ADVERTISEMENT

അലൻ റെനെ വ്യാപകമായി അറിയപ്പെടുന്നത് ഫ്രഞ്ച് ന്യൂവേവിന്റെ പ്രയോക്താക്കളിൽ ഒരാളായാണ്. അതിൽ തെറ്റില്ല. എന്നാൽ മുഴുവൻ ശരിയുമില്ല. യഥാർഥത്തിൽ അദ്ദേഹം പുതുമയുടെ തിരത്തള്ളലിൽ സിനിമയുടെ വൻകരയിൽ എത്തിപ്പെട്ട ഒരാളല്ല. ന്യൂവേവിനെ വേറിട്ടുനിർത്തുന്ന പല പ്രത്യേകതകളും റെനെയ്ക്കു ചേരുന്നതുമല്ല.

കയ്യേ ദൂ സിനിമയിൽ സിനിമാനിരൂപണം എഴുതിയിരുന്ന ഉൽപതിഷ്ണുക്കളായ ഫ്രാൻ സ്വാ ത്രൂഫോ, ക്ലോഡ് ഷബ്രോൾ, യാക്ക് റിവെറ്റ് തുടങ്ങിയവരെല്ലാംതന്നെ തങ്ങളുടെ ആദ്യസിനിമയിലൂടെ ഈ നവപ്രസ്ഥാനത്തിന്റെ പിറവിക്കു കാരണം കുറിച്ചവരാണ്. എണ്ണപ്പെട്ട യുവനിരൂപകസംഘത്തിന്റെ ഒന്നിച്ചുള്ള സിനിമാപ്രവേശത്തിലൂടെ ഒരു പ്രസ്ഥാനംതന്നെ ഉരുത്തിരിഞ്ഞ സംഭവം സിനിമയുടെ ചരിത്രത്തിൽ അനന്യമായി ശേഷിക്കുന്നു. 

bhashaposhini-2

റെനെയാകട്ടെ ഇവർക്കു മുൻപുതന്നെ ഏതാനും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിച്ചുകഴിഞ്ഞിരുന്നു. 1943ൽ ഇഢെക് എന്ന പേരിൽ പാരിസിൽ ആരംഭിച്ചിരുന്ന ഫിലിം സ്കൂളിൽ അതേ വർഷംതന്നെ ചേർന്ന് എഡിറ്റിങ് പഠിച്ച റെനെ നിർമിച്ച വളരെ പ്രശസ്തമായ ഒരു ഡോക്യുമെന്ററിയായിരുന്നു നൈറ്റ് ആൻഡ് ഫോഗ്(1956). നാസി കോൺസന്റ്രേഷൻ ക്യാംപുകളെപ്പറ്റിയുള്ള തികച്ചും ബൗദ്ധികമായ ഒരു രചനയായിരുന്നു അത്. ഒരു വർഷം മുൻപ് അദ്ദേഹം ആഗ്നെ വർദയുടെ ആദ്യചിത്രം, ല പോയിന്റ് കോർട് എഡിറ്റ് ചെയ്തിരുന്നു. 1953ൽ ക്രിസ് മാർക്കറുമൊത്ത് സ്റ്റാച്ചൂസ് ഓൾസോ ഡൈ എന്ന ചിത്രം സംവിധാനം ചെയ്തു. സിനിമാരംഗത്ത് മുന്നനുഭവങ്ങളില്ലാത്ത പ്രശസ്ത എഴുത്തു കാരായ മാർഗരറ്റ് ദൂറ, അലൻ റോബ് ഗ്രിയേ തുടങ്ങിയവരാണ് മിക്ക ചിത്രങ്ങളുടെയും കഥാരചന നടത്തിയിട്ടുള്ളത്.

തികച്ചും അപ്രതീക്ഷിതമായ വിജയമാണ് അലൻ റെനെയുടെ ഹിരോഷിമ മോൺ അമോറിന് (ഹിരോഷിമ, മൈ ലവ്– 1959) രാജ്യാന്തര തലത്തിൽ ലഭിച്ചത്. ഇത് ഉദാഹരിക്കാ നായി ത്രൂഫോ ഉദ്ധരിക്കുന്ന എഴുത്തുകാരി മാർഗരറ്റ് ദൂറയുടെ ഒരു ലേഖനഭാഗം ഇങ്ങനെയാണ്: 

കഥയെഴുത്ത് പുരോഗമിക്കവേ റെനെ എന്നോട് പറഞ്ഞു: സിനിമ ആളുകൾക്കു മുന്നിലെത്തിക്കുവാൻ പോരുന്ന രീതിയിൽ ഈ പടത്തിനൊരു കമേർഷ്യൽ റിലീസ് കിട്ടിയാൽ ഭാഗ്യമായി.

കാൻ ഫെസ്റ്റിവലിൽ ത്രൂഫോയുടെ ഫോർ ഹണ്ട്രഡ് ബ്ലാസിനൊപ്പമാണ് ഹിരോഷിമ മോൺ അമോർ പ്രദർശിപ്പിച്ചത്. തികച്ചും അപ്രതീക്ഷിതമായ മതിപ്പോടെ, അവിടെനിന്നാരംഭിച്ച ജൈത്രയാത്ര ഇപ്പോഴും തുടരുന്നു. സിനിമയുടെ പരമ്പരാഗത അവതരണരീതികളെ പാടേ ദൂരേക്കെറിഞ്ഞ്, കാലം, ഓർമ, മറവി, ഭാവന എന്നീ ഘടകങ്ങളെ മുൻപൊരിക്കലുമില്ലാത്തവിധം ധൈഷണികതലത്തിൽ വിചാരണചെയ്യുകയാണ് ഈ ചിത്രത്തിൽ. 

ടോക്കിയോനഗരത്തിലെ ഒരു ഹോട്ടലിൽ, ഏതാണ്ട് 24 മണിക്കൂറിനുള്ളിൽ നടക്കുന്ന പ്രണയനാടകത്തിൽ പേരു വെളിപ്പെടുത്താത്ത ഫ്രഞ്ച് നടിയും (ഇമ്മാനുവൽ റീവ) ആർക്കിടെക്ട് ആയ ജപ്പാൻകാരനുമാണ് (എയ്ജി ഒക്കാഡ) മുഖ്യ കഥാപാത്രങ്ങൾ.

bhashaposhini-1

നഗ്നരായ യുവകാമുകരുടെ നന്നേ സാവധാനത്തിൽ നടത്തുന്ന പരിരംഭണങ്ങൾ ഏതാണ്ട് അസ്വാഭാവികമെന്നു തോന്നാം. ഇരുവരുടെയും കൂടിക്കുഴയുന്ന ഉടൽഭാഗങ്ങളുടെ അതിസമീപ ദൃശ്യങ്ങളാണു പ്രേക്ഷകർ കാണുന്നത്. എന്നുമാത്രമല്ല, അവരുടെ ഉടലുകളിലേക്കു ചാരം ചാറ്റമഴപോലെ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ക്രമേണ തൊലിപ്പുറങ്ങളിലാകെ ചാരം മൂടിക്കഴിഞ്ഞു. അൽപം കഴിയുമ്പോൾ ചാരത്തിനു പകരം വിയർപ്പുതുള്ളികൾ പൊടിച്ചു പടരുന്നതു കാണാം. (ഈ ചാരപരിരംഭണം ഹിരോഷിമയാകെ ചുട്ടുചാമ്പലാക്കിയ ബോംബാക്രമണത്തിന്റെ നേർസൂചന തന്നെയാണ്). ഇപ്പോൾ ചാരം വിയർപ്പിൽ കുഴഞ്ഞു കഴിഞ്ഞു. തുടർന്ന് ഇരുവരുടെയും ഉടലുകൾ തെളിഞ്ഞുവന്നു. ഇപ്പോഴാണ് കാഴ്ചക്കാരനു വ്യക്തമാവുന്നത്, അത് ഒരു പുരുഷന്റെയും സ്ത്രീയുടെയും രതിസംഗമം ആയിരുന്നുവെന്ന്. 

ഇടയ്ക്കയാൾ സംസാരിക്കുന്നതു കേൾക്കാം: ഹിരോഷിമയിൽ നീ ഒന്നും കണ്ടില്ല, ഒന്നും!

അവൾ: ഞാൻ എല്ലാം കണ്ടു.

(ഒരാശുപത്രിയുടെ ദൃശ്യം) അവൾ തുടർന്നു: ഞാൻ ആശുപത്രി കണ്ടു. എനിക്കക്കാര്യം നിശ്ചയമുണ്ട്. 

(ആശുപത്രിയുടെ ഇടനാഴിയിലൂടെ ക്യാമറ മുന്നോട്ടുനീങ്ങി) ഹിരോഷിമയിലെ ആശുപത്രി.

അതവിടെയുണ്ട്. ഞാനതെങ്ങനെ കാണാതിരിക്കും?

(പുരുഷന്മാരും സ്ത്രീകളും കിടക്കുന്ന ആശുപത്രി മുറികളിൽ ക്യാമറ ചുറ്റിനടന്നു. രോഗികൾ നോക്കിനിന്നു, ചിലർ കിടക്കകളിൽ കിടന്നു)

(ആശുപത്രിയുടെ ഇടനാഴിയിലൂടെ ക്യാമറ മുൻപോട്ടു നീങ്ങി)

അയാൾ: ഹിരോഷിമയിലെ ആശുപത്രി നീ കണ്ടില്ല. നീ ഹിരോഷിമയിൽ ഒന്നും കണ്ടില്ല. 

(അനേകം തൂണുകളിൽ ഉയർന്നു നിൽക്കുന്ന മ്യൂസിയം.)

അവളുടെ ശബ്ദം, മ്യൂസിയത്തിൽ നാലു തവണ.

(പല കോണുകളിൽ നിന്നുള്ള പലതരം മ്യൂസിയംകാഴ്ചകൾ).

അയാളുടെ ശബ്ദം: ഹിരോഷിമയിലെ ഏത് മ്യൂസിയമാണ്?

അവൾ: ഹിരോഷിമയിലെ മ്യൂസിയത്തിൽ നാലു തവണ. അവിടെ ആൾക്കാർ ചുറ്റിനടക്കുന്നത് ഞാൻ കണ്ടു. 

(ഇപ്പോൾ മ്യൂസിയത്തിനുള്ളിലെ പ്രദർശനവസ്തുക്കൾ – ബോംബ് വർഷത്തിന്റെ പ്രത്യാഘാതങ്ങളാണ് കാണുന്നത്. ചിന്തയിൽ ലയിച്ച് ഫൊട്ടോഗ്രഫുകൾക്കിടയിലൂടെ നടന്നുനീങ്ങുന്ന കാഴ്ചക്കാർ. അവശിഷ്ടങ്ങൾ ബാക്കിവരാത്തവിധം നശിച്ചുപോയതിനാൽ കൃത്രിമമായി തയാറാക്കിയവ. ഫൊട്ടാഗ്രഫുകൾ – ഫൊട്ടോഗ്രഫുകൾ– മറ്റൊന്നും ബാക്കിയില്ലാത്തതിനാൽ വിവരണങ്ങൾ– വിശദീകരണങ്ങൾ. 

bhashaposhini-6

അവൾ: ഹിരോഷിമയിലെ മ്യൂസിയത്തിൽ നാലു തവണ. ഞാനാ കാഴ്ചക്കാരെ നോക്കി, ചിന്തകളിൽ സ്വയം നഷ്ടപ്പെട്ട്. വളഞ്ഞുപുളഞ്ഞുനിന്ന ലോഹക്കഷണങ്ങളെ നോക്കി. മാംസത്തെപ്പോലെ ചതഞ്ഞുപിരിഞ്ഞ്. കുപ്പിയടപ്പുകൾ ചേർത്തുവച്ചു നിർമിച്ച ബൊക്കെകൾ. 

ആരു വിചാരിക്കും, മനുഷ്യമാംസം ഇപ്പോഴും ജീവനുള്ളതുപോലെ സൂക്ഷിച്ചിരിക്കുന്നു. 

പരിതാപകരമാണ്, അവയ്ക്കിപ്പോഴും ജൈവികത നഷ്ടപ്പെട്ടിട്ടില്ല.

കല്ലുകൾ – എരിഞ്ഞ് കരിക്കട്ടപോലെയായവ, ഉടഞ്ഞുപൊട്ടിയവ. ആരുടെയോ മുടിക്കെട്ടുകൾ– ഹിരോഷിമയിലെ സ്ത്രീകൾ രാവിലെ എഴുന്നേൽക്കുമ്പോൾ തങ്ങളുടെ തലയിൽനിന്നു കൊഴിഞ്ഞുപോയവയാണതെന്ന് കണ്ടെത്തിയിരിക്കാം. പീസ് സ്ക്വയറിലെത്തുമ്പോൾ ഞാൻ പൊള്ളുകയായിരുന്നു. 

പീസ് സ്ക്വയറിലെ ചൂട് 10,000 ഡിഗ്രിയായിരുന്നു. എനിക്കറിയാമായിരുന്നു, പീസ് സ്ക്വയറിൽ സൂര്യന്റെ ചൂട്. അതെങ്ങനെ അറിയാതിരിക്കും? പുല്ല്–അതു വളരെ ലളിതമാണ്.

അയാൾ: നീ ഹിരോഷിമയിൽ ഒന്നും കണ്ടില്ല. ഒന്നും!

അവൾ തുടർന്നു: പുനഃസൃഷ്ടിച്ചതൊക്കെ കഴിയുന്നത്ര ആധികാരികമായിരുന്നു. അവിടെ പ്രദർശിപ്പിച്ചിരുന്ന ഫിലിമുകളും കഴിയുന്നത്ര ആധികാരികമായിരുന്നു. അവയുടെ യാഥാർഥ്യപ്രതീതി ശരിക്കും കുറ്റമറ്റതായിരുന്നു. അവ കണ്ട് ടൂറിസ്റ്റുകൾ വിമ്മിക്കരയുന്നുണ്ടായിരുന്നു. നമുക്കവരെ ആക്ഷേപിക്കാം. പക്ഷേ, അതിനപ്പുറം അവർക്കെന്തുചെയ്യാൻ കഴിയും?

(നരകത്തിലെ പുഴുക്കളെന്നപോലെ കുമിഞ്ഞുകൂടി പൊരിഞ്ഞു കിടന്ന മനുഷ്യരും അവർക്കിടയിലൂടെ ആർത്തലച്ചു നടക്കുന്ന കുഞ്ഞുങ്ങളും എല്ലാം ചേർന്ന ഡോക്യുമെന്ററിയുടെ പ്രദർശനം സന്ദർശകർക്കു മുന്നിൽ നടത്തിയിരുന്നു). ഒരു വീടിന്റെ തകർന്നു തരിപ്പണമായ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു തലപൊന്തിച്ചുനോക്കുന്ന ഒരനാഥ സ്ത്രീ.) 

അപ്പോൾ നടി സംസാരം തുടർന്നു: ഹിരോഷിമയുടെ വിധിയോർത്ത് ഞാൻ എപ്പോഴും കരയാറുണ്ട്. എന്നും.

അയാളുടെ ശബ്ദം: ഇല്ല. ഓർത്തുകരയാൻ വേണ്ടി അവിടെ എന്താണുള്ളത്?

അവൾ: ഞാനാ ന്യൂസ് റീലുകൾ കണ്ടു. (എല്ലാം നശിച്ച് ഒന്നും ബാക്കിവയ്ക്കാതെ ഊഷരമായി കിടക്കുന്ന പാടങ്ങൾ) രണ്ടാം ദിവസം, ചരിത്രം പറയുന്നു, ഞാനൊന്നും ഉണ്ടാക്കിപ്പറയുകയല്ല, രണ്ടാം ദിവസം മുതൽ ചില പ്രത്യേക തരം ജീവികൾ ഭൂമിക്കടിയിൽനിന്നും ചാരക്കൂനകളിൽനിന്നുമൊക്കെ പുറത്തിറങ്ങി. അവിടെയെങ്ങും നായകൾ കറങ്ങിനടന്നു.

