ADVERTISEMENT

‘ശ്രീദേവീ, നമുക്കുള്ള ജീവിതം 

തീത്തൈലംപോൽ ചൂടുള്ളതല്ലോ

സ്വാദുവല്ലയോ മധുപോലെ’

16–ാം വയസ്സിൽ കവി എഴുതി നൽകിയ ഈ വരികളുടെ അർഥം മനസ്സിലാക്കിയത് അദ്ദേഹം എന്നന്നേക്കുമായി വിട്ടകന്ന ശേഷമാണ്. ആദ്യസമ്മാനമായി കിട്ടിയ ‘തീത്തൈലം’ പുസ്തകത്തിൽ എഴുതിത്തന്ന വരികൾ പുസ്തകത്തിലും മനസ്സിലും മായാതെയുണ്ട്. പുസ്തകം നോക്കി ഇതു വായിക്കാൻ ഇന്നും കഴിയില്ല. കണ്ണുനീർ അക്ഷരങ്ങളെ പടർത്തിക്കളയും. കവിക്കൊപ്പമുള്ള ജീവിതം മധുരകരമായിരുന്നെങ്കിലും കവിയെക്കുറിച്ചുള്ള ഓർമകൾ ഇന്ന് എന്നെ ചുട്ടുപൊള്ളിക്കുന്നു.

∙ അന്ന് ഒളപ്പമണ്ണയെ എനിക്കറിയില്ല

16 വയസ്സായപ്പോൾ വിവാഹാലോചനകൾ വന്നുതുടങ്ങി. ഒളപ്പമണ്ണയുടെ ആലോചനയുമായി എത്തിയതു കെ.കെ. മാഷായിരുന്നു. ഒരു ദിവസം അച്ഛൻ വിളിച്ചു കവിയുടെ ഫോട്ടോ കാണിച്ചു. വിവാഹാലോചനയുടെ കാര്യങ്ങൾ പറഞ്ഞു. എനിക്ക് ഒളപ്പമണ്ണയെന്ന കവിയെയോ ഒളപ്പമണ്ണക്കാരെയോ അറിയില്ല എന്നു ഞാൻ പറഞ്ഞു. എംആർബി ആയിടയ്ക്ക് എഴുതിയ ‘കവി ഒളപ്പമണ്ണ’ എന്ന ലേഖനം അച്ഛൻ എനിക്കു വായിക്കാൻ തന്നു. 

അച്ഛനൊരു ദിവസം ഒളപ്പമണ്ണ താമസിക്കുന്ന ഏഴയ്ക്കാട്ടിരിക്കു (എഴക്കാട്) പോയി. അമ്മയോടൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നെങ്കിലും അച്ഛൻ എത്തിയ സമയത്ത്, കാലത്തു കുളിച്ചു ശിവനെ തൊഴുത് നെറ്റിയിൽ ചന്ദനം തൊട്ട് കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ ഭാരതം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അച്ഛനെ കണ്ടപ്പോൾ പരിഭ്രമിച്ചെങ്കിലും നന്നായി പെരുമാറി. അമ്മയെയും രോഗിയായ അനിയനെയും നല്ലവണ്ണം നോക്കുന്ന ഒളപ്പമണ്ണയെ അച്ഛനിഷ്ടമായി. അച്ഛൻ വിവാഹത്തിനു സമ്മതം അറിയിച്ചു. 1953ൽ തുലാം മാസത്തിൽ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹത്തിനു പിന്നെയും ഒരു മാസമുണ്ട്. വരൻ എങ്ങനെ ആയിരിക്കും എന്നൊക്കെ രാത്രി കിടക്കുമ്പോൾ ആലോചിക്കും. വിവാഹം അടുത്തതോടെ ഇല്ലത്ത് ഉത്സവാന്തരീക്ഷമായി.

