Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതെന്റെ ഹൃദയമായിരുന്നു- റിമ കല്ലിങ്കൽ, ആഷിക് അബു

പ്രണയത്തേക്കാൾ മനോഹരമായ മറ്റൊരു കലയില്ല. എല്ലാ കലകള്‍ക്കും എല്ലാ സൃഷ്ടികൾക്കും പൂർണത നൽകുന്ന ഭാവമാണ് പ്രണയം. കഥയിൽ, കവിതയില്‍, സംഗീതത്തിൽ, നാടകത്തിൽ... പല നാടുകളിൽ, പല നാളുകളിൽ പറഞ്ഞു വെയ്ക്കപ്പെട്ട പ്രണയമൊഴികളുടെ സമാഹാരമാണ് അതെന്റെ ഹൃദയമായിരുന്നു എന്ന പുസ്തകം. മലയാള സാഹിത്യത്തിലെയും ലോക സാഹിത്യത്തിലെയും പ്രണയമൊഴികൾ മാത്രമല്ല, പാട്ടിലെയും സിനിമയിലെയും പ്രണയോദ്ധരണികൾ കൂടി പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു. പുസ്തകത്തിലെ പ്രണയ മൊഴികൾ തിരഞ്ഞടുത്ത് ചിട്ടപ്പെടുത്തിയിരിക്കുന്നത് സിനിമയിലൂടെയും സ്വന്തം ജീവിതത്തിലൂടെയും മലയാളിയുടെ സാമ്പ്രദായിക പ്രണയ സങ്കൽപങ്ങളെ മാറ്റി എഴുതിയ ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ്. പ്രണയം ഒരു വിപ്ലവം തന്നെയാണ്. എതിരു നിൽക്കുന്ന എന്തിനോടും കലഹിക്കാൻ ശക്തി നൽകുന്ന വിപ്ലവം. എന്നാൽ പുസ്തകത്തിന്റെ ആമുഖ കുറിപ്പിൽ റിമയും ആഷിഖും പറയുന്നതു പോലെ വിപ്ലവത്തോടു കൂട്ടിവായിച്ചിരുന്ന പ്രണയംപോലും കപട സദാചാരവാദികളുടെ ഒറ്റുകൊടുക്കലോ കയ്യേറ്റ ശ്രമങ്ങളോ ആയി തീരുന്ന, രണ്ട് പേർ ഒന്നിച്ചിരുന്നാൽ ചോദ്യം ചെയ്യപ്പെടുകയും പ്രണയത്തിന്റെ തുറസ്സുകളെ അടയ്ക്കുകയും ചെയ്യുന്ന കാലത്താണ് ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങുന്നത്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും.

മനുഷ്യനുണ്ടായ കാലം മുതൽ, അവന്റെ ഭാവങ്ങളും അനുഭവങ്ങളും വിവിധമാധ്യമങ്ങളിലേക്ക് പകർത്തപ്പെടാൻ തുടങ്ങിയ നാൾ മുതൽ എല്ലാക്കാലത്തും ലോകത്തിന്റെ എല്ലാ കോണുകളിലും പ്രണയം എന്ന വികാരവും ആവിഷ്കരിക്കപ്പെട്ടു. ഇതിൽ നിന്ന് ഹൃദയത്തിൽ തൊട്ട പ്രണയ മൊഴികളെല്ലാം കൊരുത്തു ചേർക്കുമ്പോൾ, ആ പുസ്തകം മലയാളത്തിലാകുമ്പോൾ ആദ്യം ചേർക്കേണ്ട ഉദ്ധരണി ഏത് എന്ന് അധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല.

'ആ പൂവ് നീ എന്തു ചെയ്തു?'

'ഏതു പൂവ്'

'രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്!'

'ഓ... അതോ?'

'അതേ. അതെന്തു ചെയ്തു?'

'തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?'

'ചവിട്ടിയരച്ചുകളഞ്ഞോ എന്നറിയുവാൻ...'

'കളഞ്ഞുവെങ്കിലെന്ത്?'

'ഓ... ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്.'

ബഷീറിന്റെ ഈ ഉദ്ധരണിയോടെയാണ് പ്രണയത്തിന്റെ വിശുദ്ധ പുസ്തകം ആരംഭിക്കുന്നത്. ഇനി നിങ്ങൾക്കു വേണമെങ്കിൽ ആദ്യ പേജുമുതൽ അവസാന പേജുവരെ ഒരാവേശത്തിൽ വായിച്ചു തീർക്കാം. അല്ലെങ്കിൽ കണ്ണടച്ച് തുറന്ന് ഏത് പേജിൽ നിന്ന് വേണമെങ്കിലും വായിച്ചു തുടങ്ങാം. നിങ്ങളുടെ മനസ്സ് തൊട്ടവ വീണ്ടും വായിക്കാം.

അർത്ഥം പറഞ്ഞു തരാൻ ഒരാൾ അരികെ എത്തുംവരെ പ്രണയം ഒരു വാക്കുമാത്രമാണെന്ന് പൗലോ കൊയ്‌ലോ. ശരിയാണ് ചിലരുടെ സാന്നിധ്യം കൊണ്ട് മാത്രം അർത്ഥം പൂർണമായി മനസിലാക്കാൻ കഴിയുന്ന ഒരു വാക്ക്. 

ഒടുവിലത്തെ പ്രണയം 

എല്ലാ പ്രണയങ്ങളെയും ഉൾക്കൊള്ളുന്നു,

ഒരിടത്തേക്കുള്ള വഴി

എല്ലാ താവളങ്ങളെയും 

ഉൾക്കൊള്ളുന്നതുപോലെ...  എന്ന് മേതിൽ  

...

മണ്ണിന്നടിയിൽ വേരുകൾകൊണ്ട്

കെട്ടിപ്പിടിക്കുന്നു...

ഇലകള്‍ തമ്മിൽ തൊടുമെന്ന് പേടിച്ച്

അകത്തി നാം നട്ട മരങ്ങൾ... എന്ന് വീരാൻകുട്ടി  

...

നിന്നിലേക്കുള്ളതായിരുന്നു

ഇന്നോളം എനിക്കു തെറ്റിയ 

വഴികളെല്ലാം... എന്ന് ടി.പി രാജീവൻ   

പ്രണയത്തിന്റെ മൊഴികൾ ഇങ്ങനെ നീളുന്നു. വിവരണങ്ങൾ ആവശ്യമില്ലാത്ത വിധം അവ നമ്മുക്ക് പരിചിതങ്ങളാണ്. എന്റെ കുപ്പായത്തിന്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലിന്റെ പേരാണ് പ്രേമം എന്ന മേതിലിന്റെ വരികൾപോലെ വായനയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉള്ളിലൊരു പിടച്ചിൽ വായനക്കാരനും അനുഭവപ്പെടുമെന്ന് തീർച്ച.  

Read More Articles on Malayalam Literature & Books to Read in Malayalam