ഞാൻ അവയെ കണ്ടു. ആ ന്യൂസ് റീലുകളിൽ അവയെ കണ്ടിരുന്നു. ഒന്നാം ദിവസം, രണ്ടാം ദിവസം –മൂന്നാം ദിവസം..

അയാളുടെ ശബ്ദം: നീ ഒന്നും കണ്ടില്ല. 

അവൾ: പതിനഞ്ചാം ദിവസവും– ഹിരോഷിമ പൂക്കളെക്കൊണ്ട് നിറഞ്ഞിരുന്നു. കോൺപൂക്കളും ഗ്ലാഡിയോലിയും എല്ലായിടത്തും ഉണ്ടായിരുന്നു. മോണിങ് ഗ്ലോറിയും ഡേ ലില്ലീസും ചാരത്തിൽനിന്നു വീണ്ടും ഉണർന്നെണീറ്റു. പൂക്കൾക്ക് അതിനു മുൻപ് ഒരിക്കലും ഇല്ലാതിരുന്ന ജീവസ്സും ശക്തിയുമുണ്ടായി. ഇതൊന്നും ഞാൻ ഉണ്ടാക്കിപ്പറഞ്ഞതല്ല.

അയാൾ: അല്ല, ഈ പറഞ്ഞതെല്ലാം നിന്റെ മനോസൃഷ്ടിയാണ്. നീ ഇതൊക്കെ ഉണ്ടാക്കിപ്പറഞ്ഞതാണ്. (ഇപ്പോൾ ബോംബിങ്ങിന് ഇരയായ ഒരു കുട്ടി, ശരീരമാകെ ചാരത്തിൽ പൊതിഞ്ഞ രൂപത്തിൽ ആർത്തുകരഞ്ഞുകൊണ്ട് കിടക്കുകയാണ്.)

അവൾ: ഇല്ല, ഒന്നുപോലുമല്ല. പ്രണയത്തിൽ നിഴലിക്കുന്ന ഉണ്മാനുഭവംപോലെ. അതു നമുക്കൊരിക്കലും മറക്കാൻ പറ്റുകയില്ല. അതുപോലെ എന്നെ സംബന്ധിച്ചിടത്തോളം ഹിരോഷിമ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു തെറ്റുധാരണയാണ്. (ആസന്ന നിലയിലുള്ള ചില രോഗികളുടെ ശുശ്രൂഷയും ചികിത്സയുമാണ് ഡോക്യുമെന്ററിയിൽ കാണുന്നത്.)

അവൾ തുടർന്നു: രോഗത്തെ അതിക്രമിച്ചവരെയും ഞാൻ കണ്ടു. എന്നുമാത്രമല്ല, ആ സമയം കുഞ്ഞുങ്ങളെ ഗർഭത്തിൽ ധരിച്ചിരുന്ന അമ്മമാരെയും കണ്ടു. ക്ഷമയും നിഷ്കളങ്കതയുമായി താൽക്കാലികമായി ആറ്റംബോംബിനെ മറികടന്നവരെയും പരിചയപ്പെട്ടു. 

അന്യായമായി അവരുടെ മേൽ പതിച്ച അനീതിയോട് അസാധാരണമായ മട്ടിൽ അവർ സമരസപ്പെട്ടുകഴിഞ്ഞു. സാമാന്യഗതിയിൽ ഭാവന സമ്പുഷ്ടമാകേണ്ട ഒരു പ്രതിസന്ധിയിൽ, താൽക്കാലികാശ്വാസം ലഭിച്ച ഇവർ ശാന്തരും യോഗ്യരുമായി മാറുകയാണുണ്ടായത്.

അയാളുടെ ശബ്ദം: ഇല്ല, നിനക്കൊന്നും അറിയില്ല. (ഒരു അണുബോംബ് പൊട്ടുന്ന ദൃശ്യം). 

അവൾ: അംഗഭംഗം വന്ന വിരൂപികളായ കുട്ടികളെ പ്രസവിക്കുമെന്നു ഭയക്കുന്ന സ്ത്രീകൾ–

പക്ഷേ, എല്ലാം പഴയതുപോലെ നടന്നുപോകുന്നു. (മഴക്കുടകളുമായി തെരുവു കടന്നു പോകുന്ന ജനങ്ങൾ ദൃശ്യത്തിൽ). പുരുഷന്മാർക്ക് ഉൽപാദനശേഷി നഷ്ടമാകുന്നു.

പക്ഷേ, ജീവിതം അങ്ങനെ നടന്നുപോകുന്നു.

(തെരുവിൽ മഴ പെയ്യുന്ന ദൃശ്യം) മഴ ഭയപ്പാടുണ്ടാക്കുന്നു. പസിഫിക്കിലെ ജലത്തിനു മുകളിൽ ചാരംപെയ്യുന്ന മഴ. പസിഫിക്ക് മാരകമാവുന്നു, മുക്കുവർ മരിക്കുന്നു.

(ചത്ത മീൻ) ആഹാരം ഭയകാരണമാവുന്നു. ഒരു നഗരത്തിലെ ആഹാരം മുഴുവൻ ഉപേക്ഷിക്കപ്പെടുന്നു. നഗരങ്ങളിലെ ഭക്ഷണം മുഴുവൻ  കുഴിച്ചിടപ്പെടുന്നു. 

(പ്രതിഷേധജാഥകൾ) ഒരു നഗരം മുഴുവൻ ക്ഷോഭത്തിൽ പ്രതിഷേധിക്കുന്നു.

(പ്രതിഷേധക്കാർ നിറഞ്ഞുനീങ്ങുന്ന നഗരവീഥികൾ) പക്ഷേ, അവർ ആർക്കെതിരെയാണ് പ്രതിഷേധിക്കുന്നത്? അസമത്വങ്ങൾക്കെതിരായുള്ള പോരാട്ടം. ഒരു കൂട്ടർ മറ്റുള്ളവർക്കെതിരായി. അസമത്വതത്വങ്ങൾ കൂടുതലായി. ചില വർഗക്കാർ മറ്റു വർഗക്കാർക്കെതിരായി.

ഞാൻ പറയുന്നതു കേൾക്കൂ. നിങ്ങളെപ്പോലെതന്നെ മറക്കേണ്ടതെന്താണെന്ന് എനിക്കറിയാം. 

അയാൾ: ഇല്ല. മറക്കുക എന്താണെന്ന് നിനക്കറിയില്ല. 

അവൾ: നിങ്ങളെപ്പോലെ തന്നെ ഓർക്കാനുള്ള കഴിവ് എനിക്കുമുണ്ട്. മറവി എന്താണെന്ന് എനിക്കറിയാം. 

അയാൾ: ഇല്ല. നിനക്കൊന്നും അറിയില്ല. ഓർക്കാനുള്ള കഴിവ് നിനക്കില്ല.

അവൾ: നിങ്ങളെപ്പോലെതന്നെ ഞാനും എന്റെ എല്ലാക്കഴിവും ഉപയോഗിച്ചു പൊരുതിയിട്ടുണ്ട്– മറക്കാതിരിക്കാൻ. നിങ്ങളെപ്പോലെ ഞാനും മറന്നു, 

(യുദ്ധസ്മാരകങ്ങൾക്കിടയിൽ ടൂറിസ്റ്റുകൾ കയറിയിറങ്ങി നടന്നു.

നിങ്ങളെപ്പോലെ ഞാനും ആശ്വാസത്തിനപ്പുറമുള്ള ഒരോർമയ്ക്കായി കൊതിച്ചു. നിഴലുകളുടെയും കല്ലിന്റെയും ഓർമയ്ക്കായി – പ്രതിദിനം എന്റെ എല്ലാ ശക്തിയും ഉപയോഗിച്ചു – ഒന്നും മനസ്സിലാക്കാൻ കഴിയാത്തതിന്റെ ഭീകരതയ്ക്കെതിരായി –– 

(ടൂറിസ്റ്റ് ബസ് കാഴ്ചക്കാരുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു) നിങ്ങളെപ്പോലെ ഞാനും മറന്നു. ഓർമിക്കേണ്ട ആവശ്യത്തെ എന്തിനാണ് നിഷേധിക്കുന്നത്?

ഇതു കേൾക്കൂ. എനിക്കു മറ്റു ചിലത് അറിയാം. അതിനിയും ആരംഭിക്കും. ഒൻപതു സെക്കൻഡിനുള്ളിൽ രണ്ടുലക്ഷം പേർ കൊല്ലപ്പെട്ടു, എൺപതിനായിരം പേർ വ്രണിതരായി.

ആ കണക്കുകൾ കേവലം ഔദ്യോഗികമാണ്. അതിനിയും ആവർത്തിക്കും. 

(തകർന്നുകിടക്കുന്ന ബുദ്ധക്ഷേത്രത്തിനു നടുവിൽ ബാക്കിയാക്കി നിർത്തിയിരിക്കുന്ന ഒരു ബുദ്ധവിഗ്രഹം) ഭൂമിയിലെ ചൂട് 10,000 ഡിഗ്രിയാവും. പതിനായിരം സൂര്യന്മാർ! ആൾക്കാർ പറയും. അസ്ഫാൾട്ട് കത്തും. ജനങ്ങൾ പരിഭ്രാന്തരാവും. ഒരു നഗരം മുഴുവൻ തറനിരപ്പിൽനിന്നുയരും. മണലിൽ പുതിയ സസ്യജാലങ്ങൾ നാമ്പെടുക്കുന്നു. 

നാലു വിദ്യാർഥികൾ കാത്തിരിക്കുകയാണ്; (അനുബന്ധ ദൃശ്യം) അവരുടെ ഒരുമിച്ചുള്ള മരണത്തെ.

 (ഭൂപട ദൃശ്യം) കടലിൽ പതിക്കുന്നതിനു മുൻപ് ഒത്താനദി പല വഴിക്കു പിരിയുന്നു. പതിവു സമയത്ത് അതു ജലം പുറത്തുവിടുകയും സ്വീകരിക്കുകയും ചെയ്യുന്നു – കൃത്യമായ സമയങ്ങളിൽ – ശുദ്ധജലം ഉൾക്കൊണ്ട് – നിറയെ നീലയിലും ചാരനിറത്തിലുമുള്ള മത്സ്യങ്ങളുമായി– കാലവും സമയവും അനുസരിച്ച് ചിലപ്പോൾ ഉൾവലിഞ്ഞു.

(ജലം നിറഞ്ഞ നദി. അതിനു മേലേ പാലം. ജലം വലിഞ്ഞ് അടിയിലെ മണൽത്തിട്ട തെളിയുന്ന കാലത്തെ നദിയും മേലെയുള്ള പാലവും തുടർദൃശ്യങ്ങളായി പ്രത്യക്ഷപ്പെടു ന്നു). 

ചെളിനിറഞ്ഞ നദിയുടെ തീരങ്ങളിലുള്ളവർ സാധാരണ ശ്രദ്ധിക്കാറില്ല, ഒത്താനദിയുടെ പിരിവുകളിൽ ഒരേ സമയം ജലനിരപ്പു മെല്ലെ ഉയരുന്നതും നിറയുന്നതും. 

(ഇപ്പോൾ നദിമേലെയുള്ള പാലത്തിലൂടെ ഒരു വാഹനത്തിൽനിന്നെന്നപോലെ ക്യാമറാ സഞ്ചരിക്കുന്നു) 

അവൾ തുടർന്നു: ഞാൻ നിങ്ങളെ കാണുന്നു, ഞാൻ നിങ്ങളെ ഓർക്കുന്നു. 

ആരാണ് നിങ്ങൾ? നിങ്ങളെന്നെ നശിപ്പിക്കുകയാണ്. നിങ്ങൾ എനിക്കു കൊള്ളാം. 

ഈ നഗരം പ്രണയത്തിനുവേണ്ടി എനിക്കായി ഒരുക്കിവച്ചതാണെന്ന് ഞാനെങ്ങനെ അറിയും? എന്റെ ശരീരവുമായി നിങ്ങൾക്കിത്രയും പൊരുത്തമുണ്ടെന്ന് ഞാനെങ്ങനെ അറിയും? എനിക്കു നിങ്ങളെ ഇഷ്ടമാണ്. എത്രമാത്രം അസംഭാവ്യം! ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. എത്ര പതുക്കെ, എത്ര പെട്ടെന്ന്. എത്ര മനോഹരം. നിങ്ങൾക്ക് അറിയാൻ കഴിയില്ല. നിങ്ങളെന്നെ നശിപ്പിക്കുകയാണ്, നിങ്ങൾ എനിക്കു ചേർന്നതാണ്.

എനിക്കു സമയമുണ്ട്. ദയവായി എന്നെ വിഴുങ്ങൂ. എന്റെ രൂപം കെടുത്തി വിരൂപയാക്കൂ. നിങ്ങൾക്ക് എന്തുകൊണ്ട് അതു പറ്റില്ല? നിങ്ങൾക്കതു ചെയ്തുകൂടേ? ഈ നഗരത്തിൽ, 

ഈ രാത്രിയിൽ? മറ്റു നഗരങ്ങളിലെപ്പോലെ, മറ്റു രാത്രികളിലെപ്പോലെ?

ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. 

അയാളുടെ പുറം തലോടിക്കൊണ്ട് അവൾ പറഞ്ഞു: മനോഹരമായ ചർമമാണ് നിങ്ങളുടേത്. 

ഒരു സമീപദൃശ്യത്തിൽ അവൾ സന്തുഷ്ടയായി പറഞ്ഞു: നിങ്ങൾ!

അയാൾ: അതേ, ഞാൻ. അതിശയമായോ?

അയാൾ പൊട്ടിച്ചിരിച്ചു. അവളും ഒപ്പം ചിരിച്ചു.

bhashaposhini-3

കിടക്കയിൽ മലർന്നുകിടന്ന അയാളോട് മുഖമടുപ്പിച്ച് ചോദിച്ചു: നിങ്ങൾ പൂർണമായും ജപ്പാൻകാരനാണ്, അല്ലേ?

അയാൾ പ്രീതനായി: പൂർണമായും ഞാൻ ജപ്പാൻകാരൻ തന്നെ. നിന്റെ കണ്ണുകൾക്കു പച്ച നിറമാണ്, അല്ലേ?

അവൾ: അതെ. ആണെന്നാണ് എനിക്കു തോന്നുന്നത്.

അയാൾ: നീ ഒരായിരം പെണ്ണുങ്ങൾ ഒന്നായതുപോലെയാണ്. 

അവൾ ചിരിച്ചു: അങ്ങനെ തോന്നുന്നത് നിങ്ങൾക്ക് എന്നെ അറിയാത്തതുകൊണ്ടാണ്.

ഭയന്നിട്ടെന്നവണ്ണം അവൾ അയാളുടെ നെഞ്ചിലേക്കമർന്നു.

അവർ ഒരാലിംഗനത്തിൽ ഒന്നുചേർന്നു.

അവൾ അന്വേഷിച്ചു: നിങ്ങൾ ഹിരോഷിമയിലുണ്ടായിരുന്നോ?

അയാൾ: തീർച്ചയായും ഇല്ല. 

അവൾ: ശരിയാണ്. ഞാനെന്തൊരു മണ്ടിയാണ് ഇതു ചോദിക്കാൻ.

അയാൾ ചിന്താധീനനായി: പക്ഷേ, എന്റെ കുടുംബം ഇവിടെ ഉണ്ടായിരുന്നു. 

ഞാൻ ദൂരെ യുദ്ധത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. 

അവൾ: ഭാഗ്യമായി, അല്ലേ?

അയാൾ ആലോചനയോടെ പറഞ്ഞു: അതെ.

അവൾ: ഭാഗ്യം എന്റെയും കൂടിയാണ്.

നേരം കടന്നുപോയി.

അവരിരുവരും കിടക്കയിൽത്തന്നെ. അയാൾ അന്വേഷിച്ചു: നീയെന്തിനാണ് ഹിരോഷിമയിൽ വന്നത്?

അവൾ: ഒരു ഫിലിമിന്. 

അയാൾ: ഫിലിമോ?

അവൾ: ഞാനൊരു ഫിലിമിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 

അയാൾ: ഹിരോഷിമയിൽ വരുന്നതിനു മുൻപ് നീ എവിടെയായിരുന്നു?