വിവാഹമുഹൂർത്തം രാത്രിയായിരുന്നു. വരനും ബന്ധുക്കളും വൈകുന്നേരം കാപ്പിക്കു തന്നെ എത്തിച്ചേർന്നു. മഹാകവി ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോൻ എന്നിവരും എത്തി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ കാർ മുറ്റത്തു വന്നു നിന്നു. വരില്ല എന്നു പറഞ്ഞിരുന്ന മഹാകവി വള്ളത്തോൾ മക്കളെയും ശിഷ്യന്മാരെയും കൂട്ടി കാറിൽനിന്ന് ഇറങ്ങി. തന്റെ കല്യാണമാണെന്നോ, വരനാണെന്നോ ഒന്നും ആലോചിക്കാതെ ഒളപ്പമണ്ണ കാറിന്റെ അടുത്തേക്ക് ഓടിച്ചെന്നു വള്ളത്തോളിനെ സ്വീകരിച്ചു. എല്ലാ കവികളും തങ്ങൾ എഴുതിക്കൊണ്ടുവന്ന മംഗളപത്രങ്ങൾ വായിക്കാൻ തുടങ്ങി. ഋഗ്വേദ തർജമ കാലമായതിനാൽ വള്ളത്തോൾ പ്രസംഗിക്കുകയല്ല ഉണ്ടായത്. അദ്ദേഹം കടലാസിൽ എഴുതിക്കൊടുത്തു വായിപ്പിക്കുകയാണു ചെയ്തത്.

‘മറ്റു മേന്മകൾ ഇരിക്കട്ടെ, കവി കൂടിയായ ബ്രഹ്മശ്രീ ഒളപ്പമണ്ണയുടെ വിവാഹം എന്നെപ്പോലുള്ളവർക്ക് ഒരു അസാധാരണ ഉത്സവമാണ്. അതിന്റെ ആഹ്ലാദം അനുഭവിക്കാനാണ് ഈ എഴുപത്തിയഞ്ചുകാരൻ ഇരുപത്താറു നാഴിക പിന്നിട്ട് ഇവിടെ എത്തിച്ചേർന്നത്. വിദ്യാദികളാൽ അനുരൂപരായ നവദമ്പതികൾക്ക് ഓരോ പുലർകാലത്തും ഓരോ സ്വർഗീയ സൗഭാഗ്യം കതിരവന്റെ കനകരശ്മിയിലൂടെ ഇറങ്ങിവരട്ടെ’ എന്നാണ് അദ്ദേഹം ആശംസിച്ചത്. ആശംസ കേട്ടു കവിക്കും സന്തോഷമായി.

∙ കാണുന്നത് നാലു നാളുകൾക്കു ശേഷം

എട്ടു മുണ്ട് ആയി മന്ത്രകോടി ഉടുപ്പിച്ചാണു വിവാഹത്തിന് ഒരുക്കിയത്. അച്ഛൻ വടക്കിനിയിൽ വച്ചു ചെറുതാലി ചരടിൽ കോർത്ത് അണിയിച്ചു. വാൽക്കണ്ണാടി കയ്യിൽ തന്നു. ക്രിയ നടക്കുന്ന തെക്കിനിയിലേക്കു കൊണ്ടുപോയി. തല മൂടിയാണു വധു പോകേണ്ടത്. 

olappamanna-marriage-photos
വേളീമുഹൂർത്തം

ഏകദേശം രണ്ടു മണിക്കൂറെടുത്തു ക്രിയ കഴിയാൻ. ക്രിയയുടെ ഇടയിൽ മുഖദർശനത്തിനായി, മൂടിയ തുണി ഒരു നിമിഷം അൽപം ഉയർത്തി. ഒന്നും ശ്രദ്ധിക്കാനോ വരനെ കാണാനോ പറ്റിയില്ല. ക്രിയ കഴിഞ്ഞു തെക്കേ മച്ചിലേക്കു കൊണ്ടുവന്ന് ഇരുത്തി. അവിടെയാണു രാത്രി ഉറങ്ങിയത്. വരൻ ഇല്ലത്തു തന്നെ നാലു ദിവസം കൂടണം. അതുവരെ വധുവിനെ കാണാൻ പറ്റുകയുമില്ല. നാലാം ദിവസം വെള്ളിനേഴി കുടിവയ്പ്. രണ്ടു ബസുകളിലും കാറുകളിലുമായി ഞങ്ങൾ വെള്ളിനേഴിയിലെത്തി.

