പ്രശസ്തിയെക്കാൾ പ്രാരാബ്ധങ്ങൾ വിളഞ്ഞ സാഹിത്യജീവിതം: കെവിഎമ്മിന്റെ രാപകലുകൾ

HIGHLIGHTS
  • താനെഴുതിയ ഓരോന്നും ചുരുങ്ങിയ വിലയ്ക്കു വിറ്റ് വിശപ്പടക്കിയ സാഹിത്യത്തിലെ തച്ചനായിരുന്നു കെവിഎം
  • സാഹിത്യത്തിലെന്നപോലെ രാജ്യസ്നേഹത്തിലും വ്യക്തിബന്ധങ്ങളിലും ഒരുപോലെ സുമനസ്സും
  • കവിതയും കഥയും നോവലും ഉപന്യാസവുമായി അദ്ദേഹം ബാക്കിവച്ച അടയാളപ്പരപ്പ് ആരെയും അമ്പരപ്പിക്കും
life-story-of-kaippally-vasudevan-musat-popularly-known-as-kvm
കെവിഎം
SHARE

ഒരു നാടിന്റെ ആത്മബോധം ഒരു നാടിന്റെ ഉയിരായി ഉജ്വലിക്കുന്നത്, ഏതു ദുരന്താനുഭവങ്ങളെയും മറികടക്കുന്നത് ആഴത്തിലാഴത്തിലേക്കു പടരുന്ന വാക്കിന്റെ വിശുദ്ധിയിലൂടെയാണെന്ന് അന്ത്യമുഹൂർത്തത്തിലും പറയാൻ കെവിഎം ശ്രമിച്ചുകൊണ്ടിരുന്നു. 

 വാസനാസമ്പന്നനായ കവി, പ്രസന്ന ഗദ്യകാരൻ, ക്ലേശസഹിഷ്ണു എന്ന് മഹാകവി ഉള്ളൂരും പഴയ കൊച്ചി വിദ്യാഭ്യാസ ഡയറക്ടർ ഐ.എൻ. മേനോനും പ്രശംസിക്കുമാറ് കൗടില്യന്റെ രാഷ്ട്രമീമാംസയുൾപ്പെടെ (അർഥശാസ്ത്രം) വിവർത്തനം ചെയ്ത ഗവേഷകപണ്ഡിതൻ, വ്യാഖ്യാതാവ്, നിരൂപകൻ, കവിതയും കഥയും നോവലും ജീവചരിത്രവുമായി നൂറിലേറെ കൃതികൾ കൈരളിക്കു കാഴ്ചവച്ച ഗ്രന്ഥകാരൻ, ആദ്യകാല പത്രാധിപർ ഇങ്ങനെ സാഹിതീസേവയ്ക്കു ജീവിതം സമർപ്പിച്ച കെവിഎം എന്ന ത്ര്യക്ഷരിയെ ഇപ്പോൾ എത്രപേർക്ക് അറിയാം? 

‘സൂരിമണിയാകിയ പുന്നശ്ശേരി നമ്പി നീലകണ്ഠശർമയുടെ ശിഷ്യരിൽ മുൻപൻ’ എന്ന വിശേഷണത്തോടെയാണു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അപ്പൻ തമ്പുരാന്റെ മുൻപിൽ കെവിഎം എന്ന കയ്പള്ളി വാസുദേവൻ മൂസതിനെ അവതരിപ്പിച്ചത്. നൈഷ്ഠികബ്രഹ്മചാരിയെങ്കിലും ശിഷ്യർക്കു പിതൃസമാനനായി ഒരു ഗുരുനാഥൻ മലയാളക്കരയിൽ വസിച്ചിരുന്നു (1858–1935). ‘എന്റെ മനസ്സിനു ബോധ്യപ്പെട്ട വൈദുഷ്യം നീലകണ്ഠശർമ എന്ന ഒരാളിൽ മാത്രം’ എന്നു കൈക്കുളങ്ങര രാമവാരിയർപോലും കൊണ്ടാടിയ നാനാശാസ്ത്രമർമജ്ഞൻ. 

അശ്വത്ഥത്തെപ്പോലും മറിച്ചിടാൻ മദയാനയ്ക്കു കഴിയും. എന്നാൽ, ചെറിയ തുവർത്തുമുണ്ടു ചുരുട്ടിയെറിഞ്ഞ് ആ കൊമ്പനെ തറയിൽ വീഴ്ത്തുന്നു പാപ്പാൻ എന്ന കൊച്ചുമനുഷ്യൻ.  ജീവിതയാത്രയിൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആത്മവീര്യമാണ് ഏതു ഗുരുനാഥനും ശിഷ്യർക്കു പകരേണ്ടത്. ആ ബലം തൊട്ടറിഞ്ഞതാണ് പുന്നശ്ശേരി ഗുരുകുലം. 

അവിടെനിന്നു പുറത്തിറങ്ങിയ ഒട്ടേറെ പ്രതിഭാശാലികൾ കേരള സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ചവരായുണ്ട്. പക്ഷേ, അവരിലൊരാൾക്കും ‘കഠിനാധ്വാനത്തിന്റെയും കടുത്ത പരാജയത്തിന്റെയും കഥയാണ് എന്റേത്’ എന്ന് കെവിഎമ്മിനെപ്പോലെ പറയേണ്ടി വന്നിട്ടില്ല. പ്രശസ്തിയെക്കാൾ പ്രാരബ്ധങ്ങൾ വിളഞ്ഞ സാഹിത്യജീവിതമായിരുന്നു കെവിഎമ്മിന്റേത് (1888–1965). 

‘അതനുതരവാസകാൈഭവം വാച്ചാലു–

മധനനൊരു പിന്തുണയ്ക്കാരുമില്ലാത്തവൻ’ എന്നു വിഷാദിച്ച ശിഷ്യനെ 

‘അന്നു ഞാനിന്നക്കേളൽപത്തനെന്നാകിലും

ചെന്നു ചേരാറുണ്ടാ സാഹിത്യസമസ്സിങ്കൽ’ എന്നു വള്ളത്തോൾ വർണിച്ച പണ്ഡിതസദസ്സുകളിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ഗുരു. 

തൃശൂർ കീരങ്കുളങ്ങര വിദ്വാൻ എടമന കൃഷ്ണൻ എമ്പ്രാന്തിരിയുടെ മഠത്തിൽ ആര്യവൈദ്യസമാജത്തിന്റെ വാർഷികത്തിനു സഭാനാഥനായി ക്ഷണിക്കപ്പെട്ട പുന്നശ്ശേരി നമ്പി ശിഷ്യനെയും കൊണ്ടുപോയി. പക്ഷേ, ശിഷ്യനെ ആകർഷിച്ചതു സഭയല്ല, സഭയിലെ അതിഥി കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്. മൂലഗ്രന്ഥത്തിൽ കണ്ണും കരളുമുറപ്പിച്ച് ഇടമുറിയാതെ തമ്പുരാൻ കേട്ടെഴുത്തുകാരനു ചൊല്ലിക്കൊടുക്കുന്നതു കെവിഎം കണ്ണാലെ കണ്ടു. കാലത്തു തേവാരം കഴിഞ്ഞ് രണ്ടുമണിക്കൂറോളം മഹാഭാരതം തർജമയിൽ വ്യാപരിക്കൽ തമ്പുരാന്റെ പതിവാണ്. 

തർജമയ്ക്കുശേഷം വെടിവട്ടത്തിനിടയിൽ ഗുരുനാഥൻ കെവിഎമ്മിനെ വിളിച്ചു പരിചയപ്പെടുത്തി: ‘ഇയാൾക്കു സാഹിത്യത്തിന്റെ ‘അസ്ഖിത’യുണ്ട്. കാവ്യനാടകങ്ങൾ കുറച്ചൊക്കെ പഠിച്ചിട്ടുമുണ്ട്’ എന്നു കേട്ടപ്പോൾ തമ്പുരാനു സന്തോഷമായി. രഘുവംശത്തിലെയും നൈഷധത്തിലെയും സമാനസന്ദർഭമുള്ള ഓരോ ശ്ലോകം ചൊല്ലി ‘ഇതിൽ ഏതിനാണു കാവ്യഗുണം കൂടുതൽ, കേൾക്കട്ടെ’ എന്ന് ആരാഞ്ഞ് അഭിരുചി അളക്കുകയും ചെയ്തു. കെവിഎമ്മിന്റെ അഭിപ്രായം മഹാകവിക്കു സമ്മതമായി. എന്നാൽ, ഗുരുനാഥൻ വിയോജിച്ചതു ശിഷ്യന് അഹന്തയുണ്ടാകരുതെന്ന വാത്സല്യത്താലായിരുന്നു. 

ഗുരുനാഥൻ സ്ഥാപിച്ച സാരസ്വതോദ്യോതിനി സംസ്കൃത മഹാപാഠശാലയുടെ കോളജ്ദിനത്തിന് പ്രഫ. എ.ആർ. രാജരാജവർമയായിരുന്നു വിശിഷ്ടാതിഥി. തീവണ്ടിയാപ്പീസിൽനിന്ന് ഏഴെട്ടു കിലോമീറ്റർ ദൂരമുണ്ട് പെരുമുടിയൂരിലെ കോളജിലേക്ക്. സ്വീകരിക്കാൻ ഗുരുനാഥന്റെ നിർദേശപ്രകാരം കെവിഎം സ്റ്റേഷനിൽ കാത്തുനിന്നു. യാത്രയ്ക്ക് മഞ്ചൽ തയാറാക്കിയിരുന്നു. 

‘രാജരാജനല്ലേ എന്നു വിചാരിച്ചായിരിക്കും നമ്പി എന്നെ നരവാഹനനാക്കിയത്. ആട്ടെ, തരക്കേടില്ല’ എന്നു പറഞ്ഞ് അദ്ദേഹം മഞ്ചലിൽ കയറി. 

പുന്നശ്ശേരിയിലെത്തി വിശ്രമിക്കുമ്പോൾ ഗുരുനാഥൻ വിളിച്ചു പരിചയപ്പെടുത്തി. ‘ഇയാൾ കെവിഎം. സാഹിത്യത്തിൽ അഭിരുചിയുണ്ട് അസാരം. മാസികകളിൽ കുറെശ്ശെ എഴുതാറുണ്ട്. ഒരുപക്ഷേ, ഇവിടുന്നു വായിച്ചിട്ടുണ്ടാകും. ’  

രാജരാജവർമയുടെ മറുപടി: ‘ഓഹോ! ‘ക്ഷ പരിചയമുണ്ട്. മാവേലിക്കര വന്ന് കഴിഞ്ഞകൊല്ലം എന്നെ കാണുകയുണ്ടായില്ലേ? പക്ഷേ, അന്ന് രണ്ടു പേരുണ്ടായിരുന്നു. ഒരാൾ മധ്യമപദലോപിയായ കെവിഎം.’

‘ശരിയാണ്, ഗീതാവ്യാഖ്യാതാവായ കെഎം (K.M.) അന്ന് എന്റെ കൂടെയുണ്ടായിരുന്നു’ എന്നു കെവിഎം രാജരാജവർമയുടെ ഓർമശക്തിയെ ശരിവച്ചപ്പോഴുണ്ടായ ചിരിയിൽ ഗുരുനാഥനും പങ്കുചേർന്നു.     

വെളുത്തുതടിച്ച് ഉയരം കുറഞ്ഞ ദേഹം, പ്രസന്നസുന്ദരമായ വട്ടമുഖം, ആരെയും ആകർഷിക്കുന്ന പുഞ്ചിരി, ഫലിതം കലർന്ന സംഭാഷണം എന്നു തലേന്നു കണ്ടപോലെ അൻപതു കൊല്ലത്തിനുശേഷം എഴുതിയ ആത്മകഥയിൽ കെവിഎം എആറിനെ ഓർമിക്കുന്നുണ്ട്.  ഉയർന്ന ആശയവും ഒതുങ്ങിയ ജീവിതവും പുലർത്തുന്ന അപ്പൻതമ്പുരാൻ കാവ്യവൃത്തിയുടെ അവതാരമായ കുഞ്ഞിക്കുട്ടൻ തമ്പുരാൻ–ഗദ്യപദ്യമെഴുത്തിൽ കെവിഎമ്മിനെ ആകർഷിച്ച ഈ മൂന്നു തമ്പുരാക്കന്മാരും പുതിയ ഈ ആരാധകനോടു ഗാഢസൗഹൃദം പുലർത്തിയവരാണ്. 

വമ്പിച്ച സാഹിത്യചരിത്രഗ്രന്ഥങ്ങൾ ഉള്ളൂർ ഉൾപ്പെടെ പലരും രചിച്ചിട്ടുണ്ട്. എന്നാൽ, കടന്നുപോന്ന സാഹിത്യജീവിതത്തിന്റെ നാൾവഴികളും കണ്ടുമുട്ടിയ  സാഹിത്യനായകരുടെ സ്മരണയും മാത്രമല്ല ആത്മാവിനെ മുറിവേൽപിച്ച ക്ലേശാനുഭവങ്ങളും നിറം പിടിപ്പിക്കാതെ പറഞ്ഞുതരുന്ന ആത്മകഥയാണ് കെവിഎമ്മിന്റേത്.  എൻ.വി. കൃഷ്ണവാരിയരുടെ നിർബന്ധപ്രകാരം വാർധക്യാവശതകൾക്കിടയിലാണ് കെവിഎം സ്വന്തം ജീവിതകഥ എഴുതാൻ മുതിർന്നത്. അതിനാൽ തികച്ചും പൂർണം എന്നു പറയാനാവില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിലെ സംസ്കൃത, മലയാള സാഹിത്യത്തിന്റെ നേർക്കു പിടിച്ച കണ്ണാടിയാണ് പേരിടാത്ത ഈ ആത്മകഥ. 

തന്നെപ്പോലെ ൈവദ്യനാകണം മകനും എന്നാവും കെവിമ്മിഎന്റെ പിതാവ് എഴുമങ്ങാട് കയ്പള്ളി നീലകണ്ഠൻ എന്ന കുഞ്ചുമൂസ്സ് ആഗ്രഹിച്ചിട്ടുണ്ടാകുക. ‘ൈവദ്യം പഠിക്കാൻ വന്ന ഈ മൂസ്സതുകുട്ടിയെ ഞാൻ ശങ്കുണ്ണിയെ ഏൽപിക്കുന്നു’ എന്നു പറഞ്ഞ് ഗുരുനാഥൻ പുതിയ ശിഷ്യനെ ഏറ്റെടുക്കുകയും ചെയ്തു. അന്ന് പതിനഞ്ചു വയസ്സുള്ള കെവിഎമ്മിന്റെ ആദ്യസതീർഥ്യനാണ് പിന്നീടു പ്രസിദ്ധ ആയുർവേദ ചികിത്സകനായിത്തീർന്ന യു.പി. ശങ്കുണ്ണിമേനോൻ എന്ന ഈ ശങ്കുണ്ണി. ശിഷ്യരെ അവരുടെ വാസനയ്ക്കും ഗ്രഹണശക്തിക്കുമനുസരിച്ചാണു പഠിപ്പിക്കേണ്ടത്, അപ്പോഴാണ് അവർക്ക് ആത്മവിശ്വാസമുണ്ടാകുക എന്ന നിഷ്കർഷയുള്ള ഗുരു കെവിഎമ്മിനെ സാഹിത്യത്തിലേക്കും ശങ്കുണ്ണിമേനോനെ ശാസ്ത്രത്തിലേക്കും തിരിച്ചുവിട്ടു. 

ഇരുവർക്കും മാത്രമായി ഗുരുനാഥൻ പരീക്ഷ നടത്തിയപ്പോൾ കെവിഎമ്മിന് കാവ്യനാടകങ്ങളിൽ 80 മാർക്ക്, വ്യാകരണത്തിൽ ആറു മാർക്കും. ശങ്കുണ്ണിമേനോന് വ്യാകരണത്തിൽ 80, സാഹിത്യത്തിൽ 30. അപ്പോൾ ഗുരു വിധിച്ചു: ‘കെവിഎം വ്യാകരണം പഠിക്കണ്ട, സാഹിത്യ വിഷയങ്ങളിൽ ശ്രദ്ധിച്ചാൽ മതി. ശങ്കുണ്ണി ശാസ്ത്രം തുടരുകയും ചെയ്യട്ടെ.’

കെവിഎമ്മിനു പരിഭ്രമമായി: ‘വ്യാകരണമില്ലെങ്കിൽ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതെങ്ങനെ? അതും എനിക്കു പാടില്ല എന്നാണോ വിധി?’

Punnasserry Nambi
പുന്നശ്ശേരി നമ്പി

ആ കുണ്ഠിതം ഗുരു തീർത്തുകൊടുത്തു: പ്രായേണ വയ്യാകരണാൻ പിശാചാൻ–പ്രയോഗമന്ത്രേണ നിവാരയാമഃ’ എന്നു കേട്ടിട്ടില്ലേ? വയ്യാകരണന്മാർ ഒരുതരത്തിൽ പിശാചുക്കളാണ്. അവരെ പ്രയോഗമന്ത്രംകൊണ്ട് ഒഴിപ്പിക്കണം.’ നാലഞ്ചുകൊല്ലം പഠിക്കാൻ വകയുള്ള ‘സിദ്ധാന്തകൗമുദി’ എന്ന വ്യാകരണഗ്രന്ഥം രണ്ടുകൊല്ലംകൊണ്ടു തൃപ്രങ്ങോടു മൂസിന്റെ കീഴിൽ പഠിച്ചുതീർത്തയാളാണ് പുന്നശ്ശേരി നമ്പി. ആയുർവേദം, ജ്യോതിഷം തുടങ്ങിയ പ്രയോജനവിഷയങ്ങൾ കൈകാര്യം ചെയ്യലാണ് അന്നു സംസ്കൃതപഠനത്തിന്റെ ഉദ്ദേശ്യം. ഇംഗ്ലിഷു പഠിക്കുന്നത് സർക്കാരുദ്യോഗം കൊതിച്ച്, അല്ലെങ്കിൽ പരിഷ്കാരം ഭ്രമിച്ച്. പരിഷ്കാരികൾക്കു പുറംമോടി മതി. ഉദ്യോഗസ്ഥർക്കു ധനസമ്പാദനവും. ധർമാധർമങ്ങൾ കൈവിടാതെ സേവനം ചെയ്യുന്നവർ എല്ലാ വിഭാഗത്തിലും കുറവെന്നു കെവിഎം അന്നേ നിരാശപ്പെട്ടിരുന്നു. 

