Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്ര പോകാൻ (വായിക്കാൻ) സമയമായി

മാധ്യമപ്രവർത്തകനായ ബൈജു എൻ നായരും ചലച്ചിത്രസംവിധായകനായ ലാൽജോസും ഐആർഎസ് ഉദ്യോഗസ്ഥനായിരുന്ന സുരേഷ് ജോസഫും ഒരുമിച്ചു 27 രാജ്യങ്ങളിലൂടെ റോഡ് മാർഗം സഞ്ചരിക്കാൻ ആലോചന തുടങ്ങിയതു തന്നെ വലിയ വാർത്തയായിരുന്നു. അവരുടെ യാത്രയുടെ ഓരോ ഘട്ടങ്ങളും മലയാളി കൗതുക പൂർവം നോക്കിക്കൊണ്ടിരുന്നു. സഞ്ചാരത്തിനിടെ ഇവർക്കിടയിലുണ്ടായ പിണക്കം പോലും വലിയ വാർത്താപ്രാധാന്യം നേടി. ഇപ്പോൾ ആ യാത്രയുടെ രസങ്ങളത്രയും ബൈജു എൻ നായർ ഒപ്പിയെടുത്തിരിക്കുന്നു-‘‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര’’ എന്ന പുസ്തകത്തിലൂടെ. സൈനുൽ ആബിദിന്റെ കവറിൽ തുടങ്ങി സക്കറിയയുടെ ആമുഖത്തിലൂടെ ഈ പുസ്തകത്തിലേക്ക് കടക്കുമ്പോൾ അടിമുടി പണിക്കുറ്റം തീർന്ന ഒരു സൃഷ്ടിയുടെ മികവ് തൊട്ടറിയാവുന്നതാണ്.

സക്കറിയ ആമുഖത്തിൽ സൂചിപ്പിക്കുന്ന, മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥമായ തോമ്മാകത്തനാരുടെ ‘വർത്തമാനപ്പുസ്തക’ത്തിൽ തുടങ്ങി സഞ്ചാരത്തിന്റെ തലതൊട്ടപ്പനായ പൊറ്റേക്കാടിന്റെയും ഒടുവിൽ രാജൻ കാക്കനാടന്റെയും വരെ വഴികളിലേക്ക് സഞ്ചരിച്ച മലയാള യാത്രാവിവരണശാഖയിൽ നിന്നു ബൈജുവിന്റെ പുസ്തകം വഴിമാറി നടക്കുന്നതിനു പലതുണ്ട് കാരണങ്ങൾ. എവിടെയോ യാത്ര പോയി വന്ന അടുത്ത സുഹൃത്ത് നമ്മുടെ തോളിൽ കൈയിട്ടിരുന്ന് യാത്രയിൽ കണ്ട കാര്യങ്ങൾ അനായാസമായി പറയുന്ന പോലെ ഒരു സുഖം ഈ പുസ്തകത്തിന്റെ വായനയിൽ അനുഭവപ്പെടുന്നു എന്നതാണ് അതിന്റെ ആദ്യത്തെ മേന്മ. എങ്കിലോ-അതിന്റെ മൂല്യത്തിലോ ഗൗരവത്തിലോ ഒട്ടും കുറവുമില്ല.

യാത്രാവിവരണമെഴുത്തിൽ പൊതുവെ കണ്ടുവരുന്ന ചില പ്രവണതകളുണ്ട്. അതതു രാജ്യത്തിന്റെ ഭൂമിശാസ്ത്രം, രാഷ്ട്രീയം, ചരിത്രം, സാമൂഹിക ജീവിതം എന്നിവയുടെയൊക്കെ സ്ഥിതിവിവരണക്കണക്കുകൾ രസംകൊല്ലികളായി അവയിൽ മുഴച്ചുനില്‍ക്കും. ബൈജു ഇതെല്ലാം പറയുന്നുണ്ടെങ്കിലും അതു വെറും സ്ഥിതിവിവരണക്കണക്കുകളല്ല. മനുഷ്യകഥാനുഗായികളാണ്. ഒട്ടും മുഷിയുന്നില്ലെന്ന് മാത്രമല്ല നോവൽ വായിക്കുംപോലെ നമ്മൾ രസംപിടിച്ചു വായിക്കും. 

നദികളായ ഗംഗയെയും യമുനയെയുമൊക്കെ വ്യക്തികളായി കണക്കാക്കണമെന്ന് കോടതി ഉത്തരവിടേണ്ടി വരുന്ന കാലത്ത് ബൈജുവിന്റെ കഥയിലെ മണ്ണും പുഴയും ബെർലിൻ മതിലും കാറ്റും സമുദ്രവും മലയുമൊക്കെ നമുക്കു വ്യക്തികളായി അനുഭവപ്പെടുന്നു. ഇന്ത്യയുടെ ഓമനക്കുട്ടിയായ നേപ്പാളിൽ നിന്ന് ചൈനയുടെ തിബത്തൻ മേഖലയുടെ കാർക്കശ്യത്തിലൂടെ കടന്ന് സംഭവബഹുലമായ പത്തെഴുപത് ദിവസങ്ങളിലൂടെ കടന്ന് ലണ്ടനിൽ നിന്നു തിരിച്ച് വിമാനം കയറുന്ന യാത്ര...അതു കടന്നുപോകുന്ന വഴികൾ ഒന്നിനൊന്ന് വ്യത്യസ്തം. 

ചൈനയിലോ  ചെക്ക് റിപ്പബ്ളിക്കിലോ ആയാലും അതിനു വ്യത്യാസമില്ല. ചൈനയിലെ യാക് മോമോയോ, ബൈജു എന്ന നാടൻ മദ്യമോ, തിബത്തിലെ ചൈന വാഴിച്ച ലാമയോ, കിർഗിസ്താനിലെ യർട്ടുകൾ എന്ന അഴിച്ചുമാറ്റാവുന്ന വീടുകളോ, കസാഖ്സ്താൻ ടൂറിസത്തിന്റെ ഭാഗമായ പല തരത്തിലുള്ള കുളികളോ, ആൾക്കൂട്ടമോ ബഹളങ്ങളോ ഇല്ലാത്ത റഷ്യൻ പ്രസിഡന്റിന്റെ ‘പുടിൻ പാലസോ,’ വിവരിക്കുമ്പോൾ അതൊന്നും വെറുംപറച്ചിലല്ല....രസകരമായ മനുഷ്യകഥയാണ്.

റഷ്യയുടെ അതിർത്തിയിൽ വച്ചാണ് ബൈജു സഹയാത്രികരിൽ നിന്നും അതുവരെ സഞ്ചരിച്ചിരുന്ന ഫോർഡ് എൻഡേവറിന്റെ സുരക്ഷിതത്വത്തിൽ നിന്നും പിരിയുന്നത്. തുടർയാത്ര ഏകാകിയായ ഒരു മനുഷ്യന്റെ അന്വേഷണങ്ങളായതിനാൽ കൂടുതൽ ഹൃദയസ്പര്‍ശിയായി മാറുന്നു. എസ്റ്റോണിയ, ലാത്വിയ പോലുള്ള അധികമാരും കടന്നുചെന്നിട്ടില്ലാത്ത സ്ഥലങ്ങളിലേക്കായിരുന്നു തുടർയാത്ര. ‘ഇനി പോളണ്ടിനെക്കുറിച്ച് മിണ്ടാം’ എന്നും ‘പ്രാഗിൽ ഒരു വസന്തകാലത്ത്’ തുടങ്ങിയ മലയാളികൾക്ക് ഏറെ പരിചയവും അടുപ്പവുമുള്ള തലക്കെട്ടുകളിലൂടെ പോളണ്ടിന്റെയും ചെക്ക് റിപ്പബ്ളിക്കിന്റെയും ജീവിതം കുറിക്കുന്ന കഥനകല തന്നെയാണ് ബൈജു ഈ പുസ്തകത്തിന്റെ രചനയ്ക്കായി ഉപയോഗിച്ചിരിക്കുന്ന കൗശലം. 

സൈക്കിളിൽ ജർമനിയുടെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ കണ്ടുനടക്കുന്ന മനുഷ്യന്റെ സാധാരണത്വം കൊണ്ട് ചരിത്രം പോലും കൈക്കുമ്പിളിൽ ഒതുക്കുന്ന അവസ്ഥ. ഫ്രാൻസ് കാഫ്കയുടെയും മൊസാർട്ടിന്റെയും മ്യൂസിയങ്ങളും ആളുകളെ വെറുപ്പിക്കുന്നത് തീമാക്കി മാറ്റിയ റെസ്റ്ററന്റും ഡെന്മാർക്കിലെ ക്രിസ്ത്യാനിയ എന്ന അധോലോകവും സ്വീഡനിലേയ്ക്കുള്ള യാത്രയിലെ കടലിനടിയിലെ ഓഴ്സുണ്ട് പാലവും ഹോട്ടലാക്കി മാറ്റിയ ജംബോ ഹോസ്റ്റലും ആ കൗതുകങ്ങളിൽ ചിലത്. 

യാത്രയിലൊരിടത്ത് വച്ച് കണ്ടുമുട്ടുന്ന കറുത്ത വർഗക്കാരനും നല്ലവനുമായ ഡ്രൈവർ പറയുന്നു: ‘‘കറുമ്പൻമാരെ എല്ലാവർക്കും പേടിയാണ്. ഒരു സ്വീഡിഷുകാരനാണ് ഡ്രൈവറെങ്കിൽ നിങ്ങൾ ബാഗെടുത്ത് കൊണ്ടുപോകില്ലായിരുന്നു.’’ നിറങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും പേരിൽ ലോകം എങ്ങനെ വർഗീകരിക്കപ്പെട്ടിരിക്കുന്നു എന്നു പറയാൻ ഇത്രയും ലളിതവും ശക്തവുമായ അനുഭവം വേറെയില്ല. ഷേക്സ്പിയറിന്റെ നാട്ടിലെത്തി അവിടെനിന്ന് നാട്ടിലേക്ക് വിമാനം കയറുന്നിടത്ത് ബൈജുവിന്റെ യാത്ര അവസാനിക്കുന്നു- യാത്രയുടെ ചരിത്രപ്രാധാന്യത്തേക്കാൾ അതു കണ്ടെത്തുന്ന അദ്ഭുതക്കാഴ്ചകൾ തന്നെയാണ് ഈ പുസ്തകത്തെ നമ്മുടെ ഹൃദയത്തോടു ചേർത്തു നിറുത്തുന്നത്. 

ഈ പുസ്തകം വായിച്ചുതീരുമ്പോൾ ഒരു യാത്ര പുറപ്പെടാൻ ബാഗൊരുക്കാൻ നിങ്ങൾക്കു തോന്നുന്നില്ലെങ്കിൽ ഈ പുസ്തകം നിങ്ങൾ വായിച്ചിട്ടില്ല എന്നു തന്നെയാണ് അർത്ഥം. ഇന്ത്യയില്‍നിന്ന് ഇരുപതിലേറെ രാജ്യങ്ങള്‍ കടന്ന് 24,000 കിലോമീറ്റര്‍ താണ്ടി ലണ്ടനിലേക്ക് റോഡുമാര്‍ഗം നടത്തിയ അസാധാരണമായ യാത്രയുടെ അപൂര്‍വസുന്ദരമായ അനുഭവവിവരണം. ഒരു ചരിത്ര-രാഷ്ട്രീയ പുസ്തകമായും സഞ്ചാരികൾക്ക് ഗൈഡായും മനുഷ്യാനുഭവങ്ങളുടെ കഥയായും വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കൽപവായുവിമാനത്തിലേറാനും കഴിയും വിധം പല വിധത്തിൽ കാണാവുന്ന വായിച്ചെടുക്കാവുന്ന ഒരു രചനാ വൈദഗ്ധ്യം ഇതിനുണ്ട്. അത് അനുഭവിക്കുക തന്നെ വേണം!