ഞങ്ങളെ എതിരേൽക്കാൻ ഗജവീരന്മാർ, പഞ്ചവാദ്യം എന്നിവയുണ്ടായിരുന്നു. നടുമുറ്റത്തേക്ക് എന്നെ ഇറക്കി. സഹോദരി നങ്ങേമേടത്തി പൊന്നണിയിച്ചു. മംഗല്യസ്ത്രീകൾ പാട്ടുപാടിക്കളിച്ചു. പാലും പഴവും തന്നു. സന്ധ്യ കഴിഞ്ഞപ്പോൾ കൂറ്റൻ ഇല വച്ച് ഊണ്. ഞാൻ അദ്ദേഹത്തിന് ഉപസ്തരിച്ചു വിളമ്പിക്കൊടുത്തു. ഊണു കഴിഞ്ഞ് ആ എച്ചിലിലയിൽ എന്നെ ഇരുത്തി ഇങ്ങോട്ടും വിളമ്പിത്തരണം, അതാണ് ആചാരം. എനിക്കു വിളമ്പിത്തരാൻ കൂട്ടാക്കാതെ ശുണ്ഠിയെടുത്ത് ഒളപ്പമണ്ണ ഇറങ്ങിപ്പോയി, ‘ശ്രീദേവി എന്റെ എച്ചിലിലയിൽ ഉണ്ണരുത്’ എന്നു പറഞ്ഞു. അങ്ങനെ ഒളപ്പമണ്ണ മനയിലെ ആ ആചാരം നിന്നു.

മകൾ ജനിച്ചതോടെ ജീവിതത്തിന് ഒരു താളം വന്നതുപോലെയായി. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ അദ്ദേഹം അടുത്തു വന്നിരിക്കും. എടുക്കാൻ അറിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മടിയിൽ കുട്ടിയെ ഇരുത്തും. രമയെപ്പറ്റി അദ്ദേഹം ഒട്ടേറെ കവിതകൾ എഴുതിയിട്ടുണ്ട്.

കണ്ടമംഗലത്തെ ഞങ്ങളുടെ വനവാസം അവസാനിച്ചതു ഞാൻ രണ്ടാമതു ഗർഭിണി ആയതോടെയാണ്. പാലക്കാട് ജൈനിമേട്ടിലുള്ള ‘ഹരിശ്രീ’യിലേക്കു താമസം മാറ്റി. അവിടെ തൊട്ടടുത്തു ടിംബർ ഡിപ്പോ (മരക്കച്ചവടം) അദ്ദേഹം തുടങ്ങിയിരുന്നു. രണ്ടാമത്തെ മകൻ ഹരിയുടെ ചോറൂണും ‘ഹരിശ്രീ’യിൽ  നടത്തി. ഹരിക്കു രണ്ടു വയസ്സായപ്പോൾ സുരേഷ് ജനിച്ചു. അഞ്ചു വർഷം കഴിഞ്ഞു രാകേഷുമുണ്ടായി.

olappamanna-marriage-image
ശ്രീദേവീ അന്തർജനവും ഒളപ്പമണ്ണയും: വിവാഹഫോട്ടോ

സിനിമയ്ക്കും മലമ്പുഴ ഡാം കാണാനും ചില വൈകുന്നേരങ്ങളിൽ അദ്ദേഹം കൊണ്ടുപോയിരുന്നു. കവി തന്നെയാണു കാറോടിക്കാറുണ്ടായിരുന്നത്. ചിലപ്പോൾ സിനിമ കാണാൻ വേണ്ടി മാത്രം ഞങ്ങൾ കോയമ്പത്തൂരിൽ പോകും. നല്ല ഹോട്ടലിൽ നിന്ന് ആഹാരവും കഴിച്ചു മടങ്ങും. എന്നെയും കൂട്ടി ഇടയ്ക്കു പുറംനാടുകൾ കാണാൻ അദ്ദേഹം പോകുമായിരുന്നു. മദ്രാസിൽ പോയി ഹെലികോപ്റ്ററിൽ അവിടെയെല്ലാം കറങ്ങിയിരുന്നു. എന്നാൽ, ഭയം കാരണം എനിക്കത് ആസ്വദിക്കാൻ കഴിഞ്ഞില്ല. മുംബൈ, മൈസൂരു, ബെംഗളൂരു ഇവിടങ്ങളിലെല്ലാം കൊണ്ടുപോയിട്ടുണ്ട്.