അവൾ: പാരിസിൽ.

അയാൾ: പാരിസിനു മുൻപ്?

അവൾ: പാരിസിനു മുൻപ് ഞാൻ നെവേയറിലായിരുന്നു. നോവെയർ.

അയാൾ ആവർത്തിച്ചു: നോവെയർ?

അവൾ ചിരിച്ചു: അത് നെവേയറിലുള്ള ഒരു സ്ഥലമാണ്. നിങ്ങൾക്കറിയില്ല. 

അയാൾ മുറിയിലെ ലൈറ്റിട്ടു. എന്നിട്ടു ചോദിച്ചു: എന്തിനാണ് നീ ഹിരോഷിമയിൽ എല്ലാം കാണാനാഗ്രഹിച്ചത്?

അവൾ: എനിക്കു താൽപര്യമുണ്ടായതുകൊണ്ട്. എനിക്കതിനെപ്പറ്റി എന്റെ സ്വന്തമായ ചില ആശയങ്ങളുണ്ട്. ഉദാഹരണത്തിന് പലതും അടുത്തുചെന്നു കണ്ടറിയുന്നതിന്. ഇതു പഠിച്ചറിയേണ്ട കാര്യമാണ്.

പുറത്തെ മൈതാനിയിൽ കുറെപ്പേർ സൈക്കിൾ ചവിട്ടിപ്പോകുന്നത് അവൾ മുറിയുടെ ബാൽക്കണിയിൽ നിന്നു നോക്കിക്കണ്ടു. കിമോണോ ധരിച്ചിരുന്ന അവളുടെ കയ്യിൽ ചായക്കപ്പും സോസറും ഇരുന്നു. പ്രകാശമാനമായ പ്രഭാതം ആസ്വദിച്ചെന്നവണ്ണം അവിടെ നിന്ന് അവൾ അലസമായി മുറിക്കു നേരെ നടന്നു.

വാതിൽക്കൽ ഉള്ളിലേക്കു നോക്കി അൽപനേരം നിന്നു.

കിടക്കയിൽ അയാൾ പുറം തിരിഞ്ഞാണ് കിടന്നിരുന്നത്. അങ്ങനെ നോക്കിനിൽക്കെ ഒരുകാര്യം അവൾ ശ്രദ്ധിച്ചു. ഉറക്കത്തിൽ കിടക്കയിലേക്ക് നീട്ടിയിട്ടിരുന്ന അയാളുടെ വലംകയ്യിലെ വിരലുകൾ മെല്ലെ അനങ്ങുന്നത്. 

അവൾ അതു നോക്കി ഒരു നിമിഷം നിന്നു.

അടുത്തുകാണുന്നത് അതേ രീതിയിൽ നിലത്തുകിടന്ന ഒരുവന്റെ കൈവിരലനക്കത്തിൽ നിന്നു കാഴ്ചയിലേക്കെത്തിക്കുന്ന ജായ്ക്കറ്റണിഞ്ഞ ഒരു യുവാവിന്റെ രക്തം പുരണ്ട മുഖവും  മൃതപ്രായനായ അവന്റെ മുഖത്തു ചുംബിക്കുന്ന പെൺകുട്ടിയെയും ആണ്. ആ വിരൽച്ചലനം ജീവന്റെ അവസാനത്തെ തുടിപ്പായിരുന്നു.

അയാൾ കിടക്കയിൽ ഉണർന്നു. അവൾ മനസ്സാന്നിധ്യത്തോടെ മുന്നോട്ടു വന്ന് അന്വേഷിച്ചു: കുറച്ച് കാപ്പി കുടിക്കുന്നോ?

അയാൾ കിടക്കയിൽ നീങ്ങിയിരുന്ന് താൽപര്യം പ്രകടിപ്പിച്ചു. അവൾ ഒഴിച്ചുകൊടുത്ത കാപ്പി കുടിച്ചു. അവൾ അന്വേഷിച്ചു:  നിങ്ങൾ എന്തു സ്വപ്നമാണ് കണ്ടത്?

അയാൾ: ഓർക്കുന്നില്ല. എന്താ ചോദിച്ചത്?

അവൾ: ഞാൻ നിങ്ങളുടെ കൈവിരലുകൾ ശ്രദ്ധിക്കുകയായിരുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ അവ ചലിക്കുന്നുണ്ട്. അയാൾ കൈപ്പത്തി തിരിച്ചും മറിച്ചും നോക്കി. അതുകണ്ട് അവൾ ചിരിച്ചു, അയാളും.

അയാൾ: സ്വപ്നം കാണുകയാണെന്നറിയാതെ അവ അനങ്ങുന്നതാവാം. 

ഷവറിനു കീഴിൽ അവൾ കുളിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ഒരു ടവലുമായി അങ്ങോട്ടുചെന്ന അവളെ അയാൾ പിടിച്ചടുപ്പിച്ചു. എന്നിട്ടുപറഞ്ഞു: നീ ശരിക്കും ഒരു സുന്ദരിയാണ്.

bhashaposhini-5

അവൾക്കത് ഇഷ്ടമായി. എന്നിട്ട് കൂട്ടിച്ചേർത്തു: ഒരൽപം ഉടഞ്ഞുപോയി, അല്ലേ?

അയാൾ കളിയായി: അൽപം വിരൂപമായി. 

അവൾ: സാരമില്ലല്ലോ, ഇല്ലേ?

അയാൾ: അതാണ് ഞാൻ ഇന്നലെ രാത്രി കഫേയിൽവച്ച് ശ്രദ്ധിച്ചത്. നീ എത്ര വിരൂപിയാണെന്ന്. പിന്നെ...

അവൾ: പിന്നെ?

അയാൾ: കണ്ടിട്ടു വല്ലാതെ ബോറടിച്ചിരിക്കുന്നെന്നും തോന്നി.

അയാൾക്ക് ഒരുമ്മ കൊടുത്തിട്ട് അവൾ ആവശ്യപ്പെട്ടു: ഇനിയും പറയൂ.

അയാൾ: അങ്ങനെയുള്ളൊരു സ്ത്രീയെ കണ്ടാൽ ഒരു പുരുഷന് അവളെ അറിയണമെന്നു തോന്നും. 

അവൾ: നിങ്ങൾ ഫ്രഞ്ച് നന്നായി സംസാരിക്കുന്നു.

അയാൾ: അതെനിക്കറിയാം. അവസാനം നീയതു ശ്രദ്ധിച്ചതിൽ എനിക്കു സന്തോഷമുണ്ട്. നീ ജാപ്പനീസ് സംസാരിക്കുന്നില്ലെന്ന കാര്യം ഞാൻ ശ്രദ്ധിച്ചില്ല.

നിനക്കൊരു കാര്യം അറിയാമോ? ആളുകൾ തങ്ങൾക്കു താൽപര്യമുള്ള കാര്യങ്ങളാണു മറ്റുള്ളവരിൽ കണ്ടെത്തുന്നത്.

അവൾ: അല്ല. ഞാൻ നിങ്ങളെ ശ്രദ്ധിച്ചു, അത്ര തന്നെ.

ഇരുവരും ആവേശത്തോടെ പരസ്പരം ചുംബിച്ചു.

ബാൽക്കണിയുടെ കൈവരിയിൽ അവൾ ഇരുന്നു. വെളിയിൽ ബാൽക്കണിയിൽ അയാൾ നിന്നു. ഒരു പഴം കടിച്ചുതിന്നുന്നതിനിടയിൽ അവൾ:

ഹിരോഷിമയിൽ കണ്ടുമുട്ടുക. അതങ്ങനെ ദിവസേന നടക്കുന്ന കാര്യമല്ല. 

അയാൾ: ഫ്രാൻസിൽ നിനക്ക് ഹിരോഷിമ എന്തായിരുന്നു? അയാൾ അവൾക്കു സമീപം വന്നിരുന്നു.

അവൾ: യുദ്ധത്തിന്റെ അന്ത്യം. തീർത്തുമുള്ള അന്ത്യം. അവർ അത് അവസാനിപ്പിക്കാൻ തുനിഞ്ഞതിലുള്ള അതിശയം.

അയാൾ: അതുകൊണ്ടുമാത്രമായിരിക്കുകയില്ല.

അവൾ ചിരിച്ചു: നിങ്ങൾക്കുവേണ്ടി ഒരായിരം പെണ്ണുങ്ങൾ ഒന്നിച്ചു  നിൽക്കുന്നതിൽ എനിക്കു വൈമനസ്യമില്ല. 

അവൾ പെട്ടെന്നു തലയുയർത്തി ചോദിച്ചു: അതു കേട്ടോ? സമയം നാലു മണി.

അയാൾ: അതിനെന്താ?

അവൾ: ആരാണെന്നെനിക്കറിയില്ല, ദിവസവും നാലുമണിയാവുമ്പോൾ അയാൾ ഈ വഴി കടന്നുപോവും. പുറത്തു വന്നു ചുമയ്ക്കും. അവർ അതിൽ വിജയിച്ചതിലുള്ള അതിശയം. പിന്നെ ഞങ്ങൾക്കെല്ലാം അജ്ഞാതമായ ഒരു ഭയത്തിന്റെ ആരംഭം. പിന്നെ വൈമുഖ്യം. ഒപ്പം വിമുഖതയെപ്പറ്റിയുള്ള ഭയവും. 

അയാൾ: നീ എവിടെയായിരുന്നു?

അവൾ: ഞാൻ കഷ്ടിച്ച് നെവേർ വിട്ടുപോന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പാരിസിലായിരുന്നു, തെരുവിൽ. 

അയാൾ: അതു മനോഹരമായ ഒരു ഫ്രഞ്ച് വാക്കാണ് –നെവേർ.

അവൾ: അതു മറ്റേതെങ്കിലും വാക്കുപോലെയേ ഉള്ളൂ, ആ ടൗണിനെപ്പോലെ.

അവൾ മുറിക്കുള്ളിലേക്കു കടന്ന് വേഷം ധരിക്കുവാൻ ആരംഭിച്ചു. അപ്പോൾ പൊടുന്നനെ അയാളുടെ ചോദ്യമുണ്ടായി: ഹിരോഷിമയിൽ നീ പല ജപ്പാൻകാരെയും കണ്ടുമുട്ടിയോ?

അവൾ ചിരിയോടെ: കുറച്ചുപേരെ. പക്ഷേ, നിങ്ങളെപ്പോലെ ആരെയുമില്ല.

അയാൾ കൗതുകപൂർവം ചോദിച്ചു: നിന്റെ ജീവിതത്തിലേക്കു വന്ന ആദ്യത്തെ ജപ്പാൻകാരനാണോ ഞാൻ?

അവൾ: അതെ. എന്നിട്ട് ഒരു മന്ത്രം പോലെ ഉച്ചരിച്ചു, ഹിരോഷിമ.

അയാൾ: ലോകം മുഴുവൻ ആഘോഷിക്കുകയായിരുന്നു, നീയും ആ ആഘോഷത്തിൽ ചേർന്നു. അന്നു ഗ്രീഷ്മത്തിലെ സുന്ദരമായ ഒരു ദിവസമായിരുന്നോ പാരിസിൽ? ആയിരുന്നെന്നു കേട്ടിട്ടുണ്ട്. ശരിയാണോ?

അവൾ: അതെ. അന്നൊരു നല്ല ദിവസമായിരുന്നു.

അയാൾ: നിനക്കന്ന് എന്തു പ്രായമായിരുന്നു?

അവൾ: ഇരുപത്. നിങ്ങൾക്കോ?

അയാൾ: ഇരുപത്തിരണ്ട്. 

അവൾ: ശരിക്ക് ഒരേ പ്രായം.

അയാൾ: ഏതാണ്ട്.

കിടക്കയ്ക്കടുത്തുള്ള തട്ടിൽ ഇരുവരുടെയും വാച്ചുകൾ വച്ചിരുന്നു. ഒന്നിന്റെ സ്ട്രാപ്പ് മറ്റേതിന്റെ മുകളിൽ. തന്റെ വാച്ച് കയ്യിലെടുത്ത് അയാൾ ചെവിയോടു ചേർത്തുപിടിച്ച് ശ്രദ്ധിച്ചു, ഓടുന്നുണ്ടോ? അപ്പോൾ അവളുടെ അന്വേഷണം കേട്ടു: ജീവിക്കുവാൻ വേണ്ടി നിങ്ങളെന്തു തൊഴിലാണു ചെയ്യുന്നത്?

വാച്ച് കയ്യിൽ കെട്ടുന്നതിനിടയിൽ അയാൾ: ഞാനൊരു ആർക്കിടെക്ടാണ്. കൂടാതെ ഞാൻ രാഷ്ട്രീയത്തിലുമുണ്ട്. 

അവൾ: അതുകൊണ്ടാണോ നിങ്ങൾ ഫ്രഞ്ച് ഇത്ര ഭംഗിയായി സംസാരിക്കുന്നത്?

അയാൾ: തന്നെ. ഫ്രഞ്ച് റവല്യുഷനെപ്പറ്റി വായിക്കാൻ.

ഇരുവരും ഹാർദമായി ചിരിച്ചു. എന്നിട്ടയാൾ എടുത്തുചോദിച്ചു: നീയിപ്പോൾ അഭിനയിക്കുന്ന ഫിലിം എന്താണ്?

അവൾ: സമാധാനത്തെപ്പറ്റിയുള്ള ഒരു ഫിലിമാണ്. ഹിരോഷിമയിൽ മറ്റെന്തിനെപ്പറ്റിയാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്?

അവൾ കിടക്കയിലിരുന്ന അയാൾക്കടുത്തേക്കു നീങ്ങി അയാളുടെ കയ്യിൽ സ്നേഹപൂർവം തടവി, ചുംബിച്ചു. 

അയാൾ: എനിക്കു നിന്നെ വീണ്ടും കാണണമെന്നുണ്ട്. 

ഒന്നാലോചിച്ച് അവൾ: നാളെ ഈ സമയം ഞാൻ ഫ്രാൻസിലേക്കുള്ള യാത്രയിലായിരിക്കും.

അയാൾ: അതേയോ? നീയിതെന്നോടു പറഞ്ഞില്ല.

അവൾ ചിരിച്ചുപറഞ്ഞു: ഉള്ളതാണ്. നിങ്ങളോടു പറയുന്നതിൽ കാര്യമുണ്ടായിരുന്നില്ല.

അയാൾ: അതുകൊണ്ടാണ് കഴിഞ്ഞ രാത്രി നിന്റെ മുറിയിലേക്കു വരാൻ എന്നെ അനുവദിച്ചത്. അതു ഹിരോഷിമയിൽ നിന്റെ അവസാന ദിവസമായതുകൊണ്ട്.

അവൾ: അല്ലല്ല. ആ ചിന്ത എന്റെ മനസ്സിൽ ഉദിച്ചില്ല. 

അയാൾ: നീ സംസാരിക്കുമ്പോൾ എനിക്ക് അതിശയമാണ്– നീ പറയുന്നതു  കള്ളമോ സത്യമോ എന്ന്.

അവൾ: ഞാൻ കള്ളം പറയും. സത്യവും പറയാറുണ്ട്. പക്ഷേ, എനിക്കു നിങ്ങളോടു കള്ളം പറയാൻ ഒരു കാരണവുമില്ല. 

അയാൾ: എന്നോട് പറയൂ. ഇതുപോലെയുള്ള കാര്യങ്ങൾ പതിവായി ഉണ്ടാകാറുണ്ടോ?

അവൾ: അത്ര പതിവായിട്ടില്ല. പക്ഷേ, സംഭവിക്കാറുണ്ട്.

അയാളുടെ തോളിൽതട്ടി അവൾ പറഞ്ഞു: എനിക്കു പുരുഷന്മാരെ വളരെ ഇഷ്ടമാണ്. സദാചാരബോധം എനിക്കു കുറവാണ്, മനസ്സിലാക്കണം.

അയാൾ: സദാചാരബോധമില്ലാത്തതിന് എന്തു പേരാണു പറയുന്നത്?

