയൊന്നും വേണ്ടിവന്നില്ല. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

പടത്തിന്റെ പശ്ചാത്തല സംഗീതരചന ശരിക്കുമൊരു കീറാമുട്ടിയായിരുന്നു. ആദ്യഫ്രെയിം മുതൽ അവസാനംവരെ ഓരോ രംഗത്തിന്റെയും വൈകാരികതയ്ക്കു  മാറ്റുകൂട്ടിക്കൊണ്ടുള്ള ഒഴിയാബാധയായാണ് പശ്ചാത്തലസംഗീതത്തെ സിനിമാക്കാരും പഴക്കംകൊണ്ട് കാഴ്‌ചക്കാരും കരുതിപ്പോന്നിരുന്നത്. ഇതൊന്നു മാറ്റിയെടുക്കേണ്ടിയിരുന്നു. ശബ്‌ദപഥം പശ്ചാത്തല സംഗീതവും സംഭാഷണവും കൊണ്ടു നിറച്ചുപോന്നിരുന്ന ഏർപ്പാടിൽ മറ്റു ശബ്‌ദങ്ങൾക്ക് ഇടമേതും ഉണ്ടായിരുന്നില്ല. അതിൽനിന്നു മാറി ഇതരശബ്‌ദവിശേഷങ്ങളെ സർഗാത്മകമാ യി ഉപയോഗിക്കേണ്ടിയിരുന്നു. അനുകരണസംഗീതത്തിനു പകരം പ്രമേയസംഗീതം അവതരിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. അതു മനസ്സിലാക്കി സംഗീതരചന നടത്താൻ മനസ്സും തയാറുമുള്ള ഒരു സംഗീതരചയിതാവിനെയാണ് ഞാനന്വേഷിച്ചുകൊണ്ടിരുന്നത്. 

മൃണാൾ സെന്നിന്റെ പടങ്ങൾക്കു പശ്ചാത്തലസംഗീതം കൊടുത്തിരുന്ന വിജയരാഘവ റാവുവിനെയാണ് ആദ്യം ബന്ധപ്പെട്ടത്. അദ്ദേഹം കൃത്യമായി ഒഴിഞ്ഞുമാറി. കാരണം, കന്നിപ്പടം, പോരെങ്കിൽ ഒരു പ്രാദേശികഭാഷയിലുള്ള ചിത്രം എന്നു തുടങ്ങിയുള്ള പോരായ്‌മകളായിരിക്കണം പറയാതെ പറഞ്ഞ കാരണങ്ങൾ.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

മറ്റൊരു പേരുയർന്നുവന്നത് വയലിനിസ്റ്റ് എം.എസ്. ഗോപാലകൃഷ്‌ണന്റേതാണ്. അദ്ദേഹം മലയാളിയും ആയിരുന്നല്ലോ. മൈലാപ്പൂരിലുള്ള വസതിയിൽ അദ്ദേഹത്തെ പോയിക്കണ്ടു. ഇതുവരെ പശ്ചാത്തലസംഗീതരചന നടത്തിയിട്ടില്ല, വയലിൻ വായിക്കാനുണ്ടെങ്കിൽ തയാർ എന്നായിരുന്നു വിനയശീലനായ ഗോപാലകൃഷ്‌ണന്റെ പ്രതികരണം.

എഡിറ്റർ രമേശ് ഒരു കമ്പോസറുടെ പേരു പറഞ്ഞു, എം.ബി. ശ്രീനിവാസൻ. എല്ലാ രീതിയിലും വേറിട്ടൊരു വ്യക്തിത്വം പുലർത്തുന്നയാൾ. പുതിയ ആശയങ്ങളോട് ആഭിമുഖ്യവും ആവേശവുമുള്ള വ്യക്തി. അദ്ദേഹത്തെ പോയിക്കണ്ടു, കാര്യങ്ങൾ സംസാരിച്ചു.

തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞതുപോലെയായിരുന്നു ആ കണ്ടെത്തൽ. (അദ്ദേഹത്തിന്റെ മരണംവരെ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു. അപൂർവമായി ഞങ്ങൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ അദ്ദേഹം എന്നോടു  പിണങ്ങിപ്പറയും: ഗോപാൽ – നിങ്ങൾക്കു സംഗീതത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. 

എന്റെ കൊള്ളിച്ചുള്ള മറുപടി ഉടനുണ്ടാവും, അതുകൊണ്ടാണ് ഞാൻ നിങ്ങളെത്തന്നെ ഓരോ വട്ടവും തേടിവരുന്നത്.

ഒരു നിമിഷം ഒന്നാലോചിച്ച് എംബിഎസ് പൊട്ടിച്ചിരിക്കും).