ആയുർവേദത്തിൽ ‘ഉപവൈദ്യൻ’ പരീക്ഷ വിജയിച്ചതിനു പരപ്പനാട്ടു കോവിലകത്തെ മൂത്തകോയിത്തമ്പുരാൻ കയ്യൊപ്പിട്ട സർട്ടിഫിക്കറ്റ് കെവിഎമ്മിന്റെ കൈവശം ഇല്ലായ്കയല്ല. കെവിഎമ്മിന്റെ അഷ്ടാംഗസംഗ്രഹം ശാരീരസ്ഥാനം, ചികിത്സാക്രമം വ്യാഖ്യാനം (ഭാരതവിലാസം അച്ചുക്കൂടം–1924), ശാസ്ത്രവിദ്യാർഥികൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ‘ധന്വന്തരി മാസികയിൽ നിരന്തരമായി വൈദ്യശാസ്ത്രലേഖനങ്ങൾ കെവിഎം എഴുതിയിരുന്നു. പ്രസിദ്ധമായ പട്ടാമ്പി പഞ്ചാംഗം ഗുരുനാഥന്റെ കീഴിൽ ഗണിക്കുകയും പകർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വൈദ്യനോ ജ്യോത്സ്യനോ ആവാതെ സാഹിത്യവൃത്തിയിലേക്കാണ് അദ്ദേഹം തിരിഞ്ഞത്. 

‘ദിവസവും എട്ടുപത്തു നാഴിക എഴുമങ്ങാട്ടുനിന്നു പുഴയും കടന്നു നടന്നുവന്നാൽ പഠിപ്പു ശരിയാകില്ല. ഇവിടെ ചിന്താമണി അച്ചുക്കൂടത്തിൽ താമസിച്ചോളൂ. സ്വയംപാകത്തിനു വേണ്ടത് എത്തിക്കുകയും ചെയ്യാം. വിജ്ഞാന ചിന്താമണി മാസികയെ സഹായിച്ചാൽ മതി’ എന്നു ഗുരുനാഥൻ കൽപിച്ചത് ശിഷ്യൻ ഇച്ഛിച്ചതുപോലെയായി. അച്ചുക്കൂടത്തിൽ വച്ചുണ്ടുപാർപ്പായി. അരി തിളയ്ക്കുന്ന അടുപ്പിന്റെയരികത്തു പ്രൂഫ് വായിക്കാനും തിരുത്താനും തുടങ്ങി. വിദ്യയുടെ കേളീരംഗമായ ഏതോ പുതിയ ലോകത്തിൽ പ്രവേശിച്ചതുപോലെ തോന്നി ‘വിജ്ഞാന ചിന്താമണി’ അച്ചുക്കൂടത്തിലെ വാസം. 

അക്ഷരകലയുടെ പരിണാമങ്ങളിൽ അച്ചടിയും അച്ചുക്കൂടവും കടന്നുവന്നതോടെ സംസ്കൃതത്തിലും മലയാളത്തിലും പലതരം വൃത്താന്തപത്രികകളും മാസികകളും പ്രചരിച്ചുതുടങ്ങിയ കാലമായിരുന്നു അത്. സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങാൻ പുന്നശ്ശേരി നമ്പിക്കുമുണ്ടായി ഔത്സുക്യം. കേരളത്തിലെ ആദ്യത്തെ സംസ്കൃതപത്രികയായ ‘വിജ്ഞാനചിന്താമണി’യുടെ ആരംഭം അങ്ങനെയാണ്. ചിന്താമണിവൈദ്യശാല, കർഷകചിന്താമണി പരസ്പരസഹായസംഘം, ചിന്താമണി ബാങ്ക്, ഹിന്ദുബോർഡ് സ്കൂൾ, പെരുമുടിയൂരിലും പട്ടാമ്പിയിലും പോസ്റ്റ്ഓഫിസ്, മലബാർ ജില്ലാ ബോർഡിൽ അംഗത്വം – ഇന്നത്തെ കാലത്തുപോലും ഒറ്റയ്ക്കു ചെയ്യാൻ പറ്റാത്ത സംരംഭങ്ങളിലൂടെ ദേശത്തെ സേവിച്ച പുന്നശ്ശേരി നമ്പിയെ ‘യജമാനൻ’ എന്നാണു നാട്ടുകാർ സസ്നേഹം വിളിച്ചുപോന്നത്. 

കെസി (K.C.) കുഞ്ഞുണ്ണിയെഴുത്തച്ഛൻ പ്രസിദ്ധീകരിച്ചിരുന്ന ‘കേരളശോഭിനി’ പത്രം നിർത്തിയപ്പോൾ ആ മുദ്രാലയം യജമാനൻ വിലയ്ക്കു വാങ്ങുകയായിരുന്നു. കൽപാത്തിയിലും കുന്നംകുളത്തുമുള്ള പ്രസുകളിലാണ് ‘വിജ്ഞാനചിന്താമണി’ അതുവരെ അച്ചടിച്ചിരുന്നത്. പുതിയ ലിപികൾ വരുത്തി ഗുരുനാഥൻ പ്രസ് പരിഷ്കരിച്ചു. ഗ്രന്ഥാക്ഷരത്തിൽനിന്നു ദേവനാഗരിയിലേക്കു മുദ്രണം മാറ്റി. മാസിക ആഴ്ചപ്പതിപ്പായി. ഗുരുനാഥനു വരുന്ന പത്രമാസികകൾ സൂക്ഷിക്കുന്നതിനു പുറമെ ലേഖനങ്ങൾ പരിശോധിക്കലും തിരുത്തലും ശിഷ്യന്റെ ചുമതലയായി. 

ഇതിനിടയിൽ പുതുക്കോട്ടുനിന്ന് പി.എസ്. അനന്തനാരായണശാസ്ത്രികൾ പുസ്തകക്കെട്ടും വീട്ടുപകരണങ്ങളുമായി വൃദ്ധസഹോദരിയെയും കൂട്ടി വന്ന് അച്ചുക്കൂടത്തിനടുത്തുള്ള കെട്ടിടത്തിൽ താമസമാക്കി. കോളജിൽ സാഹിത്യാധ്യാപനത്തിനും വിജ്ഞാനചിന്താമണിയുടെ പത്രാധിപത്യത്തിനുമായി ഗുരുനാഥൻ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു. ശാസ്ത്രികളാണ് പിന്നീടു സാഹിത്യം പഠിപ്പിച്ചത്. ശാസ്ത്രവിഷയങ്ങൾ ഗുരുനാഥനും. ‘വിജ്ഞാനചിന്താമണി’ക്ക് ലേഖനസമ്പാദനവും ഗ്രന്ഥനിരൂപണവും പുതിയ ഗുരുനാഥൻ നിർവഹിക്കും. മുഖപ്രസംഗം പഴയ ഗുരുനാഥനും. ഇംഗ്ലിഷിന്റെ ‘എബിസിഡി’ അറിയാത്തതിനാൽ റാപ്പറിൽ മേൽവിലാസം എഴുതാൻ പ്രയാസപ്പെട്ടു. ഇംഗ്ലിഷ് അക്ഷരങ്ങൾ പഠിപ്പിച്ചത് സഹപാഠി ശങ്കുണ്ണിമേനോനായിരുന്നു. തമിഴിലും വരിക്കാരുണ്ട്. ശാസ്ത്രികളിൽനിന്നു തമിഴും വശമാക്കി. ആനന്ദമഠം നോവലും ബിപിൻചന്ദ്രപാലിന്റെ പ്രസംഗങ്ങളും തമിഴിലൂടെ വായിക്കാനും ദേശീയാവേശം ഉൾക്കൊള്ളാനും സാധിച്ചു. യൗവനാരംഭത്തിൽത്തന്നെ കൈവന്ന ഈ പത്രപ്രവർത്തന പരിചയസമ്പത്ത് പിന്നീടു ജീവിതപാഥേയമായിത്തീരുകയും ചെയ്തു. അന്നന്നു തുടങ്ങുകയും മുടങ്ങുകയും ചെയ്യുന്ന പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപത്യം വഹിക്കുക എന്ന ഇരിക്കപ്പൊറുതിയില്ലായ്മ കെവിഎമ്മിനെപ്പോലെ മറ്റൊരു സാഹിത്യകാരനും അനുഭവിച്ചിട്ടുണ്ടാവില്ല. ഒരേ ജോലിയിൽ ഒരേ സ്ഥലത്തു തുടരാൻ ഒരിക്കലും സാധിച്ചില്ല. തലോടിയാലും പോകാത്ത തലയിലെഴുത്താണ് തന്റേതെന്നു കെവിഎം നെടുവീർപ്പിടുന്നുണ്ട്, സ്വന്തം ജീവിതകഥയുടെ ഓരോ താളിലും. 

‘സാഹിത്യചിന്താമണി’ എന്നൊരു മാസികകൂടി ‘വിജ്ഞാനചിന്താമണി’ പ്രസിൽ തേലപ്പുറത്തു നാരായണൻ നമ്പിയുടെ ആധിപത്യത്തിൽ അടിച്ചിരുന്നു. അതിൽ കെവിഎമ്മിന്റെ ലേഖനം ഇദംപ്രഥമമായി അച്ചടിച്ചു വന്നപ്പോൾ ആനന്ദംകൊണ്ടു മതിമറന്നു. ‘മേൽപുത്തൂരിന്റെ കാവ്യജീവിതം’ ആയിരുന്നു വിഷയം. മന്നത്തു നാരായണൻ നായർ പത്രാധിപരായ ‘സാരബോധിനി’യിലും (പാലക്കാട്) എഴുതാൻ തുടങ്ങി. കാശിയിൽനിന്നുള്ള ‘മിത്രഗോഷ്ഠി’ സംസ്കൃത മാസികയിൽ വന്ന ചില ശാസ്ത്ര ഉപന്യാസങ്ങളെ ആസ്പദമാക്കിയായിരുന്നു ആ പരമ്പര. എഴുതാനുള്ള വാസന തുമ്പെടുക്കുകയായിരുന്നു.

കെ. വാസുദേവശർമ, സൂക്ഷ്മദർശി തുടങ്ങിയ പേരുകളിൽ സംസ്കൃതം,  മലയാളം പത്രികകളിൽ എഴുതാൻ തുടങ്ങിയപ്പോൾ സ്ഥിരമായ തൂലികാനാമം  സ്വീകരിക്കണമെന്നു തോന്നി. ഗുരുനാഥനോട് അഭിപ്രായമാരാഞ്ഞു. പച്ചമലയാളത്തിൽ ക.വാ.മൂ. എന്നാക്കിയാലോ എന്നു ശങ്കിച്ചു. കു.കു.കു. കുറുപ്പ് തുടങ്ങിയ കവിത നിറഞ്ഞ പേരുകൾ മനസ്സിലുള്ളതിനാലാണ് ഇങ്ങനെയൊരു മാറ്റം ആഗ്രഹിച്ചത്. പക്ഷേ, ഗുരുനാഥൻ ഉറപ്പിച്ചു പറഞ്ഞു: ‘കെ.വി.എം.’ എന്ന ഇംഗ്ലിഷ് ചുരുക്കക്ഷരം മതി. വിളിക്കാനെളുപ്പം. അൽപം പരിഷ്കാരവുമായി.’ അപ്രകാരം തന്റെ നാമകരണവും ഗുരു നിർവഹിച്ചു. അതിൽപ്പിന്നെ കെവിഎം എന്നല്ലാതെ ഗുരുനാഥൻ വിളിച്ചിട്ടില്ല. 

മദ്രാസ് സർവകലാശാല പാഠശാലയെ മഹാപാഠശാലയായി (കോളജ്) ഉയർത്തിയതോടെ പൂർവവിദ്യാർഥികളിൽ ചിലരെ അധ്യാപകരായി നിയമിച്ചു. പന്ത്രണ്ടു രൂപ  ശമ്പളത്തിൽ ആ ഗുരുനിരയിൽ കെവിഎമ്മും ഉൾപ്പെട്ടു. കുലപതിയായ ഗുരുനാഥന്റെ കീഴിൽ അധ്യാപകനായല്ല വീണ്ടും അഞ്ചുകൊല്ലം അധ്യേതാവ് എന്നേ കെവിഎമ്മിനു തോന്നിയുള്ളൂ. സംശയങ്ങളെല്ലാം ഗുരു തീർത്തു തരും. ബ്രാഹ്മമുഹൂർത്തത്തിൽ തേവാരം കഴിഞ്ഞാലുടനെ ഗുരു അച്ചുക്കൂടത്തിലെത്തും. പിന്നെ കത്തിനു മറുപടി തയാറാക്കലും വായിച്ചുകേൾപ്പിക്കലും എഴുത്തും. ഗുരുവിന്റെ കഴുകൻതൂവൽ ഉപയോഗിച്ച് എഴുതാൻ സ്വാതന്ത്ര്യമുണ്ട്. ഗുരുവിനെ സേവിച്ചും ശുശ്രൂഷിച്ചും അനുയാത്ര ചെയ്തുമുള്ള വർഷങ്ങൾ. 

സി.എസ്. നായർ, കേളുനായർ, കല്ലന്മാർതൊടി, മാനൻ ഗുരുക്കൾ തുടങ്ങി ഉൽബുദ്ധരും വ്യുൽപ്പന്നരുമായ വിദ്യാർഥികൾ. വാസസ്ഥലവും കോളജും സാഹിത്യവിഹാരത്തിനു വേദികളായി. പ്രസംഗപരിശീലനം, ദ്രുതകവിതാനിർമാണം, സംസ്ക‍ൃതസംഭാഷണപരിചയത്തിനു നാടകാവതരണം. ഗുരുനാഥനു നാടകക്കമ്പമുണ്ട്. അഭിനയിക്കാനും കൂടും. ഗുരുശിഷ്യ വേർതിരിവില്ലാത്ത സമാഗമങ്ങൾ. ഗ്രീഷ്മരാത്രികളിൽ അക്ഷരശ്ലോക സദസ്സുകൾ. ധാരണാശക്തി, ബുദ്ധിവികാസം, ഉന്മേഷം തുടങ്ങിയവ പോഷിപ്പിക്കാനാണ് ശ്ലോകം ചൊല്ലലെങ്കിലും മത്സരം മൂത്ത് അക്ഷരം മുട്ടിച്ചു നാവു പൂട്ടി കടലിലെറിഞ്ഞു കളയും. ഗുരുനാഥൻ അധികവും നൈഷധത്തിലെ ശ്ലോകങ്ങളാണു ചൊല്ലുക എന്നു കെവിഎം ഓർമിക്കുന്നു. 

നമ്പിയുടെ ഉറ്റ സുഹൃത്തും മൈസൂരിലെ ആസ്ഥാനപണ്ഡിതനുമായ കസ്തൂരി രങ്കാചാര്യർ അന്തരിച്ചപ്പോൾ ‘വിജ്ഞാനചിന്താമണി’ ക്കുവേണ്ടി ശ്രദ്ധാഞ്ജലി തയാറാക്കാൻ ഗുരുനാഥൻ ആവശ്യപ്പെട്ടു. അനന്ത നാരായണശാസ്ത്രികളും കെവിഎമ്മും രചിച്ച ശ്ലോകങ്ങൾ വായിച്ചു ഗുരുനാഥൻ അഭിപ്രായപ്പെട്ടു: ശാസ്ത്രികളുടെ കവിതയിൽ ശാസ്ത്രജ്ഞാനം കൂടും. കെവിഎമ്മിന്റേതിൽ കവിതാവാസനയും. കവി എന്നു വിളിച്ചുകേൾക്കാനാണ് കെവിഎം ആഗ്രഹിച്ചത്. ആ കവിത്വം കണ്ടുപിടിച്ചത് ഗുരുനാഥനും. 

Rajaraja Varma
എ.ആർ. രാജരാജ വർമ

ചോളദേശത്തുനിന്നു മറ്റൊരു പണ്ഡിതൻ അഭിനവഭട്ടബാണൻ ആർ. കൃഷ്ണമാചാര്യർ പുന്നശ്ശേരി വന്ന് ഒരാഴ്ച താമസിച്ച കഥ രസാവഹമാണ്. വാല്മീക്യാശ്രമത്തിൽ ജനകരാജർഷി വന്നപ്പോഴുണ്ടായ അനധ്യായആഘോഷം ഈ വിശിഷ്ടാഗമനത്തിൽ അന്നു കോളജിലുമുണ്ടായി. സംസ്ഥാനത്തെ സംസ്കൃതപാഠശാലകളുടെ പരിശോധകൻകൂടിയായിരുന്നു അദ്ദേഹം. ബാണഭട്ടന്റെ ബൃഹത്തായ ഗദ്യകാവ്യം (കാദംബരി) അഴകു ചോരാതെ ‘കാദംബരീസംഗ്രഹം’ എന്ന കൊച്ചു പുസ്തകമായി ചുരുക്കിയതിനു മാങ്കാവു വിദ്വത്‌‍സദസ്സ് സമ്മാനിച്ചതാണ് ‘അഭിനവഭട്ടബാണൻ’ എന്ന വിശേഷസ്ഥാനം. ജൈമിനീയ ന്യായമാലയും സിദ്ധാന്തകൗമുദിക്ക് ‘ബാലമനോരമാ’ വ്യാഖ്യാനവും രചിച്ചു വ്യാകരണത്തിന്റെ മറുകര കണ്ടയാൾ. മലയാളത്തിന്റെ ഒരക്ഷരവുമറിയാതെ തൃശിനാപ്പിള്ളി കോളജിൽ മലയാളാധ്യാപകനായി ജോലി ചെയ്തത് നിയമനശേഷം മൂന്നു മാസത്തിനുള്ളിൽ മലയാളത്തിൽ സർവ അറിവും നേടിക്കൊള്ളാമെന്ന ഉറപ്പിലായിരുന്നത്രേ. നിശ്ചിത സമയത്തിനുള്ളിൽ മലയാള സാഹിത്യവിശാരദരിൽ ഒരാളായതും അദ്ഭുതകരമാണ്.  ‘രസികരഞ്ജിനി’ മാസികയിൽ കൃഷ്ണമാചാര്യരുടെ മലയാള ലേഖനങ്ങൾ വന്നുതുടങ്ങി.‘അഭിജ്ഞാന ശാകുന്തള’ത്തിന് കൃഷ്ണമാചാര്യർ തയാറാക്കിയ തർജമയുടെ കയ്യെഴുത്തുപ്രതി കെവിഎം കണ്ടിട്ടുണ്ട്. 