രാവിലെ കാപ്പി കഴിഞ്ഞാൽ അദ്ദേഹം മുകളിൽ പോയി ഇരിക്കും. അപ്പോഴാണു കവിത എഴുതുക. പതിനൊന്നരയ്ക്ക് ഉണ്ണാറാവുമ്പോഴേക്കേ താഴേക്കു വരൂ. അതുവരെ ശല്യം ചെയ്യുന്നത് ഇഷ്ടമല്ല. ഇരിക്കുന്ന കസേരയുടെ ചുറ്റും ബീഡിക്കുറ്റികൾ ഉണ്ടാവും. കവിത എഴുതിക്കഴിഞ്ഞാൽ വായിച്ചു കേൾപ്പിക്കും. ‘ഏഹിസൂനരിയിലെ മധുവിധു കവിതകൾ’ ഏഴയ്ക്കാട്ടിരി വച്ച് എഴുതിയതാണ്. ഉമ്മറത്തിരുന്നും എഴുതാറുണ്ടായിരുന്നു. അദ്ദേഹം എഴുത്തിൽ മുഴുകിയാൽ ചുറ്റും നടക്കുന്നത് ഒന്നും അറിഞ്ഞിരുന്നില്ല. കവിത എഴുതിക്കഴിഞ്ഞാൽ ആദ്യം എനിക്കു വായിക്കാൻ തരും. ഞാൻ സംഗീതം പഠിച്ചിരുന്നതിനാൽ ചില കവിതകൾ ട്യൂൺ ചെയ്തു പാടാൻ ആവശ്യപ്പെടും. മക്കൾക്കു വേണ്ടിയും അയൽവീടുകളിലെ കുട്ടികൾക്കു വേണ്ടിയും അദ്ദേഹം കവിതകൾ എഴുതി നൽകാറുണ്ട്. ചില കവിതകളിൽ മക്കൾ തന്നെയായിരുന്നു കഥാപാത്രങ്ങൾ. 

കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന്റെയും എഴക്കാട് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു അദ്ദേഹം. എഴക്കാട് പഞ്ചായത്ത് ഇന്നില്ല. റബർ എസ്റ്റേറ്റ് മേൽനോട്ടത്തിനായി കോട്ടോപ്പാടത്തു താമസിക്കുമ്പോഴാണു പ്രസിഡന്റായത്. സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം സ്വതന്ത്രനായി മത്സരിച്ചാണു വിജയിച്ചത്. റോഡ് പണിക്കുവേണ്ടി അദ്ദേഹം സ്വന്തം ഭൂമിയും വിട്ടുനൽകിയിരുന്നു. അരിയൂർ – കണ്ടമംഗലം റോഡിനു കവിയുടെ പേരാണു നാട്ടുകാർ നൽകിയത്. അന്ന് ഐകകണ്ഠ്യേനയാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

∙ കഥകളിമുദ്രയിലെ സംസാരം

കഥകളി അദ്ദേഹത്തിന് ആത്മാവിന്റെ ഭാഗമായിരുന്നു. എത്ര ദിവസം അടുപ്പിച്ചു കഥകളി കണ്ടാലും അദ്ദേഹത്തിനു വിരസത അനുഭവപ്പെടില്ലായിരുന്നു. വള്ളത്തോളിനോടു കഥകളിമുദ്രയിൽ അദ്ദേഹം സംസാരിക്കുമായിരുന്നു. തേക്കിൻകാട്ടിൽ രാവുണ്ണി നായരുടെ അടുത്ത് അദ്ദേഹം കഥകളിമുദ്രയും സങ്കേതങ്ങളും പഠിച്ചിട്ടുണ്ട്. 

കലാമണ്ഡലം ചെയർമാനായി നിയമനം ലഭിച്ചപ്പോൾ ഒറ്റപ്പാലത്തുള്ള അമ്മയുടെ അരികിലേക്കാണ് ആദ്യം പോയത്. ‘ഇല്ലത്ത് കഥകളി കുറെക്കാലം കണ്ടുനടന്നതല്ലേ? കാവിൽ വിഷമം വരില്ല’ എന്നാണ് അമ്മ അദ്ദേഹത്തെ അനുഗ്രഹിച്ചത്. വള്ളത്തോളിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹം ചെയർമാനായി സ്ഥാനമേറ്റത്. കലാമണ്ഡലത്തിൽനിന്നു കിട്ടുന്ന ഓണറേറിയത്തിൽ ഒരു രൂപപോലും അദ്ദേഹം എടുത്തിട്ടില്ല. കിട്ടുന്ന തുക അതുപോലെ മെസ് ഫണ്ടിലേക്ക് അടയ്ക്കും. കുട്ടികൾക്കു നല്ല ഭക്ഷണം ഉറപ്പാക്കുന്നതിനാണ് അങ്ങനെ ചെയ്തിരുന്നത്.

ഒരിക്കൽ കലാമണ്ഡലത്തിൽനിന്നു കുട്ടികളെല്ലാംകൂടി മലമ്പുഴയ്ക്കു വിനോദയാത്ര നടത്തിയ കൂട്ടത്തിൽ ‘ഹരിശ്രീ’യിൽ കയറി. അവരെ കാപ്പി കുടിപ്പിച്ചേ അയയ്ക്കാവൂ എന്നദ്ദേഹം നിർദേശിച്ചു. അൻപതിലേറെ കുട്ടികൾ ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ഞാൻ പരിഭ്രമിച്ചു. അദ്ദേഹം അങ്ങനെയാണ്, ഓർക്കാപ്പുറത്തു വീട്ടിലേക്കു പലരെയും ക്ഷണിച്ചു കൊണ്ടുവരും. വിവരം എന്നോടു പറയുകയുമില്ല. അപ്രതീക്ഷിതമായി എത്തുന്ന അതിഥികൾക്ക് ആഹാരം കൊടുക്കാൻ ഞാൻ എപ്പോഴും ബുദ്ധിമുട്ടും. എന്നോടു പറഞ്ഞിട്ട് അതിഥികളുമായി വന്നുകൂടേ എന്നു ഞാൻ പലപ്പോഴും പരാതി പറയും. അതെല്ലാം കേട്ട് അദ്ദേഹം ചിരിച്ചുകൊണ്ടിരിക്കും. കലാമണ്ഡലത്തിൽ നിന്നെത്തിയ കുട്ടികൾക്ക് അന്ന് അവലും പഴംനുറുക്കും നൽകി പറഞ്ഞയച്ചു.

ഞാൻ ശുണ്ഠി പിടിച്ചു സംസാരിച്ചാൽ അദ്ദേഹം മറുത്തൊന്നും സംസാരിക്കില്ല. ചെറുപുഞ്ചിരിയോടെ കേട്ടുകൊണ്ടിരിക്കും. അതോടെ ഞങ്ങൾ തമ്മിലുള്ള പിണക്കവും അവസാനിക്കും. നുണ പറയില്ല. അന്യായമായി ഒരു രൂപപോലും അദ്ദേഹം സമ്പാദിക്കില്ലായിരുന്നു. കവിതയെഴുത്തിനൊപ്പം അധ്വാനിച്ചു ജീവിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വീട്ടിൽ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായാൽ അത് അറിയിക്കുകയുമില്ലായിരുന്നു.

∙ അവസാനമായി പറയാൻ ശ്രമിച്ചത്

വൈകുന്നേരത്തെ ഒരു നടപ്പുവേളയിൽ അദ്ദേഹം ഒന്നു വീണു. ആ വീഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അത്ര നല്ലതായിരുന്നില്ല. ഹരിക്ക് ആ സമയത്തു ചെന്നൈയിലേക്കു ജോലിമാറ്റം കിട്ടി. 2000 ഏപ്രിൽ 10നു രാവിലെ പതിവുപോലെ എഴുന്നേറ്റു വന്നെങ്കിലും പത്രംവായനയൊന്നും ഉണ്ടായിരുന്നില്ല. 

ചൂടുവെള്ളത്തിലായിരുന്നു അദ്ദേഹത്തിന്റെ കുളി. കുളിക്കു ശേഷം പ്രാതലിനു രണ്ട് ഇഡ്ഡലിയും രണ്ടു ദോശയും കഴിച്ചു. മാമ്പഴസാമ്പാർ കഴിക്കാൻ തലേ ദിവസം ഒരാഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന്റെ രുചി ആസ്വദിച്ചാണ് പ്രഭാതഭക്ഷണം കഴിച്ചത്. പിന്നെ പൂമുഖത്തു വന്നിരുന്നു. ഹരിയുടെ ഭാര്യ ബിന്ദുവിനെക്കൊണ്ടാണു പത്രം വായിപ്പിച്ചത്. വെള്ളിനേഴിയെക്കുറിച്ച് ‘എന്റെ തട്ടകം’ എന്ന പേരിൽ പത്രത്തിൽ വന്ന ലേഖനം ബിന്ദു വായിച്ചു കേൾപ്പിച്ചു. സാധാരണ ഇത്തരം വാർത്തകളെക്കുറിച്ച് അഭിപ്രായം പറയാറുണ്ട്. പക്ഷേ, അന്ന്, ‘എന്നെക്കുറിച്ച് ഒന്നും സൂചിപ്പിച്ചില്ലല്ലോ, എന്താ അത്?’ എന്നു മാത്രം ചോദിച്ചു. 

വായിക്കുന്നതു ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയപ്പോൾ സുഖമില്ലേ എന്നു ഞാൻ ചോദിച്ചു. ഒരു ‘തലതിരിച്ചിൽ’ പോലെ എന്നു മാത്രം മറുപടി പറഞ്ഞു. കുടുംബ ഡോക്ടറെ ഫോൺ ചെയ്തു വരുത്തിയപ്പോഴേക്കും രണ്ടു മൂന്നു തവണ ഛർദിച്ചു. ഉടനെ ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർ ആവശ്യപ്പെട്ടു. പോകുന്നതിനു മുൻപു ബിന്ദുവിനെ വിളിച്ചു കണ്ണടയും വാച്ചും ഏൽപ്പിച്ചിട്ടു സൂക്ഷിച്ചുവയ്ക്കാൻ പറഞ്ഞു. 

olappamanna-images-1
ഒളപ്പമണ്ണയും ഭാര്യ ശ്രീദേവി അന്തർജനവും

ഉച്ച കഴിഞ്ഞു രണ്ടര ആയപ്പോഴേക്കും,  എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്ന് ഒരു നഴ്സ് വന്നു പറഞ്ഞു. കണ്ട മാത്രയിൽ അദ്ദേഹം എന്റെ കയ്യിൽ മുറുകെപ്പിടിച്ചു. കാര്യമായി എന്തോ പറയാൻ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വായിൽനിന്നു വാക്കുകൾ പുറത്തേക്കു വന്നില്ല. 

ഇന്നും ഞാൻ ഓർക്കാറുണ്ട്, എന്തായിരിക്കും അദ്ദേഹത്തിന് എന്നോട് അവസാനമായി പറയാനുണ്ടായിരുന്നത് എന്ന്. മൂന്നുമണി ആയപ്പോഴേക്കും നില വഷളായി. നാലുമണിയോടുകൂടി അദ്ദേഹം ഞങ്ങളെ വിട്ടകന്നു. പാതി ജീവൻ അടർന്നുപോയതിന്റെ ദുഃഖം അന്നു ഞാൻ അറിഞ്ഞു. അദ്ദേഹത്തോടൊപ്പമുള്ള ജീവിതം മധുപോൽ സ്വാദുവായിരുന്നു. അദ്ദേഹം വിട്ടകന്ന് അഞ്ചു മാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നതാണ് രമയ്ക്ക്. രമയും ഞങ്ങളെ വിട്ട് അച്ഛനെ ശുശ്രൂഷിക്കാനായി പോയി. രമയുടെ മരണം അദ്ദേഹത്തിനു കാണേണ്ടി വന്നില്ലല്ലോ. അതു കാണാനുള്ള ശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല.

(തയാറാക്കിയത്: ബിജിൻ സാമുവൽ)

Content Summary: Sreedevi Olappamanna Sharing Memories of Her Husband, Poet Olappamanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com