സിനിമ നിർമിക്കുന്നതോടുകൂടി അതിന്റെ ജീവിതം ആരംഭിക്കുന്നില്ല. കാഴ്‌ചക്കാരനിൽ എത്തിക്കുവാനുള്ള വിതരണസമ്പ്രദായം അത്യന്തം പ്രധാനമാണ്. കോപ്പികൾ തയാറാക്കണം, തിയറ്ററുകളുമായി ബന്ധപ്പെട്ട് പ്രദർശനത്തിനുള്ള കരാറിലേർപ്പെടണം, പത്രങ്ങളിലും ആനുകാലികങ്ങളിലുമുള്ള പരസ്യത്തിനു പുറമേ റിലീസ്‌ ചെയ്യുന്ന ഓരോ തിയറ്ററും കേന്ദ്രമാക്കി തദ്ദേശീയമായി പരസ്യം ചെയ്യണം, പല തരത്തിലും വലുപ്പത്തിലും ഡിസൈൻ ചെയ്‌ത പോസ്റ്ററുകൾ നാടാകെ ഒട്ടിക്കണം, നിർമാണവിശേഷങ്ങളും അനുബന്ധവിഷയങ്ങളും പത്രമാധ്യമങ്ങൾക്കെത്തിക്കണം എന്നു തുടങ്ങി ഏറെക്കാര്യങ്ങൾ നിർമാണത്തെത്തുടർന്നു ചെയ്യേണ്ടതുണ്ട്. പണച്ചെലവ് ഏറെയുള്ള ഈ ജോലികളെല്ലാം ഏറ്റെടുത്തു പടം വിതരണം ചെയ്യാമെന്നേറ്റിരുന്ന വിദ്വാൻ പെട്ടെന്നൊരു ദിവസം അങ്ങു പിന്മാറി. 

എന്തു ചെയ്യും? ഞങ്ങൾ കൂടിയാലോചിച്ചു. തോറ്റുപിന്മാറാൻ മനസ്സില്ലായിരുന്നു. വിതരണരംഗത്ത് അനുഭവപരിചയമുള്ള സോമനെ കണ്ടുപിടിച്ച് അയാളുടെ ചുമതലയിൽ സ്വന്തമായ ഒരു വിതരണ സംവിധാനം ഒരുക്കുകയായി. പത്രപ്പരസ്യത്തിലൂടെ എത്തിയ യുവാക്കളായ അപേക്ഷകരിൽ നിന്നു പതിന്നാലുപേരെ ഫിലിം പ്രതിനിധികളായി തിരഞ്ഞെടുത്തു. അവർക്കു സോമനും ഞങ്ങളിൽ ചിലരും ചേർന്ന് പരിശീലനം നൽകി.  നിർമാണച്ചുമതലയുള്ള സംഘം സെക്രട്ടറി ഭാസ്‌കരൻ നായരും സോമനും കൂടി കേരളത്തിലങ്ങോളമിങ്ങോളമുള്ള റിലീസ്‌ സെന്ററുകളിലെ തിയറ്റർ മാനേജർമാരുമായി നേരിട്ടു നടത്തിയ കൂടിക്കാഴ്‌ചകളെത്തുടർന്ന് അന്നു പതിവുള്ള പതിന്നാലു കേന്ദ്രങ്ങളിലും പടം റിലീസ്‌ ചെയ്യാൻ ധാരണയായി.  പല തിയറ്ററുകളിലുമെത്തുമ്പോൾ ആരൊക്കെ അഭിനയിച്ചുവെന്ന അന്വേഷണത്തിന് ഉത്തരം പറയവേ അവർ കേൾക്കാനാഗ്രഹിച്ച ഒരു പേരു വിട്ടുപോയിരിക്കുന്നു! അടൂർ ഭാസി!!  

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

ഒരു മാനേജർ അദ്ഭുതവും അവജ്‌ഞയും കലർത്തി അതിശയിച്ചു, അടൂർ ഭാസിയില്ലാണ്ട് പടമെടുത്തിരിക്കുന്നു!

സിനിമയുടെ ഉള്ളടക്കം പതിവുവിട്ടതാണെന്നു വിളിച്ചോതുന്ന ഡിസൈനിലുള്ള പോസ്റ്ററുകളാണ് വേണ്ടതെന്നും അതിന്റെ പുതുമയും മൗലികതയും പ്രേക്ഷകരെ ഒരു വ്യത്യസ്താനുഭവത്തിനു  തയാറാക്കുമെന്നുമായിരുന്നു പ്രതീക്ഷ. പോസ്റ്റർ രൂപകൽപന എം.വി. ദേവന്റെ നേതൃത്വത്തിൽ നമ്പൂതിരി, സി.എൻ. കരുണാകരൻ, കെ.പി. സോമൻ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാർ ഏറ്റെടുത്തു. 

പത്രപ്പരസ്യങ്ങളിലും പബ്ലിസിറ്റിയിലുമെല്ലാം വമ്പൻ കമേഴ്‌സ്യൽ സിനിമകളുടെ രീതിയിൽത്തന്നെയുള്ള റിലീസായിരുന്നു സ്വയംവരത്തിന്റേത്. നവംബർ 24 റിലീസ്‌ ഡേറ്റായി തിരഞ്ഞെടുത്തത് വൻകിടചിത്രങ്ങളുമായുള്ള മത്സരം ഒഴിവാക്കാനായിരുന്നു. ക്രിസ്‌മസ് റിലീസുകൾ ആഴ്‌ചകൾ കഴിഞ്ഞു മാത്രമേ ഉണ്ടാവൂ എന്നു കണക്കുകൂട്ടി. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

കുറവല്ലാത്ത താരസാന്നിധ്യം ഉണ്ടായിരുന്നതുകൊണ്ടാവണം ആദ്യദിവസങ്ങളിൽ പ്രേക്ഷകർ നിറയെ എത്തിയിരുന്നു. എന്നാൽ, ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും അവരുടെ എണ്ണം ക്രമേണ കുറഞ്ഞു. മിക്ക തിയറ്ററുകളിൽ നിന്നു പടം പുറത്തായി. ഒന്നിലധികം തിയറ്റർ മാനേജർമാർ ഫോൺ വിളിച്ച് അവരുടെ കുണ്‌ഠിതം രേഖപ്പെടുത്തി, അഞ്ചാറു പാട്ടുകൂടി ഉണ്ടായിരുന്നെങ്കിൽ എങ്ങനെ ഓടേണ്ട പടമാ – 

അങ്ങനെ പടത്തിന് മുതൽമുടക്ക് തിരികെ കിട്ടില്ല എന്ന കാര്യം ഉറപ്പായി. ചില പത്രങ്ങളും സിനിമാവാരികകളും ചിത്രലേഖയെന്ന യുവപ്രസ്ഥാനത്തിനു ചരമക്കുറിപ്പ് എഴുതി.

തുടർന്നായിരുന്നു 1969 ൽ ആരംഭിച്ചിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡിനു കൃതികൾ ക്ഷണിക്കപ്പെട്ടത്. ചിത്രത്തിന്റെ മേന്മ നോക്കിയാവുമല്ലോ അവാർഡുകൾ നൽകുക എന്ന ധാരണയിൽ ഞങ്ങളും മത്സരത്തിൽ പങ്കെടുത്തു. അന്നു നാഷനൽ ഫിലിം ആർക്കൈവിൽ അസിസ്റ്റന്റ് ക്യൂറേറ്റർ ആയിരുന്ന പി.കെ. നായരുടെ അധ്യക്ഷതയിലുള്ളതായിരുന്നു ജൂറി. മാധവിക്കുട്ടി അംഗമായിരുന്ന ജൂറിയിൽ സിനിമയുമായോ കലയുമായിത്തന്നെയോ പുലബന്ധംപോലുമില്ലാത്ത തോപ്പിൽരവി തുടങ്ങിയവരും ഉണ്ടായിരുന്നു. 

ഫലത്തിൽ ജൂറി തീരുമാനങ്ങൾ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിലെ പരിണതപ്രജ്‌ഞരായ ചില ഉദ്യോഗസ്ഥരുടെ ഇംഗിതാനുസരണമായിരുന്നുവെന്നു പറയപ്പെടുന്നു. പി.കെ.നായരെ നോക്കുകുത്തിയാക്കി ഇരുത്തി, അവർ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കി.

ജൂറിയെടുത്ത സുപ്രധാനമായ തീരുമാനം പി.കെ.നായർ ചിത്രലേഖക്കാരുടെ സുഹൃത്തായതു കാരണം ഒരവാർഡും സ്വയംവരത്തിനു കൊടുക്കരുത് എന്നായിരുന്നു. ജൂറിയിൽ നടന്നതൊക്കെ താമസിയാതെ മാളോരറിയാൻ ഒരു വഴിയുണ്ടായി. എന്തോ ആവശ്യത്തിനായി കൊല്ലത്തെത്തിയ പി.കെ.നായരുമായി ദേവാനന്ദ് എന്ന പത്രലേഖകൻ വിശദമായിത്തന്നെ ഒരു അഭിമുഖം നടത്തി. താൻ പെട്ടുപോയിരുന്ന ശത്രുപാളയത്തിലെ നടപടികളെപ്പറ്റി നായർ മനസ്സു തുറന്നു സംസാരിച്ചു. അതു നായരുടെ മുറിപ്പെട്ടുപോയ ആത്മാഭിമാനത്തിന്റെ വീണ്ടെടുക്കൽകൂടി ആയിരുന്നു. തനിക്കൊരിക്കലും യോജിക്കാൻ കഴിയാത്ത തീരുമാനങ്ങൾ തന്റെ അധ്യക്ഷതയിൽ കൂടിയ ജൂറി തന്റെ എതിർപ്പിനെ വകവയ്‌ക്കാതെ ഭൂരിപക്ഷ തീരുമാനമെന്ന ന്യായത്തിൽ ധാർഷ്‌ട്യത്തോടെ എടുക്കുകയാണു ചെയ്‌തത്.

അങ്ങനെ സ്വയംവരത്തെ സ്വന്തം മണ്ണിൽ പൂജ്യസ്ഥാനത്തിനു താഴേക്കെത്തിച്ചു. തൽപ്പരകക്ഷികൾക്കെല്ലാം തൃപ്‌തിയായി. വള്ളം അവർക്കു വേണ്ട കടവിൽത്തന്നെ അടുപ്പിക്കാൻ കഴിഞ്ഞല്ലോ. 

ഇത്തരം ഗർവഭംഗങ്ങൾക്കിടയിൽ ഞങ്ങളെ അന്വേഷിച്ചുവന്ന ഒരു നല്ല വാർത്ത 1973 ജൂണിൽ നടക്കുന്ന മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി സ്വയംവരം തിരഞ്ഞെടുക്കപ്പെട്ടുവെന്നതായിരുന്നു.

പരിക്ഷീണമായിരുന്ന ഞങ്ങളുടെ പ്രതീക്ഷകൾക്കും വിശ്വാസങ്ങൾക്കും ആ വാർത്ത പ്രദാനം ചെയ്‌ത ഉശിരും ഉണർവും ചില്ലറയായിരുന്നില്ല.

വാർത്താവിതരണ വകുപ്പുമന്ത്രിയായിരുന്ന ഐ.കെ.ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ ഡെലിഗേഷനാണ് മോസ്‌കോ ഫെസ്റ്റിവലിൽ പങ്കെടുത്തത്. അതിൽ നായകനടനായ മധുവും ഞാനും അംഗങ്ങളായിരുന്നു. അന്നു ഫിലിമുകൾ സബ്‌ടൈറ്റിൽ ചെയ്‌തു പ്രദർശിപ്പിക്കുന്ന ടെക്‌നോളജി നിലവിൽ വന്നിരുന്നില്ല. മത്സരചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ തിയറ്ററിൽ സംഭാഷണങ്ങൾ തത്സമയം റഷ്യൻ ഭാഷയിലേക്കു തർജമ ചെയ്‌ത് കേൾപ്പി ച്ചുകൊണ്ടിരിക്കും. ഇംഗ്ലിഷ്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമൻ തുടങ്ങി ഒട്ടേറെ ഭാഷകളിലുള്ളവയുടെ പരിഭാഷ പ്രേക്ഷകർക്കു ഹെഡ്‌ഫോണിൽ തിരഞ്ഞെടുത്തു കേൾക്കാം.

സ്വയംവരത്തിന്റെ പ്രദർശനം നടക്കുമ്പോൾ ഒരു കൗതുകത്തിനുവേണ്ടി ഞാൻ ഇംഗ്ലിഷ് ഭാഷയിൽ എങ്ങനെയുണ്ട് വിവരണമെന്നു കേട്ടുനോക്കി. ഞാൻ അന്തംവിട്ടുപോയി. കഥാപാത്രങ്ങൾ സംസാരിക്കുന്നതും ഇംഗ്ലിഷിൽ പറയുന്നതുമായി പുലബന്ധംപോലുമില്ല. അൽപനേരം കേട്ടതിനുശേഷം ഞാൻ ഗുജ്റാളിനോടു ചെന്നു പരാതിപ്പെട്ടു, ആകെ തെറ്റിച്ചാണ് ഭാഷാന്തരം ചെയ്‌തുകൊണ്ടിരിക്കുന്നത്. ഗുജ്റാൾ ഒരു വോളണ്ടിയറെ വിളിച്ചു പറഞ്ഞു: ഇദ്ദേഹത്തെ പരിഭാഷകന്റെ അടുത്തേക്കെത്തിക്കൂ. അയാളോടൊപ്പം ചെന്ന് പരിഭാഷകനെ കണ്ടുപിടിച്ചു, ഞാൻ അയാളോട് കയർത്തുതന്നെ പറഞ്ഞു: സംഭാഷണഭാഗങ്ങളുടെ ഇംഗ്ലിഷ് പരിഭാഷ നിങ്ങൾക്കു ഞാൻ തന്നിട്ടുണ്ടല്ലോ, അതിൽനിന്നു മാറി തോന്നിയമാതിരി സംസാരിക്കാൻ നിങ്ങൾക്കാരാണ് അനുവാദം തന്നത്? അതിനയാളുടെ മറുപടി: ഞാൻ നല്ല ഇംഗ്ലിഷാണു സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു. എനിക്കു ദേഷ്യം വന്നു. ഗോ ടു ഹെൽ വിത് യുവർ ഇംഗ്ലിഷ്. ഞാൻ എഴുതിത്തന്നിട്ടുള്ള ഇംഗ്ലിഷിൽ സംസാരിച്ചാൽ മതി. എന്റെ സിനിമ നശിപ്പിക്കാൻ തനിക്ക് അവകാശമില്ല.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

ഞാൻ തിരിച്ചുപോയി സീറ്റിലിരുന്നു. ഹെഡ്‌ഫോൺ ഘടിപ്പിച്ച് ശ്രദ്ധിക്കുമ്പോൾ അയാൾ സംഭാഷണമെല്ലാം പാട്ടുപോലെയാക്കി കളിതമാശയായി വായിക്കുന്നു! 

സോവിയറ്റ് യൂണിയനെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണകളെല്ലാം തകിടം മറിഞ്ഞു. ഒരു രാജ്യാന്തരചലച്ചിത്രോത്സവം ഇത്രമാത്രം നിരുത്തരവാദപരമായാണോ നടത്തുക?

അടുത്ത ദിവസത്തെ ഫെസ്റ്റിവൽ ബുള്ളറ്റിനിൽ സ്വയംവരത്തിന്റെ റിവ്യൂ വന്നു. വിമർശനപരമായിരുന്നു അത്. നിയോറിയലിസ്റ്റ് സിനിമയാണതെന്നു തീരുമാനിച്ചാണ് എഴുത്ത്. പ്രധാനപ്പെട്ട വിമർശനം നായകൻ എന്തുകൊണ്ട് പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കാതെ നോക്കിനിൽക്കുന്നു എന്നായിരുന്നു. നിരൂപണം ഔദ്യോഗിക സമീപനാനുസരണമായിരുന്നുവെന്നു പിന്നീടു മനസ്സിലായി. 

ക്രൂഷ്‌ചേവ് അധികാരത്തിൽ വരുന്നതുവരെയുള്ള കാലഘട്ടം സോഷ്യലിസ്റ്റ് റിയലിസത്തിന്റേതായിരുന്നു. ആ മഞ്ഞക്കണ്ണാടിയിലൂടെ നോക്കിയാണ് എല്ലാ കലാരൂപങ്ങളെയും അവിടെ വിലയിരുത്തിയിരുന്നത്.

ഇതു സോവിയറ്റ് യൂണിയനിൽ മാത്രമല്ല, സാമന്തരാക്കി മാറ്റിയിരുന്ന കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലെമ്പാടും ഈ അവസ്ഥ നിലനിന്നിരുന്നു. പല ഉത്തമ കലാസൃഷ്‌ടികളും അക്കാലത്ത് ഒന്നുകിൽ നിരോധിക്കപ്പെടുകയോ അല്ലെങ്കിൽ കർശനമായ സെൻസറിങ് നടത്തി കശാപ്പുചെയ്യുകയോ ഉണ്ടായിട്ടുണ്ട്. ആന്ദ്രേ വയ്‌ദയുടെ അവസാന ചിത്രമായ ആഫ്‌റ്റർ ഇമേജ് ഈ കാലഘട്ടത്തിലെ അവസ്ഥയെപ്പറ്റിയുള്ള ഒരൊന്നാന്തരം ഡോക്യുമെന്റാണ്.

സ്വയംവരത്തിലെ നായകൻ തന്നെ സ്വയം കാണുന്നത് ഒരു തൊഴിലാളിയായല്ല. തൊഴിലാളിവർഗത്തിൽ അയാളെ കൂട്ടാനും പറ്റില്ല. ചുറ്റും നടക്കുന്നതും താൻ സാക്ഷ്യം വഹിക്കുന്നതുമായ അവസ്ഥയെപ്പറ്റിയുള്ള ഉപബോധമനസ്സിലെ അറിവ് ഒരു മധ്യവർഗപ്രതിനിധിയിലുളവാക്കുന്ന നീതിബോധസംബന്ധമായ സന്ത്രാസത്തെപ്പറ്റിയാണു സിനിമ പറയുന്നത്. 

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

മോസ്‌കോ ഫെസ്റ്റിവലിൽ സ്വയംവരം ഒരു റെക്കോർഡുണ്ടാക്കി. അതിനു മുൻപു പങ്കെടുത്തിട്ടുള്ള എല്ലാ ഇന്ത്യൻ ചിത്രങ്ങൾക്കും ഏതെങ്കിലും ഒരവാർഡ് നിർബന്ധമായും ലഭിക്കുന്ന പതിവുണ്ട്. അതു ജൂറി നൽകുന്ന അവാർഡ്‌പോലും ആകണമെന്നില്ല. ഇന്തോ–സോവിയറ്റ് ഐക്യദാർഢ്യ സമിതിയെന്നൊക്കെയുള്ള ഏതെങ്കിലും പേരിൽ ഒരവാർഡ് കൊടുത്തുവിടുക പതിവാണ്. എന്നാൽ, പേരിനുപോലും ഒരവാർഡും നേടാതെയാണ് ഞങ്ങൾ മടങ്ങിയത്. 

അക്കാലത്ത് ന്യൂസ്‌പേപ്പർ വലുപ്പത്തിൽ ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു സിനിമാ വാരികയായിരുന്നു സ്‌ക്രീൻ. മോസ്കോയിൽനിന്നു മടങ്ങിയെത്തിയ ഘോഷ് എന്ന ബംഗാളി ലേഖകൻ സ്വയംവരത്തെ രൂക്ഷമായി ആക്രമിച്ചുകൊണ്ട് വലിയ തലക്കെട്ടിലുള്ള ഒരു ലേഖനംതന്നെ എഴുതി കൃതാർഥനായി. സ്വയംവരം മോസ്കോയിൽ ഇന്ത്യയ്ക്ക് അപമാനം വരുത്തിയെന്നായിരുന്നു തലവാചകം.

ഫെസ്റ്റിവൽ സമയം മോസ്കോയിലുണ്ടായിരുന്ന എംജിആറും മടക്കത്തിൽ സ്വയംവരത്തെ അധിക്ഷേപിച്ചു പറഞ്ഞു. ഇന്ത്യയുടെ ദാരിദ്ര്യം വെളിയിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചുവെന്നായിരുന്നു നടികർ ശിങ്കത്തിന്റെ വിമർശം. (പണ്ട് നടി നർഗീസ് ഇത്തരമൊരു പരാമർശം പഥേർ പാഞ്ചാലിയെപ്പറ്റി രാജ്യസഭയിൽ നടത്തിയിട്ടുള്ളതായി കേട്ടിട്ടുണ്ട്).

ഇതിനെല്ലാം പുറമേയായിരുന്നു നാഷനൽ അവാർഡിനുവേണ്ടി പടങ്ങൾ തിരഞ്ഞെടുക്കുന്ന ദക്ഷിണമേഖലാകമ്മിറ്റിയുടെ പ്രഹരം. മദിരാശിയിൽ പടങ്ങൾ തിരഞ്ഞെടുക്കാൻ നിയുക്തമായ കമ്മിറ്റിയിൽ, സംസ്ഥാന അവാർഡ് ജൂറിയിലുണ്ടായിരുന്ന രണ്ടുപേർ കടന്നുകൂടിയിരുന്നു. അവരിലൊരാൾ തോപ്പിൽ രവിയെന്ന വിദഗ്‌ധനായിരുന്നു. മലയാളത്തിൽനിന്ന് ഏഴെട്ടു പടങ്ങൾ ദേശീയ ജൂറിക്കു കാണാൻ അവർ ശുപാർശ ചെയ്‌തു. ആ ലിസ്റ്റിൽ സ്വയംവരം ഉണ്ടായിരുന്നില്ല. പത്രത്തിൽ വാർത്ത വായിച്ചപ്പോൾ ഔദ്യോഗികസ്ഥാനങ്ങളിലുള്ളവർ നടത്തിയ ഓപ്പറേഷൻ എത്ര കൃത്യമായിരുന്നുവെന്നു വ്യക്തമായി.

ഈയൊരവസ്ഥയിൽ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വാർത്താവിതരണ മന്ത്രാലയത്തിലേക്കു വിശദമായ ഒരു ടെലിഗ്രാം തയാറാക്കി അയച്ചു, ഞങ്ങൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പാസ്സായ കുറെപ്പേർ ചേർന്നു നിർമിച്ച കന്നിച്ചിത്രം, സ്വയംവരം ചില സ്ഥാപിത താൽപര്യക്കാരുടെ ഇടപെടൽ കാരണം കേന്ദ്രത്തിലേക്കു ശുപാർശ ചെയ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ പടം ദയവായി ദേശീയ ജൂറിക്കു മുൻപിൽ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു – ഇതായിരുന്നു ടെലിഗ്രാമിന്റെ ഉള്ളടക്കം.

ഉടൻതന്നെ കേന്ദ്രഗവൺമെന്റിന്റെ മറുപടി വരുമെന്നും ജൂറിക്കു കാണാൻ ഫിലിമിന്റെ പ്രിന്റ്  ആവശ്യപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ, അവിടെനിന്നു യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. 

നാളുകൾ മാസങ്ങളായി കടന്നുപോയി. ഞങ്ങൾ കുറേശ്ശെയായി നിരാശ തന്നെ മറന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഞങ്ങൾ മൂന്നുപേർ– ഞാനും ഭാസ്‌കരൻ നായരും കെമിക്കൽ എക്സാമിനറായിരുന്ന കൃഷ്‌ണപിള്ളയും– വേണുഗോപാലനിലയം (മാസ്കറ്റ് ഹോട്ടലിനു പുറത്തുണ്ടായിരുന്നത.് ഇതിനകം പൊളിക്കപ്പെട്ടു) റസ്റ്ററന്റിൽ ചായകുടിച്ച് സംഭാഷണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. കട തുറക്കുമ്പോൾ തുറന്നുവച്ച്, അടയ്‌ക്കുമ്പോൾമാത്രം ഓഫ്‌ചെയ്യുന്ന റേഡിയോയുടെ ഒച്ചയ്‌ക്കു മേലെയായിരുന്നു ഞങ്ങളുടെ അലസഭാഷണം. 

അപ്പോൾ ഡൽഹിയിൽനിന്ന് ആറ് അഞ്ചിനുള്ള ദേശീയവാർത്തയിൽ കേട്ടു, ദി മലയാളം ഫിലിം സ്വയംവരം വിൻസ് ദ് നാഷനൽ അവാർഡ് ഫോർ ദി ബെസ്റ്റ് ഫിലിം!

വിശ്വസിക്കാനായില്ല. ആഹ്ലാദത്തെക്കാളേറെ അവിശ്വാസമായിരുന്നു ആ വാർത്ത ഞങ്ങളിൽ ജനിപ്പിച്ചത്. ഓൾ ഇന്ത്യാ റേഡിയോയ്‌ക്ക് തെറ്റു പറ്റിയതായിരിക്കാം എന്ന തീരുമാനത്തിൽ ഞങ്ങളെത്തി. പടം കാണാതെ അവാർഡ് നിശ്ചയിക്കാൻ പറ്റില്ലല്ലോ.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

എന്നാൽ, അവാർഡിന്റെ വിശദാംശങ്ങൾ തുടർന്നുവന്നു. മികച്ച ചിത്രത്തിനു മാത്രമല്ല, സംവിധാനത്തിനും അഭിനയത്തിനും ഛായാഗ്രഹണത്തിനും ചേർത്ത് നാല് മേജർ അവാർഡുകൾ സ്വയംവരം നേടി. ഒരേ സിനിമയ്‌ക്ക് ഇത്രയേറെ പ്രധാന അവാർഡുകൾ നൽകിയിട്ടുള്ള അനുഭവം അതിനു മുൻപോ പിൻപോ ഉണ്ടായിട്ടുള്ളതായി അറിവില്ല. 

ദേശീയ അവാർഡിനെത്തുടർന്ന്, എങ്കിൽപ്പിന്നെ ഈ സിനിമ ഒന്നു കണ്ടിട്ടുതന്നെ കാര്യം, ഇത്ര ഘോഷിക്കാനെന്തെന്നറിയണമല്ലോ എന്നു മാളോർക്കു തോന്നി. അതു ചിത്രലേഖയ്ക്കും എനിക്കും പുതിയ പ്രസ്ഥാനത്തിനും അനുഗ്രഹമായി. ഞങ്ങളുടെതന്നെ വിതരണക്കമ്പനി സന്നദ്ധമായി ഉണ്ടായിരുന്നതു കാരണം, ഉടൻതന്നെ രണ്ടാമതൊരു റിലീസിനു തയാറെടുത്തു. സ്വയം വന്നുചേർന്ന പബ്ലിസിറ്റിയുടെ ചൂടാറും മുൻപ് നേരത്തേ പടം പ്രദർശിപ്പിച്ചിരുന്ന പതിന്നാലു പ്രധാന തിയറ്ററുകളിലും പ്രദർശനം പുനരാരംഭിച്ചു. ഇത്തവണ ഓരോ കളിയും പ്രേക്ഷകരെക്കൊണ്ടു നിറഞ്ഞു. രണ്ടുമൂന്നു മാസത്തേക്ക് നിറഞ്ഞ സദസ്സുകളിൽത്തന്നെ സ്വയംവരം തികഞ്ഞോടി.

മുടക്കുമുതൽ തിരികെ വന്നു. ഫിലിം ഫൈനാൻസ്  കോർപറേഷനിൽനിന്നു കടമെടുത്ത പണം പലിശസഹിതം തിരിച്ചടച്ചു (ഒരുപക്ഷേ അവരുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ കടംകൊണ്ട പണം തിരിച്ചടയ്ക്കുന്നത്. കണിശമായി പണമടച്ചതിന്റെ പേരിൽ പലിശയിൽ അൽപം ഇളവും തന്നു).

സ്വയംവരം പല മുഖങ്ങളിൽ ചരിത്രം സൃഷ്‌ടിച്ചു. അറിവും ആജ്‌ഞാശക്തിയുമുള്ള റൊമേശ് ഥാപ്പർ അധ്യക്ഷനായ ദേശീയ ജൂറിയിൽ അംഗങ്ങളായി പ്രവർത്തിച്ചവരിൽ കലാസാംസ്‌കാരികരംഗങ്ങളിലെ അതികായരായ തകഴി ശിവശങ്കരപ്പിള്ള, ശാന്താഗാന്ധി,  റീതാ റോയ്, ഷീലാ വാട്‌സ്, ഉഷാ ഭഗത്, യൂനൂസ് ദെൽവി, തേജീ ബച്ചൻ, യു. വിശ്വേശ്വർ റാവു, അർധേന്ദു മുഖർജി തുടങ്ങിയവർ ഉണ്ടായിരുന്നു. ജൂറി പ്രാദേശികകമ്മിറ്റികളെ ശക്തമായ ഭാഷയിൽ രൂക്ഷമായി വിമർശിച്ചു.

ദേശീയതലത്തിൽ ബഹുമതികൾക്കർഹതയുള്ള ചിത്രങ്ങളെ തഴഞ്ഞും ഒരു തരത്തിലും പരിഗണന അർഹിക്കാത്തവയെ ശുപാർശ ചെയ്‌തും തങ്ങളുടെ കടമയെ മറന്നു പ്രവർത്തിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുസമിതികളെ പിരിച്ചുവിടണമെന്നതായിരുന്നു ഒരു പ്രധാന ശുപാർശ. (ഇതനുസരിച്ച് അടുത്തകാലം വരെ പ്രാദേശികക്കമ്മിറ്റിയെന്ന സമ്പ്രദായം അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ അതു വീണ്ടും ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും പുതുമകളോ പ്രത്യേകതകളോ ഉള്ള സിനിമകൾ അവർ മേലോട്ടു വിടുകയില്ല, കട്ടായം!).

അവിശ്വസനീയമായ ചില സാഹചര്യങ്ങളുടെ അനുഗ്രഹത്താലാണു സ്വയംവരം നാഷനൽ ജൂറി കാണാനിടയായത്. ഞങ്ങളുടെ ടെലിഗ്രാമിനെ തുടർന്ന് മന്ത്രാലയത്തിലെ ചുമതലപ്പെട്ടവരുടെ അന്വേഷണത്തിൽ സ്വയംവരത്തിന്റെ ഫിലിംപ്രിന്റ്‌ മോസ്കോയിൽനിന്നു വന്നിരുന്നത് ശ്രദ്ധയിൽപെട്ടു. അതു ജൂറിചെയർമാന്റെ അനുവാദം വാങ്ങി, ശുഷ്‌കാന്തിയോടെ പ്രദർശനത്തിനെത്തിക്കുകയായിരുന്നു. അന്യായം നടന്നിട്ടുണ്ടെന്നു ജൂറിക്കു വ്യക്തമായിരിക്കണം. അത് അവരുടെ തീരുമാനങ്ങളിൽ വ്യക്തമായിരുന്നു. സ്വയംവരത്തിൽ സംഭാഷണം നന്നേ കുറവായിരുന്നതും സഹായകമായി. പരിഭാഷകരുടെ പങ്ക് അക്കാരണത്താൽ അൽപമാത്രമായിരുന്നു.

എസ്.കെ. പാട്ടീൽ കമ്മിറ്റി (1951) ഇന്ത്യൻസിനിമയുടെ സുസ്ഥിതിയും പുരോഗതിയും ലക്ഷ്യമാക്കി നടത്തിയ ശുപാർശകളിൽ പ്രധാനമായ ഒരിനം ദേശീയ ഫിലിം അവാർഡുകൾ ഏർപ്പെടുത്തുക എന്നതായിരുന്നു. ഈ വിഷയത്തെപ്പറ്റി ജവാഹർലാൽ നെഹ്റു പാർലമെന്റിൽ പ്രസ്താവന നടത്തുമ്പോൾ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്, ഇന്ത്യൻ സിനിമയുടെ ഗുണനിലവാരം മറ്റു രാജ്യങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ തുലോം താഴെയാണ്.

പരിഹാരമാർഗങ്ങൾ പലതും കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്. അവയോരോന്നായി നടപ്പാക്കേണ്ടിയിരിക്കുന്നു. കലാപരമായും സാങ്കേതികമായും നാമിനിയും വളരെ മുൻപോട്ടു പോകേണ്ടിയിരിക്കുന്നു. ഏറ്റവും ഉന്നതനിലവാരം പുലർത്തുന്ന സിനിമകൾക്കു ദേശീയ ബഹുമതി നൽകുന്നതിലൂടെ രണ്ടു കാര്യങ്ങളാണ് സാധിക്കേണ്ടത്.

story-behind-national-award-winning-malayalam-film-swayamvaram-adoor-gopalakrishnan

ഒന്ന്, അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച കലാസാങ്കേതിക വിദഗ്‌ധരുടെ കഴിവുകൾക്ക് അർഹിക്കുന്ന അംഗീകാരം നൽകുക. രണ്ട്, രാജ്യത്തെ സിനിമാപ്രവർത്തകർ അവരുടെ സിനിമകളുടെ നിലവാരം ദേശീയബഹുമതി നേടിയ കൃതികളുടേതിനോടൊപ്പം ഉയർത്തുവാൻ ശ്രമിക്കുക. മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ ഉദ്ദേശ്യം സമ്മാനിതസിനിമകൾ കണ്ടാസ്വദിക്കുവാനുള്ള അഭിവാഞ്‌ഛ ജനസാമാന്യങ്ങൾക്കിടയിൽ വളർത്തുക എന്നതുമത്രെ.

ആലോചിക്കുമ്പോൾ ഈ ഉദ്ദേശ്യലക്ഷ്യങ്ങളുടെ സാക്ഷാത്‌കാരമാണ് സ്വയംവരത്തിനു ലഭിച്ച ദേശീയബഹുമതികളിലൂടെ സാധിതമായത്. സാധാരണഗതിയിൽ വേണ്ട ശ്രദ്ധയാകർഷിക്കാതെ വിസ്‌മൃതിയിലേക്കു മുങ്ങിപ്പോകാമായിരുന്ന ഒരു ചിത്രത്തെ അവഗണനയുടെയും അവഹേളനങ്ങളുടെയും പിന്നാമ്പുറത്തുനിന്നു പൊക്കിയെടുത്ത് ജനഹൃദയങ്ങളി ൽ പ്രതിഷ്‌ഠിക്കുവാൻ ദേശീയ ബഹുമതികൾ കാരണമായി. മലയാളത്തിൽ പുതുസിനിമയുടെ പ്രസ്ഥാനത്തിന്റെ തന്നെ പുലർച്ചയുമായി.

Content Summary: Adoor Goplakrishnan on National Award-Winning Malayalam Film ' Swayamvaram'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com