‘മന്നിൽ നിന്നൊളികൾ ചിന്നിമിന്നുമാ

മിന്നലെങ്ങനെ സമുദ്ഭവിച്ചിടും?’ എന്ന ശ്ലോകാർധം ഓർമിക്കുകയും ചെയ്തിരുന്നു. സംസ്കൃതത്തിലുള്ള ശാസ്ത്രജ്ഞാനത്തെക്കാൾ മലയാളത്തിൽ കവിതകൾ എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് കെവിഎമ്മിനു ഹൃദ്യമായതത്രെ. 

സംസ്കൃതത്തിലും മലയാളത്തിലും ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ സവ്യസാചികളായി ഒട്ടേറെപ്പേർ. നീന്തൽ അറിയുന്നവരെല്ലാം കവിതയുടെ വെള്ളപ്പൊക്കത്തിൽ കളിച്ചുപുളച്ച് ചപ്പിളി കൂട്ടുന്ന കാലം. മറഞ്ഞുകിടക്കുന്ന കവിതാകൗതുകം വളർത്താൻ കേരളത്തിലെ എല്ലാ കവികളോടും സൗഹൃദം പുലർത്തിയ കവികുലഗുരു പി.വി. കൃഷ്ണവാരിയരുടെ കവനകൗമുദി കോട്ടക്കൽനിന്ന്, കടത്തനാടു രാജാവിനു കവനോദയം, കോഴിക്കോട്ടു മനോരമ, കോട്ടയത്തു ഭാഷാപോഷിണി, തൃശൂരിൽ രസികരഞ്ജിനി, കേരളകൽപദ്രുമം, ചേന്നരയിൽ വള്ളത്തോൾ സഹോദരന്മാർക്കു പരിഷ്കാരാദിവർധിനി സഭ, വള്ളത്തോളിന്റെ മാതുലൻ വൈദ്യനും വിദ്വാനുമായ രാമുണ്ണി മേനോന്റെ ഉത്സാഹത്തിൽ സാഹിത്യവിനോദങ്ങൾ, വെള്ളാനശ്ശേരി വാസുണ്ണിമൂസ്സിന്റെ ഇല്ലത്ത് പേരില്ലാത്തപ്പനെ പ്രതിഷ്ഠിച്ച ക്ഷേത്രമുറ്റത്ത് കുറ്റൂർ പൂരോത്സവത്തിൽ തായമ്പകയും എഴുന്നള്ളിപ്പുംപോലെ പ്രധാനം അതിഥികളായ കവികളുടെ സൗഹൃദചർച്ചയും നാടകാവതരണവും.  മാങ്കാവിൽ വിദ്വാൻ ഏട്ടൻതമ്പുരാന്റെ അധ്യക്ഷതയിൽ സഹൃദയ സമാഗമങ്ങൾ. ഏട്ടൻ തമ്പുരാന്റെ സാമൂതിരിസ്ഥാനാരോഹണത്തിൽ അരിയിട്ടുവാഴ്ചയുടെ ഓരോ ഘട്ടവും കവിതക്കണ്ണിൽ ചിത്രീകരിക്കാൻ വള്ളത്തോൾ, കുറ്റിപ്പുറത്തു കേശവൻനായർ, കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ, കടിഞ്ഞൂൽക്കവിയായ കെവിഎം എന്നിവരെ ഏൽപിച്ചു. ഒടുവിൽ കാവ്യമായി പ്രസിദ്ധീകരിച്ച് പുതിയ സാമൂതിരിക്കു സമർപ്പിച്ചു. തീവണ്ടി ഓടിത്തുടങ്ങിയപ്പോൾ ആ അദ്ഭുതത്തെ വർണിക്കാൻ കവിതാപരീക്ഷകൾ. ഗുരുവായൂർ ക്ഷേത്രനടയിൽ ദേവസ്വം മാനേജർ കോന്തിമേനോൻ സമർപ്പിച്ച 327 തിരിയുള്ള ദീപസ്തംഭത്തെ വർണിക്കാൻ പുന്നശ്ശേരി നമ്പിയുടെ നേതൃത്വത്തിൽ അത്രയും കവികളുടെ നിര. തൃശിവപേരൂരിൽ തഹസിൽദാർ ആയിരുന്ന കുണ്ടൂർ നാരായണമേനോന്റെ വസതി തലയെടുപ്പുള്ള കവികളുടെ സങ്കേതമായി മാറുന്ന രാത്രികൾ. നടുവിൽ മഹൻ, വള്ളത്തോൾ തുടങ്ങിയ പ്രസിദ്ധരുടെ കവിതവായനയും അർധരാത്രിവരെ പൊടിപൊടിക്കുന്ന സാഹിത്യ ചർച്ചയും. മഹാകാവ്യ രചനയിലേർപ്പെട്ട ഉള്ളൂരും വള്ളത്തോളും എഴുതിയ സർഗങ്ങൾ കൈമാറുകയും അന്യോന്യം മിനുക്കുകയും ചെയ്യുന്ന കവിസൗഹൃദങ്ങൾ.

കവിയശഃപ്രാർഥികളും ഇക്കൂട്ടത്തിൽ കുറവല്ലെന്നു വള്ളത്തോൾ പരിഹസിച്ചിരുന്നു. രാജാക്കന്മാരിൽനിന്ന് നിർലജ്ജം സ്ഥാനമാനങ്ങൾ വാങ്ങി ഉന്നതസ്ഥാനങ്ങളിൽ അഭിരമിക്കുന്നവരെയും തുഞ്ചന്റെ ചുണ്ടിൽ സ്വന്തം കൃതികൾ കുത്തിനിറയ്ക്കുന്ന അൽപവിഭവന്മാരെയും മഹാകവി വിമർശിച്ച കാലവും (നാലപ്പാടന്റെ ‘പുകയിലമാഹാത്മ്യ’ത്തിന്റെ അവതാരികയിൽ). 

തൃക്കണ്ടിയൂർ തുഞ്ചന്റെ ജന്മസ്ഥലത്ത് മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെയും വി.സി. ബാലകൃഷ്ണപ്പണിക്കരുടെയും ആദ്യവസാനത്തിൽ മലബാറിലെയും കൊച്ചി,തിരുവിതാംകൂറിലെയും കവികളും പണ്ഡിതന്മാരും സമ്മേളിച്ച സഭ നടന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, വാസുണ്ണിമൂസ്സത്, പി.വി. കൃഷ്ണവാരിയർ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ തുടങ്ങിയവർ സന്നിഹിതരായ സദസ്സിൽ ധൃഷ്ടനായ ഒരു കവി ഉള്ളൂരിന് മറ്റു കവികളെ പരിചയപ്പെടുത്താനൊരുമ്പെട്ടു. ‘കുണ്ടൂരാണിവൻ’ എന്ന് ആരംഭിച്ചു.  പിന്നെ ഒടുവിലിനെ ചൂണ്ടി ‘ഇക്കവി––നൊടുവാണ്’ എന്നു തുടർന്നു. ഉടനെ പിന്നിൽ നിൽക്കുകയായിരുന്ന കെവിഎം മുന്നോട്ടു വന്ന് ‘ഇപ്പുള്ളി കയ്പ്പള്ളിയാം’ എന്ന് ഒന്നാംപാദം മുഴുവനാക്കി. തന്നെ മറികടന്നതിൽ അസഹിഷ്ണുവായി ആദ്യകവി സ്ഥലംവിടുകയും ചെയ്തു. ശിഷ്യന്റെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാൻ അന്നു ഗുരുനാഥൻ അമാന്തിച്ചുമില്ല. 

NV Krishna Warrier and Vallathol
എൻ.വി. കൃഷ്ണവാരിയർ, വള്ളത്തോൾ

കോഴിക്കോട്ടും നിലമ്പൂരിലും നടന്ന സാഹിത്യപരിഷദ് സമ്മേളനങ്ങളിൽ കെവിഎം സംബന്ധിച്ചിരുന്നു. ‘പൊടിപ്പൻ സദ്യ, വർണശബളമായ പന്തൽ, ആർഭാടപ്രസംഗങ്ങൾ, പരസ്പരസ്തുതിക,ൾ ഇവയ്ക്കിടയിൽ സാഹിത്യത്തിന്റെ സൃഷ്ടിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല, സാഹിത്യകാരന്മാരുടെ തൊണ്ടയിലേക്കു തുള്ളിവെള്ളംപോലും കൊടുക്കാൻ പര്യാപ്തമായി ഒന്നുമില്ല എന്ന പരാതി ഗുരുനാഥനോടും കാര്യദർശിമാരിലൊരാളായ പുത്തേഴത്തു രാമൻമേനോനോടും പങ്കുവച്ചു. സുഖമായി നിത്യജീവിതം നയിക്കാൻ വകയുള്ള ഭാഗ്യവാന്മാർക്ക് ഒഴിവുസമയങ്ങളിൽ വിനോദിക്കാനും മത്സരിക്കാനും മാത്രം പറ്റിയ കലയായി സാഹിത്യം നിലകൊള്ളുന്നു എന്നാണു കെവിഎമ്മിന്റെ കണ്ടെത്തൽ. എഴുതാവുന്നവർ എഴുതുന്നവരല്ല, എഴുതുന്നവർക്ക് എഴുതാനറിയുകയുമില്ല എന്ന് അപ്പൻതമ്പുരാനും അന്നത്തെ സാഹിത്യലോകത്തെ വിമർശിച്ചിട്ടുണ്ട്. 

ആർക്കും വേണ്ടാത്ത സാഹിത്യവൃത്തിയിൽ പ്രവേശിച്ചതു നോട്ടപ്പിഴയായെന്നുപോലും ജീവിതക്ലേശങ്ങൾ അഭിമുഖീകരിച്ച സമയങ്ങളിൽ കെവിഎമ്മിനു തോന്നാതിരുന്നില്ല. ഒപ്പം പഠിച്ച കൂട്ടുകാരെല്ലാം ഓരോ ജോലിയിൽ പ്രവേശിച്ചു. വിദ്വാൻക്ലാസിൽ കുട്ടികളെ പഠിപ്പിച്ച താൻ ആ പരീക്ഷയ്ക്ക് ഇരുന്നില്ലതാനും! ക്വട്ടേഷനില്ലാത്ത വെറും വിദ്വാൻ ആയി മാറി! സർവകലാശാലാ തലത്തിലുള്ള പരീക്ഷയ്ക്കിരിക്കാതെ സാഹിത്യജീവിതം സ്വപ്നം കണ്ടു നടന്നു. ‘വരയ്ക്കാറാവുന്നതുവരെ പഠിച്ചാൽ മതി’ എന്നായിരുന്നു കാരണവന്മാരുടെ രീതി. ബ്രഹ്മാലയങ്ങളിലോ ദേവാലയങ്ങളിലോ കാര്യസ്ഥപ്പണി കിട്ടാൻ ആ അറിവു മതി. അപ്രകാരം ഒരു ബ്രഹ്മസ്വത്തിൽ ആറു രൂപ ശമ്പളത്തിൽ ആറുമാസത്തോളം കണക്കെഴുത്തുജോലി പരീക്ഷിച്ചു കടബാധ്യതയോടെ പരാജയപ്പെട്ട വങ്കനാണു താൻ. 

വൈദ്യനായ അച്ഛന്റെ ചികിത്സയ്ക്ക് എഴുതിക്കൊടുക്കാൻ അൽപകാലം കൂടി. ഗുരുമുഖത്തുനിന്നും കേട്ട വൈദ്യശാസ്ത്രവിജ്ഞാനം ഓർത്തെടുക്കാനും പ്രായോഗികമാക്കാനും ഈ പരിശീലനം സഹായമായി. രോഗിയുടെ കണ്ണിൽ നിന്നു കിനിയുന്ന കൃതജ്ഞതയുടെ കണികകളാണു നാട്ടിൻപുറത്തെ വൈദ്യവൃത്തിക്ക് അന്നു കിട്ടുന്ന പ്രതിഫലം. ആ നിഷ്കാമകർമം പിന്തുടരാനും ദൗർഭാഗ്യം അനുവദിച്ചില്ല. കരിയും നുകവുമെടുത്തു കണ്ടത്തിലിറങ്ങാൻ ബ്രാഹ്മണ്യവും തടസ്സമായി. ഇങ്ങനെ നിരന്തരം പശ്ചാത്തപിക്കുമ്പോൾ കെവിഎമ്മിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായി.

ചികിത്സാസഹായിയായി അച്ഛൻ മകനെ ദേശമംഗലം മനയ്ക്കലേക്കു കൂട്ടിക്കൊണ്ടുപോയതായിരുന്നു. പത്രപാരായണം, പുസ്തകവായന ഇങ്ങനെ ലോകപരിചയവും അറിവും നേടുന്നതിൽ ഉത്സുകരായ മനക്കാർ പ്രിന്റിങ് പ്രസ് വാങ്ങാനൊരുങ്ങുന്ന സന്ദർഭം. എ.കെ.ടി.കെ.എം. വലിയ നാരായണൻ നമ്പൂതിരിപ്പാടിന്റെയും യോഗക്ഷേമസഭാനേതാവ് കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെയും ഉത്സാഹത്തിൽ മംഗളോദയം മാസിക തുടങ്ങാൻ കേരളകൽപദ്രുമത്തിന്റെ അച്ചുക്കൂടം പകർപ്പവകാശത്തോടെ വിലയ്ക്കെടുക്കുകയായിരുന്നു. ഈ ഉദ്യമത്തിൽ അനന്തനാരായണശാസ്ത്രികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. മാസികയുടെ പ്രസിദ്ധീകരണത്തിൽ കെവിഎമ്മിന്റെ സഹായം മനക്കാർ ആവശ്യപ്പെട്ടപ്പോൾ അച്ഛനും മകനും അതു സമ്മതമായി. 

kuttipurathu-kesavan-nair-ulloor-appan-thampuran
കുറ്റിപ്പുറത്തു കേശവൻ നായർ, ഉള്ളൂർ, അപ്പൻതമ്പുരാൻ

അപ്പൻതമ്പുരാൻ, ആറ്റൂർ കൃഷ്ണപ്പിഷാരടി, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ശാസ്ത്രം, ചരിത്രം, കവിത, ചെറുകഥ, നിരൂപണം എന്നിവയ്ക്കു പ്രാധാന്യമുള്ള സാഹിത്യമാസിക തുടങ്ങാനായിരുന്നു മനക്കാരുടെ ആഗ്രഹം.   പത്രാധിപത്യം ചെറുക്കുന്നു നീലകണ്ഠൻ നമ്പൂതിരിയുടെ പേരിലാണെങ്കിലും പണി മുഴുവൻ ശാസ്ത്രികളും കെവിഎമ്മും നിർവഹിച്ചു. രണ്ടുെകാല്ലം ദേശമംഗലത്തു മനയ്ക്കൽ. പിന്നെ കമ്പനിയായി തൃശൂർക്കു വ്യാപിച്ചു, പുസ്തകപ്രസാധനം തുടങ്ങി– അപ്പോഴെല്ലാം കെവിഎം മംഗളോദയത്തിന്റെ കൂടെയുണ്ട്. മനയ്ക്കലെ കിഴക്കേ പത്തായപ്പുരയിൽനിന്ന് അച്ചുക്കൂടത്തിനൊപ്പം കെവിഎമ്മിനെയും ദത്തെടുത്തു എന്നു പറയാം. 

സാഹിത്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി തൃശിവപേരൂർ മാറിത്തുടങ്ങിയിരുന്നു. തമ്പുരാന്റെ ഭാരതവിവർത്തനം ഭാരതവിലാസം അച്ചുക്കൂടത്തിൽനിന്ന്, വള്ളത്തോളിന്റെ വാല്മീകിരാമായണ വിവർത്തനം കേരള കൽപദ്രുമത്തിൽനിന്നും. കൈക്കുളങ്ങര രാമവാരിയരുടെ ഉത്തമവൈദ്യജ്യോതിഷഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു പ്രധാന പുസ്തകക്കച്ചവടക്കാരനായി മാറിയ മാളിയക്കാവു കുഞ്ഞുവറീതിന്റെ സ്ഥാപനമാണ് കേരളകൽപദ്രുമം. കുഞ്ഞുവറീതു വിരമിച്ചപ്പോൾ കുറച്ചുകാലം വള്ളത്തോളായി കൽപദ്രുമം മാനേജർ. എല്ലാവരുമായി നല്ല സൗഹൃദം കെവിഎമ്മിനുണ്ടായിരുന്നു. 

അപ്പൻതമ്പുരാൻ എപ്പോഴും അയ്യന്തോളിലെ കുമാര മന്ദിരത്തിലാവും. കുഞ്ഞിക്കുട്ടൻ തമ്പുരാൻ യാത്രകളില്ലെങ്കിൽ ഭാര്യാഗൃഹമായ കിഴക്കേ സ്രാമ്പിയിലും. മാസികസംബന്ധമായ കാര്യങ്ങൾക്കു രണ്ടു സ്ഥലത്തേക്കും നിത്യവും പോകേണ്ടിവരും. 

ഭാഷയും വ്യാകരണവും അലങ്കാരവും വിവരിക്കുന്ന ലീലാതിലകം എന്ന അർഥവത്തായ പേരുള്ള സംസ്കൃതഗ്രന്ഥം വിവർത്തനം ചെയ്തു മംഗളോദയത്തിൽ പ്രസിദ്ധപ്പെടുത്തിയാൽക്കൊള്ളാമെന്ന് അപ്പൻതമ്പുരാൻ നിർദേശിച്ചു. അന്നുതന്നെ കെവിഎം തർജമയും ആരംഭിച്ചു. തമ്പുരാൻ ഗ്രന്ഥം വായിച്ച് ഓരോ സൂത്രവും അതിന്റെ വൃത്തിയും വിവരിക്കും. കെവിഎം എഴുതിയെടുക്കും. തമ്പുരാനോടൊപ്പമുള്ള സാഹിത്യമെഴുത്തും ആ സൗമനസ്യവും രസാവഹമായിരുന്നു എന്നു കെവിഎം ഓർമിക്കുന്നുണ്ട്. പക്ഷേ, വായനക്കാരുടെ വിമുഖതയാൽ ഒന്നാം ശിൽപത്തിനുശേഷം പ്രസിദ്ധീകരണം നിർത്തേണ്ടിവന്നു. ആറ്റൂരും ഇളംകുളവും മറ്റും പിന്നീട് ഇതു ചെയ്തെങ്കിലും ആദ്യമായി ലീലാതിലകത്തെ മലയാളത്തിനു പരിചയപ്പെടുത്തിയതു മംഗളോദയത്തിലൂടെയാണ്. അപ്പൻതമ്പുരാൻ മുൻകയ്യെടുത്തില്ലെങ്കിൽ ഭാഷയുടെ ഇത്തരം ഈടുവയ്പുകൾ പലതും ‘ചിതലിന്റെ മുതലോ പാറ്റയുടെ തീറ്റയോ’ ആയി മാറുമായിരുന്നുവെന്ന് കെവിഎം അഭിപ്രായപ്പെടുന്നുണ്ട്. ‘ഉണ്ണുനീലിസന്ദേശം’ രസികരഞ്ജിനിയിലൂടെ പുറത്തുവന്നതും അപ്പൻ തമ്പുരാന്റെ പരിശ്രമത്താലാണ്.