അവൾ മറ്റുള്ളവരുടെ സദാചാരശീലത്തെപ്പറ്റി അന്വേഷിക്കാതിരിക്കുക.

അയാൾ ചിരിച്ചു. എന്നിട്ട് ഗൗരവത്തോടെ പറഞ്ഞു: എനിക്കു നിന്നെ വീണ്ടും കാണണം, നിന്റെ ട്രെയിൻ രാവിലെ പോകുമെങ്കിലും.  നിനക്കു സദാചാരബോധം ഇല്ലെങ്കിൽപ്പോലും. 

അവൾ പെട്ടെന്നു ചാടിയെണീറ്റു. അയാളന്വേഷിച്ചു: എന്താ?

അവൾ തിരക്കിട്ടുചെന്ന് വാച്ചെടുത്ത് കയ്യിൽ കെട്ടി. അതു ശ്രദ്ധിച്ച് അയാൾ പുറത്തേക്കിറങ്ങാൻ തയാറായി. അവൾ അന്വേഷിച്ചു: എന്താ? നിങ്ങൾക്ക് എന്നോട് ഇനിയൊന്നും സംസാരിക്കാനില്ലേ?

അയാൾ നേരെ അവൾക്കടുത്തേക്കു നടന്നടുത്ത് ആവർത്തിച്ചു പറഞ്ഞു: എനിക്കു നിന്നെ വീണ്ടും കാണണം. 

അവൾ പുറത്തേക്കിറങ്ങി: അവളോടൊപ്പം ചെന്ന് അയാൾ ചോദിച്ചു: ഫ്രാൻസിൽ എങ്ങോട്ടാണു പോകുന്നത്? നെവേർ?

അവൾ: അല്ല, പാരിസിൽ. നെവേറിലേക്ക് ഞാനൊരിക്കലും പോകില്ല.

അയാൾ: ഒരിക്കലും?

അവൾ: ഒരിക്കലും. നെവേറിൽ എനിക്കുണ്ടായിരുന്നത് ചെറുപ്പത്തിന്റെ ചെറുപ്പമായിരുന്നു.

അയാൾ അവളുടെ തോളിൽ കൈവച്ച് ഇടനാഴിയിൽ ഒപ്പം നടന്നു, നെവേറിലെ യുവത്വം.

അവൾ: അതെ. നെവേറിലെ ചെറുപ്പം. എനിക്കു ഭ്രാന്തുമായിരുന്നു.

അവൾ മെല്ലെ പടികളിറങ്ങി താഴേക്കു നടക്കാൻ തുടങ്ങി.  അവരൊരുമിച്ച് ഹോട്ടൽ ഹിരോഷിമയിൽനിന്നു പുറത്തേക്കിറങ്ങി. 

അവൾ തുടർന്നു: നെവേർ ഞാൻ രാത്രിയിൽ ഏറ്റവും കൂടുതൽ സ്വപ്നം കാണുന്ന ലോകത്തിലെ ഒരേ ഒരു നഗരമാണ.് അതേ സമയം ഏറ്റവും കുറച്ചു ചിന്തിക്കുന്നതും.

അയാൾ: നെവേറിൽ ഭ്രാന്തായിരുന്നുവെന്നു പറഞ്ഞതെന്താണ്?

അവൾ: ഭ്രാന്ത് ബുദ്ധിവൈഭവം പോലെയാണ്. അതു വിശദമാക്കാൻ പറ്റില്ല, ബുദ്ധിവൈഭവം പോലെ തന്നെ. 

അതിങ്ങനെ നമ്മിലേക്കു വരും, പിന്നെ വിഴുങ്ങും. അതു നമുക്ക് മനസ്സിലാവും. പക്ഷേ, അതു  പോയിക്കഴിഞ്ഞാൽ പിന്നെയൊന്നും മനസ്സിലാവില്ല. 

അയാൾ: നിന്റെയുള്ളിൽ നിറയെ വെറുപ്പായിരുന്നോ?

അവൾ: അതായിരുന്നു എന്റെ ഭ്രാന്ത്. വെറുപ്പുകൊണ്ടുള്ള ഭ്രാന്ത്. വെറുപ്പിനെ ആധാരമാക്കി ഒരു കരിയർ തന്നെ ഉണ്ടാക്കാമെന്ന് ഞാൻ കരുതി. എനിക്ക് ഒരുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ വെറുക്കുക. നിങ്ങൾക്കു മനസ്സിലാവുന്നുണ്ടോ?

അയാൾ: ഉണ്ട്. 

അവൾ: ഇതു സത്യമാണ്. നിങ്ങൾ ഇക്കാര്യംകൂടി മനസ്സിലാക്കിയാൽ നന്നായിരുന്നു.

അയാൾ: ഈ അനുഭവം നിനക്കു പിന്നീട് ഉണ്ടായിട്ടുണ്ടോ?

അവൾ: ഇല്ല. അതു തീർന്നു.

അയാൾ: യുദ്ധകാലത്തോ?

അവൾ: അല്ല, അതിനു തൊട്ടുപിറകെ. 

അയാൾ: യുദ്ധാനന്തരമുള്ള ഫ്രാൻസിലെ കഷ്ടപ്പാടിന്റെ കാലമാണോ അത്?

അവൾ: അങ്ങനെ വേണമെങ്കിൽ പറയാം.

അയാൾ: നിന്റെയീ ഭ്രാന്ത് എന്നാണവസാനിച്ചത്?

അവൾ: അതു കുറേശ്ശെക്കുറേശ്ശെയായി പോയി. പിന്നെ എനിക്കു കുട്ടികളായപ്പോൾ മിക്കവാറും പോയി. 

അയാൾ: എന്താ പറഞ്ഞത്?

അവൾ: അതു കുറേശ്ശെയായി പോയി എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ തീർച്ചയായും അതിനുശേഷം എനിക്കു കുട്ടികളുണ്ടായി. അവൾ മുൻപോട്ടു നടന്നുതുടങ്ങി.

അയാൾ അവളോടൊപ്പമെത്തി പറഞ്ഞു: എനിക്ക് നിന്നോടൊപ്പം എപ്പോഴെങ്കിലും എവിടെയെങ്കിലും കുറച്ചു ദിവസങ്ങൾ കഴിക്കണമെന്നുണ്ട്. 

അവൾ കാതരയായി: എനിക്കും.

അയാൾ: ഇന്നു നിന്നെ വീണ്ടും കാണുന്നത് പിന്നെയും കാണണമെന്ന് പറഞ്ഞതിൽ പെടുന്നില്ല. അത്ര ചെറിയ സമയത്തേക്കു കാണുന്നതിൽ കാര്യമില്ല. എനിക്കു ശരിക്കും ..

അവൾ ചിന്താധീനയായി: ഇല്ല. 

അയാൾ: ശരി. 

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാളോട് അവൾ പറഞ്ഞു: ഞാൻ നാളെ രാവിലെ യാത്ര പോകുന്നതുകൊണ്ടാണ്.

അയാൾ: അതും ഒരു കാരണമായിരിക്കാം. പക്ഷേ, അതു നല്ലൊരു കാരണമാണ്, അല്ലേ?

ഏതാനും മണിക്കൂറുകൾക്കകം നിന്നെ ഇനി കാണുകയില്ലയെന്ന ചിന്ത...അയാൾ പറഞ്ഞുനിർത്തുന്നതിനു മുൻപ് ഒരു ടാക്സി വന്നു നിന്നു. ഇല്ല എന്നുറപ്പിച്ചു പറഞ്ഞ് അവൾ ടാക്സിയിൽ കയറി. കാർ ഓടിച്ചുപോയി. 

ലൊക്കേഷനിൽ സിനിമാഷൂട്ടിങ്ങിനുള്ള സജ്ജീകരണങ്ങൾ നടക്കുകയായിരുന്നു.

ഒഴിഞ്ഞുമാറി ഒരു മരത്തിനു ചുവട്ടിൽ അവൾ ഇരുന്നു. പെട്ടെന്നു തന്റെ മുൻപിൽ ഒരു സാന്നിധ്യമറിഞ്ഞ് അവൾ മുൻപിൽ നോക്കുമ്പോൾ മുന്നിൽ അയാൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു. അയാൾ: ഹിരോഷിമയിൽ നിന്നെ കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു.

 അവൾ ഹൃദ്യമായി ചിരിച്ചുകൊണ്ട് എഴുന്നേറ്റു. 

അവളുടെ അടുത്തേക്കു നീങ്ങിക്കൊണ്ട് അയാൾ അന്വേഷിച്ചു: ഇതൊരു ഫ്രഞ്ച് ഫിലിമാണോ?

അവൾ: അല്ല, രാജ്യാന്തരമാണ്. സമാധാനത്തെപ്പറ്റിയുള്ളതാണ്. 

അയാൾ: ഇതു തീർന്നോ?

അവൾ: എന്നെയാണ് അവർ വിളിക്കുന്നത്. കുറച്ച് ആൾക്കൂട്ടരംഗങ്ങൾ ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ട്. കൂടാതെ സോപ്പിനെപ്പറ്റിയുള്ള കുറെ കമേഴ്സ്യൽസ്കൂടി ചെയ്യണം (ആൾക്കാർ പ്രകടനജാഥയിൽ കൊണ്ടുപോകാനുളള പ്ലക്കാർഡുകൾ തയാറാക്കുന്നുണ്ടായിരുന്നു)

അയാൾ: സമാധാനത്തെപ്പറ്റി നിർമിക്കുന്ന ചിത്രങ്ങളെപ്പറ്റി ഇവിടെ ഹിരോഷിമയിൽ ഞങ്ങൾ കളിയാക്കി സംസാരിക്കാറില്ല. നീ ക്ഷീണിതയാണോ?

അവൾ അൽപമൊന്നുനിന്ന് അയാളെ ശ്ര‍ദ്ധിച്ചിട്ട്: നിങ്ങളെക്കാൾ കൂടുതൽ ക്ഷീണമൊന്നും എനിക്കില്ല. 

അയാൾ: ഞാൻ ഫ്രാൻസിലെ നെവേറിനെപ്പറ്റി ആലോചിക്കുകയായിരുന്നു. നിന്നെപ്പറ്റി ആലോചിക്കുകയായിരുന്നു. 

അവൾ പ്രത്യക്ഷമായ പ്രതികരണമൊന്നുമില്ലാതെ നിന്നു.

അയാൾ തുടർന്നു ചോദിച്ചു: നിന്റെ ഫ്ലൈറ്റ് നാളെത്തന്നെയാണോ?

അവൾ: അതെ. 

അയാൾ: നിശ്ചയം?

അവൾ: അതെ. പടം ഷെഡ്യൂളിനു പിറകിലാണ്. ഒരു മാസം മുൻപേ ഞാൻ പാരിസിലെത്തേണ്ടതാണ്.

bhashaposhini-7

അയാൾ അവളെ പ്രണയപൂർവം നോക്കിനിന്നു. പിന്നെ അവളുടെ തലയിൽ കെട്ടിയ സ്കാർഫിൽ തലോടി. അത് ഇളകി താഴെ വീണു. അവൾ താഴേക്കു കുനിഞ്ഞ് കാൽക്കൽ ഉരുമ്മിനിന്ന പൂച്ചക്കുട്ടിയെ തലോടി. 

അവളിൽത്തന്നെ കണ്ണു നട്ടുനിന്ന അയാൾ അവൾക്കൊപ്പം താഴേക്കു താണ്, പ്രണയാഭ്യർഥനയുടെ സ്വരത്തിൽ പറഞ്ഞു: നിന്നോടൊപ്പം ചേരാൻ അമിതമായ ഒരു മോഹം എന്നിൽ മുട്ടിനിൽക്കുന്നു. 

അവൾ ചിന്താധീനയായി: എപ്പോഴും– ഹ്രസ്വകാല പ്രണയങ്ങൾ – എനിക്കും.

അയാൾ അവളോടു ചേർന്നിരുന്നു: ഇല്ല, എപ്പോഴും ഇത്ര ശക്തമാവാറില്ല. നിനക്കതറിയാം.

അവൾ വിഷയം മാറ്റാനെന്നവണ്ണം: അവർ പറയുന്നു, ഇന്നു രാത്രിക്കു മുൻപു വലിയൊരു കൊടുങ്കാറ്റടിക്കുമെന്ന്.

ഒരു പ്രകടനജാഥയുടെ ചിത്രീകരണമാണു നടക്കുന്നത്. പ്ലക്കാർഡുകളും അണുബാധയേറ്റവരുടെ ചിത്രങ്ങളുമൊക്കെയായി ഉപകരണസംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രകടനക്കാർ വരിയായി നടന്നുവന്നു. അവർ ഉയർത്തിപ്പിടിച്ച ഒരു പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു: ഒരണുബോംബ് 20,000 ബോംബുകൾക്ക് തുല്യമാണ്. 

പ്ലക്കാർഡുകൾ പലതും വന്നു കടന്നുപോയി. ഒന്നിൽ ഇങ്ങനെ എഴുതിയിരുന്നു: ഒരു ഹൈഡ്രജൻ ബോംബ് 15,000 ആറ്റംബോംബിനു തുല്യം. 

പ്ലക്കാർഡുകളുമായി പ്രകടനക്കാർ കടന്നുപോയി. തുടർന്നുവന്ന പ്ലക്കാർഡുകൾ: 

  ലോകത്ത് ഇതിനകം തയാറാക്കിവച്ചിട്ടുള്ള 40,000 ആറ്റംബോംബുകളും ഹൈഡ്രജൻ ബോംബുകളും ചേരുമ്പോൾ സ്ഥിതിയെന്താവും? മനുഷ്യന്റെ ശാസ്ത്രപുരോഗതിക്കുള്ള സ്തുതിയാവും അത്. പക്ഷേ, മനുഷ്യന്റെ രാഷ്ട്രീയ പുരോഗതി അതിന്റെ നൂറിലൊരംശത്തിൽ താഴെ. അക്കാരണത്താൽ അവനു നാം കൊടുക്കുന്ന മതിപ്പ് തുലോം താഴെ. തെർമോ ന്യൂക്ലിയർ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക.

തുടർന്നു വന്നതു കുട്ടികളുടെ ജാഥകളായിരുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും. അവരിരുവരും ഒരുമിച്ചു കാഴ്ചക്കാരായി നിന്നു. 

അയാൾ: നീ നാളെ പോകുന്നുവെന്നത് എനിക്ക് ചിന്തിക്കുവാൻ കഴിയുന്നില്ല.

അവൾ പ്രതികരിച്ചില്ല.

അയാൾ തുടർന്നു പറഞ്ഞു: ഞാൻ നിന്നെ പ്രണയിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് അയാൾ അവളുടെ മുടിയിൽ ചുംബിച്ചു. അവൾ അയാളുടെ കയ്യിലും.

കിമോണോ ധരിച്ച പെൺകുട്ടികൾ നൃത്തസമാനമായ ആംഗ്യവിക്ഷേപങ്ങളോടെ കടന്നുപോയി.

അയാൾ: നീ എന്നോടൊപ്പം വരും ഒരിക്കൽക്കൂടി.

പ്രകടനക്കാർ ഉയർത്തിപ്പിടിച്ചുകൊണ്ടുവന്ന അലങ്കാരക്കുട്ടയിൽനിന്നു സമാധാനപ്രാവുകളെ എമ്പാടും പറത്തിവിട്ടു. 

അയാൾ നിർബന്ധിച്ചു: എനിക്കു വാക്കു തരൂ.

അവളുടെ മൗനം ശ്രദ്ധിച്ച് അയാൾ ചോദിച്ചു: നിനക്കു ഭയമാണോ? 

അവൾ പതുക്കെ മുഖമുയർത്തി പറഞ്ഞു: അല്ല.

അയാൾ അവളെയും കൂട്ടി ആൾക്കൂട്ടത്തിരക്കിനിടയിലൂടെ മുന്നോട്ടു നടന്നു.

അണുബാധിതരുടെ ഫൊട്ടോകൾ വലുപ്പത്തിലാക്കി ഉയർത്തിപ്പിടിച്ചുകൊണ്ടു ജാഥ തുടർന്നു.

അയാളുടെ വീട്ടിൽ, ഒരതിഥിയെപ്പോലെ നിന്ന അവളോട് അയാൾ ഇരിക്കാൻ  പറഞ്ഞു.

അവൾ: ഹിരോഷിമയിൽ നിങ്ങൾ തനിച്ചാണോ? നിങ്ങളുടെ ഭാര്യ എവിടെ?

അയാൾ: അവൾ ഉസെനിലാണ് – പർവതപ്രദേശത്ത്. ഞാനിവിടെ തനിച്ചാണ്.

അവൾ: അവരെന്നുവരും?

അയാൾ: കുറച്ചുദിവസത്തിനുള്ളിൽ.

അവൾ മുൻപോട്ടുചെന്ന് ഷെൽഫിലെ പുസ്തകങ്ങൾ നോക്കുന്നതിനിടയിൽ അന്വേഷിച്ചു: നിങ്ങളുടെ ഭാര്യ എങ്ങനെയാണ്?

അയാൾ: അവൾ സുന്ദരിയാണ്. സ്വന്തം ഭാര്യയിൽ സന്തുഷ്ടനായ ഒരു പുരുഷനാണ് ഞാൻ.

അവൾ: ഞാനും അങ്ങനെയാണ്. സ്വന്തം ഭർത്താവിനെക്കുറിച്ചു സന്തുഷ്ടയായ ഒരു ഭാര്യ.

അയാൾ: സംഗതികൾ എളുപ്പമാവുമായിരുന്നു. 

അവൾ: നിങ്ങൾ അപരാഹ്നങ്ങളിൽ ജോലി ചെയ്യാറില്ലേ?

അയാൾ: ഓ, ഒരുപാട്. അധികവും അപരാഹ്നങ്ങളിലാണ്. അയാൾ അവൾക്കടുത്തേക്ക് നടന്നടുത്തു.

അവൾ: മൊത്തത്തിൽ അപഹാസ്യമായിട്ടുണ്ട്. തുടർന്ന് അവർ പരസ്പരം ഊഷ്മളമായി ചുംബിച്ചു.

അവൾ ചോദിച്ചു: ഞാൻ കാരണം നിങ്ങളീ അപരാഹ്നം പാഴാക്കുകയാണോ? പറയൂ.  അതുകൊണ്ട് എന്തു വ്യത്യാസമാണുണ്ടാവുന്നത്.

കിടക്കയിലമർന്ന അവളോട് അയാൾ ചോദിച്ചു: യുദ്ധകാലത്തെ നിന്റെ കാമുകൻ, അയാൾ ഫ്രഞ്ചുകാരനായിരുന്നോ?

bhashaposhini-9

അവൾ ആ കാലം ഓർത്തെടുക്കുന്ന മട്ടിൽ പറഞ്ഞു: അല്ല. അയാൾ ഫ്രഞ്ചുകാരനായിരുന്നില്ല (ദൃശ്യം. ഒരു ചെറുപ്പക്കാരൻ പട്ടാളക്കാരൻ, വേഷത്തിൽനിന്ന് അയാൾ ജർമനാണെന്നു മനസ്സിലാക്കാം, നടന്നുവരുന്നു). അതെ നെവേറിലായിരുന്നു (ദൃശ്യം– ഉൾനാടൻ ഫ്രഞ്ച് ഗ്രാമം. ഒരു പെൺകുട്ടി സൈക്കിൾ ചവിട്ടി നാട്ടുവഴികൾ പലതും കടന്ന്, ആറ്റിനരികിലെ വഴിയിലൂടെ വേഗം നാട്ടുപാതകൾ ഏറെ കയറിയിറങ്ങി തന്നെ കാത്തു നിൽക്കുന്ന കമിതാവിനടുത്തേക്കു നീങ്ങി). ആദ്യമൊക്കെ ഞങ്ങൾ കളപ്പുരയിൽ ഒന്നിക്കുമായിരുന്നു. പിന്നെ ചില പാഴിടങ്ങളിൽ. അതിനുശേഷം മുറികളിൽ, മറ്റെവിടെയുംപോലെ (പൊളിഞ്ഞു കിടന്ന ഒരു കൊട്ടാരത്തിനുള്ളിൽ അവരിരുവരും ഒത്തുകൂടി. ആലിംഗനബദ്ധരായി നിന്നു).

പിന്നെ അയാൾ മരിച്ചു. ഞാനന്നൊരു പതിനെട്ടുകാരിയാണ്. അയാൾക്ക് ഇരുപത്തിമൂന്ന്.

(അകലെനിന്ന് അവൾ ഓടിയോടി വന്നു. പുഴക്കരയിലേക്ക്. അവിടെ പയ്യൻ കാത്തുനിൽക്കുന്നുണ്ട്. വേലി ചാടിക്കടന്ന്, കൊച്ചുതടസ്സങ്ങളിൽ മനസ്സുവയ്ക്കാതെ ആ പെൺകുട്ടി ഓടിവന്നു. അവളെ ദൂരെക്കണ്ട് അവനും അങ്ങോട്ടോടി. ഒടുവിൽ ഇരുവരും ഒരാലിംഗനത്തിൽ ഒന്നുചേർന്നു). 

അവൾ ചോദിച്ചു: എന്താണ് അവനെപ്പറ്റി ചോദിക്കുന്നത്, മറ്റുള്ളവരെ വിട്ടിട്ട്?

അയാൾ: എന്തുകൊണ്ടു പാടില്ല?

അവൾ: ഇല്ല, എന്തുകൊണ്ട്?

അയാൾ: നെവേർ കാരണം. ഞാൻ നിന്നെ മനസ്സിലാക്കാൻ തുടങ്ങുന്നതേയുള്ളൂ.

നിന്റെ ജീവിതത്തിലെ ആയിരമായിരം കാര്യങ്ങളിൽനിന്ന് ഞാൻ നെവേർ തിരഞ്ഞെടുത്തു. 

അവൾ: അങ്ങനെ ചുമ്മാ?

അയാൾ: അതെ.

അവൾ: അല്ല. അതു യാദൃച്ഛികമല്ല. എന്തുകൊണ്ടെന്ന് എനിക്കറിയണം.

അയാൾ: എനിക്ക് എങ്ങനെയോ തോന്നി അങ്ങനെയൊരിടം ഉണ്ടെന്ന്. നീ ഒരു പെൺകുട്ടിയായിരുന്നു, അന്നു നീ പ്രത്യേകിച്ച് ആരുമായും ബന്ധപ്പെട്ടിരുന്നില്ല– അതെനിക്കിഷ്ടമായി. 

അവൾ: അല്ല, അതങ്ങനെയല്ല.

അയാൾ: എന്തുകൊണ്ടോ എനിക്കു തോന്നുന്നു, അതവിടെയാണെന്ന്– എനിക്കു നിന്നെ  ഏതാണ്ടു നഷ്ടപ്പെട്ടത് അവിടെയാണെന്ന്. അങ്ങനെ നിന്നെ കണ്ടുമുട്ടാനുള്ള അവസരം എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നുവെന്ന്. എങ്ങനെയോ ഞാൻ മനസ്സിലാക്കുന്നു, അത് അവിടെയായിരുന്നുവെന്ന്, ഇന്നത്തെ നീയാകാൻ നീ അന്ന് ആരംഭിച്ചിരുന്നുവെന്ന്.

അവൾ ഉറക്കത്തിലായിരുന്നു. പെട്ടെന്ന് ഞെട്ടിയുണർന്ന് അവൾ അവനെ കെട്ടിപ്പിടിച്ചു,

എനിക്കിപ്പോൾ ഇവിടെനിന്നു പോകണം. അവളുടെ ഇരു തോളുകളിലും കൈവച്ചുനിന്ന് അയാൾ: നമുക്കിനി ഇവിടെ ഇപ്പോൾ ചെയ്യാൻ ബാക്കിയൊന്നുമില്ല, നിന്റെ ഡിപ്പാർച്ചർവരെയുള്ള സമയം തള്ളിനീക്കുക മാത്രം.

നിന്റെ ഫ്ലൈറ്റിന് ഇനി പതിനാറു മണിക്കൂറുണ്ട്. 

അവൾ കരച്ചിലിന്റെ സ്വരത്തിൽ: ഇതൽപം കടുപ്പം തന്നെ.

അയാൾ: നീ ഭയപ്പെടരുത്. 

ഒത്താനദിയിൽ പ്രഭാതം പൊട്ടിവിടരുകയായിരുന്നു. ആളുകൾ നദിക്കരയിലും മറ്റിടങ്ങളിലും ആ കാഴ്ച നോക്കിനിന്നു. 

കോഫീബാറിൽ പരസ്പരം കവിളുരുമ്മിയിരിക്കെ അയാൾ ചോദിച്ചു: നെവേറിന് ഫ്രഞ്ചിൽ മറ്റുവല്ല അർഥവുമുണ്ടോ?

അവൾ: ഇല്ല.

അയാൾ: നെവേറിലെ നിലവറയിൽ നിനക്കു തണുത്തു കിടക്കേണ്ടി വരുമായിരുന്നോ നമ്മൾ തമ്മിൽ പ്രണയിച്ചിരുന്നുവെങ്കിൽ?

അവൾ: എനിക്ക് തണുക്കുമായിരുന്നു. നെവേറിലെ നിലവറകൾ തണുപ്പു നിറഞ്ഞവയായിരുന്നു, ഗ്രീഷ്മത്തിലും ശിശിരത്തിലും. നഗരം ലോയർ എന്നു പേരുള്ള നദിയിലേക്ക് ചരിഞ്ഞിറങ്ങിയിരുന്നു (നെവേറിന്റെ ദൃശ്യങ്ങൾ തുടർന്നു കാണുന്നു, ലോയർനദിയും പരിസരങ്ങളും സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ) 

അയാൾ: എനിക്കു നെവേറിനെ വിഭാവന ചെയ്യാൻ കഴിയുന്നില്ല.

അവൾ: നെവേറിലെ ജനസംഖ്യ 40,000. ഒരു തലസ്ഥാനംപോലെ കെട്ടിപ്പൊക്കിയ നഗരം. ഒരു കുട്ടിക്കു വേണമെങ്കിൽ മൊത്തംസ്ഥലം ചുറ്റിനടക്കാം. ഞാൻ  നെവേറിലാണു ജനിച്ചത്. (അവൾ മേശമേലിരുന്ന ബീയറിന്റെ ഗ്ലാസെടുത്തു കുടിച്ചു) ഞാൻ നെവേറിൽ വളർന്നു. ഞാൻ വായിക്കാൻ പഠിച്ചത് നെവേറിലാണ്. അവിടെ വച്ചാണ് എനിക്കു വയസ്സ് ഇരുപതായത്. 

അയാൾ: എന്നിട്ട് ലോയർ നദി?

അവൾ: യാത്ര ചെയ്യാൻ അൽപംപോലും അനുയോജ്യമല്ലാത്ത ഒരു നദിയാണ് ലോയർ.

അതെപ്പോഴും ശൂന്യമായി കിടക്കും, ക്രമം തെറ്റിയ ഒഴുക്കും അടിത്തട്ടിലെ മണൽത്തിട്ടകളും കാരണം. ഫ്രാൻസിൽ അതു മനോഹരമായ ഒരു നദിയായിട്ടാണു കരുതപ്പെടുന്നത്, പ്രധാനമായും അതിന്റെ വെളിച്ചം കാരണം.അയാൾ അവളുടെ മുഖം രണ്ടു കയ്യിലും എടുത്തിരുന്നു.

അവൾ: വളരെ മൃദു, നിങ്ങൾക്ക് അറിയാൻ കഴിഞ്ഞാൽ.

അയാൾ അവളെ സൂക്ഷിച്ചുനോക്കി: നീ നിലവറയിലായിരുന്നപ്പോൾ ഞാൻ  മരിച്ചിരുന്നോ?

അവൾ: നിങ്ങൾ മരിച്ചിരുന്നു.

അവൾ പെട്ടെന്നു വികാരനിർഭരയായി: ആ വേദനയൊക്കെ ആർക്കു താങ്ങാൻ കഴിയും?

നിലവറ ചെറുതാണ്. വളരെ ചെറുത് (ദൃശ്യങ്ങൾ). മാർസെയ്ൽസ് എന്റെ തലയ്ക്കു മുകളിലൂടെയാണു പോകുന്നത്. ചെവി പൊട്ടും. (അവൾ അയാളുടെ കൈകളിൽ പിടിച്ചു)

കൈകൾ ഉപയോഗശൂന്യമായിത്തീരും നിലവറയിൽ. അവ കല്ലിൽ അള്ളിപ്പിടിക്കാനും ഉരച്ചു ചോര വരുത്താനും മാത്രം (ദൃശ്യങ്ങളിൽ അവൾ നിലവറയിൽ കൈവിരലുകളിൽനിന്ന് ചോര കുടിക്കുന്നു). അവനവനുവേണ്ടി ചെയ്യാവുന്ന ഒരേ കർമം. എന്നിട്ട് ഓർമിക്കാം, രക്തം എനിക്കിഷ്ടമായിരുന്നു, നിന്റേതു  രുചിച്ചതിനുശേഷം.

അവൾ ഗ്ലാസിൽ ബാക്കിയിരുന്ന ബീയർ കൂടി കുടിച്ചു: ലോകം എന്റെ തലയ്ക്കു മീതേ  പൊയ്ക്കൊണ്ടിരുന്നു, ആകാശത്തിനുപകരം.

 ആ ലോകം കടന്നുപോകുന്നത് ഞാൻ നോക്കിയിരുന്നു,  പ്രവൃത്തിദിനങ്ങളിൽ തിരക്കിട്ട്, ഞായറാഴ്ചകളിൽ സാവധാനം. ഞാൻ നിലവറയിലാണെന്ന് അവരറിയുന്നില്ല.

ഞാൻ മരിച്ചെന്നാണ് അവർ നടിച്ചത്. നെവേറിൽനിന്നു ദൂരെയെവിടെയോ മരിച്ചെന്ന്. അച്ഛന് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം, കാരണം ഞാൻ കുടുംബത്തിന് അപമാനം വരുത്തിവച്ചു. 

അയാൾ: നീ നിലവിളിച്ചോ?

അവൾ: ആദ്യമൊന്നും ഇല്ല. 

അവൾ: ഞാൻ നിന്നെ മെല്ലെ വിളിച്ചു.

അയാൾ: ഞാൻ പക്ഷേ, മരിച്ചിരുന്നല്ലോ.

അവൾ: നീ മരിച്ചിരുന്നെങ്കിലും ഞാൻ നിന്നെ വിളിച്ചു.

അങ്ങനെയിരിക്കെ പെട്ടെന്ന് ഒരുദിവസം ഞാൻ നിലവിളിച്ചു. ഉച്ചത്തിൽ, ഒരു ബധിരയെപ്പോലെ  (ദൃശ്യം). അങ്ങനെയാണ് അവരെന്നെ നിലവറയിലടച്ചത്. അവരെന്നെ ശിക്ഷിക്കുകയായിരുന്നു. 

അയാൾ: നീ എന്താണ് വിളിച്ചു കരഞ്ഞത്?

അവൾ: നിന്റെ ജർമൻ പേര്. വെറും പേര്. നിന്റെ പേരു മാത്രമാണ് എനിക്ക് ഓർമയുണ്ടായിരുന്നത്. 

(അവർ പടിയിറങ്ങിവന്നു)

അവൾ: ഞാനുറപ്പിച്ചു പറയുന്നു, ഇനി ഞാൻ നിലവിളിക്കയില്ല.

(നിലവറയിലൊരുക്കിയ കിടക്കയിൽ അവൾ രോഗിണിയായി കിടന്നു)

അവൾ: നിനക്കുവേണ്ടി എന്റെ മനസ്സ് വല്ലാതെ ഉഴലുന്നു. എനിക്കിതു സഹിക്കാൻ കഴിയുന്നില്ല. 

അയാൾ: നിനക്കു ഭയമാണോ?

അവൾ: ഞാനിവിടെയും ഭയത്തിലാണ്.

അയാൾ: എന്തിനെപ്പറ്റി?

അവൾ: നിന്നെ ഇനിയൊരിക്കലും കാണില്ലല്ലോ എന്നതിൽ.

അയാൾ അവളെ സ്നേഹപൂർവം ചേർത്തുനിർത്തി.

അവൾ: നിലവറയിൽ എനിക്കൊരു ദിവസം ഇരുപതു വയസ്സായി. എന്റെ അമ്മ വന്നു പറയുന്നു, എനിക്ക് ഇരുപതു വയസ്സായെന്ന്. അമ്മ കരയുന്നു.

അയാൾ: നീ നിന്റെ അമ്മയുടെ മുഖത്തു തുപ്പിയോ?

അവൾ: ഉം. അതിനുശേഷം എനിക്കൊന്നും ഓർമയില്ല.

അയാൾ: നീ പറയുകയായിരുന്നു നെവേറിലെ നിലവറ ഈർപ്പവും തണുപ്പും നിറഞ്ഞതായിരുന്നുവെന്ന്.

അവൾ: അതെ. അവിടം നിറയെ ഉപ്പുകല്ലായിരുന്നു. വല്ലപ്പോഴും ഒരു പൂച്ച വരും അവിടമൊക്കെ പരിശോധിച്ചുപോകാൻ. അതൊരു ശല്യമായിരുന്നില്ല. കൂടുതലൊന്നും എനിക്കോർമയില്ല.

അതുകഴിഞ്ഞ് – എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല.

അയാൾ: എത്ര കാലം?

അവൾ: അനന്തകാലം.

(രാത്രി. ഇരുട്ടിൽ മുഖത്തു വീഴുന്ന ചെറിയ വെളിച്ചക്കീറ്. കരിമ്പൂച്ചയുടെ ഇരുട്ടിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ. തവളയുടെ സ്ഥിരതാളം. വികാരങ്ങൾ കൊഴിഞ്ഞുപോയ ദൈന്യമുഖവുമായി അവൾ ആ നിലവറയിൽ.) 

കോഫിബാറിലെ ജ്യൂക് ബോക്സിൽ ഒരു ഡിസ്ക് മാറ്റിയിട്ടു. ഉപകരണസംഗീതം ആരംഭിച്ചു.

അയാൾ അവളുടെ ഗ്ലാസ് വീണ്ടും നിറച്ചു. 

പെട്ടെന്നവൾ പുതിയൊരൂർജം ലഭിച്ചതുപോലെ ഉത്സാഹവതിയായി: ഒരിക്കൽ എനിക്കു വളരെ ചെറുപ്പമായിരുന്നു!

ഒരു നിമിഷം. വീണ്ടും അവൾ ഓർമകളുടെ ദുഃഖത്തിലേക്കമർന്നു: രാത്രിയിൽ അമ്മ എന്നെ പുറത്തെ തോട്ടത്തിലേക്കു കൊണ്ടുപോകും. അവർ എന്റെ തലയിലേക്കു നോക്കുന്നു. ഓരോ രാത്രിയിലും അവരെന്റെ തലയിലേക്കു സൂക്ഷിച്ചുനോക്കുന്നു. അപ്പോഴും എന്റെ അടുത്തേക്കു വരാൻ അവർക്കു ഭയമാണ്. രാത്രികാലങ്ങളിൽ എനിക്ക് അകലെയുള്ള ടൗൺചത്വരം കാണാൻ  കഴിഞ്ഞിരുന്നു. അങ്ങനെ ഞാൻ നോക്കി. അതു വളരെ വലുതാണ്. നടുവിൽ അതിനു വളവുണ്ട്. വെളുപ്പിനാണ് ഉറക്കം വരുന്നത്.

അയാൾ: എപ്പോഴെങ്കിലും മഴ പെയ്യാറുണ്ടോ?

അവൾ: ഭിത്തിയിലൂടെ ഒലിച്ചിറങ്ങും. 

അയാൾ അവളുടെ മുഖം രണ്ടു കൈകൾകൊണ്ട് അടുപ്പിച്ചു.

അവൾ: ഞാൻ നിങ്ങളെപ്പറ്റി ആലോചിക്കും. പക്ഷേ, ഒരിക്കലും അതിനെപ്പറ്റി സംസാരിക്കാറില്ല. 

അയാൾ: ഭ്രാന്തി!

അവൾ: എനിക്ക് നിങ്ങളോടു ഭ്രാന്തമായ പ്രണയമാണ്.

എന്റെ മുടി വളർന്നു പഴയ നിലയിലാവുന്നു.

എനിക്കതു ദിവസംതോറും തൊട്ടറിയാൻ കഴിയുന്നുണ്ട്.

എനിക്കിതൊന്നും കാര്യമല്ല.

എന്നിട്ടും അതു പഴയ രീതിയിലേക്കു വളർന്നുകൊണ്ടിരിക്കുന്നു.

അയാൾ: നിലവറയിലേക്ക് പോകുന്നതിനുമുൻപു നീ നിലവിളിക്കാറുണ്ടോ?

അവൾ: ഇല്ല, എനിക്കൊന്നും തോന്നുന്നില്ല.

അവർ ശ്രദ്ധാപൂർവം എന്റെ തലമുടി പറ്റെ വെട്ടുന്നു. അവർ ചെറുപ്പക്കാരാണ്. (ദൃശ്യം) അതു തങ്ങളുടെ ചുമതലയാണെന്ന് അവർ കരുതുന്നു.

അയാൾ: അവരെപ്പറ്റിയോർത്ത് നിനക്കു ലജ്ജ തോന്നന്നുണ്ടോ എന്റെ പ്രിയേ?

അവൾ: ഇല്ല. നീ മരിച്ചുകഴിഞ്ഞിരുന്നു. ഞാൻ എപ്പോഴുമെപ്പോഴും വേദന തിന്നുകയാണ്. രാത്രിയെത്തുന്നു.

റസ്റ്ററന്റിൽ അവരിരുവരും ഇരുന്നു.

അവൾ അതുവരെ പറഞ്ഞുവന്നതിന്റെ തുടർച്ചയായി: ഞാനാകെ കേൾക്കുന്നത് എന്റെ തലയിൽ കത്രിക പെരുമാറുന്ന ശബ്ദം മാത്രം.

നിന്റെ മരണത്തെപ്പറ്റിയുള്ള വേദനയ്ക്ക് അതു നേരിയൊരാശ്വാസമായി. അതെങ്ങനെയാണു പറയേണ്ടതെന്ന് എനിക്കറിയില്ല. – എന്റെ നഖങ്ങൾ പോലെ, ആ ഭിത്തികൾപോലെ, എന്റെ കോപംപോലെ. എന്തൊരു വേദന!

എന്റെ ഹൃദയത്തിൽ എന്തൊരു വേദന! നഗരം മുഴുവൻ അവർ വേർസെയ്സേൽ പാടുന്നു. 

രാത്രി വന്നു വീഴുന്നു. എന്റെ കാമുകൻ ഫ്രാൻസിന്റെ ശത്രുവാണ്. ആരോ ഒരുവൻ പറയുന്നു, എന്നെ ടൗണിലൂടെ പറയടിച്ചു നടത്തണമെന്ന്. 

ഞാൻ മൂലമുണ്ടായ അപമാനത്താൽ അച്ഛന്റെ ഫാർമസി അടച്ചിടേണ്ടിവന്നു.  ഞാൻ ഏകയാണ്.  അവരിൽ ചിലർ ചിരിക്കുന്നു. രാത്രിയിൽ ഞാൻ വീട്ടിലേക്കു ചെല്ലും നിലവിളിച്ചുകൊണ്ട്. അമ്മ ഓടി വരും (ദൃശ്യം) എന്നെ കെട്ടിപ്പിടിക്കും (അയാൾ കെട്ടിപ്പിടിച്ചിരിക്കുകയാണവളെ, ഇപ്പോൾ). 

അയാൾ: അങ്ങനെ ഒരു ദിവസം, എന്റെ പ്രേമഭാജനമേ, നിന്റെ അനന്തകാലം അന്ത്യത്തിലേക്കെത്തുന്നു. 

അവൾ മെല്ലെ മുക്തയായി: അതെ. ഒരുപാടു കാലം. (ദൃശ്യം– അവൾ രോഗിണിയായി കഴിച്ച മുറി) ഒരുപാടു കാലമായെന്ന് അവർ പറഞ്ഞു. പള്ളിമണികൾ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കു മുഴങ്ങും ഗ്രീഷ്മത്തിലും ശിശിരത്തിലും. ഒരു ദിവസം ഞാനതു കേൾക്കുന്നു. അതു ഞാൻ നേരത്തെയും കേട്ടിട്ടുള്ളതോർക്കുന്നു. മുൻപു നമ്മൾ പ്രണയികളായിരുന്നപ്പോൾ. അന്നു നമ്മൾ സന്തുഷ്ടരായിരുന്നപ്പോൾ. ഞാൻ കാണാൻ ആരംഭിക്കുന്നു. നേരത്തേ കണ്ടിരുന്നത് ഞാനോർക്കുന്നു. നമ്മൾ പ്രണയബദ്ധരായിരുന്നപ്പോൾ. നമ്മൾ സന്തുഷ്ടരായിരുന്നപ്പോൾ– ഞാനോർക്കുന്നു, ഞാനാ മഷി കാണുന്നു. ഞാൻ സൂര്യപ്രകാശം കാണുന്നു. കടന്നുപോകുന്ന എന്റെ ജീവിതം കാണുന്നു, കടന്നുപോകുന്ന നിന്റെ മരണം കാണുന്നു. നിഴലുകൾ മുറിയുടെ മൂലകളിലേത്താൻ കൂടുതൽ സമയമെടുക്കുന്നത് ഞാൻ കാണുന്നു. നിലവറയിലും അതേ പോലെ. ആറര കഴിഞ്ഞ സമയം. ശിശിരം അവസാനിച്ചിരിക്കുന്നു. 

കോഫിബാറിലിരുന്ന് അവൾ വിലപിച്ചു: ഇത് ഭീകരമാണ്!  നിങ്ങളെപ്പറ്റിയുള്ള ഓർമകൾ കുറേശ്ശെ മങ്ങിക്കൊണ്ടിരിക്കുന്നു. എനിക്കെന്തെങ്കിലും കുടിക്കാൻ തരൂ.

അയാൾ ഒരു ഗ്ലാസ് ബീയറെടുത്ത് അവൾക്കു കുടിക്കാൻ പിടിച്ചുകൊടുത്തു. അവൾ അതിൽനിന്നു കുറച്ചു കുടിച്ചു മതിയാക്കി.

അവൾ: ഞാൻ നിങ്ങളെ മറന്നുതുടങ്ങിയിരിക്കുന്നു. ആ സ്നേഹം മറക്കുന്നതിൽ ഞാൻ വിറയ്ക്കുകയാണ്. 

അവൾ കുറെക്കൂടി ആവശ്യപ്പെട്ടു. അയാൾ ഗ്ലാസ് അവൾക്കു പിടിച്ചുകൊടുത്തു. 

 അവൾ: ഉച്ചയ്ക്ക് ലോയറിന്റെ കരയ്ക്ക് ഞങ്ങൾ ഒത്തുകൂടാൻ തീരുമാനിച്ചിരുന്നു. അവിടെനിന്ന് അവനോടൊത്ത് നാടു വിടാനായിരുന്നു പ്ലാൻ.  ഞാൻ ലോയറിന്റെ കരയിലേക്ക് ഓടിയെത്തുമ്പോൾ അവൻ ശരിക്കും മരിച്ചിട്ടില്ലായിരുന്നു. തോട്ടത്തിൽ നിന്ന് ആരോ അവനെ വെടിവച്ചതാണ്. 

ആ ദിവസം മുഴുവൻ ഞാൻ അവനോടൊപ്പമിരുന്നു. അടുത്ത രാത്രിയും.  അടുത്ത ദിവസം അവരെത്തി അവനെ ഒരു ട്രക്കിൽ എടുത്തിട്ടു. അന്നുരാത്രി നെവേർ ജർമൻ അധിനിവേശത്തിൽനിന്നു മോചിതമായി. 

പള്ളിമണികൾ പിന്നെയും പിന്നെയും മുഴങ്ങി.  എനിക്കടിയിൽ കിടന്ന് അവന്റെ ശരീരം കുറേശ്ശെയായി തണുത്തു.  അവൻ ഒത്തിരി സമയമെടുത്തു മരിക്കാൻ.

അവൾ വിമ്മിക്കരഞ്ഞു: എപ്പോഴായിരുന്നു? എനിക്കു കൃത്യമായി അറിഞ്ഞുകൂടാ. ഞാൻ അവന്റെ പുറത്തു കിടക്കുകയായിരുന്നു. അവന്റെ മരണത്തിന്റെ നിമിഷം എനിക്കറിയാൻ കഴിയാതെപോയി.

 കാരണം, ആ നിമിഷവും അതുകഴിഞ്ഞും അതെ– എനിക്കു പറയാൻ കഴിയും, അതു കഴിഞ്ഞും ചെറിയൊരു വ്യത്യാസംപോലും അവന്റെ മൃതശരീരവും എന്റെ ശരീരവും തമ്മിൽ തോന്നിയില്ല. അവന്റെ ശരീരവും എന്റെ ശരീരവും ഒന്നുതന്നെയായിരുന്നു.

നിങ്ങൾക്കു മനസ്സിലാവുന്നുണ്ടോ? അവൾ കരച്ചിലോടെ ചോദിച്ചു: അവനായിരുന്നു എന്റെ ആദ്യ പ്രണയം! (അവൾ ഉച്ചത്തിൽ വിലപിച്ചു)

അയാൾ അവളുടെ രണ്ടു ചെകിട്ടിനും ഓരോ അടി കൊടുത്തു. ബാറിലിരുന്നവർ അങ്ങോട്ടു  തിരിഞ്ഞുനോക്കി. അയാൾ അവളെ തട്ടിയുണർത്തി. അവൾ ഒട്ടു സമയമെടുത്തു, മനസ്സാന്നിധ്യം വീണ്ടെടുക്കാൻ.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ നിലവിളിച്ചു കരഞ്ഞു. അതോടെ എന്നെ അവർ വീണ്ടും നിലവറയിലേക്കയച്ചു (ദൃശ്യം. ഇരുണ്ട അറയിലേക്ക് ഒരു ഗോലി ഉരുണ്ടുവീണു. അവൾ സാവധാനം അതു കയ്യിലെടുത്തു, കൈവെള്ളയിൽ ഉരുട്ടി, മുഖത്തുരുമ്മി അതിന് ഇളംചൂടുണ്ടായിരുന്നു. എനിക്കു തോന്നുന്നു, അതോടുകൂടി വെറുപ്പ് എന്നെ വിട്ടകന്നു).

കോഫിബാറിൽ അവൾ തുടർന്നു: അതിനുശേഷം ഞാൻ അലറിവിളിക്കാറില്ല.

ഞാൻ  ഔചിത്യമുള്ളവളായി. അവർ പറയുന്നത്, അവൾ വകതിരിവുള്ളവളായി എന്നാണ്. ഒരവധി ദിവസം വൈകുന്നേരം എന്നെ പുറത്തിറക്കിവിട്ടു.  (ദൃശ്യം) ലോയറിന്റെ വെളുപ്പിനെയുള്ള കര. ആളുകൾ പാലം കയറി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു, ചെറിയ കൂട്ടങ്ങളായും വലിയ സംഘങ്ങളായും ഓരോ സമയമനുസരിച്ച്. ദൂരെനിന്നു നോക്കുമ്പോൾ അവർ ആരുമല്ല. താമസിയാതെ അമ്മ എന്നോടു പറയുന്നു, ഞാൻ രാത്രിയിൽ പാരിസിലേക്കു പോകണമെന്ന്. (വീട്ടിലെ ദൃശ്യം) അവർ എനിക്ക് കുറച്ചു പണം തരുന്നു. ഒരു രാത്രി സൈക്കിളിൽ ഞാൻ പാരിസിനു പുറപ്പെടുന്നു. അപ്പോൾ ഗ്രീഷ്മമായിരുന്നു. രാത്രികൾ ചൂടുള്ളതായിരുന്നു.

 രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പാരിസിലെത്തുമ്പോൾ ഹിരോഷിമ എല്ലാ പത്രങ്ങളിലുമുണ്ട്. എന്റെ തലമുടി അതിനകം ആളുകൾ കുറ്റംപറയാത്ത നീളത്തിലേക്കു വളർന്നിരുന്നു.തെരുവിലെ ആൾക്കൂട്ടങ്ങളിൽ ഒരുവളാണ് ഞാൻ. പതിന്നാലു കൊല്ലം കഴിഞ്ഞു.

bhashaposhini-10

അയാൾ അവൾക്കായി വീണ്ടും ഒരു ഗ്ലാസ് നിറച്ചു. അവൾ അതിൽനിന്ന് അൽപം കുടിച്ചു. എന്നിട്ട് മേശപ്പുറത്ത് അയാളുടെ കൈകളിലേക്കു തല ചായിച്ചു.

അവൾ: അവന്റെ കൈകളെ ഞാനിപ്പോൾ ശരിക്ക് ഓർക്കുന്നുപോലുമില്ല. ആ വേദന എനിക്കിപ്പോഴും കുറച്ചൊക്കെ ഓർമയുണ്ട്.

അയാൾ: ഈ രാത്രിയിൽ?

അവൾ: അതെ. ഞാനത് ഈ രാത്രിയിൽ ഓർക്കുന്നുണ്ട്. പക്ഷേ, ഒരു ദിവസം ഞാനിതെല്ലാം ഓർമിച്ചില്ലെന്നുവരാം. എല്ലാം. ഒന്നും. 

നാളെ ഈ സമയം ഞാൻ നിങ്ങളിൽനിന്ന് ആയിരക്കണക്കിനു മൈൽ അകലെയാവും.

അയാൾ: നിന്റെ ഭർത്താവിന് ഈ കഥ അറിയാമോ?

അവൾ: ഇല്ല.

അയാൾ: അപ്പോൾ ഞാനൊരാൾ മാത്രമോ?

അവൾ: അതെ.

അയാൾ എഴുന്നേറ്റ് അവളെ പിടിച്ചെണീൽപ്പിച്ചു  കെട്ടിപ്പിടിച്ചു: ഞാനൊരാൾ മാത്രമാണ് ഇതറിയുന്നത്!

അവൾ: പതുക്കെ.

അയാൾ പിന്നെയും പിന്നെയും അവളെ ആലിംഗനം ചെയ്തു, ചുംബിച്ചു.

അവരിരുവരും അപൂർവമായ നിർവൃതിയിൽ ലയിച്ചു.

അവൾ പെട്ടെന്ന്: എത്ര സന്തോഷമാണിത് ഇഷ്ടപ്പെട്ട ഒരുവനുമായി കഴിയാനുള്ള അവസരം!

അയാൾ: അതെ. എന്നോട് ഇനിയും പറയൂ. ഏതാനും വർഷങ്ങൾക്കുശേഷം, നിന്നെ ഞാൻ മറക്കുമ്പോൾ, ഇതുപോലുള്ള സംഗമങ്ങൾ പതിവിനു വഴങ്ങി ഉണ്ടാവുമ്പോൾ, പ്രണയത്തിന്റെ മറവിയുടെ പ്രതീകമായി നിന്നെ ഞാനോർക്കും.

ഈ കഥ ഞാനോർക്കുന്നത് മറവിയുടെ ഭീകരത എന്ന നിലയിലായിരിക്കും. എനിക്കിപ്പോഴേ അതറിയാം. 

അവൾ: ഹിരോഷിമയിൽ രാത്രിയായാൽ ഒന്നും നിലയ്ക്കാറില്ലേ?

അയാൾ: ഇല്ല, എല്ലാം തുടരും.

അകലെ ഉയർന്നുനിന്ന മന്ദിരത്തിൽ വൈദ്യുതിവിളക്കുകൾ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു.

അതു നോക്കിയിരുന്നിട്ട് അവൾ: എനിക്കിതിഷ്ടമാണ്. നഗരങ്ങളിൽ ആരെങ്കിലുമൊക്കെ എപ്പോഴും ഉണർന്നിരിക്കുന്നു, രാത്രിയും പകലും. 

ബാർഗേൾ മേശമേലിരുന്ന കാലിക്കുപ്പികളും ഗ്ലാസുകളും എടുത്തുമാറ്റി.

അവർ നിശ്ശബ്ദരായി പരസ്പരം നോക്കിയിരുന്നു.

പിന്നെ അവൾ പതിയെ ജാക്കറ്റ് കയ്യിലെടുത്ത് വെളിയിലേക്കു നടന്നു. പിന്നാലെ അയാളും ചെന്നു.

ടീറൂം എന്ന് പേരെഴുതിയിരുന്ന ആ കടയ്ക്കു പുറത്തേക്കിറങ്ങി അവൾ ഏതോ ചിന്തയിൽ വെളിയിലെ ഇരുട്ടിലേക്കു നോക്കിനിന്നു. 

ആത്മഗതമെന്നപോലെ അവൾ പറഞ്ഞു: പലപ്പോഴും ജീവിതം തരുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചിന്ത നമ്മൾ ഒഴിവാക്കുകയാണു വേണ്ടത്. അല്ലെങ്കിൽ നമുക്കു ശ്വാസം മുട്ടും. 

അയാൾ നിശ്ശബ്ദനായി അവൾക്കടുത്തേക്കു നീങ്ങിനിന്നു.

അവൾ: എന്നിൽനിന്ന് അകന്നുപോകൂ. 

അയാൾ: സൂര്യൻ ഇനിയും ഉദിച്ചിട്ടില്ല.

അവൾ ആലോചനയിൽ: ഇല്ല. ഒരുപക്ഷേ, നമ്മളിനി ഒരിക്കലും പരസ്പരം കാണാതെ മരിക്കും.

അയാൾ: അതെ. ചിലപ്പോൾ. ഒരുപക്ഷേ, ഒരു ദിവസം ഒരു യുദ്ധം..

അവൾ: അതെ. ഒരു യുദ്ധം.

അയാൾ ദുഃഖം നിറഞ്ഞ ഒരു ചെറുചിരി ചിരിച്ചു നടന്നുപോയി. അവളും സ്വന്തം ഹോട്ടൽ മുറിയിലേക്കുള്ള പടികൾ കയറി. ഇടനാഴികൾ കടന്നു മുറിയെത്തി കതകു തുറന്നു. ഒരു നിമിഷം വാതിൽക്കൽത്തന്നെ ആലോചിച്ചുനിന്നു. പിന്നെ തിരക്കിട്ടു വന്ന വഴിയേതന്നെ നടന്നു. പടികളിറങ്ങി താഴെവരെ എത്തി, വീണ്ടും എന്തോ ഓർത്തിട്ടെന്നവണ്ണം പടികൾ തിരികെ കയറാൻ തുടങ്ങി. ഇടനാഴികൾ കടന്നു മുറിക്കു മുൻപിലെത്തിയിട്ടും പുനരാലോചനയിൽ മുഴുകി ഒന്നു സംശയിച്ചുനിന്നു. പിന്നെ അകത്തേക്കു കടന്ന് വാഷ്ബേസിനിൽ വെള്ളം നിറച്ചു മുഖം കഴുകി. ഒപ്പം പറഞ്ഞു: നീ കരുതുന്നു, നിനക്കറിയാമെന്ന്.

bhashaposhini-11

പക്ഷേ, ഇല്ല. ഒരിക്കലും. 

നെവേറിൽ അവളുടെ യൗവനത്തിൽ അവൾക്കൊരു ജർമൻ കാമുകൻ ഉണ്ടായിരുന്നു. പ്രിയനേ– നമുക്ക് ബവേറിയയിലേക്കു പോകാം. എന്നിട്ടു വിവാഹിതരാവാം. അവളൊരിക്കലും ബവേറിയയിലേക്കു പോയില്ല. ബവേറിയയിലേക്കു പോയിട്ടില്ലാത്തവർ അവളോടു പ്രണയത്തെപ്പറ്റി സംസാരിക്കാൻ ധൈര്യപ്പെടട്ടെ! നീ അപ്പോഴും ശരിക്കു മരിച്ചിരുന്നില്ല.  നമ്മുടെ കഥ ഞാൻ പറഞ്ഞു.  നിന്നോട് ഞാൻ ചതി ചെയ്തു, ആ അപരിചിതനുമൊത്ത് ഞാൻ നമ്മുടെ കഥ പറഞ്ഞു. നോക്കൂ, അതു പറയാനുള്ള കഥ തന്നെയാണ്.പതിന്നാലു വർഷത്തിനുശേഷം അസാധ്യമായ ഒരു പ്രണയം ഞാൻ നുണഞ്ഞു! നെവേറിനു ശേഷം. നോക്കൂ ഞാനെങ്ങനെയാണ് നിന്നെ മറക്കുന്നതെന്ന്. മറന്നതെന്ന്.  എന്നെ നോക്കൂ.

അവൾ മുറിവിട്ട്, പടികളിറങ്ങി പുറത്തേക്കു ചെന്ന് ടീറൂമിനു മുന്നിലെ ഒരൊഴിഞ്ഞ കോണിൽ ഇരുന്നു. എന്നിട്ടു സ്വയം പറഞ്ഞു: ഞാൻ ഹിരോഷിമയിൽ താമസിക്കുവാൻ പോവുകയാണ്. അയാളോടൊപ്പം. ഓരോ രാത്രിയും. ഹിരോഷിമയിൽ. ഞാനിവിടെ കഴിയുവാൻ പോവുകയാണ്. ഇവിടെ.

ഇരുട്ടിൽ അവൾ തലയ്ക്കു കൈകൊടുത്തിരുന്നു.

അപ്പോൾ അരികിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. മെല്ലെ തലയുയർത്തുമ്പോൾ അയാൾ സമീപം. 

അയാൾ: ഹിരോഷിമയിൽ താമസിക്കൂ.

അവൾ: അതേയിരുപ്പിൽ ഇരുന്ന്, തീർച്ചയായും ഞാൻ ഹിരോഷിമയിൽ താമസിക്കും, നിങ്ങളോടൊപ്പം. 

അവൾ കുനിഞ്ഞിരുന്നു കരഞ്ഞു: എനിക്കു സഹിക്കാൻ വയ്യ.

ഞാനിതൊരിക്കലും പ്രതീക്ഷിച്ചതല്ല. നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?

എന്നിട്ടവൾ തലയുയർത്തി അയാളെ സൂക്ഷിച്ചുനോക്കി, ദൃഢസ്വരത്തിൽ ആവശ്യപ്പെട്ടു: കടന്നുപോകൂ.

അയാൾ: എനിക്കു നിന്നെ വിട്ടുപോകാൻ കഴിഞ്ഞില്ല. 

അയാൾ മെല്ലെ പുറത്തേക്കിറങ്ങി നടന്നു.

പ്രഭാതം വെളുത്തു. അവരിരുവരും നഗരവീഥിയിലെ നടവഴിയിലൂടെ നടന്നു, അവൾ മുന്നിലും ഒട്ടുപിന്നിലായി അയാളും. അയാൾ അവൾക്കടുത്തേക്കു നടന്നടുത്തുകൊണ്ട്: ഹിരോഷിമയിൽ കഴിയൂ, എന്നോടൊപ്പം.

പ്രതികരിക്കാതെ അവൾ നടന്നു. എന്നിട്ട് ആത്മഗതത്തിൽ: അയാൾ എന്റെയടുത്തേക്കു നടന്നടുക്കുകയാണ്. അയാൾ വന്ന് എന്റെ തോളിൽ പിടിച്ച് ഒപ്പം കൊണ്ടുപോകാൻ പോവുകയാണ്. അയാളെന്നെ ചുംബിക്കുവാൻ  പോവുകയാണ്. അയാളെന്നെ ചുംബിക്കുന്നതോടെ ഞാൻ സ്വയം നഷ്ടപ്പെട്ടുപോകും. 

അയാൾ കുറെ ദൂരം നടന്ന്, പതുക്കെ നിന്നു. അവൾ നടത്തം തുടർന്നു. ഗിറ്റാറിൽ എന്തോ വായിച്ചുകൊണ്ട് രണ്ടു ചെറുപ്പക്കാർ കടന്നുപോയി. അവൾ ലക്ഷ്യമില്ലാതെ ആളൊഴിഞ്ഞതെങ്കിലും ദീപാലങ്കൃതമായ വീഥികളിലൂടെ ഒരുപാടു ദൂരം നടന്നു. നടന്നുനടന്ന് ഒടുവിൽ എത്തുന്നതു പാരിസിലെ പ്ലേസ് ദെ ലാ റിപ്പബ്ലിക് എന്ന തെരുവിലാണ്. 

അവളുടെ ആത്മഗതം തുടർന്നു കേൾക്കാം: ഞാൻ നിന്നെ ഓർമിക്കുന്നു. ഈ നഗരം പ്രണയത്തിനുവേണ്ടി പണിത ഒന്നായിരുന്നു എനിക്കേറ്റവും സ്വാഭാവികമായി അനുയോജ്യമായത്. നിങ്ങളാരാണ്? നിങ്ങളെന്നെ നശിപ്പിക്കുകയാണ്. എനിക്കു വിശന്നിരുന്നു. വിശ്വാസത്തിനെതിരായുള്ള വിശപ്പ്. പാതിവ്രത്യഭംഗത്തിന്, കള്ളം പറയാൻ, മരണത്തിന്. ഞാൻ എന്നും അങ്ങനെയായിരുന്നു. എവിടെയെങ്കിലും നമ്മുടെ വഴികൾ കൂട്ടിമുട്ടുമെന്നതിൽ എനിക്കു സംശയമില്ലായിരുന്നു. ഞാൻ നിനക്കുവേണ്ടി സ്വച്ഛമായി കാത്തു – അളവില്ലാത്ത അക്ഷമയോടെ. എന്നെ വിഴുങ്ങൂ. നിന്റെ ഛായയിലേക്ക് വിരൂപമാക്കൂ. അങ്ങനെ നിനക്കുശേഷം മറ്റാരും ഒരിക്കലും മനസ്സിലാക്കാതിരിക്കും ഇത്രയേറെ മോഹിക്കുന്നതിനുള്ള കാരണം. പ്രിയനേ നമ്മൾ ഏകരായിരിക്കും. രാത്രി ഒരിക്കലും ഒടുങ്ങുകയില്ല. പകൽ ഒരിക്കലും പുലരുകയില്ല, ആരിലും. ഒരിക്കലുമില്ല. അവസാനം. (ഇപ്പോൾ വീഥി ടോക്കിയോയിലുള്ളതാണ്) നിങ്ങൾ ഇപ്പോഴും എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കു നിങ്ങൾ യോഗ്യൻ.  (വീണ്ടും ഫ്രഞ്ച് വീഥികൾ).

മരണദിനം നമ്മൾ ആചരിക്കും. നമുക്കു മറ്റൊന്നും ചെയ്യാനില്ലാതിരിക്കും.   കൊഴിഞ്ഞു പോയ ദിവസത്തെപ്പറ്റിയല്ലാതെ. സമയം കടന്നുപോകും. സമയം മാത്രം. എന്നിട്ടൊരു സമയംവരും, നമുക്കൊരിക്കലും നമ്മെയിങ്ങനെ വരിഞ്ഞുമുറുക്കുന്നത് എന്താണെന്ന വസ്തുത അറിഞ്ഞുപറയാൻ കഴിയാതെ (ടോക്കിയോ നഗരവീഥി). അതിന്റെ പേര് നമ്മുടെ ഓർമയിൽനിന്നു ക്രമേണ തുടച്ചുമാറ്റപ്പെടും – പൂർണമായും മായ്ക്കപ്പെടുംവരെ.

ടീറൂമിനു മുൻപിലെ വീഥിയിൽ മഴ പെയ്യുകയായിരുന്നു. അവൾ ഓരം ചേർന്ന് ഒഴിഞ്ഞുമാറിനിന്നു. അയാൾ അപ്പോൾ അങ്ങോട്ടു നടന്നുവന്നു. അവൾക്കഭിമുഖമായി നിന്നു.

അയാൾ, ഒരുപക്ഷേ, നീ ഇവിടെ കഴിയാൻ ഒരു വഴിയുണ്ട്. 

അവൾ, നിങ്ങൾക്കു നന്നായറിയാം, പോകുന്നതിനെക്കാൾ കൂടുതൽ ദുസ്സാധ്യമാണ് ഇവിടെ നിൽക്കുക എന്നത.്

അയാൾ: ഒരാഴ്ച.

അവൾ: ഇല്ല.

അയാൾ: മൂന്നു ദിവസം.

അവൾ: എന്തിനുള്ള സമയമാണത്? അതിൽനിന്നു ജീവിക്കാനോ? അതിൽനിന്നു മരിക്കാനോ?

അയാൾ: ഏതാണെന്നറിയാനുള്ള സമയം. 

അവൾ: അങ്ങനെ ഒന്നില്ല. അതിൽ നിന്നു ജീവിക്കാനോ, അതിൽനിന്നു മരിക്കാനോ ഉള്ള സമയമില്ല. അതുകൊണ്ട് എനിക്കിതൊരു വിഷയമല്ല.

അയാൾ: നീ നെവേറിൽ മരിച്ചിരുന്നെങ്കിൽ അതായിരുന്നു ഭേദം.

അവൾ: അതു തന്നെ ഞാനും ആഗ്രഹിക്കും.

 പക്ഷേ, ഞാൻ നെവേറിൽ മരിച്ചില്ല. 

തിരക്കുള്ള ഒരു റെയിൽ സ്റ്റേഷനിലെ വെയ്റ്റിങ് റൂമിൽ അവൾ വന്നിരുന്നു. ബെഞ്ചിനു നടുവിൽ നല്ല പ്രായമായ ഒരു സ്ത്രീ ഇരുന്നിരുന്നു.

bhashaposhini-13

അവളുടെ ആത്മഗതം: നെവേർ– ഞാൻ മറന്ന നിന്നെ ഇന്നു രാത്രി എനിക്കു കാണണം. രാവുകൾ തോറും, മാസങ്ങൾ തോറും ഞാൻ നിന്നെ തീപിടിപ്പിക്കുന്നു. എന്റെ ശരീരം അവന്റെ ഓർമയിൽ എരിയുമ്പോൾ.. അപ്പോൾ അയാൾ സാവകാശം അങ്ങോട്ടെത്തി, വൃദ്ധയെ നടുവിലാക്കി, ബെഞ്ചിന്റെ മറുതലയ്ക്കൽ വന്നിരുന്നു. അവൾ അയാളെ നോക്കി. വൃദ്ധയും അയാളെ സൂക്ഷിച്ചു നോക്കി. അയാൾ നിർവികാരനായി ദൂരേക്കു നോക്കിയിരുന്നു.

അപ്പോൾ ഏതോ അനൗൺസ്മെന്റുകൾ കേൾക്കായി. 

അയാൾ ജാക്കറ്റിനുള്ളിൽ തപ്പി ഒരു സിഗരറ്റ്കൂട് കയ്യിലെടുത്തു. ഒരു സിഗരറ്റ് അവൾക്കു നീട്ടി. അവൾ അതു സ്വീകരിച്ചു. 

അവളുടെ ആത്മഗതം: എന്റെ ശരീരം ഇപ്പോഴും നിന്റെ ഓർമയിൽ എരിയുമ്പോൾ... നെവേർ ഒരിക്കൽക്കൂടി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ലോയർ കരയിലുള്ള പോപ്ലാർമരങ്ങൾ – നിങ്ങളെ ഞാൻ മറവിക്കു വിട്ടുകളഞ്ഞല്ലോ. വില കുറഞ്ഞ ആകർഷണങ്ങൾ ഒക്കെ ഞാൻ വിസ്മൃതിയിലേക്കു തള്ളിയല്ലോ. 

നീയില്ലാതെ ഒരു രാത്രി. പകലൊഴിയാൻ ഞാൻ കാത്തിരുന്നു. അവന്റെ കണ്ണുകളില്ലാതെ ഒരു ദിവസം, അവൾ മരിക്കുന്നു. നെവേറുകാരിയായ ആ കൊച്ചുപെൺകുട്ടി. ലജ്ജാവതിയല്ലാത്ത ആ നെവേറുകാരി പെൺകുട്ടി. അവന്റെ കൈകളില്ലാതെ ഒരു ദിവസം, പ്രണയത്തിന്റെ വേദന അവളറിയുന്നു. ആ മണ്ടിപ്പെണ്ണ്. പ്രണയം കാരണം നെവേറിൽ മരിച്ചവൾ. തല മൊട്ടയടിച്ച നെവേറിലെ കൊച്ചുപെണ്ണ്.

ഈ സായാഹ്നത്തിൽ നിന്നെ ഞാൻ വിസ്മൃതിയിലേക്കു കയ്യൊഴിയുന്നു.

വില കുറഞ്ഞ റൊമാൻസ്. അത് അവനുമായുള്ളതായതിനാൽ മറക്കൽ നിങ്ങളുടെ കണ്ണുമായി ആരംഭിക്കും. അപ്പോൾ അവനു സംഭവിച്ചതുപോലെ അതു നിന്റെ ശബ്ദം വിഴുങ്ങും.

പിന്നെ അവനു സംഭവിച്ചതുപോലെ അതു നിന്നെ മുഴുവനായി വിഴുങ്ങും –  കുറേശ്ശെയായി. നീയൊരു ഗാനമാവും. 

കുറെനേരം നിരീക്ഷിച്ചിരുന്നിട്ട് വൃദ്ധ അയാളോടു ചോദിച്ചു: ആരാണിവൾ?

അയാൾ പറഞ്ഞു: ഒരു ഫ്രഞ്ചുകാരി.

തീപ്പെട്ടിയുരച്ച് അയാൾ സിഗരറ്റിൽ തീ പിടിപ്പിച്ചു. 

അവർ തുടർന്നു ചോദിച്ചു: സംഗതിയെന്താണ്?

അയാൾ: അവൾ അൽപനേരത്തിനുള്ളിൽ ജപ്പാൻ വിടുകയാണ്. പരസ്പരം വിട്ടുപോകുന്നതിൽ ഞങ്ങളിരുവർക്കും ദുഃഖമുണ്ട്. 

അവർ തിരിഞ്ഞുനോക്കുമ്പോഴേക്കും അവൾ പൊയ്ക്കഴിഞ്ഞിരുന്നു. 

അവൾ പുറത്തു കാത്തുകിടന്ന ഒരു ടാക്സിയിൽ കയറി. കാസാബ്ലാങ്കയെന്നു പേരുള്ള ബാറിലെത്തി ഉള്ളിലേക്കു കയറി. പിന്നാലെ മറ്റൊരു ടാക്സിയിൽ അയാളും എത്തി.

അവൾ ഒരു മേശയ്ക്കു പിന്നിലിരുന്നു. മറുവശത്ത് ഒരു മേശയ്ക്കു പിന്നിൽ അയാളും ഇരുന്നു. 

മറ്റൊരു കോണിൽ രണ്ടുമൂന്ന് സ്ത്രീകളുമായി ഇരുന്ന ഒരുവൻ അവളുടെ അടുത്തേക്കു ചെന്ന് അന്വേഷിച്ചു: നിങ്ങൾ തനിച്ചാണോ? എന്നോട് അൽപം സംസാരിക്കുന്നതിൽ വിഷമമുണ്ടോ?

അയാൾ ആ രംഗം വീക്ഷിച്ചിരുന്നു.

അപ്പോൾ അപരിചിത തുടർന്നു പറയുന്നതു കേട്ടു: ഇപ്പോൾ വളരെ ലേറ്റാണ്... 

വെയ്റ്റർ അവളുടെ മേശമേൽ ഗ്ലാസിൽ കുടിക്കാൻ കൊണ്ടുവച്ചിട്ടു പോയി. 

അപരിചിതൻ ചോദിക്കുന്നതു കേട്ടു: ഞാൻ ഇവിടെ ഇരിക്കട്ടേ?

അവൾ മൗനാനുവാദം നൽകി. അപരൻ അടുത്തിരുന്നു. 

അയാൾ അവിശ്വാസത്തിൽ നോക്കിയിരുന്നു.

അപരൻ ചോദിച്ചു: ഹിരോഷിമയിൽ വെറുതെ വന്നതാണോ?

അവൾ അതെയെന്നു കഷ്ടിച്ച് തലയാട്ടി.

അപരൻ: നിങ്ങൾ പാരിസിലാണോ താമസിക്കുന്നത്?

അതിനും അവൾ തലയാട്ടി.

അയാൾ സമ്മിശ്രമായ ചിന്തകളുമായി അവിടെയിരുന്നു.

bhashaposhini-14

അവൾ മുറിയിലെത്തുമ്പോഴേക്കും കതകിൽ മുട്ടുണ്ടായി. കതകിനു പിന്നിൽ നിന്ന് അവൾ തുറന്നുകൊടുത്തു: അയാൾ!

അയാൾ ക്ഷോഭത്തോടെ പറഞ്ഞു: എനിക്കു വരാതിരിക്കാൻ വയ്യായിരുന്നു.

അവൾ മിണ്ടാതെ അകത്തേക്കു നടന്ന്, പിന്നെ ഒരു പൊട്ടിക്കരച്ചിലോടെ, ഞാൻ നിങ്ങളെ മറക്കും. ഇപ്പോൾത്തന്നെ ഞാൻ നിങ്ങളെ മറന്നുകൊണ്ടിരിക്കുകയാണ്!

നിങ്ങളെ ഞാൻ മറക്കുന്നതെങ്ങനെയാണെന്ന് നോക്കൂ! എന്നെ നോക്കൂ!

അയാൾ മെല്ലെ കുനിഞ്ഞ് അവളുടെ രണ്ടു കൈകളിലും പിടിച്ചു. അതോടെ അവൾ പെട്ടെന്നു തണുത്തു. നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി മൃദുവായി, തരളിതയായി ഉച്ചരിച്ചു, ഹിരോഷിമ – അതാണ് നിങ്ങളുടെ പേര്.

അയാൾ: അതേ. അതാണെന്റെ പേര്. നിന്റെ പേര് നെവേർ.

എക്കാലത്തെയും മഹത്തായ ചിത്രങ്ങളുടെ പട്ടികയിൽ മാറ്റമില്ലാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാധുനിക ക്ലാസിക്കാണ്, ഹിരോഷിമ മോൺ അമോർ. കേവലം രണ്ടു കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്. ഹിരോഷിമയിൽ അണുബോംബ് വർഷിച്ചു നടത്തിയ ഭീകരമായ നരഹത്യ പശ്ചാത്തലത്തിലും മിക്കപ്പോഴും പുരോതലത്തിലും സന്നി വേശിപ്പിച്ചുകൊണ്ടാണ് അവരുടെ തീക്ഷ്ണമായ പ്രണയം അനാവരണം ചെയ്യുന്നത്. അവർക്കു പേരില്ല. ഒരാൾ നടിയായ ഫ്രഞ്ചുകാരി. മറ്റേയാൾ ആർക്കിടെക്ടായ ജപ്പാൻകാരൻ. 

ഹിരോഷിമയെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യുവാൻ റെനെയെ സമീപിച്ചവരോടു യുദ്ധത്തിന്റെ കെടുതികളെപ്പറ്റി വീണ്ടും ഒരു സിനിമ ചെയ്യാൻ  താൽപര്യമില്ലെന്നാണ് ആദ്യം പറഞ്ഞത്. ഏതാണ്ട് അതേ പ്രമേയമുള്ള നൈറ്റ് ആൻഡ് ഫോഗ് എന്നൊരു പ്രശസ്തമായ ഡോക്യുമെന്ററി കോൺസൻട്രേഷൻ ക്യാംപുകളെക്കുറിച്ചു നേരത്തേ എടുത്തിരുന്നുവെന്നതാണ് കാരണം. എന്തായാലും ഈ ആശയം മാർഗരറ്റ് ഡൂറാസുമായി സംസാരിച്ചപ്പോൾ ഉരുത്തിരിഞ്ഞതാണ് ഒരു കഥാചിത്രം ഈ വിഷയത്തെപ്പറ്റി നിർമിക്കാമെന്നത്. നോവലിസ്റ്റും നാടകകൃത്തുമൊക്കെയായ മാർഗരറ്റ് ഡൂറാസ് വിശദമായ കഥ തന്നെ സാഹിത്യരചനയുടെ സമ്പ്രദായത്തിൽ എഴുതിയതാണ് സിനിമയ്ക്കാധാരം. 

നേരത്തേ തിയറ്ററിൽ പ്രവർത്തിച്ച പരിചയം കൊണ്ടാവാം റെനെ അഭിനേതാക്കൾക്കു വിശദമായ പരിശീലനം നൽകിയിരുന്നു. എത്രയോ പ്രാവശ്യം റിഹേഴ്സ് ചെയ്ത് സ്ഫുടം ചെയ്ത അഭിനയമാണ് കാഴ്ചക്കാരനു മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. സിനിമയുടെ ഗാത്രത്തിലേക്കു ഡോക്യുമെന്ററിയുടെ ശകലങ്ങൾ ചേർത്ത് ഘടനാപരമായിത്തന്നെ തികഞ്ഞ ആധികാരികത വരുത്തിയിട്ടുള്ളതായി കാണാം. പരമ്പരാഗതമായ കഥാ ഖ്യാനശൈലി നാം ഇവിടെ കാണുന്നില്ല. 

bhashaposhini-8

പാരിസിൽ സീൻ നദിയുടെ തെക്കേ കരയിലാണ് റെനെ ഉൾപ്പെടെയുള്ള ഒരു സംഘം ചലച്ചിത്രകാരന്മാർ പ്രവർത്തിച്ചിരുന്നത്. ക്രിസ് മാർക്കർ, ആഗ്‌നെ വർദ, ലൂയി മാൽ തുടങ്ങിയുള്ള ഇവർ ന്യൂവേവിൽത്തന്നെയുള്ള ഒരു പ്രബല വിഭാഗമാണ്. സൗത്ത് ബാങ്ക് ഫിലിം മേക്കേഴ്സ് എന്നറിയപ്പെട്ടിരുന്ന ഈ പ്രതിഭാധനർ രാഷ്ട്രീയസമീപനമുള്ളവരും സർവോപരി മോഡേണിസ്റ്റുകളുമായിരുന്നു. ഇവരിൽ അലൻ റെനെ തന്നെയാണ് നേതൃസ്ഥാനം അലങ്കരിച്ചിരുന്നത്.

ഹിരോഷിമ മോൺ അമോറിനെ ഴാങ് ലൂക് ഗോദാ വിശേഷിപ്പിച്ചതു ഫാക്നറും സ്ട്രാവിസ്കിയും ചേർന്ന മൗലികരചനയെന്നാണ്. ന്യൂവേവ് പ്രസ്ഥാനത്തിലെ മറ്റൊരു പ്രധാനിയായ എറിക് റോമർ പറഞ്ഞത്, യുദ്ധാനന്തരമുള്ള നാലോ അഞ്ചോ ദശാബ്ദങ്ങൾ പിന്നിട്ടു നമ്മൾ തിരിച്ചറിയാൻ പോകുന്ന ഒരു സത്യം സിനിമയിൽ ശബ്ദം വന്നതിനുശേഷമുണ്ടായിട്ടുള്ള ഏറ്റവും മികച്ച മൗലികവും ആധുനികവുമായ ചലച്ചിത്രസൃഷ്ടി എന്നത്രെ.

അലൻ റെനെയുടെ മറ്റൊരു പ്രശസ്ത ചിത്രമാണ് ലാസ്റ്റ് ഇയർ ഇൻ മരിയബാദ്(1961). 

Content Summary: Bhashaposhini - Alain Resnais movie hiroshima mon amour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT