Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാൻഗോഗിന്റെ ചെവിയരിഞ്ഞത് ആര്?

"പ്രകാശം ഏതോ വിദൂരതയിൽ നിന്നാണ് വരുന്നത്. അനന്തതയിൽ നിന്ന്. അവിടേയ്ക്ക് നമുക്കൊരിക്കലും എത്താനാവില്ല. പ്രകാശത്തെ അവനവന്റെ ഭാവനയ്‌ക്കൊത്ത് സങ്കൽപ്പിക്കുക. അതാണ് ഓരോരുത്തരും ചെയ്യുന്നത്. എന്നാൽ നമ്മളിൽ പ്രകാശമില്ല, ഉള്ളിലെ അനന്തതയിൽ അത് വിലയം പ്രാപിച്ചിരിക്കുന്നു. നക്ഷത്രങ്ങൾ ചിതറിയ രാത്രിയുടെ ചിത്രീകരണത്തിൽ എന്റെ ഉള്ളിലെ അനന്തതയിലേക്ക് ആഴ്ന്നു പോയ പ്രകാശത്തെയാണ് ഞാൻ വരച്ചത്."

"വാൻഗോഗിന്" എന്ന് പേരുള്ള പുസ്തകത്തിൽ വാൻ ഗോഗിന്റെ ചിത്ര രചനയുടെ ഉന്മത്തമായ അവസ്ഥയെ കുറിച്ച് എഴുത്തുകാരനായ എം കെ ഹരികുമാർ ഇങ്ങനെ കുറിയ്ക്കുന്നു. നോവൽ എന്ന അടയാളപ്പെടുത്തലിലാണ് ഈ പുസ്തകം പുറത്തിറങ്ങുന്നതെങ്കിലും വ്യത്യസ്തമായ ആഖ്യാന രീതിയുടെ നോവൽ സാധ്യതകളാണ് "വാൻഗോഗിന്" എന്ന കൃതി പറഞ്ഞു വയ്ക്കുന്നത്.

പുസ്തകമെഴുത്ത് ഒരു നിരന്തരമായ കലാ പ്രവർത്തനമായി മുന്നോട്ടു കൊണ്ട് പോകുന്ന എഴുത്തുകാരനാണ് എം കെ ഹരികുമാർ. സാഹിത്യത്തിനോടും അക്ഷരങ്ങളോടും എപ്പോഴും കൂട്ട് കൂടി നിൽക്കുന്നയാൾ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമെന്ന നിലയിൽ വാൻഗോഗിന് എന്ന നോവലിൽ വ്യത്യസ്തമായ പരീക്ഷണം കൂടി എഴുത്തുകാരൻ ചെയ്തിരിക്കുന്നു. ഒരു പുസ്തകത്തിന് തന്നെ പത്ത് വ്യത്യസ്തമായ കവറുകളാണ് "വാൻഗോഗിന്" എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. വാൻഗോഗ് എന്ന പ്രശസ്തനായ ചിത്രകാരനെ കുറിച്ച് ലോകം പറയുന്ന കഥകളെ സൂക്ഷ്മമായി വായിക്കുകയും ലോകം പറയുന്നത് പോലെയല്ല അദ്ദേഹത്തിന്റെ ജീവിതമെന്നും ഹരികുമാർ കണ്ടെത്തുന്നു. ഒപ്പം വാന്ഗോഗിനെ ചെവി മുറിച്ചത് ആരെന്ന ചോദ്യത്തിന്റെ ഉത്തരവും നോവൽ തിരയുന്നു.

"തോൽവികൾ സഹിക്കുന്നതും അത് അറിഞ്ഞുകൊണ്ട് ഉൾക്കൊള്ളുന്നതും വരകൾക്കു വേണ്ടിയാണ്. വരയ്ക്കുന്നവന് ജീവിതത്തിൽ തോൽക്കുകയെ നിവൃത്തിയുള്ളൂ.", ജീവിതത്തിൽ വളരെയധികം അലസമായി ജീവിച്ച ഒരു മനുഷ്യൻ, ഒരുപക്ഷെ ജീവിച്ചത് തന്നെ വരയ്ക്കുവാൻ വേണ്ടിയായിരുന്ന മനുഷ്യൻ, അതായിരുന്നു വാൻഗോഗ്. പക്ഷെ തന്റെ സമകാലീനരുടെ ഇടയിൽ അദ്ദേഹം പലപ്പോഴും അപഹാസത്തിന്റെയും തോൽവിയുടെയും നേർചിത്രമായി മാറി. ആരും അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തുമില്ല, പകരം ഭ്രാന്തനായ ചിത്രകാരനെന്നു ലോകം വാന്ഗോഗിനെ തെറ്റിദ്ധരിക്കുകയും വിളിക്കുകയും ചെയ്തു. എന്നാൽ വാൻഗോഗ് ഭ്രാന്തനായിരുന്നില്ലെന്നും ജീവിതത്തിന്റെ വഴികളിൽ ചിത്രമെഴുത്ത് മാത്രമാണ് തന്റെ ലോകമെന്നു കണ്ടെത്തിയ ഒരാൾ ചിത്രങ്ങളിൽ ജീവിച്ചതിനെ ലോകം തെറ്റിദ്ധരിച്ചതാണെന്നും നോവലിസ്റ്റ് വരികളിൽ പറഞ്ഞു വയ്ക്കുന്നു. കാമുകിയ്ക്ക് തന്റെ ഉന്മാദ നിമിഷങ്ങളിൽ ചെവി മുറിച്ച് പാഴ്‌സലയച്ച കാമുകനാണ് വാൻഗോഗ് എന്ന വിശേഷണം പാടെ മുറിച്ച് കളയുന്നുണ്ട് എം കെ ഹരികുമാർ. 

"മറ്റുള്ളവരെ മാനസികമായി തകർക്കുന്ന ഗൂഢപ്രവർത്തനം കലാരംഗത്തുണ്ട്. വളരെ നിശബ്ദമായാണ് അത് പ്രവർത്തിക്കുന്നത്. ഒരാളുടെ മരണമോ അതിനു തുല്യമായ വീഴ്ചയോ ആണ് അവർ കാത്തിരിക്കുന്നത്. കലാലോകത്തെ ഒറ്റിക്കൊടുക്കുന്നതിലൂടെ നേടിയ സ്ഥാനമാനങ്ങൾ കഴുത്തിൽ തൂക്കിയവരാണ് ഏറെയും" കാലം കടന്നും പോകുന്നില്ലേ ചില വാചകങ്ങൾ എന്ന് സംശയം തോന്നാം. പക്ഷെ കഴിവുറ്റ ഒരാളെ വിഭ്രാത്മകതയിൽ ചേർത്ത് വച്ച് ഭ്രാന്തനായി മുദ്ര കുത്തേണ്ടത് മറ്റുള്ളവരുടെ ആവശ്യമായിരുന്നു. സ്നേഹവും നിറങ്ങളും വാന്‍ഗോഗിന് എപ്പോഴും ലഹരിയായിരുന്നു. ഒന്നിൽ പെട്ട് കഴിഞ്ഞാൽ പിന്നെ സ്വസ്ഥമായി ജീവിയ്ക്കാൻ കഴിയാത്ത അവസ്ഥ. പക്ഷെ അത്തരം ആത്മാർത്ഥമായ ജീവിതാവസ്ഥകളാണ് പലപ്പോഴും വാൻഗോഗിന്റെ ഭ്രാന്തായി ചിത്രീകരിക്കപ്പെട്ടത്. പക്ഷെ ഭ്രാന്താണെന്നുള്ള പേരിൽ തളയ്ക്കപ്പെട്ടു പോയെങ്കിലും വാൻഗോഗിന് തന്റെ മരണശേഷമേ പ്രതിഭയെന്ന പേരെടുക്കാൻ പറ്റിയുള്ളൂ എന്ന നഷ്ടബോധം എഴുത്തുകാരൻ പങ്കു വയ്ക്കുന്നുണ്ട്. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും കണ്ടെത്തലുമാണ് "വാൻഗോഗിന്" എന്ന നോവൽ.

വാൻഗോഗിന്റെ സഹ വരക്കാരനായിരുന്ന ഗോഗിന്റെയും മറ്റുള്ള നിരവധി ആളുകളുടെയും കത്തുകളും എഴുത്തുകളും തന്റെ വാക്കുകൾക്ക് കൂട്ടായി നോവലിസ്റ്റ് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. എന്തുതന്നെ ആയിരുന്നാലും വാൻഗോഗിന്റെ ജീവിതം വലിയൊരു ചുഴി നിറഞ്ഞ കടൽ പോലെയായിരുന്നു. വിവാദങ്ങളും പ്രണയവും കലയും കലുഷിതമാക്കിയ ജീവിതം അത്രയ്ക്കൊന്നും ദൂരത്തേയ്ക്കും പോയില്ല. നോവൽ എന്ന ഇടത്തിലേക്ക് ചുരുക്കാൻ പറ്റുന്ന കൃതിയല്ല എം കെ ഹരികുമാറിന്റെ "വാൻഗോഗിന്", ഒരു ഡോക്യൂമെന്ററി സ്വഭാവമുള്ള നോവലിന് വാൻഗോഗിന്റെ ജീവിതത്തിലെ ആധികാരികത അവകാശപ്പെടാനും കഴിയും എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. 

താങ്കൾ ഉന്മാദ-വിഷാദ സ്വഭാവമുള്ളവനാണോ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് വാൻഗോഗ് മറുപടി പറയുന്നത് ഇങ്ങനെയാണ്, "എനിക്ക് ഉന്മാദമോ വിഷാദമോ അറിയില്ല. മനസ്സിനുള്ളിലെ ചിത്രങ്ങൾ വരയ്ക്കാനാണ് ഞാൻ ജീവിതം ഉപയോഗിക്കുന്നത്. എന്റെ വിശുദ്ധമായ പ്രണയമാണ് ഈ നിറങ്ങളിലുള്ളത്. തീവ്രമായ പ്രണയമുണ്ടാകുമ്പോൾ ഞാൻ പൂക്കൾ വരച്ച് അത് മരണം മറന്നിരിക്കുന്ന പ്രതിരൂപങ്ങളാണെന്നു സ്ഥാപിക്കാൻ നോക്കും. ജീവിക്കാൻ വേണ്ടിയാണിത്. ജീവിക്കുമ്പോഴും മരിക്കുകയാണ്, ഒരിടനാഴിയിൽ നിന്ന് മറ്റൊന്നിലേക്ക് . ജ്ഞാനത്തിന്റെ പാതയാണത്." തന്റെ ഏറ്റവും പ്രശസ്തമായ സൂര്യകാന്തിയുടെയും ഉരുളക്കിഴങ്ങ് കൊട്ടയുടെയും വരയ്ക്കു പിന്നിലെ കാരണങ്ങൾ വാൻഗോഗ് വെളിപ്പെടുത്തുന്നുണ്ട് നോവലിൽ. മനസ്സിനുള്ളിൽ മറ്റൊരു ലോകവുമായി നടക്കുന്നവനാണ് കലാകാരൻ. സെമിത്തേരിയിൽ ശവങ്ങൾ മറവു ചെയ്യുമ്പോൾ തലയുയർത്തി നോക്കുന്ന ശവങ്ങൾ തങ്ങളെ കാണാൻ ആരൊക്കെ വന്നിരിക്കുന്നുവെന്ന കണ്ടെത്തലിലേയ്ക്ക് ചിത്രകാരൻ തോന്നൽ എറിയുമ്പോൾ അവിടെ പുതിയൊരു തിരിച്ചറിവുണ്ടാകുന്നു. ഒരു ചിത്രത്തിന് തന്നെ ഒരായിരം അർത്ഥങ്ങൾ ഉണ്ടാകുന്നു. ഉരുളക്കിഴങ്ങ് കൊട്ട എന്ന ചിത്രം പോലും അത്തരം ചിത്രത്തിന് പിന്നിലെ ജ്ഞാനത്തിന്റെ വെളിപ്പെടുത്തലാണ്. ഏതു വരയിലും അത് കലാകാരനായി നടത്തുന്ന ഒരു സംവാദമുണ്ട്, അത് കാഴ്ചക്കാരന് വായിക്കാനായാൽ കലാകാരൻ പ്രതിഭയായി. സ്വയം ചിത്രമാണ് നിറങ്ങളാണ് പരിണമിക്കപ്പെട്ട വാൻഗോഗ് ഒരു അസാമാന്യ പ്രതിഭ തന്നെയായിരുന്നു. ഭ്രാന്തൻ ഒരു പക്ഷെ ലോകം മാറ്റി വായിക്കപ്പെട്ട പ്രതിഭയുമായിരുന്നു അദ്ദേഹം. വാനിന്റെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഈടായി മാറുന്നു എം കെ യുടെ നോവൽ വാൻഗോഗിന്.