തൃശൂരിലെത്തിയ ആദ്യനാളുകളിൽ കവി കുറ്റിപ്പുറത്തു കേശവൻനായരുമൊരുമിച്ചാണു താമസിച്ചിരുന്നത്. സർക്കാർ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായ ചാത്തനാത്ത് ശങ്കുണ്ണിമേനോന്റെ അടുക്കൽ ഇരുവരും പതഞ്ജലിയുടെ യോഗസൂത്രം പഠിക്കാൻ തുടങ്ങി. രാത്രിയിൽ രണ്ടുമണിക്കൂർ വീതമാണ് അഭ്യസനം. ശങ്കുണ്ണിമേനോന്റെ ഹൈസ്കൂളിൽ സംസ്കൃതാധ്യാപകനായി നിയമനം ലഭിച്ചപ്പോൾ അനന്ത നാരായണശാസ്ത്രികൾ മംഗളോദയത്തിൽനിന്നു പിരിഞ്ഞു. 

മംഗളോദയത്തിൽനിന്നുള്ള പ്രതിഫലം പതിനഞ്ചു രൂപയായിരുന്നു. കഷ്ടിപിഷ്ടിയായി നിത്യജീവിതത്തിനു മാത്രമേ തികയൂ. കുറ്റിപ്പുറത്തു കേശവൻനായരുടെ സഹവാസവും അപ്പൻതമ്പുരാന്റെ ഉദാരതയും കുണ്ടൂർ നാരായണമേനോന്റെ സൗഹാർദവും ഇല്ലായിരുന്നെങ്കിൽ മംഗളോദയത്തിൽനിന്ന് എന്നേ രാജി വയ്ക്കുമായിരുന്നു എന്നു കെവിഎം തുറന്നുപറഞ്ഞിട്ടുണ്ട്. 

അച്ഛൻ വാർധക്യം ബാധിച്ച് ശയ്യാവലംബിയായതോടെ ഇല്ലത്തെ കാര്യങ്ങൾ‌ കുഴപ്പത്തിലായി. സ്നേഹശീലനായ അപ്ഫനും കാഴ്ചശക്തി നഷ്ടപ്പെട്ടു മടങ്ങിയെത്തിയിരിക്കുന്നു. കുടുംബത്തിലേക്കു ചെയ്യേണ്ടുന്ന കർത്തവ്യം നിറവേറ്റുന്നില്ലെന്നു ക്ഷമാശീലയായ സഹധർമിണിപോലും പരാതിപ്പെടാൻ തുടങ്ങി. നിഷ്കളങ്കമായ ഗുരുശുശ്രൂഷാസാമർഥ്യമുള്ള പത്നി അനപത്യതാദുഃഖത്തിനിടയിലും ഒരാവലാതിയും പറയാത്തവരാണ്. ‘നാളെ ആയനിയൂണാണ്’ എന്ന് അച്ഛൻ അറിയിച്ചപ്പോൾ വധു എവിടെനിന്ന് എന്നു പറഞ്ഞില്ല, ചോദിച്ചുമില്ല. 

ദേശമംഗലം മനയ്ക്കൽ മംഗളോദയവുമായി കൂടുന്ന കാലം. ഗുരുനാഥൻ ജാതകം പരിശോധിച്ചു. മുഹൂർത്തം നിശ്ചയിച്ചു. സഹപാഠിയായിരുന്ന പട്ടത്തു വാസുദേവൻ മൂസ്സതിന്റെ സഹോദരി നങ്ങേലിമനയമ്മ തന്റെ വധുവായി. പുരമേച്ചിൽപോലും കഴിഞ്ഞില്ലെന്ന് അവർ ആവലാതിപ്പെട്ടപ്പോൾ ഒരു ‘ദമ്പടി’യും കയ്യിലില്ലാത്ത അവസ്ഥയിൽ ആത്മനിന്ദ തോന്നി. ഭാഗ്യവശാൽ യോഗക്ഷേമസഭാവാർഷികത്തിനു സ്വാഗതപ്രസംഗം എഴുതിക്കൊടുത്തതിന് രണ്ടു രൂപ പ്രതിഫലം കിട്ടിയത് അപ്പോഴാണ്. ആ സംഖ്യകൊണ്ട് ഇല്ലത്തിന്റെ പുരമേച്ചിൽ ഒരുവിധം നടത്തി. മംഗളപത്രം എഴുതിക്കൊടുത്തു കിട്ടുന്ന തുച്ഛസമ്പാദ്യംപോലും ജീവിതാവശ്യത്തിന് ഇങ്ങനെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

സാഹിത്യസംബന്ധമായി വല്ലതും ചെയ്യാം എന്നല്ലാതെ ധനസമ്പാദനത്തിനുതകുന്ന വേറെ ജോലിയൊന്നും അറിയില്ല. അതിനാൽ മുറയ്ക്ക് ഗ്രന്ഥരചനയിൽ പ്രവേശിക്കാൻ നിശ്ചയിച്ചു. മംഗളോദയത്തിലെ ഔദ്യോഗികജോലിക്കിടയിൽ കിട്ടുന്ന വിശ്രമവേളപോലും എഴുത്തിനുപയോഗിച്ചു. എട്ടു പേജുള്ള ഫോറത്തിന് രണ്ടു രൂപ എന്നായിരുന്നു തൃശൂരിലെ അന്നത്തെ നിലവാരം. പാഠപുസ്തകമാകുമ്പോൾ മൂന്നു രൂപ പ്രതിഫലം. അതു കിട്ടാൻ പ്രസാധകരുടെ മുൻപിൽ കാത്തുകിടക്കണം. ‘രാജസ്ഥാനസിംഹം’ എന്ന ചരിത്രകഥ മൂന്നുനാലുകൊല്ലം തുടർച്ചയായി പാഠപുസ്തകമായി. അതിനു കിട്ടിയത് വെറും 50 വെള്ളിത്തുട്ടും. മറ്റൊരു പാഠപുസ്തകമായിരുന്ന ‘ഭവാനിറാണി’ ഒരു വീരകഥയുടെ സ്വതന്ത്രപരിഭാഷയായിരുന്നു. ഒറ്റ പൈസപോലും പ്രതിഫലം കിട്ടിയില്ല. 

ബി.വി. ബുക് ഡിപ്പോ പുരാണസഞ്ചിക എന്ന പേരിൽ പതിനെട്ടു പുരാണങ്ങളുടെയും മലയാള വിവർത്തനം പരമ്പരയായി പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചു. വള്ളത്തോളിനെയാണു പരിഭാഷയ്ക്ക് ഏൽപിച്ചത്. കവിതാഗുണംകൊണ്ടു കസവിട്ട രണ്ടുമൂന്നെണ്ണമേ മഹാകവി പരിഭാഷപ്പെടുത്തിയുള്ളൂ. മറ്റുള്ളവ ഭാഷാന്തരം ചെയ്യാൻ മഹാകവി കെവിഎമ്മിനെ ഏൽപിച്ചു. കെവിഎം ഏറ്റെടുക്കുകയും ചെയ്തു. വിഷയവൈവിധ്യത്താലും ഗഹനതയാലും  കാഠിന്യമുള്ള ആഗ്‍നേയപുരാണം തർജമ ചെയ്യാൻ തുടങ്ങി. ‘ദുർഘടം പിടിച്ചതെന്തോ അത് എന്റെ ദുർബലഹസ്തത്തിൽ വീണു’ എന്നാണ് ഈ പ്രയത്നത്തെ കെവിഎം വിശേഷിപ്പിച്ചത്. പ്രസിലെ ജോലിയും വിവർത്തനവും പൊരുത്തപ്പെടുത്താൻ പാടുപെട്ടു. താന്ത്രികവൃത്തി മുതൽ മരണാനന്തരജീവിതം വരെയുള്ള ഉള്ളടക്കത്തെ ലഘുപുസ്തകങ്ങളായി വേർതിരിച്ചു. തന്ത്രം തുടങ്ങിയ അതതു ശാസ്ത്രം കൈകാര്യം ചെയ്യുന്നവരുടെ സഹായം തേടി. മൂന്നുകൊല്ലത്തിലധികം വേണ്ടിവന്നു മുഴുമിക്കാൻ. അപ്പോഴേക്കും പ്രസാധകരുടെ ഉത്സാഹം കുറ‍ഞ്ഞു. ഫോറത്തിന് നാലു രൂപയാണു പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഗരുഡപുരാണവും പരിശോധിച്ചു പരിഭാഷപ്പെടുത്താൻ തുടങ്ങിയിരുന്നു. അഗ്നിപുരാണം ‘അഗ്നയേ സ്വാഹാ’ എന്ന നിലയിൽ അന്നത്തെ ജഠരാഗ്നിയിൽ ഹോമിക്കപ്പെട്ടു എന്നാണു കെവിഎമ്മിന്റെ ഫലിതം.   

ഒരിക്കൽ ഗുരുനാഥൻ കെവിഎമ്മിനോടു ചോദിച്ചു: ‘ഭാരതവിലാസത്തിൽ പ്രസിദ്ധപ്പെടുത്തിയ ലളിതാസഹസ്രനാമവ്യാഖ്യാനം എനിക്കു നന്നെ ബോധിച്ചു. അതിനെന്തു പ്രതിഫലം കിട്ടി?’

‘രണ്ടുറുപ്പിക’–സവിനയം കെവിഎം അറിയിച്ചു. 

‘മഹത്തായ സൗഭാഗ്യഭാസ്കരഭാഷ്യത്തിലെ സാരാംശങ്ങൾ നിറഞ്ഞ ഈ ഭാഷാവ്യാഖ്യാനത്തിനു കിട്ടിയ പ്രതിഫലം വളരെ തുച്ഛമാണല്ലോ’ ഗുരുനാഥൻ അഭിപ്രായപ്പെട്ടു. 

സി.എസ്. നായർ (പുന്നശ്ശേരി നമ്പിയുടെയും കെവിഎമ്മിന്റെയും ശിഷ്യൻ, സാഹിത്യനിരൂപകനും) ഇതുകേട്ടു ചോദിച്ചു: ‘അവിടുത്തെ പ്രശ്നമാർഗ വ്യാഖ്യാനത്തിന് എന്തു പ്രതിഫലമാണു ഭാരതവിലാസക്കാർ തന്നത്? ആ വ്യാഖ്യാനമില്ലെങ്കിൽ ഇന്നു ജ്യോത്സ്യന്മാർക്ക് എന്തു ഗതി? ഗുരു കാണിച്ചുതന്ന വഴി ഇപ്പോൾ ശിഷ്യനും പിന്തുടർന്നു എന്നു മാത്രം.’

നിഷ്കളങ്കമായ പുഞ്ചിരി മാത്രമായിരുന്നു ഗുരുവിന്റെ മറുപടി. 

ശിഷ്യസമ്പത്തിൽ കോടീശ്വരനെങ്കിലും നിസ്വനായാണു ഗുരുനാഥൻ ജീവിച്ചത്. സാഹിത്യപരിഷത്തിന്റെ കോട്ടക്കൽ സമ്മേളനത്തിൽ പ്രസംഗം കഴിഞ്ഞ ഉടനെ വാറന്റ്ശിപായി ഗുരുവിനെ തേടിയെത്തിയ സംഭവത്തിനു കെവിഎം സാക്ഷിയാണ്. തൃശൂരിലെ മലയാളി ബാങ്കിൽ ഒരു നമ്പൂതിരി സുഹൃത്തിന് പുന്നശ്ശേരി നമ്പി ജാമ്യം നിന്നിരുന്നു. പക്ഷേ, വായ്പയെടുത്ത സംഖ്യ സുഹൃത്ത് മടക്കിയടച്ചില്ല. നാലായിരത്തിൽപരം രൂപ കെട്ടിവച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യാനുള്ള വാറന്റായിരുന്നു അത്. കോട്ടക്കൽനിന്നു സംഖ്യ കടം വാങ്ങി തിരൂർ കോടതിയിൽ കെട്ടിവയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്തു. അപമാനം വരുത്തിവയ്ക്കുകയും വഞ്ചിക്കുകയും ചെയ്ത സ്നേഹിതനെക്കുറിച്ച് ഒരസഹിഷ്ണുതയും പ്രകടിപ്പിക്കാത്ത ഗുരുവിന്റെ ഹൃദയശുദ്ധി ശിഷ്യൻ നേരിൽ കണ്ടു.

പതിഞ്ഞാടുമ്പോൾ ഗ്വേ ഗ്വേ

‘മംഗളോദയം’ പുസ്തകപ്രസാധനത്തിലേക്കു തിരിഞ്ഞപ്പോൾ അക്ഷരത്തെറ്റും വാക്യത്തെറ്റും ഉച്ചാടനം ചെയ്യുന്ന മുഖ്യമാന്ത്രികനായ കെവിഎമ്മിന്റെ ജോലിഭാരവും കൂടി. അക്കാലത്തെ അദ്ദേഹത്തിന്റെ ഒരു ചിത്രം സാഹിത്യകാരനും സാമുദായിക പരിഷ്കർത്താവുമായ മറ്റൊരു ത്ര്യക്ഷരി ഒഎംസി (ഒളപ്പമണ്ണ മനക്കൽ ചെറിയ നാരായണൻ നമ്പൂതിരിപ്പാട്) കുറിച്ചിട്ടിട്ടുണ്ട്, മംഗളോദയം ജൂബിലിപ്പതിപ്പിൽ. 

‘മുഷിഞ്ഞ മുണ്ടും കീറിയ ഷർട്ടും ധരിച്ച്, വലിയ വെറ്റിലയും ഉണങ്ങിയ അടക്കയും വറ്റിയ നൂറുമുള്ള മുറുക്കാൻപൊതിയുമായി ആരുടെ നേരെയും മന്ദഹാസമുതിർത്തും വ്യക്താക്ഷരങ്ങളാൽ സംസാരിച്ചും കെവിഎം വിലസുന്നു, മംഗളോദയത്തിന്റെ ദേവതപോലെ.’

മംഗളോദയത്തിൽ പോയാൽ കെവിഎമ്മിനെ ചെന്നു കാണൽ ഒഎംസിയുടെ പതിവായിരുന്നു. ബാലനായ തന്നോടും സമപ്രായക്കാരോടെന്നപോലെ പെരുമാറുന്ന ആ പണ്ഡിതവര്യന്റെ വിനയവും വ്യക്തിത്വവും ഒഎംസിയെ ആകർഷിച്ചു.

‘വെള്ളിനേഴി സ്കൂളിൽ മലയാളം പണ്ഡിറ്റിന്റെ സ്ഥിരം ജോലി ഒഴിവുണ്ട്. ഒപ്പം ‘സാഹിതി’ മാസികയുടെ ചുമതലയും വേണ്ടിവരും. പോരുന്നുവോ?’ എന്ന് ഒഎംസി ചോദിച്ചപ്പോൾ ആ ഓഫറിനു കെവിഎം വഴങ്ങി. തൃശൂരിൽനിന്നു കുടുംബസമേതം വെള്ളിനേഴിക്കു താമസം മാറ്റുകയും ചെയ്തു. ‘വെള്ളിനേഴി ഹയർ എലിമെന്ററി പള്ളിക്കൂടത്തിൽ പണ്ഡിതൻ കെവിഎം’ എന്നു പുതിയ മേൽവിലാസം മഹാകവി പള്ളത്തുരാമൻ പാലക്കാട്ടുനിന്നയച്ച കത്തിൽ കുറിച്ചിടുകയും ചെയ്തു. 

ഒളപ്പമണ്ണ മനയ്ക്കലെ വയോധികർ മുതൽ വിദ്യാർഥിയായ ഒഎംസി വരെയുള്ളവരുടെ ഉദാരതയെ ‘ജീവിതയാത്രയിലെ വരണ്ട വഴികളിലെ മരുപ്പച്ച’യായാണു കെവിഎം കണ്ടത്. ‘പ്രഭുകുടുംബങ്ങളെല്ലാം ആശ്രിതരോടു ഗൗരവത്തിലാണു പെരുമാറുക. എന്നാൽ, കാര്യലാഭത്തിനു സമഭാവന നടിക്കും’  എന്നു കാളിദാസൻ പ്രസ്താവിച്ച (കുമാരസംഭവം) ലോകനീതിയിൽനിന്നു വ്യത്യസ്തമാണ് ഒളപ്പമണ്ണത്തറവാട്’ എന്നു കെവിഎം ഓർമിക്കുന്നുണ്ട്. 

വെള്ളിനേഴി സ്കൂളിലെ പാഠ്യാനുഭവങ്ങളെ അദ്ദേഹം ഗൃഹാതുരതയോടെ പരാമർശിക്കുന്നുണ്ട്. ‘വിജനേ ബത വിപിനേ’ എന്ന ബാഹുകപദം എട്ടാം ക്ലാസിൽ പഠിപ്പിച്ചത് കലാകാരന്മാരായ വിദ്യാർഥികളെ പങ്കെടുപ്പിച്ചു ക്ലാസിൽ നടത്തിയ സോദാഹരണ കഥകളിയരങ്ങിലൂടെയായിരുന്നു. ഉപ്പുകല്ലിന് അലയുന്ന ബാഹുകനായിരുന്നല്ലോ കെവിഎമ്മും. 

കുന്തിപ്പുഴയുടെ തീരത്തെ ആ സ്വൈരജീവിതം തുടരാൻ കെവിഎമ്മിന്റെ തലയിലെഴുത്ത് അനുവദിച്ചില്ല. രണ്ടുകൊല്ലത്തെ അധ്യാപകജോലി മതിയാക്കി കുടുംബത്തെ ഇല്ലത്തു കൊണ്ടുപോയാക്കി കോഴിക്കോട്ടേക്കു വണ്ടി കയറാനായിരുന്നു വിധി. ജന്മിസഭയുടെ പ്രതിവാരപത്രിക ‘വസുമതി’യുടെ പത്രാധിപത്യം കെ.സി. മാനവിക്രമ രാജാവ്  കെവിഎമ്മിനെ ഏൽപിക്കുകയായിരുന്നു. ഗുരുനാഥൻ പുന്നശ്ശേരി നമ്പിയുടെ താൽപര്യം, സാമൂതിരി രാജാവിന്റെ ആവശ്യം, മാസം 50 രൂപ ശമ്പളം എന്നീ പ്രലോഭനങ്ങൾ ഈ കൂടുമാറ്റത്തിനു കാരണമായി. 

കെവിഎമ്മിന്റെ ‘വസുമതീമാനവിക്രമം നാടകം’ എന്നു സുഹൃത്തുക്കൾ പരിഹസിക്കാതിരുന്നില്ല. പൊതുജനാനുകൂല്യമില്ലാത്ത സംഘത്തിന്റെ പത്രം നടത്താൻ മുൻകരുതൽ വേണമെന്നും കേവലം ജന്മികാര്യമല്ലാതെ സാഹിത്യമാസികയായി പരിവർത്തനം ചെയ്യണമെന്നുമുള്ള നിർദേശം സഹൃദയനായ മാനവിക്രമരാജാവ് സ്വീകരിച്ചു. രചനകൾ സമ്പാദിക്കാൻ സാഹിത്യലോകവുമായുള്ള സൗഹൃദംമൂലം കെവിഎമ്മിനു പ്രയാസമില്ല. വരിക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തു.

മലബാർ ജില്ലാ ബോർഡിലെ  ക്ലാർക്കായ ബന്ധുവിന്റെ കൂടെ ചാലപ്പുറത്തു താമസം, കൊതുകുശല്യം, കുടിവെള്ളത്തിലെ അഴുക്ക് തുടങ്ങിയ കുക്കുടക്രോഡനഗരീക്ലേശങ്ങൾക്കിടയിലും ചില മഹാപുരുഷന്മാരുടെ സൗഹൃദങ്ങൾ ആശ്വാസം പകർന്നു.  കോൺഗ്രസ് നേതാവ് കെ. മാധവൻ നായർ, ജ്ഞാനനിധി കാ.നാ. കണ്ണൻനായർ, അൽഅമീൻ പത്രാധിപർ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപകൻ വി.ആർ. നായനാർ, മനോരമ പത്രാധിപർ കെ. കൃഷ്ണൻനായർ, മാതൃഭൂമി മാനേജർ എൻ. കൃഷ്ണൻ നായർ തുടങ്ങിയവരുമായി അടുത്ത പരിചയമായി. 

Pandit Madan Mohana Malavya
പണ്ഡിറ്റ് മദൻ മോഹന മാളവ്യ

പണ്ഡിറ്റ് മദൻമോഹനമാളവ്യയുടെ പ്രസംഗം കേൾക്കാനും നേരിൽ കണ്ടു സംസ്കൃതത്തിൽ സംഭാഷണം ചെയ്യാനും ഭാഗ്യം ലഭിച്ചു. ഔത്തരാഹരിൽ പലർക്കും പതിവുള്ള അക്ഷരശുദ്ധിക്കുറവു മാളവ്യയ്ക്ക് ഒട്ടുമില്ല. ഭാഷയുടെ പകിട്ടുകൊണ്ട് അജ്ഞത മൂടിവയ്ക്കുന്ന കേരളീയ സ്വഭാവവും ഇല്ലായിരുന്നു. 

കുടിയാൻബില്ലിന് വൈസ്‌റോയി ഒപ്പിട്ട് അംഗീകാരമായതോടെ ജന്മിസഭയുടെയും മാസികയുെടയും പ്രസക്തി കുറഞ്ഞു. പലരും വരിസംഖ്യ പിൻവലിച്ചു. ‘ഗ്വേഗ്വേ’ എന്നു പതിഞ്ഞാടിയവർ ‘ഗ്വാഗ്വാ’ എന്ന് ആക്ഷേപിക്കാൻ തുടങ്ങി. ഒടുവിൽ ശമ്പളബാക്കിപോലും കിട്ടാതെ ജന്മിക്കമ്പനിയിൽനിന്നു പടിയിറങ്ങേണ്ടി വന്നു. ജന്മിസഭയുടെ പത്രാധിപരായതിനു ശിക്ഷ കിട്ടിയത് കെവിഎമ്മിന്! പരാതിപോലും പറയാതെ കെവിഎം തൃശൂർക്കു മടങ്ങി. വേറെ ഉദ്യോഗമായി എവിടെ പോയാലും ഒടുവിൽ മംഗളോദയത്തിൽത്തന്നെ തിരിച്ചെത്തും എന്നു ചിലർ‌ നസ്യം പറഞ്ഞാലും ആ സ്ഥാപനവുമായി വലിയൊരാത്മബന്ധം കെവിഎമ്മിന് ഉണ്ടായിരുന്നു. 

മടങ്ങിവന്നപ്പോൾ പല മാറ്റവും സംഭവിച്ചിരിക്കുന്നു. യോഗക്ഷേമസഭ, ബാങ്ക്, പുസ്തകശാല, അച്ചുക്കൂടം എല്ലാം മംഗളോദയത്തിന്റെ കുടക്കീഴിലായി. പുതിയ പലരും കമ്പനിയിലെ സഹപ്രവർത്തകരായിരിക്കുന്നു. നാടകകർത്താവ് വി.ടി. ഭട്ടതിരിപ്പാട് തന്റെ സഹായിയായി നിയമിക്കപ്പെട്ടു. തൃശൂരിൽ കോളജ് വിദ്യാർഥിയായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് മിക്കപ്പോഴും പ്രസിലുണ്ടാകും. ഉണ്ണിനമ്പൂതിരി, യോഗക്ഷേമം പ്രസിദ്ധീകരണങ്ങളും മംഗളോദയത്തിൽനിന്നു പുറത്തിറങ്ങുന്നു. സമുദായപരിഷ്കാരപ്രവർത്തനങ്ങളിലും സംഘടനാതിരക്കുകളിലും എല്ലാവരും വ്യാപൃതർ. 

ചാലയിൽ മാധവപ്പണിക്കരുടെ (കെ.എം. പണിക്കർ) ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചതു തന്റെ മേൽനോട്ടത്തിലാണ്. ആ സൗഹൃദം കെവിഎമ്മിനു വിലപ്പെട്ടതായി. മംഗളോദയം മാനേജർകൂടിയായ എംആർകെസിയുെട (ചെങ്കുളത്തു ചെറിയ കുഞ്ഞിരാമമേനോൻ) സരളഭാഷയെ സാഹിത്യഭാഷയായി മിനുക്കിയതിലും കെവിഎമ്മിനു പങ്കുണ്ട്. 

സാഹിത്യപരിശ്രമങ്ങളും ജോലിയും ഒന്നിച്ചുകൊണ്ടുപോകുമ്പോൾ അച്ഛന്റെ ദീനം പരിഭ്രമിപ്പിക്കുംവിധം വർധിച്ചതായി അറിവു കിട്ടി. െകവിഎമ്മിന്റെ സാന്നിധ്യം ഇല്ലത്ത് അപരിഹരണീയമായി. മാസികയുടെ പണികൾ ഗൃഹത്തിലിരുന്നു ചെയ്തുകൊള്ളാൻ എംആർകെസി അനുവദിച്ചു.  ആ ജോലിക്ക് പ്രതിമാസം 25 രൂപ തരാനുള്ള സൗമനസ്യവും കാണിച്ചു. 

വൈദ്യനെങ്കിലും തന്റെ രോഗത്തെപ്പറ്റി അച്ഛൻ ഒന്നും പറഞ്ഞില്ല. സ്നുഷ യോടു മാത്രം അദ്ദേഹം സ്വകാര്യമായി അറിയിച്ചു: ‘എന്റെ രോഗത്തിന് ആറുമാസത്തെ മൂപ്പുണ്ട്. അടുത്ത മകരംവരെ എന്നെച്ചൊല്ലി നിങ്ങൾക്കു ബുദ്ധിമുട്ടേണ്ടി വരും.’ സ്വന്തം പത്നി മകൻ കെവിഎമ്മിന്റെ ഏഴു വയസ്സിൽ നഷ്ടപ്പെട്ടുപോയിരുന്നു. വേറെ വിവാഹം ചെയ്തതുമില്ല. 

ഒടുവിൽ വൈദ്യത്തിലും കുലപതിയായ ഗുരുനാഥനെ കാണിക്കാൻ നിശ്ചയിച്ചു. അച്ഛനും അതു സമ്മതമായി. പിറ്റേന്ന് അതിരാവിലെ പുന്നശ്ശേരിയിൽ ചെന്നു വിവരം പറഞ്ഞു: ‘അച്ഛൻ തീരെ കിടപ്പായി. വന്നു പരിശോധിച്ചാൽ കൊള്ളാം.  ഇല്ലത്തേക്കുള്ള വഴി ദുർഘടമാണ്. മഞ്ചൽ ഏർപ്പാടാക്കാം’ എന്നറിയിച്ചപ്പോൾ ഗുരുനാഥന്റെ മറുപടി: അച്ഛൻ മൂസ്സതിനെ കാണൽ എന്റെയും ആവശ്യമാണ്. എനിക്കുവേണ്ടി ഒന്നും ബുദ്ധിമുട്ടണ്ട. തളിയിലെ എന്റെ അമ്മാത്തേക്ക് ഒട്ടേറെതവണ ആ വഴി പോയതാണ്. ഇന്നു വൈകുന്നേരം ആറുമണിക്ക് ഒരാളെയും കൂട്ടി അവിടെയെത്താം.

കൃത്യനിഷ്ഠ വിട്ടൊരു കർമമില്ല ഗുരുവിന്. ഒരു ശിഷ്യനെയും കൂട്ടി ഏഴെട്ടു നാഴിക നടന്ന് സന്ധ്യയ്ക്ക് ആറുമണിക്കുതന്നെ കയ്പള്ളി ഇല്ലത്ത് എത്തി. അന്നു രാത്രി അവിടെ തങ്ങുകയും െചയ്തു. മഹോദരമാണ് രോഗം എന്നു നിർണയിച്ചു. മരുന്നുകൾ നിശ്ചയിച്ചു. പിറ്റേ ദിവസം യാത്ര പറയാൻ ഗുരുനാഥൻ പിതാവിന്റെയടുത്തു ചെന്ന രംഗം കെവിഎമ്മിന്റെ സ്മൃതിപഥത്തിൽ മായാതെയുണ്ട്. 

കണ്ണീർ തൂകിക്കൊണ്ട് അച്ഛൻ എന്റെ കൈ ഗുരുനാഥന്റെ കയ്യിൽ അർപ്പിച്ചു. ‘ജനനംകൊണ്ടു മാത്രമേ എനിക്കിവന്റെ പിതൃത്വമുള്ളൂ. മറ്റെല്ലാംകൊണ്ടും ഇവിടുന്നുതന്നെയാണ് അവന്റെ അച്ഛൻ. ഇതിലധികമൊന്നും എനിക്കിപ്പോൾ അങ്ങയോടു പറയാനില്ല’ എന്നു ഗദ്ഗദത്തോടെ പറഞ്ഞൊപ്പിച്ചപ്പോൾ ഗുരുനാഥൻ സമാധാനിപ്പിച്ചു. ‘അതെനിക്കു നല്ലപോലെ അറിവുണ്ട്. ഇയാളെച്ചൊല്ലി അങ്ങേയ്ക്കു ലേശംപോലും മനഃക്ലേശം വേണ്ട.’

അച്ഛനുൾപ്പെടെ പ്രിയപ്പെട്ടവർക്കെല്ലാം രോഗവും സാമ്പത്തിക ക്ലേശങ്ങളും. എല്ലാ ആപത്തും ഒന്നിച്ചു വന്നപ്പോൾ ഹരിശ്ചന്ദ്രൻ ഒരു ചിരി ചിരിച്ചുവത്രെ. ആത്മവിശ്വാസത്തിന്റെ ആ ചിരി കെവിഎം കൈവെടിഞ്ഞില്ല. വരവിനനുസരിച്ചു ചെലവു നിയന്ത്രിക്കലല്ല, ചെലവിനു വേണ്ട വരവുണ്ടാക്കലാണ് നിത്യപ്രയാസങ്ങൾക്കിടയിൽ കെവിഎം സ്വീകരിച്ചുപോന്നത്. സ്വന്തമായി കേരളഗ്രന്ഥാവലി എന്നൊരു പുസ്തകപരമ്പര പ്രസിദ്ധപ്പെടുത്തിയാലോ എന്നായി ആലോചന. ഒരേ വലുപ്പത്തിൽ ഒരേ വിലയ്ക്ക് മാസംതോറും ഓരോ പുസ്തകം. അതിനു കുറച്ചു വരിക്കാരെ ചേർത്ത് ഒരു കൊല്ലത്തേക്കു ചുരുങ്ങിയ നിരക്കിൽ വരിസംഖ്യ പിരിക്കുക. കടലാസ് എത്തിച്ചുകൊടുത്താൽ അച്ചടിച്ചു തരാൻ മംഗളോദയം കമ്പനി തയാറാണ്. ഇന്നത്തെ കാലത്തുപോലും നൂതനം എന്നു തോന്നാവുന്ന പ്രസാധന സംരംഭം. 

സാഹിത്യ പരിശ്രമങ്ങളിൽ സദാ ജാഗരൂകനായതിനാൽ മാറ്ററിനു പ്രയാസമില്ല. വരിക്കാരെ കണ്ടെത്താനും കടലാസിനും അച്ചടിക്കൂലിക്കും പണം ശേഖരിക്കാനും പല സ്ഥലത്തും പോകേണ്ടിവരും. മംഗളോദയത്തിൽനിന്ന് അവധിയെടുത്തു. ഭാര്യയെ തറവാട്ടിൽ കൊണ്ടുചെന്നാക്കി. പ്രതീക്ഷിക്കാത്ത ചിലർ വരിക്കാരായി. ചിലർ മുഖം തിരിച്ചു. സാഹിത്യകൗതുകം, പ്രബന്ധഭൂഷണം എന്ന രണ്ടു സമാഹാരം ആദ്യം പുറത്തിറക്കി. മൂന്ന്, നാല് മാസങ്ങളിൽ മേൽപുത്തൂർ ഭട്ടതിരി, മഹാകവി കാളിദാസൻ എന്നീ ജീവചരിത്ര ഗ്രന്ഥങ്ങൾ. പുരാതന ഭാരതത്തെ പരിചയപ്പെടുത്തുന്ന പ്രാചീന ഭാരതം അഞ്ചാം മാസത്തിൽ മൃച്ഛകടികം നാടകത്തെ ആസ്പദമാക്കി ശിഷ്യൻ സി.പി. കൃഷ്ണൻ ഇളയതു രചിച്ച വസന്തസേന. ഏഴാമത്തെ ഗഡുവായി വിക്രമോർവശീയത്തെ പരാവർത്തനം ചെയ്യുന്ന ഉർവശി. അപ്പോഴേക്കും നല്ല സംഖ്യയ്ക്കു കടക്കാരനായി. കേരളഗ്രന്ഥാവലി എന്ന സ്വപ്നം ഒരുകൊല്ലം എത്തുന്നതിനു മുൻപു തകർന്നുടഞ്ഞു. 

 ഭാഗ്യത്തിനു വരിക്കാരിൽനിന്ന് ആക്ഷേപമുയർന്നില്ല. പണത്തിനു തിടുക്കം വരുമ്പോൾ ഗുരുനാഥൻ മാത്രം സകരുണം സഹായിച്ചു. കടബാധ്യതകൾ തീർക്കാൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകർപ്പവകാശം സരസ്വതീവിലാസക്കാർക്ക് തുച്ഛവിലയ്ക്കു വിൽക്കേണ്ടിവന്നു. ഈ നിരാശയ്ക്കിടയിലും മഞ്ചേരി രാമയ്യർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കെ.പി. കേശവമേനോൻ തുടങ്ങിയ മഹാമതികളുമായി സഹവസിക്കാൻ ഈ അലച്ചിലിൽ സാധിച്ചതു നേട്ടമായെന്ന് ആശ്വസിച്ചു ഏതു തളർച്ചയെയും ശുഭപ്രതീക്ഷകൊണ്ടു തോൽപിക്കുന്ന ആ മനസ്സ്. 

ഏതു ദുഃഖത്തിനിടയിലും ഗുരു വിളിച്ചാൽ ശിഷ്യന് ഓടിയെത്താതിരിക്കാനാവില്ല. പുന്നശ്ശേരിയിൽനിന്നു ഗുരുവൃത്തിയുടെ രണ്ടാമൂഴത്തിനു വീണ്ടും ക്ഷണം വന്നു. ആഴ്ചയിൽ രണ്ടു ദിവസം വിദ്വാൻ ക്ലാസിൽ പഠിപ്പിക്കണം. സാഹിത്യമല്ല, ശാസ്ത്രവിഷയങ്ങളാണ് കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നും വിദ്യാർഥികളുള്ള ക്ലാസിൽ പറഞ്ഞുകൊടുക്കേണ്ടത്. മറ്റു ദിവസങ്ങളിൽ ശിഷ്യൻ കെ.സി. മാധവമേനോൻ (ഒറ്റപ്പാലം) തുടങ്ങിവച്ച ‘സമഭാവിനി’ മാസികയുടെ പത്രാധിപത്യവും. അതിനു ചെറിയ പ്രതിഫലം കിട്ടുകയും ചെയ്യും. 

‘എവിടെയും പോകാം കെവിഎം കൂടെയുണ്ടായാൽ മതി’ എന്നു ഗുരുനാഥൻ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. മദിരാശി സർവകലാശാലയുടെ ക്ഷണപ്രകാരം ഓൾ ഇന്ത്യാ ഓറിയന്റൽ കോൺഫറൻസിൽ ഗുരുനാഥന്റെ കൂടെ പങ്കെടുക്കാൻ അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചതല്ല. എല്ലാ പൗരസ്ത്യ ഭാഷകളുടെയും പ്രതിനിധികൾ സംബന്ധിക്കുന്ന സമ്മേളനത്തിൽ സംസ്കൃതത്തിന്റെ മുഖ്യ പ്രാതിനിധ്യം ഗുരുനാഥന്. മലയാളത്തിന്റെ ഏകപ്രതിനിധി കെവിഎമ്മും. അലഹബാദ് യൂണിവേഴ്സിറ്റി വൈസ്ചാൻസലർ പണ്ഡിറ്റ് ഗംഗാനാഥ് ഝാ അധ്യക്ഷനും. പരീക്ഷിത്തു രാജാവും കൊച്ചിയിലെ സ്ഥാനത്യാഗം ചെയ്ത രാജർഷിത്തമ്പുരാനും സദസ്യരായ വാക്യാർഥത്തിൽ ഉന്നതശീർഷനായി പുന്നശ്ശേറി നീലകണ്ഠശർമാവും. 

Kottarathil Sankunni and KP Kesavamenon
കൊട്ടാരത്തിൽ ശങ്കുണ്ണി, കെ.പി. കേശവമേനോ‍ൻ

സർവകലാശാലാ ഗെസ്റ്റ് ഹൗസിൽ ഗുരുനാഥനു താമസസൗകര്യം ഒരുക്കിയിരുന്നു. വക്കീലന്മാർ, ജന്മികൾ, പണ്ഡിതന്മാർ, നീലമേഘശാസ്ത്രികൾ, ഭാഷ്യം അയ്യങ്കാർ തുടങ്ങി ഗുരുനാഥനെ ആദരിക്കുന്ന വിദ്വാന്മാർ ആതിഥ്യത്തിനു സന്നദ്ധരാണ്. എന്നാൽ, ഗുരുനാഥൻ താവളമായി തിരഞ്ഞെടുത്തത് ശിഷ്യൻ വൈദ്യരത്നം നെ.വാ. കൃഷ്ണവാരിയരുടെ ചെറുവസതി. മുങ്ങിക്കുളിക്കാനും തേവാരത്തിനും അവിടെ സൗകര്യമുണ്ട്. സമുന്നതപദവിയിലെത്തിയ ശിഷ്യൻ യു.പി. ശങ്കുണ്ണിമേനോനും പരിചരിക്കാൻ കൂടെത്തന്നെയുണ്ടായിരുന്നു. 

മദിരാശി യാത്രയിൽ തീവണ്ടിയിലിരുന്ന് ‘മുദ്രാരാക്ഷസം’ നാടകം വായിച്ചാസ്വദിച്ചതും സന്ധ്യാവന്ദനം മുട്ടുമെന്ന ആശങ്കയിൽ ഇടയിലുള്ള ഈറോഡ് സ്റ്റേഷനിൽ ഇറങ്ങിയതും കെവിഎമ്മിന്റെ ഗുരുസ്മരണകളാണ്. സ്വജീവിതത്തിൽ ജാത്യാചാരം പാലിക്കുമെങ്കിലും ഉൽപതിഷ്ണുവാണു ഗുരു. ‘പാവുമുണ്ടും രുദ്രാക്ഷമാലയും ഭസ്മക്കുറിയും ധരിച്ചു മൂർത്തിമത്തായ പൂർവാചാരം തന്നെയോ’ എന്നു തോന്നുമാറുള്ള ഗുരുനാഥന്റെ ഹൃദയത്തിൽ സമഭാവനയാണു പ്രതിഷ്ഠിച്ചിട്ടുള്ളത്. സരസ്വതീദേവിക്കു തീണ്ടൽ ഇല്ലെന്നു കാണിച്ച് തന്റെ പാഠശാല എല്ലാവർക്കുമായി തുറന്നിട്ടു. സാമൂതിരിക്കോവിലകത്തുനിന്നു ‘തിരുവെഴുത്ത്’ സമ്പാദിച്ചിട്ടും സവർണരെ ഭയന്നു പഠിക്കാൻ ആരും മുൻപോട്ടു വന്നില്ല. നിരാശനായ ഗുരുനാഥൻ മിത്രമായ ശ്രീനാരായണഗുരുദേവനെ സമീപിച്ചു. തിരുവിതാംകൂറിൽനിന്ന് അവർണരായ വിദ്യാർഥികൾ പുന്നശ്ശേരിയിലെത്തിയത് അങ്ങനെയായിരുന്നു. സിലോൺ (ശ്രീലങ്ക) തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്നുപോലും വിദ്യാർഥികൾ എത്തുകയും ജാതിമതഭേദമില്ലാത്ത കലാലയമായി പരിണമിക്കുകയും ചെയ്തതു കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രസംഭവമാണ്. 

ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃതപാഠശാലയുടെ വാർഷികത്തിനു പുന്നശ്ശേരി നമ്പിയെയാണ് അധ്യക്ഷനായി ക്ഷണിച്ചത്. അന്നു ഗുരുനാഥന്റെ പ്രസംഗത്തിനുശേഷം സംസ്കൃതപ്രഭാഷണത്തിന് കെവിഎമ്മിനും അവസരം ലഭിച്ചു. ‘അണുജീവിയിലും സഹോദരപ്രണയം ത്വൽകൃപപോലെ തോന്നണം’ എന്നു പ്രാർഥിച്ച ശ്രീനാരായണനെയും സ്വാമികളുടെ ഉറ്റമിത്രമായ കുമാരനാശാനെയും ആദ്യമായി കെവിഎം കാണുന്നത് അന്നാണ്. പ്രശാന്തഗംഭീരമായ ആ കൃതിപോലെതന്നെ പ്രകൃതിയും എന്നു കെവിഎം ആശാനെ സ്മരിക്കുന്നുണ്ട്. അവശസമുദായോദ്ധാരണവും അതിനു പാകത്തിലുള്ള സാഹിത്യജീവിതവും മഹാകവി എന്ന നിലയേ ഇല്ല. 

പുത്രനെപ്പോലെ തന്നെ സ്നേഹിച്ച പിതൃവ്യൻ മുൻപേ വിട്ടുപിരിഞ്ഞു. താൻ മുൻകൂട്ടി മരണമുറപ്പിച്ച ഉത്തരായണകാലത്തു തന്നെ പിതാവും അന്തരിച്ചു. ആത്മാ വൈ പുത്രനാമാ ⁄സി ‘ശുശ്രൂഷിക്ക ഗുരുക്കളെ’ എന്ന ഗൃഹിണീധർമം മകളെപ്പോലെ ആചരിച്ച സഹധർമിണിയോടൊത്തു പിതൃകർമങ്ങൾ യഥാവിധി ആചരിച്ചു. ദീക്ഷ കഴിഞ്ഞ് തൃശൂർക്കു താമസം മാറ്റി. തൃശൂരിൽ ‘ജ്ഞാനസാഗരം’ പുസ്തകശാല ചെറുമട്ടിൽ തുടങ്ങിയ അനുജനും സഹായിയായി ജ്യേഷ്ഠനെ അനുഗമിച്ചു. തറവാട്ടുചുമതലകൾ അപ്ഫന്റെ മകനെയും ഏൽപിച്ചു. 

ഗീതഗോവിന്ദത്തിനു വ്യാഖ്യാനം, ആനന്ദരാമായണം, ശിവജി (ജീവചരിത്രം) എന്നിവ ‘ജ്ഞാനസാഗര’ത്തിന് എഴുതിക്കൊടുത്തു. നാലഞ്ചു പുരാണകഥകൾ ‘സരസ്വതീവിലാസ’ത്തിനും നൽകി. ഇത്തവണ ഫോറത്തിനു മൂന്നു രൂപ പ്രതിഫലം കിട്ടി!

തൃശൂരിെല പരിഷത്തു സമ്മേളനത്തിന്റെ ചുമതലക്കാരിലൊരാളായിരുന്നു കെവിഎമ്മും. അതുകൊണ്ടു ലഭിച്ച നേട്ടങ്ങളും ചെറുതല്ല. മൂർക്കോത്തു കുമാരനുമായി ദൃഢമായ മൈത്രീബന്ധം ഉണ്ടായി. സാഹിത്യകാരന്മാരോടുള്ള അവഗണനയെ മൂർക്കോത്ത് അധ്യക്ഷപ്രസംഗത്തിൽ വിമർശിച്ചിരുന്നു. ഭോജരാജാക്കന്മാരുണ്ടെങ്കിലേ കാളിദാസന്മാരുണ്ടാവൂ എന്നായിരുന്നു മൂർക്കോത്തിന്റെ പക്ഷം. മൈത്രിയും കരുണയും സ്ഫുരിക്കുന്ന മുഖഭാവം, കുലീനവും ശാന്തവുമായ പെരുമാറ്റം, സ്നേഹോദാരത–സാഹിത്യകാരന്മാർ മാതൃനിർവിശേഷമായി ആദരിക്കുന്ന തരവത്ത് അമ്മാളുവമ്മയുടെ സാന്നിധ്യവും സമാദരണീയമായിരുന്നു. 

തുടർച്ചയായി അനുഭവിക്കുന്ന ദുരിതങ്ങൾ തീരാൻ തിലോദകം തുടങ്ങിയ ചില പ്രീതികർമങ്ങൾ െചയ്യണമെന്ന് കുടുംബത്തിന് ആഗ്രഹം. അവധി പതിനഞ്ചു ദിവസംകൂടി നീട്ടണമെന്ന് എംആർകെസിക്കുശേഷം വന്ന പുതിയ മാനേജരോട് അപേക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘അവധി നീട്ടാൻ വിരോധമില്ല. പക്ഷേ, പിന്നീടു വരുമ്പോൾ ഈ ജോലി കിട്ടുമെന്നു കരുതേണ്ട.’

ഔദ്ധത്യം കലർന്ന ഈ മറുപടി കെവിഎമ്മിന്റെ അഭിമാനത്തെ ക്ഷതപ്പെടുത്തി. ‘ലോകത്തിൽ എന്തിനാണ് സ്ഥിരതയുള്ളത്? എന്റെ എളിയ മംഗളോദയം ജോലി സ്ഥിരമെന്നു വിചാരിക്കാനുള്ള മൗഢ്യം എനിക്കില്ല’ എന്നു  പറഞ്ഞ് മംഗളോദയത്തിൽനിന്നുള്ള രാജി എഴുതിക്കൊടുത്തു. പുറത്തുകടന്നപ്പോഴാണ് ഭാവിയെക്കുറിച്ചുള്ള വിചാരം കടന്നുവന്നത്. 

Puthezhzthu Ramanmenon and Moorkothu Kumaran
പുത്തേഴത്ത് രാമൻമേനോൻ, മൂർക്കോത്തു കുമാരൻ

ഇതികർത്തവ്യതാമൂഢനായി പ്രസിൽനിന്നിറങ്ങി ശ്രീമൂലസ്ഥാനത്തേക്കു നടക്കുമ്പോൾ സ്നേഹിതൻ പുത്തേഴത്തു രാമൻമേനോനെ കണ്ടുമുട്ടി. കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയുടെ കാര്യദർശികൂടിയായ പുത്തേഴൻ കെവിഎമ്മിന്റെ അഭ്യുദയകാംക്ഷിയാണ്. മംഗളോദയത്തിലെ പുതിയ മാനേജ്മെന്റ് ശമ്പളം കുറച്ചത് അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ രാജിയുടെ കഥകൂടി കേട്ടപ്പോൾ പുത്തേഴൻ പറഞ്ഞു: ‘ഞങ്ങളുടെ കമ്മിറ്റിയിൽ കൂനേഴത്തു പരമേശ്വരമേനോൻ അവധിയിലായതിനാൽ പണ്ഡിതരുടെ സ്ഥാനത്ത് ഒരാളെ വേണം. കെവിഎം പോരുന്നുവോ? ശമ്പളം കുറച്ചേയുള്ളൂവെങ്കിലും സർക്കാരുദ്യോഗമാണിത്. ഇന്നുതന്നെ അപേക്ഷ എഴുതിത്തന്നാൽ ആ സ്ഥാനത്തു നിയമിക്കാൻ പറയാം.’

അന്നുതന്നെ അപേക്ഷിക്കുകയും പിറ്റേന്നു നിയമനകൽപന കിട്ടുകയും ചെയ്തപ്പോൾ ഓർത്തു. പിതാവിന്റെയും ഗുരുവിന്റെയും അനുഗ്രഹം കാൽനഖേന്ദുമരീചിപോലെ പിന്തുടരുന്നുവല്ലോ എന്ന്. 

കൊച്ചി സർക്കാരിന്റെ കീഴിലാണ് ഭാഷാപരിഷ്കരണസമിതി. സ്ഥാനമൊഴിഞ്ഞ തമ്പുരാൻ ഭാഷയുടെ അഭിവൃദ്ധിക്കു വലിയ സംഖ്യ നീക്കിവച്ചിരുന്നു. ആ നിക്ഷേപത്തിന്റെ പലിശകൊണ്ടാണ് കമ്മിറ്റി പ്രവർത്തനം. ഒരു ഭാഷാപണ്ഡിതൻ, ക്ലാർക്ക്, ശിപായി–ഇത്രയും ശമ്പളക്കാരേയുള്ളൂ. 

കുമാരമന്ദിരത്തിൽ ചെന്ന് അപ്പൻതമ്പുരാനെ കണ്ടു. മംഗളോദയം വിട്ടതിനുശേഷവും കെവിഎമ്മിനോടൊരുമിച്ചു സാഹിത്യപ്രവർത്തനം ചെയ്യാൻ സാധിച്ചതിൽ കമ്മിറ്റി അധ്യക്ഷനായ അപ്പൻതമ്പുരാനു സന്തോഷം. അദ്ദേഹം പറഞ്ഞു: ‘മുൻപുള്ള മുതൽ കളയാതെ സൂക്ഷിക്കുക, പുതുതായി സമ്പത്ത് ഉണ്ടാക്കുക, ഏതു കുടുംബസ്ഥനും ചെയ്യേണ്ട കർത്തവ്യമാണിത്. മലയാണ്മയ്ക്കുവേണ്ടി നമുക്കും അതു ചെയ്യാം.’

അച്ചുക്കൂടത്തിൽ ഇത്രകാലവും ഇടപെട്ടത് അക്ഷരങ്ങളോടും വാക്കുകളോടുമാണ്. ഇനി പുസ്തകങ്ങളോടും സാഹിത്യത്തിനോടും. ശമ്പളം 30 രൂപയേ ഉള്ളൂവെങ്കിലും ജോലിക്കു സ്ഥിരതയുണ്ട്, സ്വാതന്ത്ര്യവുമുണ്ട്. അപ്പൻതമ്പുരാന്റെ  സ്നേഹവാത്സല്യവും. മനസ്സിനിണങ്ങിയ പുതിയ ജോലിയിൽ കെവിഎം അലിഞ്ഞുചേർന്നു. 

തുഞ്ചത്തെഴുത്തച്ഛന്റെയും കുഞ്ചൻനമ്പ്യാരുടെയും വാങ്മയത്തിലെ സാഹിത്യരത്നങ്ങൾ ചികഞ്ഞുസമാഹരിക്കലാണ് കമ്മിറ്റി കെവിഎമ്മിനെ ആദ്യമായി ഏൽപിച്ചത്. അപ്പൻതമ്പുരാൻ വിശദീകരിക്കേണ്ട ചില മാതൃകകൾ ചൂണ്ടിക്കാണിച്ചു. തുഞ്ചന്റെയും കുഞ്ചന്റെയും എന്നു വിശ്വസിക്കുന്ന പല പ്രക്ഷിപ്തങ്ങളും പ്രചാരത്തിലുണ്ട്. അവ പരിശോധിച്ചു രത്നങ്ങൾ വിളയുന്ന ആകരം നിർണയിക്കലായിരുന്നു ആദ്യഘട്ടം. മാസങ്ങളോളം ചെയ്ത സംശോധനത്തിന്റെയും സംഗ്രഹത്തിന്റെയും ഫലമായി ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽനിന്നു രണ്ടു ഗ്രന്ഥം പുറത്തുവന്നു– എഴുത്തച്ഛന്റെ രത്നങ്ങൾ, കുഞ്ചൻ നമ്പ്യാരുടെ രത്നങ്ങൾ. രണ്ടു കൃതികളെയും സാഹിത്യവിദ്യാർഥികൾ റഫറൻസായി കൊണ്ടാടുകയും ചെയ്തു. 

അക്കാലത്ത് ഒരോണത്തിന് ഇല്ലത്തു വന്നപ്പോഴാണു ഗുരുനാഥൻ കിടപ്പിലാണെന്നറിഞ്ഞത്. ബദ്ധപ്പെട്ടു പുന്നശ്ശേരിയിൽ ചെന്നപ്പോൾ ഇല്ലത്തെ തെക്കിനിയിൽ ആരുടെയോ വരവു കാത്തെന്നപോലെ കിടക്കുകയായിരുന്നു. കെവിഎമ്മിനെ കണ്ടപ്പോൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ടു മാസം മുൻപു സാഹിത്യപരിഷത്തിന്റെ നിലമ്പൂർ വാർഷികത്തിൽ കണ്ടപ്പോൾ ഗുരുനാഥൻ അൽപം ക്ഷീണിതനാണെന്നു തോന്നാതിരുന്നില്ല. പുകൾപെറ്റ ആ വാഗ്ധോരണിയുടെ പ്രസരിപ്പ് നഷ്‍ടപ്പെടുന്നപോലെയും തോന്നി. ‘ആശങ്കപ്പെടേണ്ട ഒരസുഖവും എനിക്കില്ല’ എന്നാണ് ഗുരു അന്നു നടിച്ചത്. സ്വന്തം അവശതകളെ അവഗണിക്കുന്ന സ്വഭാവമാണു ഗുരുനാഥന്റേത്. 

‘അതിസാരത്തിന്റെ ഉപദ്രവമുണ്ടായിരുന്നു, ദേഹത്തിനും മനസ്സിനും ആ ക്ഷീണമേയുള്ളൂ’ എന്ന മുഖവുരയോടെ അരമണിക്കൂറോളം സംസാരിച്ചു. ഇടയ്ക്കു സംഭാഷണം മാറിമറിയുന്നതു ശുഭകരമല്ലെന്നു തോന്നി. ഭാഷാപരിഷ്കരണകമ്മിറ്റിയിലെ ഇപ്പോഴത്തെ സ്ഥിതി, ജോലിയുടെ സ്ഥിതി, സാഹിത്യപരിശ്രമങ്ങൾ, കൊച്ചിരാജാവിന്റെ വിശേഷങ്ങൾ– എല്ലാം ചോദിച്ചറിഞ്ഞു. 

സംസാരത്തിനിടയിൽ ചില ഇംഗ്ലിഷുപദങ്ങൾ കടന്നുവരുന്ന പതിവു െതറ്റിക്കാതെ ഗുരുനാഥൻ പതുക്കെ രാജ്യകാര്യങ്ങളിലേക്കു കടന്നു. ‘രാജാക്കന്മാരുടെ ഭരണത്തിന് അവസാനം അടുത്തിരിക്കുന്നു. മേലിൽ വരാൻ പോകുന്നത് ഓരോ കക്ഷികളുടെ ഭരണമായിരിക്കും. ഒരു പൊളിറ്റിക്കൽ പാർട്ടിയിലും ചേരാതെ കെവിഎം പാർട്ടി എന്ന സ്വന്തം പാർട്ടിയിൽ ഉറച്ചുനിൽക്കുന്നതാണു നല്ലത്’–ദീനക്കിടക്കയിലും കാലത്തെ കവച്ചുകടക്കുന്ന ദൂരക്കാഴ്ച ഇഷ്ടമകനോടെന്നപോലെ കാട്ടിത്തരികയായിരുന്നു ഗുരു. 

ഗുരുപാദങ്ങളിൽ നമസ്കരിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഇല്ലത്തേക്കു മടങ്ങുന്നതിനു മുൻപു ശിഷ്യൻ നിറകണ്ണുകളോടെ ഒരപേക്ഷകൂടി സമർപ്പിച്ചു: ‘ഭാവിയിൽ എങ്ങനെയാണു ഞാൻ കഴിഞ്ഞുകൂടുക? വിശദമായ ഒരുപദേശംകൂടി തന്ന് എന്നെ അനുഗ്രഹിക്കണം.’

തെല്ലിട കണ്ണടച്ചു കിടന്നശേഷം ഗുരു പണ്ടു പഠിപ്പിച്ച അഷ്ടാംഗഹൃദയത്തിലെ ശ്ലോകം വീണ്ടും ചൊല്ലിക്കൊടുത്തു:

‘നക്തം ദിനാനി മേ യാന്തി

കഥ ഭൂതസ്യ സമ്പ്രതി

ദുഃഖഭാവം ന ഭവത്യേവം

സദാ സന്നിഹിതഃ സ്മൃതി.’

എനിക്ക് ഇപ്പോൾ രാപകലുകൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് എപ്പോഴും ഓർമിച്ചാൽ ഒരിക്കലും വ്യസനിക്കേണ്ടി വരില്ല. ഗുരുനാഥന്റെ മുഖത്തുനിന്ന് ഒരു സംഗതി ഒരിക്കൽ കേട്ടാൽപ്പിന്നെ ഒരുനാളും മറക്കില്ലെന്ന് അഭിമാനിച്ചിരുന്ന ശിഷ്യനു ഗുരുനാഥൻ ഒടുവിൽ നൽകിയ ജീവിതപാഠമായിരുന്നു ഇത്. 

പതിനഞ്ചാമത്തെ വയസ്സിൽ തുടങ്ങിവച്ചതാണു ഗുരുവുമായുള്ള ഈ ആത്മീയബന്ധം. ആ തീക്കണം ഒരിക്കലും കെടില്ല എന്ന പ്രാർഥനയോടെ പുന്നശ്ശേരിയിൽ നിന്നു മടങ്ങി. പിറ്റേന്നു കുടുംബസഹിതം തൃശൂരിൽ മടങ്ങിയെത്തിയപ്പോൾ വിറയ്ക്കുന്ന കൈകളാൽ ഏറ്റുവാങ്ങേണ്ടി വന്നത് ഗുരുനാഥൻ ഇനി ഭൗതികമായി ഇല്ല എന്നറിയിക്കുന്ന കമ്പിസന്ദേശമായിരുന്നു.ജീവിതയാത്രയിലെ പ്രയാസങ്ങളെ ധീരമായി നേരിട്ടേ പറ്റൂ എന്ന അന്ത്യസന്ദേശം അറിയിക്കാനാണോ ഈ മരണം കാത്തുകിടന്നത്?

കെവിഎമ്മിന്റെ രാപകലുകൾ പിന്നെയും കടന്നുപോയി. കമ്മിറ്റിയിൽനിന്നു കിട്ടുന്ന ശമ്പളം (30 രൂപ) വീട്ടുവാടകയ്ക്കും കുടുംബച്ചെലവിനും തികയില്ല. പുസ്തകം എഴുതിക്കൊടുത്താൽ പണം തരാനായി പുസ്തകശാലക്കാരും മുന്നോട്ടുവരുന്നില്ല. അപ്പോഴാണ് അപ്പൻതമ്പുരാന്റെ ജ്യേഷ്ഠനും പ്രശസ്ത വിഷവൈദ്യനുമായ കൊച്ചുണ്ണിത്തമ്പുരാൻ പറയുന്നത്: ‘പണ്ഡിതരുടെ കമ്മിറ്റിയാപ്പീസ് ഇവിടെയടുത്താണല്ലോ. മകൻ ഗോപാലൻകുട്ടിക്ക് കുറേശ്ശെ കാവ്യങ്ങൾ പറഞ്ഞുകൊടുക്കാമോ? ഉച്ചയ്ക്ക് ഒരു മണിക്കൂറോളം മതി. ഭക്ഷണം ഇവിടെനിന്നാവാം. മാസംതോറും ക്ലിപ്തതുകയും തരാം.’

തൃശൂർക്കാർക്കു കരുണാമയമായ അഭയസ്ഥാനമാണ് കൊച്ചുണ്ണിത്തമ്പുരാൻ പാർക്കുന്ന പഴയ കോവിലകം. തമ്പുരാൻ പിന്നീടു വിയ്യൂർക്കു താമസം മാറിയപ്പോൾ ചുരുങ്ങിയ വാടകയ്ക്കു കെവിഎമ്മും വിയ്യൂരിൽ താവളം കണ്ടെത്തി.

അപ്പൻതമ്പുരാന്റെയും പുത്തേഴന്റെയും കാലാവധി തീർന്നപ്പോൾ ഉള്ളൂർ കമ്മിറ്റിയുടെ അധ്യക്ഷനായി. പി.എം. ശങ്കരൻ നമ്പ്യാർ കാര്യദർശിയും. അധ്യക്ഷൻ തിരുവനന്തപുരത്ത്. പ്രസിദ്ധീകരണച്ചുമതലയുള്ള പണ്ഡിറ്റ് തൃശൂരിലും. തപാലിലായി ആശയവിനിമയം. ഉള്ളൂർ കൃത്യമായി നിർദേശങ്ങളും മറുപടിയും അയയ്ക്കും. മഹാകവിയുടെ കയ്യക്ഷരം വായിക്കാൻ അൽപം പ്രയാസപ്പെടണം. 

ഭാരതത്തിൽ രാഷ്ട്രതന്ത്രത്തെപ്പറ്റിയുള്ള ഏതു വിചിന്തനവും ‘അർഥശാസ്ത്ര’ത്തിൽനിന്നാണു തുടങ്ങുക എന്ന് എൻ.വി. കൃഷ്ണവാരിയർ പ്രസ്താവിച്ചിട്ടുണ്ട്. ലോകത്തിലെതന്നെ പ്രാചീനമായ രാഷ്ട്രമീമാംസാഗ്രന്ഥമാണ് സംസ്കൃതത്തിൽ രചിക്കപ്പെട്ട കൗടലീയമായ അർഥശാസ്ത്രം. വ്യാകരണത്തിൽ പാണിനീയംപോലെ പ്രധാനമാണ് രാജ്യതന്ത്രത്തിൽ അർഥശാസ്ത്രവും. സംസ്കൃതാഭിജ്ഞർക്കുപോലും സുഗ്രഹമല്ലാതെ സാങ്കേതികപ്രധാനവും സംക്ഷിപ്തവുമാണ് കൗടില്യന്റെ (ചാണക്യൻ) ഈ ഗ്രന്ഥം. ഉള്ളൂരും അപ്പൻതമ്പുരാനും നേതൃത്വം വഹിക്കുന്ന ഭാഷാപരിഷ്കരണകമ്മിറ്റി മൂലഗ്രന്ഥത്തെ വിവർത്തനം ചെയ്യാൻ കെവിഎമ്മിനെ ഏൽപിച്ചു. തുച്ഛ ശമ്പളം പറ്റുന്ന പണ്ഡിറ്റിന്റെ തലയിൽ ദുഷ്കരമായ ഭാരം ഏറ്റിവച്ച കൊച്ചിസർക്കാരിന്റെ പിശുക്കിനെ ഉള്ളുകൊണ്ടു പരിഹസിച്ചാണെങ്കിലും ഭാഷാന്തരീകരണം കെവിഎം ഏറ്റെടുത്തു. കൗടില്യൻ മലയാളത്തുകാരനാണെന്ന ഐതിഹ്യത്തിൽ അഭിമാനിച്ചു നല്ല ദിവസം നോക്കി തർജമ തുടങ്ങിവച്ചു. 

തക്ഷശിലയിലെ രാജാവ് അലക്സാണ്ടർക്കു കീഴടങ്ങുകയാണെന്നറിഞ്ഞു പാണിനിയും വരരുചിയും ചെയ്തതുപോലെ കൗടില്യനും സ്വാർജിതജ്ഞാനസംരക്ഷണത്തിനു പാടലീപുത്രരാജാവ് ചന്ദ്രഗുപ്തമൗര്യനെ സമീപിച്ചു എന്നാണു കഥ. ‘ജംബുദ്വീപിന്റെ ഏതു ഭാഗമാണ് അങ്ങയുടെ ജനനത്താൽ ബഹുമാന്യമായിത്തീർന്നത്’ എന്നു രാജാവ് അന്വേഷിച്ചപ്പോൾ താൻ മുചിരിക്കോട്ട് (ഇന്നത്തെ കൊടുങ്ങല്ലൂർ) ജനിച്ചവനാണെന്ന ജീവിതകഥ വെളിപ്പെടുത്തി. പതിനെട്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊത്തു വാരാണസിയിലേക്കു പോയി. അവിടെ ആറുകൊല്ലും പ്രഗല്ഭ ഗുരുക്കന്മാരുടെ കീഴിൽ വേദോപനിഷത്തുകൾ ശീലിച്ചു. പിന്നെ തക്ഷശിലയിൽ ചെന്ന് ഔഷധവിദ്യ, രാജ്യമീമാംസ, സമരതന്ത്രം, സാമ്പത്തികശാസ്ത്രം, വാണിജ്യവിദ്യ തുടങ്ങിയവ പഠിക്കാൻ ആറു വർഷം കൂടി. ധർമാധർമങ്ങളെ കാത്തും അധർമവിദ്വേഷങ്ങളെ നിഹനിച്ചും രാജ്യഭരണവ്യവസ്ഥാതന്ത്രങ്ങൾ വിവരിക്കുന്ന ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും കേൾപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും കൗടില്യൻ രാജ്യസമക്ഷം നിവേദനം ചെയ്തു. 

‘അങ്ങ് ജ്ഞാനസമുദ്രം തരണം ചെയ്തു എന്നു തോന്നുന്നു’ എന്നു ചക്രവർത്തി അഭിനന്ദിച്ചു. ‘ഒരു കുടം ഗംഗാജലം കൊണ്ടുവന്നിരിക്കുകയാണ് ഞാൻ. ഗംഗാനദി കണ്ടവർക്കു ജ്ഞാനസമുദ്രത്തിന്റെ ആഴം പറഞ്ഞുതരേണ്ടതില്ല’ എന്നായി കൗടില്യൻ. ‘ജ്ഞാനവാനായ ഒരാൾ ഇത്ര വിനയവാനോ’ എന്നു രാജാവിന് അദ്ഭുതം. ധർമത്തെ ആർ രക്ഷിക്കുന്നുവോ അവനെ ധർമവും രക്ഷിക്കും’ എന്ന് കൗടില്യനും. ആദ്യകാഴ്ചയിൽത്തന്നെ ധർമാധർമങ്ങളെക്കുറിച്ചു വാദപ്രതിവാദം ചെയ്തു ചന്ദ്രഗുപ്ത രാജാവിനെ വശീകരിച്ച ആ കുശാഗ്രബുദ്ധി  പാടലീപുത്രത്തിലെ മന്ത്രിസത്തമനായി എന്നാണു പഴങ്കഥ. 

മൂലത്തിലെ സാങ്കേതികപദങ്ങൾ അങ്ങനെതന്നെ അനുക്രമണികയായി ചേർത്തും വാക്കുകൾ ചുരുക്കിയും വിശദീകരണ സൂചനകൾ നൽകിയും അർഥഗൗരവവും ശൈലീശുദ്ധിയും വിടാതെയുള്ള കെവിഎമ്മിന്റെ അർഥശാസ്ത്രവിവർത്തനം ഭാഷയ്ക്ക് അഭിമാനമാണ്. ‘കൃച്ഛ്രസാധ്യമായ പ്രവൃത്തിയാണ് കെവിഎം നിർവഹിച്ചത്. അതും അനായാസമായി. വ്യാഖ്യാനങ്ങളും മൂലവുമായി ഒത്തുനോക്കേണ്ടിവന്ന എനിക്കു വിവർത്തകന്റെ പാണ്ഡിത്യത്തിലും സ്ഥിരപ്രയത്നത്തിലും മുൻപുണ്ടായിരുന്ന ബഹുമാനം എത്രയോ ഇരട്ടിച്ചിരിക്കുന്നു’ എന്നുള്ള എൻ.വി. കൃഷ്ണവാരിയരുടെ പ്രശംസതന്നെ  അനശ്വരമായ അംഗീകാരമാണ് (രണ്ടാം പതിപ്പിന്റെ സംശോധനം, അവതാരിക). ഈ പ്രയത്നത്തിനു പാരിതോഷികമായി ഭാഷാപരിഷ്കരണ കമ്മിറ്റി ബോണസ് നൽകിയതോ അൻപതു രൂപ!

സ്കൂൾ‌ പുസ്തകങ്ങൾ എഴുതുക എന്ന പാഴ്‍‌വേലയ്ക്കു കെവിഎം പിന്നെ മിനക്കെട്ടില്ല. മുണ്ടശ്ശേരിയുെട പത്രാധിപത്യത്തിൽ ‘വിദ്യാവിനോദിനി’ പ്രസിൽനിന്ന് അടിച്ചിറങ്ങുന്ന ‘കൈരളി’ മാസികയിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ആറ്റൂർ കൃഷ്ണപിഷാരടിയുടെയും വള്ളത്തോളിന്റെയും ശാകുന്തളം തർജമകളെ നിഷ്പക്ഷമായി താരതമ്യം ചെയ്യുന്ന കാവ്യപഠനം പരമ്പരയായി പ്രസിദ്ധീകരിച്ചു. കിട്ടിയ പ്രതിഫലം കുടുംബത്തിന്റെ ലഘുഭക്ഷണത്തിനുപോലും തികഞ്ഞില്ല എന്നുമാത്രം. 

കീഴുദ്യോഗസ്ഥൻ എന്ന നിലയ്ക്കല്ല ശിഷ്യനിർവിശേഷമായി പെരുമാറിയ ഉള്ളൂർ കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ചു. ടി.കെ. കൃഷ്ണമേനോനായിരുന്നു പകരക്കാരൻ. കാര്യദർശിയായി എ.ഡി. ഹരിശർമയും അധികാരമേറ്റു. അവരിരുവരുടെയും സൗകര്യത്തിനു കമ്മിറ്റി ഓഫിസ് എറണാകുളത്തേക്കു മാറ്റിയത് കെവിഎമ്മിനെ കുഴപ്പത്തിലാക്കി. ‘അക്കരെ ശാന്തി, ഇക്കരെ സമുദായം’ എന്നാണ് ആ അവസ്ഥയെ വിശേഷിപ്പിച്ചത്. യാത്രക്കൂലിയും എറണാകുളത്തെ താമസച്ചെലവും കഴിഞ്ഞാൽ കുടുംബത്തിനായി ഒന്നുമില്ല. തിങ്കളാഴ്ച എറണാകുളത്തേക്കും ശനിയാഴ്ച തൃശൂർക്കു മടക്കവും. പുസ്തകശാലാ ഉടമകളായിരുന്ന ശുപ്പാസ്വാമിയും കിച്ചാസ്വാമിയും പലപ്പോഴും ടിക്കറ്റുകൂലി കൊടുത്തു. അന്നത്തെ ദയനീയാവസ്ഥയിൽ ആ ചില്ലറക്കാശുപോലും സഹായമായി. എന്നാൽ, കച്ചവടക്കണ്ണുള്ള ആ സ്േനഹിതന്മാർ ‘ലീലാതിലകം’ വ്യാഖ്യാനത്തിന്റെ പകർപ്പവകാശം സ്വന്തമാക്കുകയും ചെയ്തു. 

തിരുവില്വാമല ഹൈസ്കൂളിൽ മലയാളം പണ്ഡിറ്റായിരുന്ന കാലംമുതൽ അടുപ്പമുണ്ടായിരുന്ന ജി. ശങ്കരക്കുറുപ്പ് എറണാകുളത്ത് ഉത്തമസുഹൃത്തായി. ജി.കുടുംബത്തിന്റെ  ആതിഥ്യവും സഹായവും പലപ്പോഴും മധുരമായി അനുഭവിച്ചിട്ടുണ്ട്. 

സഹോദരന്റെ പുത്രൻ ഉണ്ണിയെ പഠിപ്പിക്കാൻ തൃശൂർക്കു കൊണ്ടുവന്നു. ദാരിദ്ര്യം, വഴിച്ചെലവിനുപോലും തികയാത്ത സാഹിത്യപ്രവർത്തനം, വർധിച്ചുവരുന്ന കുടുംബച്ചെലവ്, ഭാര്യക്ക് വാതരോഗചികിത്സ ഇവയ്ക്കിടയിൽ ഉണ്ണി മകനെപ്പോലെ വാത്സല്യഭാജനമായിത്തീർന്നു. 

കെവിഎമ്മിനു സന്താനമുണ്ടാകാത്തതിൽ ഏറ്റവും വ്യസനിച്ച അപ്ഫൻ രണ്ടാമതും വിവാഹം ചെയ്യാൻ നിർബന്ധിച്ചിരുന്നു. അന്ന് അതിനു വഴിപ്പെട്ടില്ല.‘ ഞാൻ ഇനി പ്രസവിക്കുമെന്നു തോന്നുന്നില്ല. വേളി കഴിഞ്ഞ് ഇരുപതുകൊല്ലം കഴിഞ്ഞില്ലേ? എനിക്കുള്ള കർമദോഷം എല്ലാവർക്കും ഉണ്ടായെന്നു വരില്ല. അതിനാൽ അപ്ഫൻ പണ്ടു പറഞ്ഞ പ്രകാരം രണ്ടാമതൊരു വിവാഹം കഴിക്കണം’ എന്നു മനസ്വിനിയായ പത്നിയുടെ ആവശ്യം കെവിഎമ്മിനെ സ്തബ്ധനാക്കി. ദീർഘാലോചനയ്ക്കുശേഷം ആ ഗൃഹസ്ഥധർമത്തിനു വഴങ്ങി. ചോരത്തു കുട്ടൻമൂസ്സതിന്റെ സഹോദരി പാർവതി മനയമ്മയെ രണ്ടാംവേളിയായി കുടിവച്ച് ഒരാഴ്ചയ്ക്കുള്ളിൽ അനുജന്റെ ഭാര്യ പ്രസവിച്ച് ഉണ്ണിയുണ്ടായി. ഇതു ശുഭോദർക്കമാണെന്ന് എല്ലാവരും സന്തോഷിച്ചു. ആ ഉണ്ണി പിന്നീടു തന്റെ സംരക്ഷകനായി മാറുകയും ചെയ്തു. 

െകവിഎമ്മിന്റെ ദ്വിതീയപത്നി അചിരേണ ഗർഭവതിയായി ഒരോമനപ്പെൺ പൈതലിനെ പ്രസവിച്ചപ്പോൾ വാടിക്കിടന്നിരുന്ന മോഹച്ചെടികൾ വീണ്ടും തളിർത്തു. ആ പൈതൽ അമ്മമാരുടെ കണ്ണിലുണ്ണിയായി വളർന്നു. പക്ഷേ, തന്റെ സായംസന്ധ്യയിലുദിച്ച ആ പൊൻതാരം ആണ്ടെത്തുന്നതിനു മുൻപു പൊലിഞ്ഞു, ബാല്യസഹജരോഗങ്ങളാൽ. എറണാകുളത്തായിരുന്ന കെവിഎം ഈ വിവരമറിഞ്ഞപ്പോൾ വാവിട്ടു കരഞ്ഞു. ഈ ദുരന്തസംഭവത്തെത്തുടർന്ന് കെവിഎമ്മിനെ ഹൃദ്രോഗം ബാധിക്കുകയും ചെയ്തു. 

പുത്രീദുഃഖത്തെ അതിജീവിച്ചത് പിന്നീടൂ താൻ വളർത്തിയ സഹോദരപുത്രൻ ഉണ്ണിയെ (പരമേശ്വരൻ മൂസ്സത്) വിവാഹം കഴിപ്പിച്ച് അവർക്കു മക്കൾ പിറന്നപ്പോഴാണ്. ‘എനിക്ക് ഇപ്പോൾ ഒരു മജിസ്ട്രേറ്റിന്റെ സ്ഥിരം ജോലി കിട്ടിയിട്ടുണ്ട്. ഉണ്ണിയുടെ മക്കളുടെ തമ്മിൽത്തല്ലു തീർക്കൽ’ എന്നു മുത്തച്ഛനും മുത്തശ്ശിമാരും ഈ സന്താനസൗഖ്യത്തിൽ ആനന്ദിക്കുകയും ചെയ്തു. 

കമ്മിറ്റിയുടെ അധ്യക്ഷൻ കൃഷ്ണമേനോൻ പുതിയ പല സ്കീമുകളും ഉണ്ടാക്കിക്കൊണ്ടിരുന്നു. അതെല്ലാം ദിവാന് അപ്പപ്പോൾ സമർപ്പിക്കുകയല്ലാതെ കമ്മിറ്റിയുടെ കീഴിൽ ഒരു ഭാഷാവ്യവഹാരവും നടന്നില്ല. സർക്കാരിനും ഉദാസീനത. ഒടുവിൽ പുത്തേഴനും മുണ്ടശ്ശേരിയും ദിവാനെ ചെന്നുകണ്ട് കൂടിയാലോചിച്ചു ഭാഷാപരിഷ്കരണ കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ ചുമതലകൾ മഹാരാജാസ് കോളജിലെ ഭാഷാവകുപ്പിലേക്കു കൈമാറി. പണ്ഡിറ്റായ കെവിഎമ്മിനെ വിദ്യാഭ്യാസ സർവീസിലേക്ക് എടുത്തു. തൃശൂരിലെ വിക്ടോറിയ ജൂബിലി സ്കൂളിൽ (ഇന്നത്തെ മോഡൽസ്കൂൾ) സംസ്കൃതാധ്യാപകനായി മാറി. ഈ മഹാപണ്ഡിതനു ചെറിയ സ്കൂളിലെ അധ്യാപകനാവാനുള്ള യോഗ്യതാരേഖകൾ സമ‍ർപ്പിക്കാനുണ്ടായിരുന്നില്ല. കൊച്ചി വിദ്യാഭ്യാസ ഡയറക്ടറും സ്നേഹിതനുമായ ഐ.എൻ. മേനോൻ ഇടപെട്ട് പരീക്ഷായോഗ്യതയിൽനിന്നൊഴിവാക്കി. സർവീസ് രണ്ടുകൊല്ലംകൂടി നീട്ടിക്കൊടുത്തു. 57–ാം വയസ്സിൽ പെൻഷന് അർഹതയില്ലാതെ വിരമിച്ചു (1945). 

ചില കൊച്ചു സന്തോഷങ്ങളും ഉണ്ടായി. ഇടപ്പള്ളി പരിഷത്തു വാർഷികത്തിൽ (1941) അധ്യക്ഷനായി തിര‍ഞ്ഞെടുക്കപ്പെട്ടു. എഴുതിത്തയാറാക്കിയ അധ്യക്ഷപ്രസംഗമല്ല അന്നു കെവിഎം ചെയ്തത്. പരിഷത്തിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാകാം ഇത്. തൃപ്പൂണിത്തുറ ശാസ്ത്രസദസ്സ് സാഹിത്യനിപുണൻ എന്ന ബഹുമതിമുദ്ര നൽകി ആദരിച്ചു. പരീക്ഷിത്തു രാജാവു സമ്മാനിച്ച സ്വർണമെഡൽ പക്ഷേ, ഷോക്കേസിൽ സൂക്ഷിച്ചില്ല. പതിവായി ധരിച്ചിരുന്ന മോതിരം പണ്ടേ വിറ്റുപോയിരുന്നു.  അതിനാൽ ഇതിലെ സ്വർണംകൊണ്ടു മറ്റൊന്നു പണിയാം എന്നു ഭാര്യ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാതിരിക്കാനായില്ല. 

സ്വന്തമായൊരിടം ഉണ്ടാക്കാൻ കെവിഎമ്മിന് അതുവരെ സാധിച്ചിട്ടില്ല. രാത്രിയിൽ കാറ്റത്ത് സമീപത്തെ മാവ് കടപുഴകി വീണ് കെവിഎം കുടുംബസമേതം താമസിച്ചിരുന്ന വാടകവീട് അമ്പേ തകർന്നു. ഭാഗ്യത്താൽ ആയുർബലംകൊണ്ടു കെവിഎമ്മും കുടുംബവും വലിയ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. 

ഉണ്ണിയെ കോളജിൽ ചേർത്തതിനാൽ പഠനച്ചെലവു കൂടി. പെൻഷനോ മറ്റു വരുമാനമോ ഇല്ല. അതിനാൽ ഭാരതവിലാസം അച്ചുക്കൂടത്തിലും വിദ്യാവിനോദിനിയിലുമായി ആറുകൊല്ലം പിന്നെയും ജോലി ചെയ്തു. പ്രസാധകൻ, പ്രൂഫ്റീഡർ, പുസ്തകമെഴുത്തുകാരൻ തുടങ്ങിയ ‘പിണ്ടിപ്പണി’തന്നെ. ജോലിക്കിടയിൽ ചിലപ്പോൾ ‘ആസീനപ്രചലായിത’ത്തിൽ (ഇരുന്ന് ഉറക്കം തൂങ്ങൽ) പെടും. ആ ഉറക്കത്തിലും ജാഗ്രതയോടെ ‘ചക്രവാളം’ വാരികയിൽ ചില കാവ്യപഠനങ്ങൾ പ്രസിദ്ധീകരിച്ചു. കരുണ, മഗ്‌ദലനമറിയം, പിംഗള എന്നീ മഹാകവിത്രയഖണ്ഡകാവ്യങ്ങളെ ആധാരമാക്കിയ ആ കാവ്യാസ്വാദനക്കുറിപ്പുകൾ ‘ത്രിവേണി’ എന്ന പേരിൽ പിന്നീടു സമാഹരിച്ചു. 

Sardar KM Panicker and G Sankara Kurup
സർദാർ കെ.എം. പണിക്കർ , ജി. ശങ്കരക്കുറുപ്പ്

അപ്പോഴേക്കും അവശപണ്ഡിതന്മാർക്കുള്ള കേന്ദ്രപെൻഷൻ 100 രൂപ വീതം കെവിഎമ്മിന് അനുവദിച്ചിരുന്നു. ഈ പ്രതിമാസ വേതനം മരിക്കുംവരെ കെവിഎമ്മിന്റെ നിത്യക്ലേശങ്ങൾക്ക് ആശ്വാസം പകർന്നു. സർദാർ കെ.എം. പണിക്കരുടെ ശുപാർശ ഈ പെൻഷന്റെ അണിയറയിലുണ്ടാവാം. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ജനറൽ കൗൺസിലിലെ അംഗമായും കെവിഎമ്മിനെ തിര‍ഞ്ഞെടുത്തു. പട്ടാമ്പി സംസ്കൃത കോളജ് ‘പണ്ഡിതരത്നം’ ബഹുമതി സമർപ്പിച്ച് പൂർവവിദ്യാർഥിയെ ആദരിച്ചു. 

നിഴൽപോലെ കൂടെയുണ്ടായിരുന്ന പ്രഥമ പത്നിയുടെ മരണം കെവിഎമ്മിനെ ഉലച്ചു. അതോടെ പ്രസുകളിലെ ഔദ്യോഗികജീവിതത്തിനു വിരാമം കുറിച്ച് സകുടുംബം എഴുമങ്ങാട്ടെ തറവാട്ടുവീട്ടിലേക്കു തിരിച്ചുവന്നു. 

‘വേഷമഴിച്ചൊരു നൽക്കളി–

യാശാനെപ്പോലെ രണ്ടിലൊരുമുക്കിൽ

പുത്തൻനടരുടെയാട്ടം

മുറ്റും വീക്ഷിച്ചിരിക്കയാണിനി ഞാൻ’

എന്നു ‘പെട്ടിവച്ചുകളി’ എന്നൊരു കവിത പ്രസിദ്ധീകരിച്ചു വിട പറഞ്ഞെങ്കിലും എഴുത്തിന്റെയും വായനയുടെയും കർമമണ്ഡലത്തിൽനിന്നു വിട്ടുനിന്നില്ല. രോഗശയ്യയിൽപോലും ശ്ലോകരചനയും ലേഖനമെഴുത്തും പഠിപ്പിക്കലും നിർത്തിയില്ല. 

കെവിഎമ്മിന്റെ കൃതികൾ തേടിപ്പിടിച്ചു പ്രസിദ്ധീകരിച്ചും സ്മാരകസമിതി സ്ഥാപിച്ചും കയ്പള്ളി ഇല്ലം കെവിഎം സ്മാരകമായി സംരക്ഷിച്ചും മുത്തച്ഛനെ ആദരിക്കുന്ന ദേവദാസ് ഓർമിച്ചു:

1965 ഒക്ടോബർ 19. ഉച്ചയ്ക്ക് ആസന്നമരണഘട്ടത്തിലും പേന കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഒരു കവിത രചിക്കാൻ. എന്നാൽ, തളർച്ചമൂലം സംസാരിക്കാൻ സാധിച്ചില്ല. നിസ്സഹായതയാൽ അദ്ദേഹത്തിന്റെ കണ്ണിൽനിന്നു വെള്ളം പൊടിഞ്ഞു. ആ കണ്ണീരോടെ കണ്ണുകൾ എന്നേക്കുമായി അടയുമ്പോൾ വിധവ പാപ്പിമനേമയും പുത്രൻ പരമേശ്വരൻ മൂസ്സും (ഉണ്ണി) അനുജൻ ശങ്കരൻ മൂസ്സും അടുത്തുണ്ടായിരുന്നു. 

ഇന്ത്യനതിർത്തിയിൽ ചീന, പാക്ക് ആക്രമണങ്ങൾ നടക്കുന്ന സമയമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം ഒരു ശിഷ്യൻ ദക്ഷിണയായി 25 രൂപ കെവിഎമ്മിനു നൽകി. അദ്ദേഹം അതു രാജ്യരക്ഷാനിധിയിലേക്കു സംഭാവന ചെയ്യുകയായിരുന്നു. യുദ്ധരംഗത്തേക്കു പോകുന്ന ജവാന്റെ ചിന്തകളായി ഒരു ശ്ലോകവും എഴുതിക്കൊടുത്തു. 

‘ആരാണെൻ മാതൃഭൂവിന്നതിരുകളതിലംഘിച്ചകം പുക്കുവാനാ–

യാരാൽ തൽഫാലവട്ടത്തൊടുകുറി നിഭൃതം മായ്ക്കുവാൻ പോർ തുടങ്ങി

ആ രാജ്യദ്രോഹിയായോരയലിലെ രിപുവോടേറ്റു യുദ്ധത്തിനായി–

ധാരാളംപേർ ഗമിപ്പൂ പരമവരിലൊരാളാകുവാൻ ഞാനുറച്ചു’

ഒരു നാടിന്റെ ആത്മബോധം ഒരു നാടിന്റെ ഉയിരായി ഉജ്വലിക്കുന്നത്, ഏതു ദുരന്താനുഭവങ്ങളെയും മറികടക്കുന്നത് ആഴത്തിലാഴത്തിലേക്കു പടരുന്ന വാക്കിന്റെ വിശുദ്ധിയിലൂടെയാണെന്ന് അന്ത്യമുഹൂർത്തത്തിലും പറയാൻ കെവിഎം ശ്രമിച്ചുകൊണ്ടിരുന്നു. 

മരക്കയ്യിൽ പണിതത് അപ്പപ്പോൾ വിറ്റു ജീവിച്ചതിനാൽ ആശാരിക്ക് ചിരട്ടക്കയ്യിൽ മാത്രമേ കഞ്ഞി വീഴ്ത്താൻ കിട്ടൂ എന്നു പറയാറുണ്ട്. അതുപോലെ താനെഴുതിയ ഓരോന്നും അപ്പോഴപ്പോൾ ചുരുങ്ങിയ വിലയ്ക്കു വിറ്റ് വിശപ്പടക്കിയ സാഹിത്യത്തിലെ തച്ചനായിരുന്നു കെവിഎം. സാഹിത്യത്തിലെന്നപോലെ രാജ്യസ്നേഹത്തിലും വ്യക്തിബന്ധങ്ങളിലും ഒരുപോലെ സുമനസ്സും. കവിതയും കഥയും നോവലും വ്യാഖ്യാനവും ഉപന്യാസവുമായി അദ്ദേഹം ബാക്കിവച്ച ഈ അടയാളപ്പരപ്പ് കാണുക: പ്രബന്ധഭൂഷണം, ചന്ദ്രഗുപ്തൻ, ഉർവശി, യവനികാഭായി, ഹിരണ്മയി, ഭവാനിറാണി, ശക്തൻ സാമൂതിരി, സാഹിത്യപുളകം, രണാങ്കണം, അരമനരഹസ്യം, മഹാത്മനിർവാണം, പൂന്താനം കൃതികൾ, ശകുന്തളോപാഖ്യാനം, ശ്രീകൃഷ്ണാർപ്പണം, വത്സസ്േതയം, രാജസ്ഥാനസിംഹം, ശ്രീകൃഷ്ണകർണാമൃതം, ശബരീശ്വരചരിതം, ശ്രീഹേമാംബികാസ്തോത്രം, വർണമാലാസ്തുതി, ത്രിപുരാസ്തോത്രവിംശതി, രാമേശ്വരദർശനം, രാമചരിതം, താരാപഥം, ശ്രീരാമകർണാമൃതം, ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം, ഗണപതിസ്തോത്രങ്ങൾ, കൃഷ്ണഗാഥ, ശ്രീശിവസഹസ്രനാമസ്തോത്രം, ആത്മകഥ, ദേവീപുഷ്പാഞ്ജലീസ്തോത്രം, ഞങ്ങളിൽ ഒരാൾ, വസന്തലക്ഷ്മി, കാളിദാസൻ, ഹരിശ്ചന്ദ്രൻ, പരീക്ഷിത്ത് ഹൃദയഗീതം, വൃന്ദാവനം, ദേവീസ്തോത്രങ്ങൾ, ശിവാനന്ദലഹരി, മേൽപുത്തൂർ ഭട്ടതിരി, വിജ്ഞാനരത്നാകരം, സൗന്ദര്യലഹരി, സ്മരണാഞ്ജലി, സാഹിത്യസൗഹിത്യം, ശ്രീഗുരുവായൂർ ക്ഷേത്രചരിത്രം, ശ്രീമദ് ഭഗവദ്ഗീത, ലളിതാസഹസ്രനാമസ്തോത്രം, മായാത്ത സ്മരണകൾ, സാഹിത്യകിരണം, സാഹിത്യകൗസ്തുഭം, കാളിദാസൻ അഥവാ ഭാരതസാഹിത്യത്തിലെ കെടാവിളക്ക്, കൗടില്യന്റെ അർഥശാസ്ത്രം, കാട്ടുപൂക്കൾ, വിയർപ്പിന്റെ വില, കള്ളനെക്കട്ട കള്ളൻ, മരുപ്പച്ച, പ്രതാപനും ശക്തനും, ശ്രീകൃഷ്ണലീലകൾ, സ്വർണപ്പെട്ടിയിലെ രഹസ്യം, ത്രിവേണി, കഥാരത്നമാല, സപ്താദ്ഭുതങ്ങൾ, കലങ്ങിത്തെളിഞ്ഞു, പ്രാചീന ഭാരതം, ശിവാജി, സാഹിത്യനിരൂപണം, മാനസോദ്യാനം, ഹനുമാൻകുട്ടി, കണ്ണീരും ചിരിയും, തച്ചോളി ഒതേനൻ, സിദ്ധരൂപം, വിരാടപർവം, സാഹിത്യദർപ്പണം, ജയദേവൻ, യമലോകപ്പിരട്ടി, വസിഷ്ഠരാമായണം, ആനന്ദരാമായണം, അഷ്ടാംഗസംഗ്രഹം, ആയുർവേദം ഗുണപാഠം, ശങ്കരാചാര്യസ്വാമികൾ. 

‘ശാകുന്തളത്തിൽ എത്ര ശകുന്തള’ എന്നുപോലും ഗവേഷണം നടത്തി  നമ്മുടെ പിഎച്ച്ഡി സമ്പാദിക്കുന്ന വിരുതന്മാരാരും കെവിഎമ്മിന്റെ ഈ സർഗപ്രപഞ്ചത്തിലേക്ക് തിരിഞ്ഞുനോക്കാൻ ധൈര്യപ്പെടില്ല. 

Content Summary: Life Story of Kaippally Vasudevan Musat Popularly Known as KVM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS